Friday, June 19, 2015

മാധ്യമങ്ങളും , അവരുടെ "പ്രമുഖ" ജ്വല്ലറികളുമല്ല; പുരോഹിതര്‍ തന്നെയാണ് പ്രതിക്കൂട്ടില്‍ ..!!

ആഗോളീകൃതമായ വിപണിയുടെ പ്രലോഭനങ്ങളെ അതിജീവിക്കാനവാത്ത പ്രത്യയശാസ്ത്രങ്ങളുടെയും , മതങ്ങളുടെയും , അവയുടെ ആസുരതകളുടെയും ലോകത്താണ് നാം ജീവിക്കുന്നത് . ലാഭം എന്ന ഒറ്റവാക്കുള്ള നിഘണ്ടു മാത്രം പേറി നടക്കുന്ന മുതലാളിത്തവും , മൂലധന രാഷ്ട്രീയവുമാണ് ലോകമാകെ ഭരിക്കുന്നത് . നമ്മുടെ ആത്മീയ ശ്രേണികളെയും ,വിമോചന പ്രത്യയശാസ്ത്രങ്ങളേയും പോലും .




തിരൂര്‍ നിറമരുതൂര്‍ വട്ടത്താണി പാട്ടശ്ശേരി വീട്ടില്‍ ഇസ്മയില്‍ എന്ന ഗ്രിഹനാഥനും , പിതാവുമായ മനുഷ്യന്‍ കേരളത്തിലെ സ്വര്‍ണ്ണവ്യവസായ ലോകത്തെ പ്രമുഖനും , വലിയൊരു  പരസ്യ ദാതാവുമായ   ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള തിരൂര്‍ നഗരത്തിലെ ജ്വല്ലറിയില്‍ വച്ച് പെട്രോള്‍ ഒഴിച്ചു തീകൊടുത്ത് ആതമഹത്യ ചെയ്തതാണ് നമാധ്യമ ചര്‍ച്ചകളില്‍ ഈ ദിവസങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്ന് . വിവാഹത്തിനു രണ്ടു നാള്‍ മുന്പ് കാമുകനായ പൂജാരിയോടൊപ്പം "ഒളിച്ചോടിയ" (ഈ പദം കൊണ്ട് എന്താണ് വിവക്ഷിക്കുന്നത് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല ) കുഞ്ഞിമംഗലത്തെ അബ്ദുല്‍ ലത്തീഫിന്റെ മകള്‍ മുബഷിറയാണ് സോഷ്യല്‍ മീഡിയയുടെ അടുത്ത ഇര . സെമിറ്റിക് മതങ്ങളില്‍ ഒന്നായ ക്രിസ്ത്യാനിറ്റിക്ക് അതിന്റെ യാഥാസ്ഥിക സ്വഭാവം ഇപ്പോഴും കൈമോശം വന്നിട്ടില്ല, ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിച്ച കാലത്ത് ചവറ്റുകുട്ടയില്‍ എറിയേണ്ട ഒന്നാണ് ഈ മതത്തിന്റെ വരട്ടുതത്വവാദങ്ങള്‍, എന്ന് സൂചിപ്പിക്കുന്നതാണ് ഇടുക്കി ബിഷപ്‌ മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍ മിശ്ര വിവാഹങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവന; ഇതും സോഷ്യല്‍ മീഡിയ വിവാദങ്ങളില്‍ ഒന്നാണ് .
സൂക്ഷ്മ ദര്‍ശനത്തില്‍ വിവാഹം എന്ന സ്ഥാപനത്തിന്റെ മൂന്നു സാമൂഹ്യ അവസ്ഥകളാണ് മുകളിലെ സംഭവങ്ങള്‍ . എങ്ങനെയെന്നാല്‍ -


1) വര്‍ത്തമാനകാല സാമൂഹ്യാവസ്ഥയില്‍ വിവാഹം എന്ന സ്ഥാപനത്തിന്റെ ശാസ്ത്രീയ- അശാസ്ത്രീയതകള്‍ എന്തൊക്കെയായാലും ഇസ്ലാം വിവാഹത്തെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നു . വംശ വര്‍ധനവ് മാത്രമല്ല , ശരീരത്തെയും , മനസ്സിനെയും ദുഷ്ചെയ്തികളില്‍ നിന്ന് മാറ്റി നിര്‍ത്തുവാനും , സാമൂഹികവും , വ്യക്തിപരവുമായ അച്ചടക്ക ജീവിതത്തിനുമെല്ലാം വിവാഹം അനിവാര്യമാണെന്നാണ് ഇസ്ലാമിക കാഴ്ചപ്പാട് . അതേസമയം തന്നെ ഏറ്റവും കൂടുതല്‍ സാമൂഹ്യ അസമത്വങ്ങളും , ദുരാചാരങ്ങളും നിലനില്‍ക്കുന്നതും ഇസ്ലാമിക വിവാഹങ്ങളില്‍ തന്നെയാണ് . ബഹുഭാര്യാത്വത്തിലെ പുരുഷ കേന്ദ്രീകരണം തുടങ്ങി , ആഡംബരവും , ധൂര്‍ത്തും മുതല്‍ ഇപ്പോഴും മാറിയിട്ടില്ലാത്ത സ്ത്രീധന സമ്പ്രദായം വരെ ഇസ്ലാമിക വിവാഹങ്ങളില്‍ ചിലത്, കാലഹരണപ്പെട്ട സങ്കല്‍പ്പങ്ങളെ അരക്കിട്ടുറപ്പിക്കുന്നതാക്കുന്നു .
ഇക്കൂട്ടത്തില്‍ സ്ത്രീധനം ഇപ്പോഴും ഭേദപ്പെട്ടിട്ടില്ലാത്ത ഒരു ക്യാന്‍സര്‍ തന്നെയാണ് നമ്മുടെ സമൂഹത്തില്‍ . മരണപ്പെട്ട പാട്ടശ്ശേരി വീട്ടില്‍ ഇസ്മയില്‍ എന്ന ഗ്രിഹനാഥനേക്കാള്‍ വേദനാജനകമായി ഒരു രാത്രി പോലും ഉറങ്ങാതെ നീറി നീറി കഴിയുന്ന ആയിരക്കണക്കിന് പിതാക്കന്മാര്‍ നമ്മുടെ നാട്ടിലെമ്ബാടുമുണ്ട്. ചുരുങ്ങിയത് ഇസ്ലാമിക സമൂഹത്തിലെങ്കിലും, ഇത് അവസാനിപ്പിക്കാന്‍ ആ മതത്തിന്റെ ആത്മീയ നേതൃത്വം ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ നടക്കും എന്നതിന് തര്‍ക്കമൊന്നുമില്ല . കാരണം ഇസ്ലാമിക വിവാഹങ്ങള്‍ മതപരം കൂടിയാണ് . യഥാര്‍ത്ഥത്തില്‍ സുന്നികളും , മുജാഹിദുകളും, ജമാഅത്തെഇസ്ലാമിക്കാരും എല്ലാമടങ്ങുന്ന സംഘടനകളുടെ , അവരുടെ നേതൃത്വത്തിന്റെ സമഗ്രവും , ആത്മാര്‍ത്ഥമായതും , ഐക്യത്തോടെയുമുള്ള ഒരു ശ്രമം ഇതുവരെ സമുദായ നേതാക്കളില്‍ നിന്ന് ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല എന്നത് വസ്തുതയാണ് . അതിനര്‍ത്ഥം ഒരിക്കല്‍പ്പോലും ഇവരാരും ഇതിനു വേണ്ടി ശ്രമിച്ചിട്ടെയില്ല എന്നതല്ല . ഈ പശ്ചാത്തലത്തിലാണ് ഇസ്മയില്‍ എന്ന പിതാവിന്റെ മരണത്തെ നമ്മള്‍ നോക്കിക്കാണേണ്ടതു . സത്യത്തില്‍ ഇത് സാമൂഹിക സ്ഥിതി സമത്വത്തിന്റെ ഒരു ചൂണ്ടുപലകയോ , ചുവരെഴുത്തോ ആണ് എന്നതില്‍ തര്‍ക്കമില്ല .



പക്ഷേ വിഷയത്തെ ജ്വല്ലരിക്കാരന്റെ തെറ്റായും , ബോബി ചെമ്മണ്ണൂര്‍ എന്ന കച്ചവടക്കാരന്റെ നെരികേടായും ചൂണ്ടിക്കാണിക്കുന്നുണ്ട് ചിലര്‍ . അതില്‍ അല്‍പ്പം വാസ്തവവുമുണ്ട്. കാരണം ആ മുപ്പതു പവന്‍ സ്വര്‍ണ്ണത്തിന്റെ ബാക്കി നല്‍കാനുള്ള പണം പിരിച്ചെടുക്കാന്‍ വീട്ടിലേക്കും , മകളെ കെട്ടിച്ചയച്ച വീട്ടിലേക്കും ഗുണ്ടകളെ അയക്കുന്ന സമീപനം വരെയുണ്ടായി എന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നു . (പ്രിന്‍റ് -വിഷ്വല്‍ മീഡിയകളുടെ പിതൃശൂന്യത അവരെ ഇപ്പോഴും "പ്രമുഖ ജ്വല്ലറി "എന്ന് മാത്രമാണ് പറയാന്‍ അനുവദിക്കുന്നത് . പിന്നെയല്ലേ ഗുണ്ടകളെ അയച്ച വാര്‍ത്ത.) പറഞ്ഞുവരുന്നത് സ്വര്‍ണ്ണം കണ്ടാല്‍ അപസമാരം ഇളകുന്ന , മഞ്ഞ ലോഹത്തോട്‌ മനോരോഗതുല്ല്യമായ മാനസിക നിലയുള്ള മലയാളി സമൂഹത്തില്‍ ബോബി ചെമ്മണ്ണൂര്മാര്‍ എക്കാലത്തും ഉണ്ടാകും . അവര്‍ക്ക് ബിസിനസ് നടത്താന്‍ ഗുണ്ടാ സംഘങ്ങളും , സര്‍ക്കാരില്‍ പിണിയാളുകളും , കോടാനുകോടികളുടെ നികുതിവെട്ടിപ്പും എല്ലാമുണ്ടാകും . കാരണം കേരളത്തിലെ ജ്വല്ലറി ബിസിനസ് ഒരു മാഫിയാ വ്യവസായമാണ്‌ . കള്ളക്കടത്ത് നടത്തുന്ന സ്വര്‍ണ്ണം വിറ്റഴിക്കുന്നതാണ് ഇവിടുത്തെ "പ്രമുഖ" ജ്വല്ലറികളില്‍ ഭൂരിപക്ഷവും . അപ്പോള്‍ ഇസ്മായിലിനോടും , മകളോടും ഒരു നൈതികത ജ്വല്ലരിക്കാരനില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല . അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സംഭവം നടക്കുമ്പോള്‍ അത് വാര്‍ത്തയാക്കാതിരിക്കുവാനുള്ള ദാസ്യമൊക്കെ ഇവിടുത്തെ പരസ്യം സ്വീകരിക്കുന്ന എല്ലാ മാധ്യമാങ്ങള്‍ക്കുമുണ്ട്; ചുരുക്കം ചില അപവാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ . എന്ന് മാത്രമല്ല ഇസ്മയില്‍ എന്ന പിതാവ് ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ കാറ്റ് കൊള്ളാന്‍ പോയതല്ല . ഒരു രൂപ കൊടുത്ത് മൂത്രമൊഴിക്കാന്‍ കയറിയതുമല്ല . അത്താഴമുണ്ടാക്കാന്‍ പത്തു രൂപയ്ക്കു മത്തിയും , രണ്ടു കിലോ അരിയും തേടി പോയതുമല്ല . പിന്നെയോ , കാലങ്ങളായി ഈ സമൂഹത്തില്‍ നടമാടുന്ന ഒരു സാമൂഹിക ദുരാചാരത്തിനു വിധേയനാകാന്‍ പോയതാണ് . ഈ സമൂഹവും , വ്യവസ്ഥിതിയുമാണ് ഈ നിലയില്‍ പതിനായിരക്കണക്കിനു ഇസ്മയിലുമാരെ കടക്കാരാക്കുന്നത് . ഒരു പെണ്‍കുട്ടിയുടെ പിതാവായി എന്നതാണ് അദ്ദേഹം ചെയ്ത ഒരേയൊരു തെറ്റ് എന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നത്‌ .





