Sunday, January 3, 2016

അനീബ് എന്ന മുസ്ലിമും , പത്രപ്രവര്‍ത്തക ഐക്യവും .

കോഴിക്കോട്ടെ  ചുംബന  സമരം  ഒരു  മാവോയിസ്റ്റ്  സ്പോണ്‍സേട് പരിപാടിയായിരുന്നു  എന്ന് പകല്‍ പോലെ  വ്യക്തമായിരിക്കുന്നു .  വിവരമുള്ളവര്‍ അത്  മുന്‍പേ പറഞ്ഞതുമാണ് . തേജസ്‌ ദിനപത്രത്തിലെ അനീബ്  എന്ന മാധ്യമ പ്രവര്‍ത്തകനെ പോലീസ് സമരസ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തു , സ്റ്റേഷനില്‍ കൊണ്ട് പോയി  മര്‍ദിച്ചു , പോലീസ് സ്റ്റേഷനിലെ  കുളിമുറിയില്‍ കൊണ്ടുപോയി  മൂന്നാം മുറ പ്രയോഗിച്ചു  എന്നും അനീബ്  പറയുന്നു . രമേശിന്റെ പോലീസ്  ആ  ചെറുപ്പക്കാരന്റെ ഫോണ്‍ പിടിച്ചു വയ്ക്കുകയും , യാതൊരു ഉളുപ്പുമില്ലാത വാട്സാപ്  അടക്കമുള്ള  അയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട്‌കള്‍ ഉപയോഗിക്കുന്നതായും  അയാളുടെ ഭാര്യ  DGP യോട് പരാതിപ്പെട്ടിരിക്കുന്നു .

നമ്മുടെ  പോലീസ്  ഇതിലും  വലിയ  ചെറ്റത്തരങ്ങള്‍ ചെയ്തിട്ടുണ്ട് എന്നതിനാല്‍ എനിക്കിതൊരു  അത്ഭുതമായി  തോന്നുന്നില്ല . പക്ഷേ, സമൂഹത്തിന്‍റെ പോതുബോധവും , മാധ്യമ  തമ്പുരാക്കന്മാരുടെ നിസ്സംഗതയും അത്ഭുതപ്പെടുത്തുകയും , നിരാശപ്പെടുത്തുകയും  ചെയ്യുന്നുണ്ട് . നോക്കൂ , തേജസ്‌ പത്രത്തിന്റെ രാഷ്ട്രീയം  എന്തോ  ആവട്ടെ, ഇവിടെ മനോരമയും ,മാതൃഭൂമിയും വ്യാപിപ്പിക്കുന്ന  വിഷം  പോലും തേജസ്‌ പ്രസരിപ്പിക്കുന്നില്ല എന്ന എന്‍റെ അഭിപ്രായം  തല്‍ക്കാലം  അവിടെ  നില്‍ക്കട്ടെ . പക്ഷേ, അനീബ്  എന്ന മുസ്ലിം  സ്വത്വം  പേറുന്നവന്‍ കേരളം പോലൊരു സംസ്ഥാനത്ത് പോലും അകാരണമായി അഴിക്കുള്ളിലാകുന്നത് നാം  ഒരു സമൂഹം  എന്ന നിലയില്‍ പരിശോധിച്ചേ മതിയാവൂ .

മാവോയിസ്റ്റ്  ബന്ധമുള്ളവര്‍  എന്ന്  സംശയിക്കുന്നവരെപ്പോലും ജാമ്യത്തില്‍  വിടുകയും , തൊഴില്‍  ആവശ്യാര്‍ത്ഥം ആ സ്ഥലത്ത്  എത്തിപ്പെട്ട അനീബിനെ , മഫ്ത്തിയില്‍ ഉണ്ടായിരുന്ന  ഒരു  പോലീസുകാരനുമായി ഉണ്ടായ  കശപിശയുടെ പേരില്‍  ജയിലില്‍ അടക്കുകയും  ചെയ്യുന്നത്  സ്വാഭാവികമായി  കാണുന്നതെങ്ങിനെ ? സമര  നേതാവ്  കൂടിയായ  ഒരു  ഭിന്നശേഷിക്കാരനെ  ആക്രമിക്കുന്നത്  കണ്ടപ്പോള്‍  ഇടപെട്ടതാണ്  പോലീസിനെ  പ്രകോപിപ്പിച്ചത്  എന്ന് അനീബ്  പറയുന്നു .

കേരളത്തിലെ  മാധ്യമ  പ്രവര്‍ത്തകരുടെ നിസ്സംഗതയാണ്  അത്ഭുതപ്പെടുത്തുന്ന മറ്റൊരു  കാര്യം . ഈ അനുഭവം മനോരമയിലെയോ മാതൃഭൂമിയിലെയോ ഒരു മാധ്യമപ്രവര്‍ത്തകനാണ് ഉണ്ടായതെങ്കില്‍ , വേണ്ട ദേശാഭിമാനിയിലെയോ, മാധ്യമത്തിലെയോ പത്രപ്രവര്‍ത്തകനാണ്  ഉണ്ടായതെങ്കില്‍ ആ പോലീസുകാരന്‍ സര്‍വീസില്‍  ഉണ്ടാകുമായിരുന്നില്ല  എന്ന്  മാത്രമല്ല രമേശ്‌ ചെന്നിത്തല മാപ്പ്  പറയുന്ന  സമയവും  കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു .

എന്തായാലും  അനീബ്  ജയിലില്‍  ആയ  സംഭവം  നമ്മുടെ പോലീസിംഗ്  സംവിധാനത്തെയും ,സമൂഹത്തിന്‍റെ പൊതുബോധത്തെയും , മുസ്ലിം സ്വത്വത്തെയും സംബന്ധിച്ചെല്ലാം ഗൌരവ  സംവാദങ്ങള്‍ ആവശ്യപ്പെടുന്നുണ്ട് .