2) ഈ പരിതസ്ഥിതിയില്‍ തീര്‍ച്ചയായും ആര്‍ത്തി മൂത്ത സ്വര്‍ണ്ണ വ്യവസായിയേക്കാള്‍ , അയാള്‍ക്ക്‌ വേണ്ടി അടുക്കള ജോലി ചെയ്യുന്ന മാധ്യമങ്ങളെക്കാള്‍, പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് ഈ ദുരാചാരങ്ങള്‍ അവസാനിപ്പിക്കാനാവാത്ത മത -സാമുദായിക നേതൃത്വങ്ങളെ തന്നെയാണ് . ഈ മരണത്തെയും , അതിന്റെ സാമൂഹിക ദുരന്തങ്ങളെയും , അലയോലികളെയും ഇതുവരെ ഒരു പത്രക്കുറിപ്പ് കൊണ്ട് പോലും അഡ്രസ്‌ ചെയ്യാത്ത ഇസ്ലാമിക സാമുദായിക നേതൃത്വം, വിവാഹത്തിനു രണ്ടു നാള്‍ മുന്പ് കാമുകനായ "പൂജാരിയോടൊപ്പം ഒളിച്ചോടിയ" കുഞ്ഞിമംഗലത്തെ അബ്ദുല്‍ ലത്തീഫിന്റെ മകള്‍ മുബഷിറയേ മുന്‍നിര്‍ത്തി മതപ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചു കഴിഞ്ഞു . പൂജാരിക്കൊപ്പം പോകുന്നവള്‍ക്ക് കിട്ടുന്ന നരകശിക്ഷയെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോകള്‍ കണ്ടു വിറങ്ങലിച്ചു നില്‍ക്കുകയാണ് ഫെയ്സ്ബുക്കിനു മുന്നില്‍ ഇസ്ലാമിക യുവത ! സത്യത്തില്‍ ഈ കഥ സോഷ്യല്‍ മീഡിയ യില്‍ പ്രചരിച്ചത് മുഴുവന്‍ പച്ചക്കള്ളങ്ങളായിരുന്നു . കാരണം പയ്യന്നൂര്‍ അങ്ങനെയൊരു പൂജാരിയില്ല . ആ പെണ്‍കുട്ടി കൂടെ ജീവിക്കാന്‍ താരുമാനിച്ച യുവാവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിട്ടില്ല , അവളെ ഒരു പട്ടിയും കടിച്ചിട്ടില്ല , അവളുടെ ഒരു അമ്മാവനും വന്നു രക്ഷിക്കുകയും , ആശ്രയം നല്‍കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ ഉണ്ടായിട്ടുമില്ല . എന്താണ് ഈ സംഭവത്തിന്റെ സത്യാവസ്ഥ ..? അബ്ദുല്‍ ലത്തീഫിന്റെ മകള്‍ മുബഷിറയും , കുഞ്ഞിമംഗലം സ്വദേശിയായ രാഹുല്‍ എന്ന യുവാവും പ്രണയത്തിലായി . രണ്ടു പേരും രാജ്യത്തെ നിയമങ്ങള്‍ അനുശാസിക്കും വിധം പ്രായപൂര്‍ത്തിയായ മനുഷ്യരാണ് . തന്റെ ഇണയെ തിരഞ്ഞെടുക്കാന്‍ ആ പെണ്കുട്ടിക്കുള്ള സിവില്‍ റൈറ്റിനെ ഏതു മൌലവിക്കാന് നിരാകരിക്കാനാവുക ?! അങ്ങനെ ചെയ്‌താല്‍ അത് ഇന്നാട്ടിലെ ഭരണഘടനയെയും , നിയമ വ്യവസ്തയെയും പരിഹസിക്കലല്ലേ ? എങ്കില്‍ പിന്നെ ഈ മൌലവിമാരും , നവമാധ്യമാങ്ങളിലെ ഞാനടക്കമുള്ള ആളുകളും പരിഹസിക്കുന്ന സുബ്രഹ്മണ്യന്‍ സ്വാമിയുമൊക്കെ തമ്മില്‍ എന്ത് വ്യത്യാസം . ഇതേ കാര്യം തന്നെയല്ലേ മാത്യൂ ആനിക്കുഴിക്കാട്ടില്‍ എന്ന സ്ത്രീ വിരുദ്ധനും , മതേതര വിരുധനുമായ പുരോഹിതനും പറഞ്ഞത് ?
പക്ഷേ സോഷ്യല്‍ സോഷ്യല്‍ മീഡിയയിലെ ചില അല്‍പ്പ ബുദ്ധികള്‍ രാഹുല്‍ എന്ന അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്ന യുവാവിനെ പൂജാരിയാക്കി . കാമുകന്റെ വീട്ടില്‍ നിന്നും പെണ്‍കുട്ടി മടങ്ങേണ്ടാതായി വന്ന കഥയുണ്ടാക്കി . കാമുക ഗ്രിഹത്തില്‍ നിന്നും തിരിച്ചു വന്ന അവളെ തെരുവില്‍ വച്ച് പട്ടി കടിച്ച കഥ ഒരു "ഗുമ്മിന് " വേറെയുമുണ്ടാക്കി . ചുരുക്കത്തില്‍ അമുസ്ലിമിനെ വിവാഹം കഴിച്ചാല്‍ അവള്‍ നരകാവകാശിയാകും , ആ വീട്ടില്‍ അവള്‍ക്കു സ്വസ്ഥതയോടെ ജീവിക്കാന്‍ സാധിക്കില്ല , മാത്രമല്ല അവളെ കടിക്കാനായി തെരുവുകളില്‍ നായ്ക്കള്‍ കാത്തിരിക്കുന്നു....!! ഈ സന്ദേശം സോഷ്യല്‍ മീഡിയകളിലൂടെ പടര്‍ത്തുകയായിരുന്നു മുസ്ലിം മതമൌലിക വാദികളുടെ ലക്‌ഷ്യം . ഒരു പരിധിവരെ അവര്‍ അതില്‍ വിജയം കണ്ടു ; ഒരു ഗീബല്‍സിയന്‍ തന്ത്രം പോലെ.!!




പരസ്പ്പരം വർഗീയത വളർത്തുന്ന വിധത്തിലാണ് ഫേസ്‌ബുക്കിൽ ഇവരെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. ഒരു വശത്ത് തീവ്രചിന്താഗതിയുള്ള മുസ്ലീങ്ങൾ രംഗത്തെത്തിയപ്പോൾ യുവാവിനെ അനുകൂലിച്ചുകൊണ്ട് സംഘപരിവാർ അനുയായികളും രംഗത്തെത്തി. ഇതോടെ പരസ്പ്പരം തെറിവിളികളാണ് കൊഴുക്കുന്നത്. ദ്വീർഘകാലമായി പ്രണയത്തിലായിരുന്നു മുബഷിറയും രാഹുലും. മറ്റൊരു വിവാഹം നിശ്ചയിച്ച വേളയിലായിരുന്നു മുബഷിറ രാഹുലിനൊപ്പം പോയത്. തുടർന്ന് മുബഷിറയുടെ പിതാവ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പിന്നീട് പയ്യന്നൂർ പൊലീസ് സ്‌റ്റേഷനിൽ ഹാജരായി, കോടതിയുടെ അനുമതിയോടെ വിവാഹിതരാകുകയും ചെയ്തു, എന്നതാണ് വസ്തുത . പക്ഷേ "പൂജാരിയോടൊപ്പം ഒളിച്ചോടിയ മുസ്ലീം പെണ്‍കുട്ടി"യെ കുറിച്ചു പ്രമുഖ മത പ്രാസംഗികന്‍ സിംസാറുല്‍ ഹഖ് ഹുദവിയെപ്പോലുള്ള പണ്ഡിതന്മാര്‍ പോലും അര്‍ദ്ധസത്യങ്ങളാണ് പ്രചരിപ്പിച്ചത് . ഒരു പക്ഷേ അവര്‍ക്ക് കിട്ടിയത് സോഷ്യല്‍ മീഡിയയില്‍ തീ പോലെ പടര്‍ന്ന പെരും നുണകളായിരിക്കാം . എങ്കിലും ഈ വിഷയത്തിന്റെ നിജസ്ഥിതി മനസ്സിലാക്കുന്നതില്‍ ഹുദവിയെപ്പോലുള്ള ആദരണീയ പണ്ഡിതര്‍ക്കു സാധിച്ചില്ല എന്നത് ഖേദകരമായിപ്പോയി . സത്യത്തില്‍ നമ്മുടെ മതകീയമായ പൊതുബോധം ദുര്ബ്ബലപ്പെടുന്നു എന്നതിന്റെ ലക്ഷണമാണ് , മിശ്ര വിവാഹത്തിനു മുതിരുന്ന പെണ്‍കുട്ടികളെ "പൂജാരിവക നരകവും " തെരുവില്‍ വച്ച് "നായ്ക്കള്‍ കടിക്കുന്ന " കഥകളുമെല്ലാം ഉണ്ടാക്കി ഭയപ്പെടുത്തുന്നതിനു പിന്നിലെ പരിഹാസ്യത.
3) മതങ്ങളുടെ ശാസ്ത്ര വിരുധതക്കും , മനുഷ്യത്വ വിരുധതക്കുമുള്ള മൂര്‍ത്തമായ അടയാളമാണ് ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിൽ മിശ്ര വിവാഹത്തിനെതിരെ നടത്തിയ പരാമര്‍ശം . രസകരമായ വസ്തുത സ്ത്രീധന സമ്പ്രദായത്തിനെതിരെ വേണ്ടത്ര പ്രതികരിക്കാത്ത മുസ്ലിം പുരോഹിതരുടെ സമാനമായ അവസ്ഥയാണ് ഈ ക്രിസ്തീയ പുരോഹിതന്റെയും വാക്കുകള്‍ വ്യക്തമാക്കുന്നത് . അദ്ദേഹത്തിന് സമുദായത്തിലെ ആണ്‍കുട്ടികള്‍ മറ്റു മതസ്ഥരെ വിവാഹം ചെയ്തു സ്വസമുദായത്തില്‍ ചേര്‍ക്കുന്നതില്‍ വിയോജിപ്പോന്നുമില്ല . സമുദായത്തില്‍ ഉള്ളവര്‍ ബ്ലേഡ് ബിസിനസ് നടത്തി പാവപ്പെട്ട മനുഷ്യരെ ആത്മഹത്യ ചെയ്യിക്കുന്നതില്‍ ബെജാറില്ല . കള്ളുകച്ചവടം നടത്തുന്നതില്‍ പാപമില്ല . മറിച്ചു പെണ്‍കുട്ടികള്‍ മതം വിട്ടു പോയി വിവാഹം കഴിക്കുന്നതിലാണ് വിയോജിപ്പ് . അപ്പുറത്തും ഇതാണ് സ്ഥിതി ; ഒരു മുസ്ലിം ആണ്‍കുട്ടി ഒരു "പൂജാരിയുടെ മകളെ " വിവാഹം കഴിച്ചു സ്വസമുദായത്തില്‍ ചേര്‍ത്താന്‍ ഒരു തലേക്കെട്ടുകാരനും ആരെയും നരകം പറഞ്ഞു ഭയപ്പെടുത്തില്ല എന്നതാണ് വസ്തുത . സത്യത്തില്‍ മതേതര വിവാഹങ്ങളോട് നമ്മുടെ മതങ്ങള്‍ക്ക് (അത് ഏതു തന്നെയായാലും )തികഞ്ഞ അസഹിഷ്ണുതയാണ് ഈ നൂറ്റാണ്ടിലും ഉള്ളത് എന്നത് പകല്‍ പോലെ വ്യക്തമാണ് . അതേസമയം തന്നെ, മ­തേ­ത­ര വി­വാ­ഹ­ങ്ങ­ളു­ടെ പേ­രിൽ ദു­ര­ഭി­മാ­ന­ക്കൊ­ല­കൾ വർ­ദ്ധി­ക്കു­ന്ന സാ­ഹ­ച­ര്യ­ത്തിൽ ആണ് ഉത്തർ പ്രദേശ്‌ സർക്കാർ ജാ­തി­ക്കും മ­ത­ത്തി­നും അ­തീ­ത­മാ­യി വി­വാ­ഹം ചെ­യ്യു­ന്ന ദമ്പതി­മാർ­ക്ക്‌ പ്രോ­ത്സാ­ഹ­ന സ­മ്മാ­ന­മാ­യി 50,000 രൂ­പ­യും മെ­ഡ­ലും സർ­ട്ടി­ഫി­ക്ക­റ്റും പ്രഖ്യാപിച്ചത്. വമ്പിച്ച പിന്തുണയാണ് സാമൂഹ്യ പ്രവർത്തകരിൽ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഈ സംരംഭത്തിന് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ് .
"കത്തോലിക്കാ പെൺകുട്ടികളെ ലൗ ജിഹാദ് വഴിയും എസ് എൻ ഡി പിയുടെ നിഗൂഢ അജണ്ട വഴിയും തട്ടിക്കൊണ്ടു പോകുന്നു. 18 വയസ് വരെ വളർത്തിയ മകൾ വിശ്വാസങ്ങൾ വലിച്ചെറിഞ്ഞ് ഒരു മുസ്ലീമിന്റെ കൂടെയോ ഓട്ടോക്കാരന്റെ കൂടെയോ എസ് എൻ ഡി പിക്കാരന്റെ കൂടെയോ പോകുന്നു. മിശ്ര വിവാഹം ക്രൈസ്തവ മതവിശ്വാസത്തിനെതിരാണ്" എന്നതായിരുന്നു ബിഷപ്പിന്റെ പ്രസ്താവന . സത്യത്തില്‍ ആ എസ്എന്‍ഡീപി , മുസ്ലിം പരാമര്‍ശങ്ങള്‍ എനിക്ക് മനസ്സിലായി . കാരണം അവര്‍ ക്രിസ്ത്യന്‍ മതത്തിന് പുറത്തുള്ളവരാണ് . പക്ഷേ , ഒട്ടോരിക്ഷാക്കാരനെ ശപിക്കുന്നതിലെ തിരുമേനിയുടെ THEOLOGY പിടികിട്ടിയിട്ടില്ല . ക്രിസ്ത്യന്‍ സമുദായത്തില്‍ ഓട്ടോ ഓടിച്ചു ജീവിക്കുന്നവരുണ്ടല്ലോ . അവരെ "നിക്രിഷ്ട്ടര്‍" ആക്കുന്നത് എന്തിനാണ് ? ബിഷപ്പിന്റെ ഉള്ളിലെ ചീഞ്ഞുനാറുന്ന ഫ്യൂഡല്‍ അവശിഷ്ട്ടങ്ങള്‍ തന്നെയാണ് ഇത് പറയിക്കുന്നത് . കള്ളുചെത്തിയിരുന്ന ഈഴവനും , ഓട്ടോഓടിക്കുന്ന പാവപ്പെട്ടവും, അങ്ങിനെ സമൂഹത്തിന്റെ അടിത്തട്ടില്‍ ഉള്ളവരുമെല്ലാം പ്രണയം പോലും നിഷേധിക്കപ്പെടെണ്ടാവരാന് എന്ന് തന്നെയാണ് തിരുമേനിയുടെ മനോഗതം എന്ന് വ്യക്തം .




വാല്‍ക്കഷ്ണം : ഇസ്മായിലിന്റെ കടം എഴുതിത്തള്ളാനുള്ള ചെമ്മണ്ണൂരിന്റെ മഹാമാനസ്ക്കതയും , ബിഷപ്പിന്റെ തിരുത്തും , പ്രസ്താവനയില്‍ നിന്നുള്ള പിന്‍വാങ്ങലും , പുരോഹിതന്മാരുടെ മറ്റെല്ലാ മുഖം മിനുക്കലുകളും അക്ഷരം തെറ്റാതെ വായനക്കാരെ അറിയിക്കുന്ന ജോലി മനോരമ ഇപ്പോഴും ഉത്തരവാദിത്വത്തോടെ ചെയ്യുന്നുണ്ട് . സത്യത്തില്‍ സ്ത്രീധനം അവസാനിച്ചാല്‍ ജ്വല്ലറികള്‍ പൂട്ടും , മതകീയ ബോധ്യങ്ങളുടെ ചിഹ്നങ്ങള്‍ പതുക്കെ ഇല്ലാതായാല്‍ പുരോഹിതര്‍ ശുഭ്രാവസ്ത്രങ്ങള്‍ അഴിച്ചു വച്ച് അധ്വാനിക്കേണ്ടി വരും . പതിയെപ്പതിയെ മനോരമകള്‍ പൂട്ടേണ്ടി വരും . അത് ഏറ്റവും നന്നായി അറിയുന്നത് മനോരമകള്‍ക്കും , പുരോഹിതര്‍ക്കും , ജ്വല്ലറി മാഫിയാക്കാര്‍ക്കും തന്നെയാണ് . ഫെയ്സ്ബുക്കിലെ കുട്ടിക്കുരങ്ങന്‍ വിഡ്ഢികളെ ഉപയോഗിചൊന്നും അധികകാലം പൌരോഹിത്യത്തിനും , മൌലികവാദികള്‍ക്കും നിലനില്‍ക്കാനാവില്ല . പൌരോഹിത്യങ്ങള്‍ പിരിച്ചുവിട്ടു മനുഷ്യാത്മീയത ജനാധിപത്യവല്‍ക്കരിക്കുന്ന നാളുകള്‍ ദൂരെയല്ല .

Monday, June 1, 2015

മുപ്പത്തഞ്ചില്‍ താഴെയുള്ള മലയാളിയുടെ "പ്രേമം " (സിനിമാ റിവ്യൂ )

പ്രേമം എന്ന സിനിമ ഈ മണിക്കൂറുകളില്‍ നവമാധ്യമങ്ങളില്‍ പടരുന്ന രൂപത്തിലുള്ള ഒരു വലിയ സംഭവമൊന്നുമല്ല . പക്ഷേ എന്റെയും നിങ്ങളുടെയും (ഒരു മുപ്പത്തഞ്ച് വയസ്സില്‍ താഴെയുള്ളവരുടെ ) കൌമാര കാലം മുതല്‍ നാം ഇപ്പോള്‍ ജീവിക്കുന്ന ഈ 2015 വരെ അസ്വാഭാവികതകള്‍ ഒട്ടുമില്ലാതെ വരച്ചുകാട്ടാന്‍ ഈ സിനിമയിലെ ഓരോ സീനിനും സാധിക്കുന്നു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത് . അതിഭാവുകത്വങ്ങളും , ക്ലീഷേകളും , സിനിമക്ക് വേണ്ടി മാത്രമുള്ള ചില രംഗങ്ങളും (നാം സിനിമയില്‍ മാത്രം കാണുകയും , ജീവിതത്തില്‍ ഒരിക്കലും കാണാതിരിക്കുകയും ചെയ്യുന്നവ) മാത്രം കണ്ടു ശീലിച്ച നമുക്ക് "പ്രേമം " നല്‍കുന്നത് നമ്മുടെയെല്ലാം ആത്മകഥാംശമുള്ള അഭ്രപ്പാളിയിലെ രംഗങ്ങളാണ് .
"പ്രേമം" മുന്നോട്ടു വയ്ക്കുന്ന സൌഹൃദ മാതൃകകള്‍ നമുക്കെല്ലാം പരിചിതമായിരുന്നു . പറയാന്‍ പാടില്ല ; എങ്കിലും പറയാതെ വയ്യ ; ജോര്‍ജ്ജിന് , കോയയുമായും , ശംഭുവുമായും കൂട്ടുകൂടാന്‍ സാധിച്ചിരുന്ന , ലവ് ജിഹാദ് എന്തെന്ന് അറിയാത്ത , ബീഫ് നിരോധന വാര്‍ത്തകള്‍ കേട്ടിട്ടില്ലാത്ത , ന്യൂനപക്ഷങ്ങളെ നിര്‍ബന്ധിതമായി വന്ധ്യംകരീകരിക്കണം എന്ന് പറയാത്ത , ഇടയ്ക്കിടെ മുസല്‍മാനോട് പാകിസ്ഥാനിലേക്ക് നാട് കടക്കാന്‍ ആജ്ഞാപിക്കാത്ത "നല്ല കാലത്തെ "യാണ് "പ്രേമം " അടയാളപ്പെടുത്തുന്നത് . നമുക്കറിയാം , അത് നൂറ്റാണ്ടുകള്‍ മുന്‍പൊന്നും ആയിരുന്നില്ല . രണ്ടായിരങ്ങളുടെ തുടക്കങ്ങളില്‍ വരെ നാം കേരളീയര്‍, നമ്മുടെ ഭരണാധികാരികള്‍ കുറച്ചുകൂടി ഹൃദയത്തില്‍ നന്മയുള്ള മനുഷ്യരായിരുന്നു . മതവും ജാതിയും നമുക്കിടയില്‍ ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ രൂപത്തില്‍ അത് ഒരു ഭ്രാന്തായിട്ടുണ്ടായിരുന്നില്ല .


ഇന്ന് കറുപ്പുടുത്ത ശബരിമല ഭക്തനും , തൊപ്പിയിട്ട മുസല്‍മാനും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ അവാര്‍ഡ് പോലും അര്‍ഹിക്കുന്ന രൂപത്തിലേക്ക് നമ്മുടെ കാലം കെട്ടുപോയിരിക്കുന്നു . ഗുജറാത്തിലെ സ്കൂളുകളില്‍ കാവിയും , പച്ചയും വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് യൂണിഫോം പോലുമായിരിക്കുന്നു . "പ്രേമം " കാണാന്‍ തീയറ്ററില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഹൈസ്കൂള്‍ -പ്ലസ് ടു സഹപാഠികളെ ഓര്‍ക്കാതിര്‍ക്കില്ല . സ്ക്രീനില്‍ കാണുന്ന ഓരോ കഥാപാത്രവും നാം സ്നേഹിച്ചിരുന്ന മനുഷ്യരുടെ നന്മകളെ അടയാളപ്പെടുത്തും . അതെ നമ്മുടെ  ഈ കാലത്തിനു കൈമോശം വന്ന നന്മകള്‍ ... അത് മാത്രമാണ് ഒരുപക്ഷേ  "പ്രേമം " ആകര്‍ഷകമാകാന്‍ കാരണം . എനിക്ക് Saji Mullukattil Munderi യെയും , Sajna Aboobacker യെയും , Shijo K Joseph Kodavanalനെയും Rajeev Nair രെയും, Riyas Kanniyan നെയും , Ashraf Munderi നെയും മറ്റും ഓര്‍മ്മ വന്നത് മതങ്ങള്‍ വേലിക്കെട്ടുകള്‍ തീര്‍ക്കാത്ത എന്റെ സഹപാഠികളുടെ ഊഷ്മള പാരസ്പ്പര്യം കൊണ്ട് തന്നെയായിരുന്നു .
24 മണിക്കൂറിന്റെ ഇടവേളയിലാണ് നിവിന്‍ പൊളി തന്നെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ Ivide യും Premamfilm പ്രേമവും കാണുന്നത് . ശ്യാമപ്രസാദിന്റെ "ഇവിടെ"യില്‍ എടുത്താല്‍ പൊങ്ങാത്ത ഒരു കഥാപാത്രത്തെ തലയിലേറ്റി കിതക്കുന്ന നിവിന്‍ പോളിയെ സഹതാപത്തോടെ നോക്കിയപ്പോള്‍ , പ്രേമത്തില്‍ ഏറ്റവും അനായാസതയോടെ ഒരു പ്ലസ് ടൂക്കാരനെയും , കോളേജ് കുമാരനേയും അവതരിപ്പിക്കുന്ന നിവിനെ അസൂയയോടെ നോക്കി നില്‍ക്കേണ്ടി വന്നു . ഈ സിനിമയുടെ പ്രമേയം എന്തെന്ന് ചോദിച്ചാല്‍ ഒന്നുമില്ല എന്നാണു ഉത്തരം . 1980 കളില്‍ ഏതൊരു സാധാരണ കുടുംബത്തില്‍ ജനിച്ച മലയാളി യുവാവിന്റെയും കഥതന്നെയാണ് ഇത് . അതുകൊണ്ട് മാത്രമാണ് "പ്രേമം " ഒരു ജനപ്രിയ സിനിമയാകുന്നത് . പ്രമേയപരമായും , ആഖ്യാന ശൈലിയിലും ...എവിടെയുമെവിടേയും "പ്രേമം " ഒരു സംഭവമേയല്ല . പക്ഷേ നമ്മുടെ ഹൈസ്കൂള്‍ - പ്ലസ് ടു ക്ലാസ് മുറികളും , സ്കൂളിലേക്ക് സൈക്കിളില്‍ സഞ്ചരിച്ച വഴികളും , ഒളിച്ചു നിന്ന് സിഗരറ്റ് വളിച്ച "ഒളിമൂലകളും " ഇന്ന് ഒരു ക്യാമറയില്‍ റെക്കോര്ഡ് ചെയ്തു , സ്ക്രീനില്‍ എന്ന പോലെ നമുക്ക് കാണാന്‍ സാധിച്ചാല്‍ നാം ഏതു രൂപത്തില്‍ ത്രില്ലടിക്കും എന്ന് പറയേണ്ടതില്ലല്ലോ . അതില്‍കൂടുതല്‍ ഒന്നുമല്ല പ്രേമം . അല്ലെങ്കില്‍ അതുതന്നെയാണ് "പ്രേമം "


കള്ളുകുടിയനും , തെമ്മാടിയുമായ ഒരു വിദ്യാര്‍ഥിയോട് ഗസ്റ്റ് ലെക്ച്ചറര്‍ ആയ ഒരുവള്‍ക്ക്‌ പ്രേമം തോന്നുമോ എന്ന് എനിക്ക് സംശയമുണ്ട് . (കാരണം ഞാനൊക്കെ ഈ വിഷയം ട്രൈചെയ്തു സസ്പെന്‍ഷന്‍ വാങ്ങിയതാണ് ; അതുകൊണ്ട് സംശയിച്ചതാണ്  :P ) കൌമാരത്തിന്റെ Infatuation ഇല്‍ ഒരു യുവാവിനു അങ്ങിനെ തോന്നുന്നത് മനസ്സിലാകും . ഒരു പക്ഷേ കേവലം കോളേജ് വിട്ട ഒരു പെണ്ണ് കോളേജ് ഗസ്റ്റ് ലെക്ച്ചറര്‍ ആയതുകൊണ്ട് മാത്രം തോന്നുന്ന ആകര്‍ഷണവും ആകാം എന്നാകാം രചയിതാവ് ഉദേശിച്ചത് . എന്തായാലും നായകന്‍ നിവിന്‍ പൊളിക്കു മൂന്നു പ്രേമം സംഭവിക്കുന്നുണ്ട്  ഈ സിനിമയില്‍ . മൂന്നു പ്രേമവുമായി ബന്ധപ്പെട്ട  കഥയിലേക്ക് കൂടുതല്‍ കടക്കാന്‍ ഈ നിരൂപണത്തില്‍ സാധ്യമല്ല എന്നതിനാല്‍ അതിനു മുതിരുന്നില്ല .(ചിലതൊക്കെ കണ്ടു തന്നെ അറിയണം കൂട്ടുകാരെ ...)
കാമുകിയുടെ ചെറിയൊരു ദുരന്തം , അതിന്റെ മെലോഡ്രാമ , വിരഹം , കണ്ണുനീര്‍ , പാട്ട് , കള്ള്, സിഗരറ്റ് ....(ഏകദേശം മിക്കവാറും സീനുകളില്‍ ആ കോപ്പിലെ സര്‍ക്കാര്‍  മുന്നറിയിപ്പ് സ്ക്രീനില്‍ കാണാം ) തുടങ്ങിയ ക്ലീഷേകള്‍ ഈ സിനിമയിലും ആവര്‍ത്തിക്കുന്നുണ്ട് . എങ്കിലും നമുക്ക് ബോറടിക്കുന്നില്ല . അവസാനത്തെ ഒരു 20 മിനിട്ട് സിനിമ ഇഴഞ്ഞതിനു സംവിധായകന്‍ അല്‍ഫോന്‍സ്‌ പുത്രന്‍ തന്നെയാണ് കാരണക്കാരന്‍ . കാരണം രചയിതാവും , എഡിറ്ററും അദ്ദേഹം തന്നെയാണ് . 2 മണിക്കൂറും നാല്‍പ്പതു മിനിട്ടുമുള്ള സിനിമ കുറച്ചുകൂടി ബുദ്ധിപരമായി തിരക്കഥ ഒരുക്കിയിരുന്നെങ്കില്‍ ഒരു ഇരുപതു മിനിട്ട് മുന്പ് തീര്ക്കാമായിരുന്നു. സിനിമയുടെ ഒരേയൊരു ന്യൂനതയും അവസാനത്തെ മിനുട്ടുകളിലെ ഇഴച്ചില്‍ തന്നെയാണ് .


അല്‍ഫോന്‍സ്‌ പുത്രനെക്കുറിച്ചു പറയാതെ വയ്യ . ഭാവിയിലെ മലയാള സിനിമയുടെ മാണിക്ക്യക്കല്ലാണ് ഈ പ്രതിഭ . രചനയില്‍ അദ്ദേഹത്തിന് ഈ സിനിമയില്‍  അവസാനം അല്‍പ്പം പാളി എന്ന് ആരും പറയും . പക്ഷേ നമ്മുടെയൊക്കെ കൌമാര ജീവിതത്തെ ദ്രിശ്യവല്‍ക്കരിക്കുന്നതില്‍ ഈ മനുഷ്യന്‍ സമാനതകള്‍ ഇല്ലാത്ത വിധം വിജയിച്ചിരിക്കുന്നു . എഡിറ്റിംഗ് അദ്ദേഹം തന്നെ നിര്‍വ്വഹിച്ചു എന്നാണു മനസ്സിലാക്കുന്നത് . അല്‍ഫോന്‍സ്‌ പുത്രന്‍ മലയാള സിനിമയില്‍ രാജാവായി വാഴും . തര്‍ക്കം വേണ്ട ; ഇത് എഴുതിവച്ചോ .. അദ്ദേഹം നിവിന്‍ പോളിയുടെ ബാല്യകാല സുഹൃത്തായിരുന്നു എന്ന് ഇന്ന് ഒരു ഓണ്‍ലൈന്‍ മാസികയില്‍ വായിച്ചു . അത് സത്യമെങ്കില്‍ നിവിന്റെ സമപ്രായം . ഈ പ്രായത്തില്‍ ഇത്രയും ക്രാഫ്ട്ട്മാന്‍ഷിപ്‌പ്രദര്‍ശിപ്പിക്കുന്ന അല്‍ഫോന്‍സ്‌ മലയാള സിനിമക്ക് എന്തായാലും  മുതല്‍ക്കൂട്ടാണ് .
കോയയെ അവതരിപ്പിക്കുന്ന കൃഷ്ണ ശങ്കര്‍ , ശംഭുവിനെ അവതരിപ്പിക്കുന്ന ശബരീഷ് വര്‍മ്മ , ഡാന്‍സ് മാസ്റ്ററെ അവതരിപ്പിച്ച ജൂഡ് ആന്റ്റണി , കായികാധ്യാപകനായ സൌബിന്‍ സാഹിര്‍ , മലരിനോട് പ്രണയവുമായി നടക്കുന്ന അദ്ധ്യാപകന്‍  ലോല ഹൃദയന്‍ വിനയ് ഫോര്‍ട്ട്‌ , ഒരൊറ്റ സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന രണ്ജി പണിക്കര്‍ , സായ് പല്ലവി അവതരിപ്പിക്കുന്ന ഗംഭീര കഥാപാത്രം  മലര്‍ , അനുപമ പരമേശ്വരന്‍ അവതരിപ്പിക്കുന്ന മേരിയും , അവളുടെ പനങ്കുല പോലെയുള്ള മുടിയും , ഒടുവില്‍ സസ്പെന്‍സ് ആയി വരുന്ന, സിനിമയുടെ ജാതകം തിരുത്തുന്ന ,  മഡോണ സെബാസ്ത്യന്റെ സെലിന്‍ എന്ന കഥാപാത്രം ..... മറക്കാനാവില്ല രണ്ടു ആഴ്ച്ചകള്‍ക്കെങ്കിലും , ഇന്ന് കേരളത്തില്‍ ജീവിക്കുന്ന , അല്ലെങ്കില്‍ മലയാളിയായി ലോകത്ത് എവിടെയും ജീവിക്കുന്ന ഒരു മുപ്പത്തഞ്ച് വയസ്സില്‍ താഴെയുള്ള ഒരാള്‍ക്ക്‌ .


രാജേഷ് മുരുകെശന്റെ പശ്ചാത്തല സംഗീതം ..ഹോ ...അതില്ലാതെ ആലോചിക്കാന്‍ കൂടി വയ്യ. ഗാനങ്ങള്‍ എഴുതിയത് മിക്കവാറും എല്ലാം ശബരീഷ് വര്‍മ്മ തന്നെ . ചുമ്മാ കൌമാര കാലത്തേക്കും , കലാലയ ദിനങ്ങളിലെക്കും ഒന്ന് മടങ്ങിപ്പോകാം പ്രേമം കാണാന്‍ ടിക്കറ്റ് എടുത്താല്‍ .. കൂടുതല്‍ ഇനിയെന്ത് പറയാന്‍ ...?! പറ്റുമെങ്കില്‍ സ്ക്രീനില്‍ പോയി കാണാം ..! 




Thursday, May 7, 2015

പാതകളിലുറങ്ങുന്ന പാപികള്‍ ; ബോളിവുഡിലെ വിശുദ്ധര്‍ !!

2002 സെപ്തംബര്‍ 28ന് പുലര്‍ച്ചെയായിരുന്നു സല്‍മാന്‍ ഖാന്റെ കാറിടിച്ച് മുബൈ ബാന്ദ്രയില്‍ അമേരിക്കന്‍ എക്‌സ്പ്രസ് ബേക്കറിക്ക് സമീപം നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്ന ഒരാള്‍ മരിക്കുകയും നാല്‌പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. നൂറുള്ള മെഹബൂബ് ഷെറീഫാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട സല്‍മാന്‍ ഖാന്‍ എട്ടുമണിക്കൂറിന് ശേഷം കീഴടങ്ങി.ഖാനെതിരെ ആദ്യം ഐപിസി 304 എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഒക്ടോബറോടെ കേസിന്റെ ഗൗരവം മനസിലാക്കിയ പൊലീസ് 304 വകുപ്പ് രണ്ട് കൂടി ചുമത്തി മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുന്നു.
നീണ്ട പതിമൂന്നു വര്‍ഷത്തെ കോടതി നടപടികള്‍ക്ക് ശേഷം ഏപ്രില്‍ ഒന്നിന് പബ്ലിക്ക്
പ്രോസിക്യൂട്ടര്‍ പ്രതീപ് ഗരാത് അവസാനവട്ട വാദം നടത്തി. ഏപ്രില്‍ 10ത്തോടെ പ്രതിഭാഗം അഭിഭാഷകന്‍ ശ്രീകാന്ത് ശിവ്‌ദെയു വാദം പൂര്‍ത്തിയാക്കുന്നു. ഏപ്രില്‍ ഇരുപതോടെ കേസിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി. ഇന്നലെ കേസിന്റെ വിധിയും വന്നു , സല്‍മാന്‍ ഖാന് കോടതി അഞ്ചു വര്ഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുന്നു . ഇന്ത്യന്‍ കോടതികളില്‍ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ സംഭവിക്കുന്ന സമാനതകളില്ലാത്ത വേഗതക്കുറവും , പാര്‍പ്പിടതിനുള്ള അവകാശം നമ്മുടെ ഭരണഘടനാവകാശമല്ല എന്ന പോരായ്മയുമാണ് ഒരു നിയമ വിദ്യാര്‍ഥി എന്ന നിലയില്‍ ഈ കേസില്‍ എന്നെ ആശങ്കപ്പെടുത്തിയ കാര്യങ്ങള്‍ .
പൊതുവേ സല്മാനുള്ള ശിക്ഷ ഇന്ത്യന്‍ സമൂഹവും അതിന്റെ മധ്യവര്‍ഗ്ഗ പരിചേദമായ സോഷ്യല്‍ മീഡിയകളും സ്വാഗതം ചെയ്തു . ഇന്ത്യന്‍ സിനിമയുടെ തറവാടായ ബോളിവുഡ് ആകട്ടെ അത്ഭുതകരമാം വിധം പ്രതിലോമകരമായാണ് ഈ കോടതി വിധിയോടു പ്രതികരിച്ചത് . ഞങ്ങള്‍ എന്തോ അന്യ ഗ്രഹതിലുള്ള അതിമാനുഷര്‍ ആണെന്നും , ഇന്നാട്ടിലെ നിയമ നീതി വ്യവസ്ഥകളില്‍ നിന്നൊക്കെ ഞങ്ങള്‍ സിനിമാക്കാര്‍ അതീതരാണെന്നുമുള്ള മട്ടിലായിരുന്നു ചില ബോളിവുഡ് സെലബ്രിട്ടികളുടെ പ്രതികരണം . അതുകൊണ്ടുതന്നെ സല്‍മാനെ ശിക്ഷിച്ചതിന് തെരുവില്‍ കിടന്നുറങ്ങിയ പട്ടിണിപ്പാവങ്ങളായ മനുഷ്യരെ മുതല്‍ ലാന്‍ഡ് ക്രൂയിസര്‍ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട കമ്പനിയെ വരെ ബോളിവുഡ് സിംഹങ്ങള്‍ ഭര്‍ത്സിച്ചു.
ഇരകളോട്‌ അമര്‍ഷവുമായി ഏകദേശം ബോളിവുഡ്‌ മുഴുവനായി രംഗത്ത്‌ വന്നു . വഴിയില്‍ കിടന്നുറങ്ങുന്നവര്‍ പട്ടികളാണെന്നുള്ള ഗായകന്‍ അഭിജിത്തിന്റെ ട്വിറ്റര്‍ അഭിപ്രായം വന്‍വിവാദമാവുകയും ചെയ്‌തു. പട്ടികളാണു റോഡില്‍ കിടന്നുറങ്ങുന്നതെന്നും പട്ടിയുടെ മരണമാണവര്‍ക്ക്‌ ഉണ്ടാകുകയെന്നും പണമില്ലാത്തവന്റെ തന്തയുടെ വകയല്ല വഴിയരികെന്നുമൊക്കെ പറഞ്ഞു നിലവിട്ട രീതിയിലാണ്‌ സല്‍മാനെ പിന്തുണയ്‌ക്കാനെന്ന പേരില്‍ അഭിജിത്ത്‌ ട്വീറ്റ്‌ ചെയ്‌തത്‌. ട്വീറ്റ്‌ വിവാദമായതോടെ വന്‍രോഷം സോഷ്യല്‍മീഡിയയില്‍ പടര്‍ന്നെങ്കിലും അഭിപ്രായം മാറ്റാന്‍ അഭിജിത്ത്‌ തയാറായില്ല. മാത്രമല്ല തന്റെ വാദത്തെ ന്യായീകരിച്ച്‌ ഇയാള്‍ ടിവി ചാനലുകളിലുമെത്തി.
സംവിധാകയനും നടനും ഹൃത്വിക്‌ റോഷന്റെ മുന്‍ഭാര്യ സൂസൈയ്‌ന്‍ ഖാന്റെ പിതാ
വുമായ സഞ്‌ജയ്‌ ഖാന്റെ മകള്‍ ഫറാ ഖാനാണ്‌ അടുത്ത വെടി പൊട്ടിച്ചത്‌. വീടില്ലാതെ റോഡരികില്‍ ആളുകള്‍ കിടക്കുന്നതിന്റെ ഉത്തരവാദി സര്‍ക്കാരാണെന്നും ആളുകള്‍ വഴിയില്‍ കിടന്നില്ലായിരുന്നുവെങ്കില്‍ സല്‍മാന്‍ കുറ്റക്കാരനാകില്ലെന്നുമായിരുന്നു ഫറാ ഖാന്റെ ട്വീറ്റ്‌. സല്‍മാനോടുള്ള ഐക്യദാര്‍ഢ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചാണു ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ പ്രതികരിച്ചത്‌.തന്റെ അമ്മയുടെ ജീവന്‍ രക്ഷിച്ചത്‌ സല്‍മാനാണെന്നും അത്‌ ഒരിക്കലും മറക്കില്ലെന്നുമായിരുന്നു ദിയ മിര്‍സയുടെ ട്വീറ്റ്‌.
താന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും നല്ല മനുഷ്യനാണ്‌ സല്‍മാനെന്ന്‌ റിതേഷ്‌ ദേശ്‌മുഖ്‌ കുറിച്ചു.ബോളിവുഡില്‍ എന്നും ഒന്നാമത്‌ സല്‍മാന്‍ തന്നെയാണെന്നും അതാര്‍ക്കും പകരംവയ്‌ക്കാനാകില്ലെന്നും സൊനാക്ഷി ട്വിറ്ററില്‍ കുറിച്ചു. വ്യക്‌തിപരമായി തനിക്ക്‌ ഇന്നു മോശം ദിവസമാണെന്ന്‌ സംവിധായിക ഫറാ ഖാന്‍ എഴുതി. സല്‍മാനോട്‌ ധൈര്യമായി ഇരിക്കാനും എന്നും ഇഷ്‌ടപ്പെടുന്നുവെന്നുമായിരുന്നു ടെന്നീസ്‌ താരം സാനിയ മിര്‍സയുടെ ട്വീറ്റ്‌. കപൂര്‍ കുടുംബം ഒന്നാകെ ഈ അവസരത്തില്‍ സല്‍മാനൊപ്പം ഉണ്ടെന്നായിരുന്നു ഋഷി കപൂറിന്റെ പ്രതികരണം.
കൊല്ലപ്പെട്ട നൂറുള്ള മെഹബൂബ് ഷെറീഫിനോടോ , പരിക്ക് പറ്റി ജീവിതമാര്‍ഗ്ഗമില്ലാതെ പോയ മറ്റു നാല് പെരോടുമോ , സല്‍മാനെതിരെ സാക്ഷി പറയുകയും , അതിന്റെ പേരില്‍ മാത്രം ജീവിതം നരകമായി , ജോലി നഷ്ട്ടപ്പെട്ടു , രോഗിയായി ഭിക്ഷയെടുത്തു ജീവിക്കേണ്ടി വന്നു ഒടുവില്‍ 2007ല്‍ മരണപ്പെട്ട രവീന്ദ്ര പാട്ടീല്‍ എന്ന, സല്‍മാന്റെ അംഗരക്ഷകന്‍ കൂടിയായിരുന്ന പോലീസ് കൊന്‍സ്ടബിളിന്റെ നിര്‍ഭാഗ്യ ജീവിതത്തെക്കുറിച്ചോ ആരും ഒരക്ഷരവും ഉരിയാടിയില്ല . സല്‍മാന്‍ അഞ്ചു വര്ഷം അകതുകിടന്നാല്‍ ബോളിവുഡ്നു നഷ്ട്ടമാകുന്ന കോടികളുടെ ബിസിനസില്‍ സിനിമാലോകവും , അവരുടെ മാധ്യമങ്ങളും മ്ലാനരായി , വിലാപങ്ങള്‍ സൃഷ്ട്ടിച്ചു .
ഹൈന്ദവ ഫാസിസ്റ്റ് ചേരിയില്‍ നിലയുറപ്പിച്ച മലയാള സിനിമയില്‍ നിന്നുള്ള ഒരു മഹാവിഡ്ഢിയായ മേജര്‍ രവി മദ്യപിച്ച് വാഹനമോടിച്ച് റോഡരികില്‍ കിടന്നുറങ്ങിയ ആളെ കൊന്ന സംഭവത്തില്‍ സല്‍മാന്‍ ഖാന്‍ മാത്രമല്ല കുറ്റവാളി എന്നാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് .റോഡരികില്‍ കിടന്നുറങ്ങാന്‍ നിയമപ്രകാരം പാടില്ലെന്നാണ് മേജര്‍ രവി പറയുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ ആരും നടപടിയെടുക്കുന്നില്ലെന്നും സംവിധായകന്‍ പറയുന്നു. പതിനൊന്ന് മണി കഴിഞ്ഞാല്‍ തട്ടുകടക്കാരെ പോലും പോലീസ് ഒഴിപ്പിയ്ക്കും. എന്തുകൊണ്ട് റോഡരികില്‍ കിടന്നുറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കിന്നില്ല എന്നാണ് ചോദ്യം. സല്‍മാന്‍ ഖാന്‍ വാഹനം ഇടിച്ച് കയറ്റി ഒരാളെ കൊന്ന സംഭവത്തില്‍ സര്‍ക്കാരിന് പങ്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. എന്തായാലും മലയാളത്തില്‍ നിന്ന് മേജര്‍ രവി മാത്രമാണ് സല്‍മാന്‍ ഖാനെ ഇത്തരത്തിലെങ്കിലും പിന്തുണച്ചത്.
ഇന്ത്യന്‍ ഭരണഘടന പാര്‍പ്പിടാവകാശം മൌലികാവകാശമായി കണക്കാക്കിയിട്ടില്ലാത്ത ഒരു ദൌര്‍ബല്ല്യം പേറുന്ന ഒന്നാണെന്നും , ഇന്നും ശരാശരി ഇന്ത്യാക്കാരന്റെ വരുമാനം ഇരുപത് രൂപയില്‍ താഴെയാണെന്നും , തല ചായ്ക്കാന്‍ ഒരു കൂരയോ , ഒരിഞ്ചു മണ്ണോ , പ്രാഥമിക കൃത്യങ്ങള്‍ക്ക് കക്കൂസോ പോലും ഇല്ലാത്ത കോടാനുകോടികള്‍ ഈ മഹാരാജ്യത്ത്
പുഴുക്കളെപ്പോലെ ജീവിക്കുന്നു എന്നും , അത്തരം ഒരു സാഹചര്യത്തില്‍ പാതയോരത്ത് ഉറങ്ങുന്നത് ഒരു കുറ്റക്രിത്യമല്ല , അതൊരു ഗതികേടാണ് എന്നും തിരിച്ചറിയാത്ത ഒരു മനുഷ്യന്‍ ഇന്ത്യന്‍ ആര്‍മിയില്‍ മേജര്‍ ആയിരുന്നുവത്രേ ..!! ഇപ്പോള്‍ ഒരു സിനിമാ സംവിധായകനും ..!! മദ്യപിച്ച് വാഹനം ഓടിക്കാമോ, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കാമോ, ഫുട്പാത്ത് വാഹനം ഓടിച്ച് കയറ്റി ആളെക്കൊല്ലാനുള്ള സ്ഥലമാണോ എന്നൊന്നും ഇയാള്‍ക്ക് അറിയുകയുമില്ല; കഷ്ട്ടം..!!
സമ്പന്നതയിലും , വെള്ളിവെളിച്ചതിലും , മാധ്യമ ലാളനകളിലും , ആഡംബരത്തിന്റെ അവസാന വാക്കുകളായി ജീവിക്കുന്ന ഇന്ത്യയിലെ വരേണ്ന്യ വര്‍ഗ്ഗത്തിനും , കലാകാരന്മാര്‍ക്കും , താരങ്ങള്‍ക്കും, ദരിദ്രരോടും , നിവൃത്തികേട്കൊണ്ട് പാതകളില്‍ ഉറങ്ങുന്നവരോടുമുള്ള മനോഭാവമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത് . ദാവൂദ് ഇബ്രാഹിം പോലും സ്വീകാര്യനാവുകയും , അവര്‍ക്ക് കിടക്കയും ചുവപ്പു പരവതാനിയും വിരിക്കുന്ന സിനിമാ നടികളും അവരുടെ കൂട്ടിക്കൊടുപ്പുകാരും, ഇന്ത്യന്‍ സിനിമ ഇപ്പോഴും നിലനില്‍ക്കുന്നത് പകലന്തിയോളം വിയര്‍പ്പൊഴുക്കി അദ്ധ്വാനിക്കുന്ന സാധാരണ മനുഷ്യരുടെ വിയര്‍പ്പും , കണ്ണുനീരും , അഴുക്കും പുരണ്ട ഇന്ത്യന്‍ കറന്‍സിയില്‍ ആണ് എന്നത് പോലും വിസ്മരിക്കുന്നത് കാലത്തിനും , ചരിത്രത്തിനും പൊറുക്കാവുന്ന തെറ്റല്ല . അങ്ങനെ പാതകളില്‍ ഉറങ്ങുന്നവര്‍ സല്മാനെപ്പോലെയുള്ളവരെ ജയിലില്‍ അയക്കുന്ന പാപികളാവുന്നു . ബോളിവുഡ് വിശുദ്ധരുടെ സ്വന്തം അന്യഗ്രഹ ലോകവും ..!

Thursday, April 23, 2015

ഞങ്ങള്‍ക്ക് ദയാവധം തരാമോ ?!



നമ്മുടെ നാട്ടില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ പോലെ രാജ്യത്തൊട്ടാകെ "കര്‍ഷക വധ സമ്പര്‍ക്കങ്ങള്‍ " സംഘടിപ്പിക്കണം . രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ദാരിദ്യം വന്നു, നരകിച്ച്‌ , യാതനകള്‍ അനുഭവിച്ചു മരണപ്പെടുന്നതിനു മുന്പ് മോഡിയും ചാണ്ടിയുമൊക്കെ സംയുക്തമായി അവരെ വെടിവച്ചോ , അഡോള്‍ഫ് ഹിറ്റ്ലര്‍റുടെ നാസികാലത്തെ ഓര്‍മ്മിപ്പിക്കും വിധം ഗില്ലറ്റ് ബ്ലേഡ് ഉപയോഗിച്ചോ കൊന്നുകളയണം . ദയാവധത്തിന് വേണമെങ്കില്‍ നിയമം നിര്‍മ്മിക്കട്ടെ ...!!!
1) കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയിലെക്കൊന്നും ഞാന്‍ പോകുന്നില്ല; എന്റെ വീട്ടിലെ റബ്ബര്‍തോട്ടം ടാപ്പ് ചെയ്തിട്ട് മാസങ്ങളായി . നിലവിലെ വിലക്ക് ടാപ്പിംഗ്കാരന് കൂലി കൊടുത്തു കിലോക്ക് 115 രൂപ നിരക്കില്‍ വിറ്റ്റബ്ബര്‍ കൃഷി ചെയ്‌താല്‍ ഒടുക്കം നഷ്ട്ടം നികത്താന്‍ തോട്ടം വില്‍ക്കേണ്ട അവസ്ഥയിലാണ് . എന്റെയും അനിയന്റെയും വരുമാനം കൊണ്ടാണ് ഇപ്പോള്‍ കുടുംബം കഴിഞ്ഞു പോകുന്നത് . ഞങ്ങളുടെ വീട്ടില്‍ നിന്നും വിഭിന്നമായി മക്കള്‍ പ്രൊഫഷണലുകള്‍ ഒന്നുമല്ലാത്ത , ചെറുകിട കര്‍ഷകരായ ലക്ഷക്കണക്കിന്‌ മനുഷ്യര്‍ കേരളത്തില്‍ മാത്രമുണ്ട് . അവരുടെയൊക്കെ വീട്ടില്‍ അടുപ്പ് പുകയുന്നുണ്ടോ എന്ന് മോഡിയോ , ചാണ്ടിയോ അന്വേഷിക്കുന്നുണ്ടോ ?
2) ഇന്നലെ AAP റാലിക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ചിത്രങ്ങളില്‍ ഒന്നാണ് താഴെ . AAP പ്രവര്‍ത്തകരും , നേതാക്കളും , പോലീസുകാരും നോക്കിനില്‍ക്കെയാണ് ദാരിദ്ര്യം മൂലം വീട് വിട്ടിറങ്ങിയ പാവം രാജസ്ഥാനി കര്‍ഷകന്‍ ജീവന്‍ വെടിഞ്ഞത് . കൊര്‍പ്പരെറ്റ് ദാസ്യവേല മാത്രമുള്ള ഈ ദുഷിച്ച വ്യവസ്ഥിതിയോട് കലാപം പ്രഖ്യാപിച്ചുകൊണ്ട് പ്രാണന്‍ പറിച്ചെറിഞ്ഞു പ്രതിഷേധിക്കുകയാണ് പാവം കര്‍ഷകര്‍ .
3) യൂറോപ്പ് ചവട്ടുകൊട്ടയിലെരിഞ്ഞ 63 യുദ്ധവിമാനങ്ങളാണ് $7.6 Billion ഡോളര്‍ കൊടുത്തു നരേന്ദ്രമോഡി കച്ചവടമാക്കിയത് . ആ സമയത്ത്, കേവലം മൂന്നു മാസത്തിനിടെ മഹാരാഷ്ട്രയില്‍ മാത്രം 601 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടായിരുന്നു . BJP യുടെ മഹാനായ മുന്‍ അധ്യക്ഷന്‍ നിതിന്‍ഗദ്ക്കരി കര്‍ഷകരെ ഉപദേശിച്ചത് ദൈവത്തെയും സര്‍ക്കാറിനെയും കൃഷിക്കാര്‍ ആശ്രയിക്കരുതെന്ന മഹത്തായ ആശയമായിരുന്നു . മോഡിക്കും , അടാനിക്കും ആവുകയും ചെയ്യാം ..!!
4) ഇന്നലെ രാഹുലിന്റെ പ്രസംഗം ഏതാണ്ട് മുഴുവനായിത്തന്നെ കേട്ടു , ലോക്സഭാ ടീവിയില്‍ , ഉള്ളത് പറയാമല്ലോ , ഗംഭീര പ്രസംഗമായിരുന്നു . പക്ഷേ 400 ദിവസത്തോളം പ്രായമുള്ള മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനു മുന്പ് പത്തു വര്ഷം താനും , അമ്മയും , മന്മോഹനും ഇന്നാട്ടിലെ കര്‍ഷകരെ ദ്രോഹിച്ചത് രാഹുലിന് മറക്കാനാകുമോ . താഴെ ചിത്രത്തില്‍ കാണുന്ന രണ്ടു രൂപയുടെ ചെക്കും പിടിച്ചു നില്‍ക്കുന്ന കര്‍ഷകന്റെ ദയനീയ സ്ഥിതി രാഹുലിന്റെ പാര്‍ട്ടിയുടെ ഗവണ്മെന്റിനെ സൃഷ്ട്ടിയാണ് .
5) നമ്മുടെ വയനാട്ടിലും , ഇടുക്കിയിലും മറ്റും മരിച്ച നൂറുകണക്കിന് കര്‍ഷകരെ നമ്മള്‍ പോലും മരന്നുപോയില്ലേ . ഈ രാജ്യമാണോ 2030 ഓട് കൂടി ലോകത്തെ സ്വര്‍ഗ്ഗപൂങ്കാവനം ആകുമെന്ന് രാഷ്ട്രീയക്കാര്‍ പറയുന്നത് . റാഫേല്‍ വിമാനവും , അംബാനിയുടെയും , അദാനിയുടെയും മുന്നിലുള്ള ദാസ്യവേലയും, ചോറും , ചപ്പാത്തിയും , മരുന്നും ഉണ്ടാക്കാത്ത കാലത്തോളം കര്‍ഷകനെ സംരക്ഷിച്ചില്ലെങ്കില്‍ ഈ നാട് നശിച്ചു മറ്റൊരു ഗ്രീസോ , അര്‍ജന്റീനയോ ആയി മാറും .
6) അതുകൊണ്ട് ഞാനും എന്റെ പിതാവും ഉള്‍പ്പെടുന്ന കോടിക്കണക്കിനു കര്‍ഷകരെ ദയാവധത്തിന് വിധേയരാക്കാന്‍ ദയവായി ഈ സര്‍ക്കാരുകള്‍ നടപടികള്‍ എടുക്കണം . വയലുകളും , ധാന്യ കൃഷിയും ഒന്നുമില്ലാത്ത , കോണ്ക്രീറ്റ് കാടുകളും , കൊര്‍പ്പരെറ്റ് ഓഫീസുകളും മാത്രമുള്ള ഒരു കിനാശേരിക്ക് ഭരണകൂടം തയ്യാറാവുക . ഭാരതം ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കട്ടെ , കൂട്ടത്തില്‍ അദാനിയും , അംബാനിയും ...! 

ഉമ്മ; ഒരു വാത്സല്ല്യ പേമാരി .

നിലമ്പൂരിലെ മഴക്കോളുകൾ കൊണ്ട് ഇരുണ്ട ഒരു മഗരിബ് . നേരിയ മഴയത്ത് ലുങ്കി മടക്കികുത്തി മുറ്റത്തേക്കിറങ്ങി . എന്നെ പ്രതീക്ഷിചെന്നവണ്ണം മഴ കോരിചോരിഞ്ഞു . കൂസാതെ നടന്നു . ഉമ്മയെ കാണണം..! കൊച്ചിയിൽ നിന്ന് ആഗ്രഹിക്കാനവാതത് . നേരിയ ഇരുട്ടിൽ പെരു മഴയത്ത് നടക്കുന്നതിലുള്ള അയൽപക്ക കാരണവന്മാരുടെ സ്നേഹ ശാസന പുഞ്ചിരികൊണ്ട് നേരിട്ട് വേഗത കൂട്ടി ..കാലാന്തരങ്ങളില്ലാത്ത പെരുമഴ ..! 

ആറു വർഷമായി കൂടെയുള്ളവൾ ഒരു Nokia E63, മഴ നനഞ്ഞ് കുതിർന്ന് പതുക്കെയൊന്നു വിറച്ച് ടീ -ഷർട്ടിന്റെ പോക്കറ്റിൽ നിശ്ചലമാകുന്നതറിഞ്ഞു . ഉപ്പ ഗൾഫിലും, ഉമ്മയും ഞാനും , അനിയനും മാത്രമുള്ള വൈദ്യുതി പോലുമില്ലാത്ത ഒരു വീട്ടിലെ ഗ്രിഹനാഥനായ ഒരു പത്തുവയസ്സുകാരന്റെ നെറുകയിലേക്ക് പഴയ മഴത്തുള്ളികൾ ഇരമ്ബിയാർത്തു .രണ്ടു പതിറ്റാണ്ട് പഴക്കമുള്ള ജലകണങ്ങൾ ..! തൂക്കുപാലത്തിന് താഴെ പ്രണയിനിയുടെ കൊലുസ്സ് കൊണ്ടുപോയ ചാലിയാർ നിറഞ്ഞ് കുത്തിമദിചൊഴുകുന്നു.

മസ്ജിദിന്റെ അരികിലെത്തിയപ്പോൾ ഇരുട്ട് കനത്തു ; എൻറെ മനസ്സ്പോലെ. ആരോ ശക്തിയായി വലിചിട്ടെന്നവണ്ണം ഖബരിടങ്ങൽക്കിടയിലൂടെ ഉമ്മയെത്തെടിയോടി . മീസാൻ കല്ലിൽ കാലുകൾ മുട്ടി കിതച്ച് നിന്നു . അതിശക്തമായ ഒരു മിന്നലിന്റെ നിറഞ്ഞ വെളിച്ചത്തിൽ ഞാൻ കണ്ടു എൻറെ കളിക്കൂട്ടുകാരിയെ . ശാസനയും , വാത്സല്ല്യവും കത്തുന്ന കണ്ണുകൾ , കെട്ടിവച്ച ചുരുണ്ട കറുത്ത മുടി . കവിളിലെ മറുക് , കഴുത്തിലെ കാക്കാ പുള്ളി . എൻറെ മിഴികൾ മഴക്കൊപ്പം പെയ്തു . കൊച്ചിയും , നിലമ്പൂരും , കോടതിയും , പ്രണയവും , കവിതയും , ഉപ്പയും ,


കൂടെപ്പിറപ്പുകളുമെല്ലാം ഞാൻ മുറിഞ്ഞ വാക്കുകളിൽ പറഞ്ഞു . ഇടിമിന്നലിനൊപ്പം ഞാൻ ഞാൻ പൊട്ടിത്തകർന്നു . എന്നെ പെറുക്കിയെടുത്ത് ഉമ്മ നെഞ്ചോട്‌ ചേർത്ത് വച്ചു .

മഴ തോർന്നു .. അനാഥത്വത്തിൻറെ കനത്ത വേനലിൽ ഞാൻ നിറഞ്ഞ് വിയർത്തു . കനത്ത ഇരുട്ടിൽ ആത്മാക്കളുടെ ഖബറിടങ്ങളിൽ നിന്ന് ഉമ്മയില്ലാത്ത വീടിലേക്കുള്ള വഴിതിരഞ്ഞു . കരണ്ട് പോയിരിക്കുന്നു ; ദരിദ്ര വീടുകളിലെ മുനിഞ്ഞ്‌ കത്തുന്ന ഓട്ടു വിളക്കുകൾ തീർക്കുന്ന മാപ്പുകൾ നോക്കി ഞാൻ വീടിന്റെ പടിക്കലെത്തി . ഒറ്റയാവലിന്റെ വേനലിൽ വിയർത്ത കടിഞ്ഞൂൽ പുത്രനെകാത്ത് ഉപ്പയുണ്ട് വാതിൽക്കൽ . കയ്യിലൊരു ടവ്വലുമായി .

"എവിടെ പ്പോയി ഈ പെരും മഴയത്ത് , അന്നെ കാണാഞ്ഞ് ഞങ്ങളാകെ ബേജാറായി . അൻറെ ഫോണും സ്വിച്ച് ഓഫാണല്ലോ "

ഉപ്പ തന്ന ടവ്വൽ കൊണ്ട് മണിക്കൂറുകളായി നനഞ്ഞ മഴയുടെ ശേഷിപ്പുകൾ കളയണോ , ഉമ്മയുടെ വേർപാടിന്റെ പൊള്ളലിൽ വിയർത്ത വിയർപ്പു തുള്ളികൾ കളയണോ ??! കുഞ്ഞാക്കാന്റെ കണ്ണിലെ ചുവപ്പാർന്ന ശോണിമ കണ്ട് ജർമ്മനിയിൽ നിന്ന് അവധിക്ക് വന്ന അനിയനും , പെങ്ങളും വിഷാദരായി . അവരുടെ മൂർധാവിൽ വിരലോടിച്ച് ഞാൻ എൻറെ മുറിയിൽ .. എൻറെ കട്ടിലിൽ... നനഞ്ഞ് കമിഴ്ന്നു പെയ്തു..!

"നന്നായി തല തോർത്ത്‌ , അനക്ക് നാളെ എറണാംകുളത്ത് കോടതീ പോണ്ടെ , പനി പിടിക്കണ്ട ." അടക്കിയ തേങ്ങലിന് മുകളിലൂടെ ഉപ്പാന്റെ നിറഞ്ഞ വാത്സല്ല്യശബ്ദം കാതിൽ വിറച്ചു ..!കളിയിടങ്ങളിലെ കള്ളപ്പൊരുക്കുകൾക്ക് ഞാൻ പതിനഞ്ചുകാരിയായ ഉമ്മയോട് പതിറ്റാണ്ടിനിപ്പുരം വീണ്ടും ശണ്ട കൂടി...!
പുറത്ത് മഴ കനത്തു . പുലർച്ചെ, കൊച്ചിയിലേക്കുള്ള ട്രെയിനിന്റെ ബർത്തിൽ ഞാൻ ഉമ്മയുടെ നെഞ്ചിൽ ചേർന്നുറങ്ങി !

ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ അശ്ലീലങ്ങള്‍ .


നാണംകെട്ട വ്യഭിചാരകഥകളിലും , പൊതുഖജനാവ്‌ പച്ചയ്ക്ക് കൊള്ളയടിച്ച ക്രിമിനല്‍ കേസുകളിലും, ബട്ജറ്റ് വിറ്റു കോടികള്‍ കോഴ വാങ്ങിയ അപമാനങ്ങളിലും ഒരു മന്ത്രിസഭയിലെ മിക്കവാറും ആളുകളും, ഉള്‍പ്പെടുകയും, ഒരു നക്ഷത്ര അഭിസാരികയുമായി ചേര്‍ത്ത് തന്റെയും , തന്റെ ഓഫീസിന്റെയും, സഹായികളുടെയും പേരുകള്‍ പോലും നാടാകെ പരക്കുകയും ചെയ്ത ഇന്ത്യന്‍ ജനാധിപത്യത്തിലെ അതിദയനീയമായ ഒരു സാഹചര്യം നേരിടുന്ന ഏക മനുഷ്യന്‍ ഉമ്മന്‍ചാണ്ടി മാത്രമായിരിക്കും ഈ മഹാരാജ്യത്ത്. കേരളത്തിലെ പ്രമുഖനായ ഒരു ദ്രിശ്യ മാധ്യമ പ്രവര്‍ത്തകനോട് ഒരു ഉന്നത കോണ്ഗ്രസ് നേതാവ് പറഞ്ഞത് "സെപ്റ്റിക് ടാങ്കില്‍ വീണാല്‍ നാറ്റമേ ഉണ്ടാകൂ , മരിച്ചു പോകുകയോന്നുമില്ല എന്നാണ് ". മരണം ആസന്നമായ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ രാഷ്ട്രീയ അശ്ലീലങ്ങളുടെ ദുര്‍ഗന്ധം അസഹനീയമായിരിക്കുന്നു. ആ ബോധ്യം ഏറ്റവും കൂടുതല്‍ ഉള്ളത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി എന്ന കപട രാഷ്ട്രീയക്കാരന് തന്നെയാണ് . അതുകൊണ്ടാണ് രാഷ്ട്രീയ പ്രതിസന്ധികളുടെ പെരുമഴക്കാലത്ത് "ജനസമ്പര്‍ക്ക പരിപാടി"എന്ന ജനാധിപത്യ വിരുദ്ധമായ ഫ്യൂഡല്‍ കാലത്തെയും , രാജഭരണ കാലത്തെയും അതിദയനീയമാം വിധം ഓര്‍മ്മിപ്പിക്കുന്ന അവസാനത്തെ ആയുധവുമായി മുഖ്യമന്ത്രി ഈ ''തന്നെ പൊക്കല്‍'' പരിപാടിക്ക് മുതിര്‍ന്നിരിക്കുന്നത്.
സര്‍ക്കാര്‍ സേവനം അര്‍ഹതപ്പെട്ടവര്‍ക്ക് യഥാസമയം ലഭിക്കുന്നില്ലെങ്കില്‍, അതുറപ്പുവരുത്തുവാന്‍ ജനകീയ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. അതുറപ്പുവരുത്താന്‍ പല സര്‍ക്കാരുകളും വ്യത്യസ്തങ്ങളായ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്. അതിനെ കുറ്റപ്പെടുത്താനാകില്ല. 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെങ്കിലും 1957 മുതലാണ് കേരളത്തിലെ സിവില്‍ സര്‍വീസ് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒന്നായി മാറാന്‍ തുടങ്ങിയത്. മനുഷ്യ സ്‌നേഹവും ജനക്ഷേമവും മുഖ്യ അജണ്ടയാക്കിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് ഇതിന് അടിത്തറപാകിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ധാരാളം വിമര്‍ശനങ്ങള്‍ ഉന്നയിക്കാനാകുമെങ്കിലും, 93 ശതമാനം കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി ഉറപ്പുവരുത്തുന്നതിലടക്കം കേരളം കൈവരിച്ച നേട്ടങ്ങളില്‍ സിവില്‍ സര്‍വീസ് വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. കാരണം ആ സിവില്‍ സര്‍വീസിനെ നയിക്കാന്‍ ഇചാശക്തിയുള്ള രാഷ്ട്രീയ നെതൃത്വം അന്ന് കേരളത്തില്‍ ഉണ്ടായിരുന്നു . മഹാരഥന്‍മാരായ കരുത്തുറ്റ നേതാക്കളാണ് അന്ന് കേരളത്തെ നയിച്ചിരുന്നത് .
ഭരണകൂടത്തിന്റെ നയവും ശൈലിയും അനുസരിച്ചാണ് ഒരു പരിധി വരെ സിവില്‍ സര്‍വീസ് ചലിക്കുന്നത്. നിലവിലുളള സംവിധാനങ്ങളെയും ജീവനക്കാരെയും ഉപയോഗിച്ചുതന്നെയാണ് ഇ ചന്ദ്രശേഖരന്‍നായര്‍ എന്ന ഭക്ഷ്യവകുപ്പുമന്ത്രി, ഇന്ത്യക്കാകെ മാതൃകയായ പൊതു വിതരണ രംഗം കേരളത്തില്‍ കെട്ടിപ്പടുത്തത്. വളരെ ശാന്തമായിട്ടായിരുന്നു അതു നടന്നത്. ഈ മന്ത്രിക്ക് വേണമെങ്കില്‍ റേഷന്‍കാര്‍ഡ് വിതരണത്തിനായി മാത്രം നൂറ് കണക്കിന് മേളകള്‍ നടത്തി കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളെയും മൈതാനങ്ങളില്‍ അണിനിരത്താമായിരുന്നു. അത്തരം കെട്ടുകാഴ്ചകളല്ല ഭരണം എന്ന് തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇ എം എസ്., സി അച്യുതമേനോന്‍, എ കെ ആന്റണി, പി കെ വി, ഇ കെ നായനാര്‍, എം എന്‍. ഗോവിന്ദന്‍നായര്‍, റ്റി വി തോമസ്, കെ ആര്‍ ഗൗരിയമ്മ, ബേബി ജോണ്‍, സി എച്ച് മുഹമ്മദ് കോയ, വി വി രാഘവന്‍, കെ പി പ്രഭാകരന്‍, പിണറായി വിജയന്‍, വി എം സുധീരന്‍ തുടങ്ങി കേരളം കണ്ട പ്രഗത്ഭരായ മന്ത്രിമാരൊന്നും ഭരണത്തില്‍ പൈങ്കിളി ശൈലി സ്വീകരിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ മൗലികമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അവര്‍ക്കൊക്കെ കഴിഞ്ഞിരുന്നു.
'ജനസമ്പര്‍ക്ക പരിപാടി' എന്ന് പേരിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തി വരുന്ന അര്‍ഹത ഇല്ലാത്തവര്‍ക്കു കൂടി ഖജനാവ് ചോര്‍ത്തികൊടുക്കുന്ന മാമാങ്കത്തിന് പിന്നില്‍ നടക്കുന്ന ജനാധിപത്യ വിരുദ്ധവും , ഫ്യൂടലിസ്റ്റ് കാലത്തെയും രാജഭരണത്തെയും ഓര്‍മ്മിപ്പിക്കുന്നതുമായ ഈ നാടകം വീണ്ടും പോടിതട്ടിയെടുക്കുന്നതിനു പിന്നില്‍ കുടിലമായ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയാണുള്ളത് . അതാകട്ടെ മുകളില്‍ സൂചിപ്പിച്ച മൂക്കറ്റം നാറിയ ഒരു ഭരണത്തിന്റെയും ,വ്യഭിചാര രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും അപമാനം മറയ്ക്കാനുള്ള ഒരു വൃഥാശ്രമം കൂടിയാകുന്നു .
നിര്‍ഭാഗ്യവശാല്‍ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നടത്തുന്നത് ഭരണത്തിന്റെ ഒരു പൈങ്കിളിവല്‍ക്കരണവും , മുഴുവന്‍ സിവില്‍ സര്‍വീസ് സംവിധാനത്തെയും നോക്കുകുത്തിയാക്കി ഒരു "തന്നെപ്പോക്കല്‍" അല്‍പ്പത്തരവുമാണ് . ഒരു വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലികള്‍ ഒരു സംസ്ഥാന മുഖ്യമന്ത്രി ചെയ്യുകയും , അതിന്റെ സംഘാടനതിനു ലക്ഷക്കണക്കിന്‌ രൂപ ചിലവഴിക്കപ്പെടുകയും , IAS കാര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ മിനക്കെടുകയും ചെയ്യുന്നത് ജനാധിപത്യ രാഷ്ട്രീയത്തിലെ അശ്ലീലമാണ് . ഇതിനെ ഇന്നാട്ടിലെ സിവില്‍ സര്‍വീസ് രംഗം കുത്തഴിഞ്ഞതും , അരാജകത്വം നിറഞ്ഞതും , ചുവപ്പുനാടയുടെ ശാപം ഉള്ളതുമാണെന്ന് ഒരു ഭരണാധികാരിയും അദ്ധേഹത്തിന്റെ റാന്‍മൂളികളും ആരാധകരും കാരണമായി കണ്ടെത്തുന്നത് നമ്മുടെ സിവില്‍ സര്‍വീസ് മേഖലയിലെ പുഴുക്കുത്തുക്കളെ പരിഹരിക്കാന്‍ ശ്രമിക്കാതിരിക്കലും , അവരെ വിശ്വാസതിലെടുക്കാതിരിക്കലുമാണ് . ഇത് നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ യാതൊരുവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും കൊള്ളരുതാത്തവര്‍ ആക്കുകയും , എന്തിനോടും പ്രതിലോമകരമായ മനോഭാവം പുലര്‍ത്തുന്ന , കേവലം ശമ്പളം വാങ്ങാന്‍ മാത്രം നിയോഗിക്കപ്പെട്ട സര്‍വീസ് ജീവികളായി മാറ്റിത്തീര്‍ക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ തീര്‍ച്ചയായും ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ കരുണാകരനെപ്പോലെ, അച്യുതമേനോനെപ്പോലെ , സീ എച്ചിനേപ്പോലെയുള്ള നേതാക്കള്‍ മാതൃകയാണ് . സിവില്‍ സര്‍വീസ് രംഗത്തെ പുഴുക്കുത്തുകളെ പരിഹരിക്കുന്നതിന് പകരം അവരെ മാറ്റിനിര്‍ത്തി ഒരു സംസ്ഥാന മുഖ്യമന്ത്രി , ഭരണഘടനാപരമായി ഇന്നാട്ടിലെ പാവപ്പെട്ടവന് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ താങ്കളുടെ പുതുപ്പള്ളിയിലെ വീട്ടില്‍ നിന്നെടുത്തു കൊടുക്കുന്ന ഔദാര്യം പോലെ പന്തല് കെട്ടി ആര്‍പ്പുവിളികളും , ആരവവുമായി കൊടുക്കുന്നത് ഫ്യൂഡല്‍ കാല നടുവാഴികളെയും , പഴയകാല രാജാക്കന്മാരെയും അനുസ്മരിപ്പിക്കുന്ന രൂപത്തില്‍ , പരിഹാസത്തോടെ മാത്രം കാണുവാന്‍ കഴിയുന്ന വണ്മാന്‍ ഷോ മാത്രമാണ് .

ജനസമ്പര്‍ക്ക പരിപാടിയുടെ തുടക്കത്തില്‍ കേരള ഹൈക്കോടതി ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട്‌ പരാമര്‍ശിച്ചത് ഇന്നും പ്രസക്തമാണ് . ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കേണ്ടിവരുന്നത്‌ ഉദ്യോഗസ്‌ഥരുടെ കെടുകാര്യസ്‌ഥതമൂലമെന്ന്‌ ഹൈക്കോടതി നിരീക്ഷിക്കുകയും , ഉദ്യോഗസ്‌ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ മുഖ്യമന്ത്രിക്ക്‌ ജനസമ്പര്‍ക്ക പരിപാടി നടത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാമെന്നും ജസ്‌റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണനും ജസ്‌റ്റിസ്‌ ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ വിലയിരുത്തുകയും ചെയ്തിരുന്നു .
സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ വാങ്ങുന്ന ശമ്പളത്തോട്‌ കൂറ്‌ ഉണ്ടാകണമെന്നും ഭരണഘടനാ തത്വങ്ങളും വ്യവസ്‌ഥകളും സമൂഹത്തില്‍ നടപ്പാകുന്നില്ലെന്നും കോടതി അന്ന് കൂട്ടിച്ചേര്‍ക്കുകയുണ്ടായി .
എ കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഏല്‍ക്കുകയും ചെയ്ത്, ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ജനസമ്പര്‍ക്ക പരിപാടി ആദ്യമായി തുടങ്ങുന്നത്. ജനസമ്പര്‍ക്ക പരിപാടിയില്‍ ധാരാളം അപേക്ഷകര്‍ മുഖ്യമന്ത്രിക്കു മുന്നില്‍ എത്തി. അവരില്‍ ഭൂരിപക്ഷവും പണം മോഹിച്ചുവന്നവരായിരുന്നില്ല. ശരിയായ ആവശ്യങ്ങളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. പട്ടയം, പോക്കുവരവ്, റീ-സര്‍വെ തര്‍ക്കങ്ങള്‍, വീട്, വൈദ്യുതി, ചികിത്സാ ധനസഹായം, സ്ഥലംമാറ്റം, ക്വാര്‍ട്ടേഴ്‌സ്, പൈപ്പ് കണക്ഷന്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ക്കുവേണ്ടിയാണ് പാവം മനുഷ്യന്‍ ഒഴുകിയെത്തിയത്. ഇതൊക്കെ സഹിഷ്ണുതയോടെ കേട്ട് അതിന് പരിഹാരം കണ്ടെത്തുക എന്നതായിരുന്നില്ല മുഖ്യമന്ത്രിയുടെ ലക്ഷ്യം. വന്നവര്‍ക്കെല്ലാം സാമ്പത്തിക സഹായം ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തത്. വന്നവര്‍ പറഞ്ഞതു കേട്ടില്ല, കൊടുത്ത അപേക്ഷകള്‍ വായിച്ചു നോക്കിയില്ല. ആരെയും അതിനു ചുമതലപ്പെടുത്തിയതുമില്ല. പട്ടയം, പോക്കുവരവ്, സ്ഥലംമാറ്റം, ക്വാര്‍ട്ടേഴ്‌സ്, ചികിത്സാ ധനസഹായം തുടങ്ങി എന്തെല്ലാം കാര്യങ്ങള്‍ക്ക് അപേക്ഷ കിട്ടിയോ, അതിലെല്ലാം 2000 രൂപ വീതം അനുവദിച്ച് മുഖ്യമന്ത്രി തന്നെ ഉത്തരവിട്ടു...!!!
അന്ന് വന്നെത്തിയവരില്‍ പത്തു ശതമാനത്തോളം പേരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായി എന്ന കാര്യം വിസ്മരിക്കാനാവില്ല. എന്നാല്‍ മറ്റുളളവര്‍ക്കെല്ലാം സമ്പത്ത് വിതരണം ചെയ്യുന്ന പ്രവര്‍ത്തനമാണ് അവിടെ അരങ്ങേറിയത്. അവരില്‍ 90% ല്‍ അധികം പേരും അനര്‍ഹരായിരുന്നു എന്നത് വസ്തുതയാണ്. തുടര്‍ന്ന് മറ്റ് ജില്ലകളില്‍ നടന്ന പരിപാടികളും ഇങ്ങനെതന്നെയായിരുന്നു. ഏറ്റവും മോശമായ വിധത്തില്‍ നടന്നത് കോട്ടയത്തായിരുന്നു. കോണ്‍ഗ്രസ് ഭാരവാഹികള്‍ നൂറ് കണക്കിന് അപേക്ഷകള്‍ ശേഖരിച്ചു. ഒരു ഡോക്ടറെ കൊണ്ടു തന്നെ നൂറ് കണക്കിന് സര്‍ട്ടിഫിക്കറ്റുകള്‍ എഴുതിച്ചു. എല്ലാവര്‍ക്കും പണം നല്‍കി. അതില്‍ കമ്മിഷന്‍ കൈപ്പറ്റിയവര്‍ ധാരാളം. ഇടവകകള്‍ മുഖാന്തിരവും ആയിരക്കണക്കിന് അപേക്ഷകള്‍ വാങ്ങി. അവര്‍ക്കും പണം നല്‍കി. എന്‍ എസ് എസ് ന്റെയും എസ് എന്‍ ഡി പി യുടെയും ചില പ്രാദേശിക നേതാക്കള്‍ മുഖാന്തിരവും അപേക്ഷ വാങ്ങി പണം നല്‍കി. സര്‍ക്കാര്‍ പണം വെറുതെ നല്‍കി എല്ലാവരേയും സുഖിപ്പിക്കുകയായിരുന്നു ലക്ഷ്യം. അക്കാലത്ത് പൊതുജനങ്ങള്‍ക്കിടയിലും , കൊണ്ഗ്രസ്സുകാര്‍ക്കിടയില്‍പ്പോലും ഇതു വലിയ ചര്‍ച്ചയായെങ്കിലും 'സര്‍ക്കാരിന്റെ പണമല്ലെ, എന്തിനു പ്രതികരിക്കണ' മെന്ന ചിന്തയില്‍ എല്ലാവരും ഒതുങ്ങി.
ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍, അര്‍ഹതയുളളവരെ കണ്ടെത്തി, അവര്‍ക്ക് അര്‍ഹമായ വിധത്തില്‍ സാമ്പത്തികമായും മറ്റുവിധത്തിലുമുളള സഹായമെത്തിക്കുക ഒരു സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ അര്‍ഹതയില്ലാത്തവര്‍ക്ക് വ്യാപകമായ രീതിയില്‍ ഖജനാവിലെ പണം എടുത്തു നല്‍കുക എന്നു പറഞ്ഞാല്‍ അത് അധികാര ദുരുപയോഗവും ക്രമക്കേടും അഴിമതിയുമാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍, അര്‍ഹതയുളളവര്‍ക്ക്, അര്‍ഹമായ വിധത്തില്‍ സഹായം ലഭിക്കാതെ വരും എന്നതും വസ്തുതയാണ്. 'സര്‍ക്കാരിന്റെ പണമല്ലെ, ആരെങ്കിലും കൊണ്ടുപോകട്ടെ' എന്ന പൊതുമനോഭാവം നാടിനുതന്നെ ആപത്താണ്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിലാണ് കാര്യങ്ങള്‍ എത്തുക.
ദാരിദ്ര്യം ഒരു പാപമാകുമ്പോള്‍
--------------------------------------

Poverty is not a crime , ദാരിദ്ര്യം ഒരു കുറ്റക്രിത്യമല്ല എന്ന് മഹത്തായ വിധിന്യായം എഴുതിയത് മഹാനായ ന്യായാധിപന്‍ വീ ആര്‍ കൃഷ്ണ അയ്യരാണ് . പക്ഷേ മാഹാരാജാവിന് തുല്യനായി പ്രജകളെ മുഖം കാണിക്കാനും , ആവലാതികള്‍ കേള്‍ക്കാനും ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയുമായി ഇറങ്ങുമ്പോള്‍ ദാരിദ്ര്യം ഒരു ശാപവും , വേദനയും , അപമാനവുമാകുന്നു . തന്റെ രാഷ്ട്രീയ പ്രതിസന്ധികളെ താല്‍ക്കാലികമായെങ്കിലും അതിജീവിക്കാന്‍ ഒരു ഭരണാധികാരി കിടക്കയില്‍ ഒന്ന് തിരിഞ്ഞുകിടക്കാന്‍ പോലും ആവാത്ത ഹതഭാഗ്യരായ മനുഷ്യരെ വീട്ടിലെ കിടക്കയില്‍ നിന്നും സ്ട്രെച്ചറില്‍ കിടത്തിക്കൊണ്ടുവന്നു ഇവിടുത്തെ മുത്തശ്ശി പത്രങ്ങളുടെ ക്യാമറാമാന്മാരുടെ ക്രൂരമായ ഇരയാക്കുന്നത് ഓരോ മനുഷ്യന്റെയും ആത്മാഭിമാനത്തെ പരിഹസിക്കുന്നതാണ് . അതിലൂടെ താങ്കള്‍ക്കു കിട്ടുന്ന രാഷ്ട്രീയ മൈലേജ് എത്ര വലുതായാലും .! 'ജനസമ്പര്‍ക്ക പരിപാടി അര്‍ദ്ധരാത്രി വരെ നീണ്ടു, ഭക്ഷണം ഉപേക്ഷിച്ച് മുഖ്യമന്ത്രി നിന്നു' എന്ന രീതിയില്‍ പത്രങ്ങളില്‍ തലക്കെട്ടുണ്ടാകാന്‍ മുഖ്യമന്ത്രി വേഷം കെട്ടുകയാണ് എന്ന് പോലീസുകാരടക്കമുളള ഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ക്കുപോലും തോന്നിത്തുടങ്ങിയിരുന്നു . പലരും അങ്ങനെ തന്നെ സ്വകാര്യം പറയുകയും ചെയ്തു. ഒരു മുഖ്യമന്ത്രി ഇത്ര അല്‍പത്വം കാണിക്കാമോ എന്ന് പലരും ചിന്തിച്ചുതുടങ്ങുന്നു വീണ്ടും.
ഭരണഘടനയില്‍ അനുശാസിക്കുന്നതും നിയമപരവും ആയ ആനുകൂല്യങ്ങള്‍ കിട്ടുവാന്‍ ആയി ജനങ്ങള്‍ അദേഹത്തിന് മുന്നില്‍ പോയി താണ് വണങ്ങി നില്‍ക്കണം എന്നത് രാജ ഭരണത്തിന്റെ തിരുശേഷിപ്പുകള്‍ അല്ലാതെ മറ്റെന്താണ് ?താഴെ തട്ടിലെ ഗ്രാമപഞ്ചായത്ത് മുതല്‍ മുകളിലോട്ടുള്ള ഭരണസംവിധാനവും ,വില്ലേജ് ഓഫീസ് മുതല്‍ മുകളിലോട്ടുള്ള സര്‍ക്കാര്‍ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുമ്പോള്‍ എന്തിനു ആണ് ഇവിടങ്ങളില്‍ തീര്‍പ്പാക്കേണ്ട,ഇവിടങ്ങളില്‍ നിന്നും വിതരണം ചെയ്യേണ്ട ധനസഹായവും മറ്റു ആനുകൂല്യങ്ങളും പരാതി പരിഹാരവും അതിനു മുകളില്‍ ഉള്ള മുഖ്യമന്ത്രി നേരിട്ട് ഇറങ്ങി പ്രഹസനം കാണിക്കുന്നത് ?
ജനസംബര്‍ക്കം തുടങ്ങുന്നതിനു രണ്ടു മാസം മുന്നേ തന്നെ പഞ്ചായത്ത്.വില്ലേജ് തുടങ്ങിയ ഇടങ്ങളില്‍ കൂടിയുള്ള "ധനസഹായം" കൊടുക്കല്‍ "അനൌദ്യോഗികമായി" നിര്‍ത്തി വയ്പ്പിക്കുന്നു. കൃഷി നാശത്തിനും.വൈദ്യ സഹായത്തിനും ഒക്കെ കിട്ടേണ്ട പണത്തിനു ആളുകള്‍ ജനസംബര്‍ക്കം വരെ കാത്തിരുന്നു ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ ചെന്ന് വാങ്ങണം എന്ന "ധാര്‍ഷ്ട്ട്യം നിറഞ്ഞ അനൌദ്യോഗിക അറിയിപ്പുകള്‍ ആണ് കൊടുക്കുന്നത്"
സര്‍ക്കാര്‍ ആശുപത്രിയില്‍ ഒന്‍പതാം വാര്‍ഡില്‍ ഇരു കാലുകളും പ്ലാസ്റ്റര്‍ ഇട്ടും കമ്പി ഇട്ടും കിടക്കുന്ന ആളുകളെ ഇല്ലാത്ത കാശു പിടിച്ചു വണ്ടിയില്‍ കയറ്റി ഉമ്മന്‍ ചാണ്ടി മഹാരാജാവിന്റെ മുന്നില്‍ ഹാജരാക്കി "കിടത്തി" എന്തിനു ആണ് ഈ പ്രഹസ്സനം.?നിയമപരമായി കിട്ടാന്‍ ഉള്ള ആനുകൂല്യങ്ങള്‍ കിട്ടുവാന്‍ എന്തിനു ആണ് രോഗിയെ ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ കൊണ്ടുവന്നു കിടത്തുന്നത്?
ഇതിന് മിതമായ ഭാഷയില്‍ സാഡിസം എന്നല്ലേ പറയുക ?
കൊടുക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെയോ കോണ്‍ഗ്രസ്‌ ന്റെയോ തറവാട്ടിലെ പണം ഒന്നുമല്ലല്ലോ.സര്‍ക്കാര്‍ ഖജനാവിലെ പണം കൊണ്ടുള്ള ധനസഹായം അല്ലെ? വീടിനു അടുത്തുള്ള പഞ്ചായത്ത് ഓഫീസില്‍ നിന്നും കിട്ടേണ്ട ന്യായമായ ആനുകൂല്യം വാങ്ങുവാന്‍ രോഗികളെയും കൊണ്ട് ജില്ലാ കേന്ദ്രത്തിലെ പ്രഹസ്സന വേദിയില്‍ എത്തിക്കേണ്ട ജനതയുടെ ഗതികേട് പബ്ലിസിറ്റി ആക്കി മാറ്റുന്ന ശ്രീമാന്‍ ചാണ്ടി അല്പ്പതരങ്ങള്‍ കൊണ്ട് അദ്ദേഹം അകപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികളെ മറികടക്കാന്‍ ശ്രമിക്കുന്നത് സഹതാപാര്‍ഹ്ഹമാണ് .
ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തിലെ ഏറ്റവും ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ് . ചരിത്രത്തില്‍ എവിടെയും ഇദ്ദേഹത്തെ പോസിടീവ് ആയി അടയാളപ്പെടുത്താന്‍ സാധിക്കില്ല . സ്മാര്‍ട്ട് സിറ്റിയും , എയര്‍ കേരളയും , ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌ഴ്സ് മീറ്റുമെല്ലാം ജലരെഖയാകുമ്പോള്‍ , ആദര്‍ശ രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞു സാക്ഷാല്‍ കെ കരുണാകരനെ രാജി വപ്പിച്ച പഴയ ക്ഷുഭിത യൌവ്വനം ഇന്നൊരു അപമാനത്തിന്റെ പേരും പര്യായവുമാണ് . നിയമം നിയമത്തിന്റെ വഴിക്ക് എന്നത് ഉച്ചരിക്കുന്ന അവസാനത്തെ ഭരണാധികാരി ഉമ്മന്‍ചാണ്ടിയായിരിക്കും . കാരണം ഇദ്ദേഹം ഈ ഭാഷാപ്രയോഗത്തിന്റെ ആത്മാവ് നഷ്ട്ടപ്പെടുത്തിയ കപടനായ ഭരണാധികാരിയാണ് . ഒരു ഭരണാധികാരി എന്ന നിലയില്‍ കെ കരുണാകരന്റെ അടിയന്തിരാവസ്ഥക്കാലത്ത് "മരിച്ചിട്ടും നാം മഴയത്ത് നിര്‍ത്തിയ", കക്കയം പോലീസ് ക്യാമ്പില്‍ നിലവിളികള്‍ ഉയര്‍ന്ന രാജന്റെ കാലത്തേക്കാള്‍ കെട്ടുപോയ ഒരു ആസുരകാലതെയാണ്, വ്യഭിചാരക്കഥകളും, അഴിമതിയുടെ പെരുംപേമാരിയും കൊണ്ട് ഉമ്മന്‍ചാണ്ടി അടയാളപ്പെടുത്തുന്നത് .


Monday, April 20, 2015

സീതാരാമന്റെ കാലത്തെ ഇടതുപക്ഷം.


In a higher phase of communist society... only then can the narrow horizon of bourgeois right be fully left behind and society inscribe on its banners: from each according to his ability, to each according to his needs.
- Karl Marx

'ആഗോളവൽക്കരണ കാലത്തെ സോഷ്യലിസം' എന്ന പുസ്തകമെഴുതിയത് സീ പീ എമ്മിന്റെ പുതിയ ജനറല്‍സെക്രട്ടറിയായ സഖാവ് സീതാറാം യെച്ചൂരിയാണ് . ആഗോളീകൃതമായ ഒരു ലോകക്രമമാണ് നൂറു കണക്കിന് ഇടതുകക്ഷികളെ ലോകത്താകമാനം ചരിത്രത്തിന്റെ ഭാഗമാക്കിയത് . ആഗോളവല്‍ക്കരണ നയങ്ങളോടുള്ള സമീപനം സ്വീകരിക്കുന്നതില്‍ സംഭവിച്ച വീഴ്ച മൂലമാണ് , സിന്ഗൂരും , നന്ദിഗ്രാമും സംഭവിച്ചത് . പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിദുര്‍ഗ്ഗമായിരുന്ന പശ്ചിമ ബംഗാളില്‍ പാര്‍ട്ടി അതീവ ദുര്ബ്ബലമായിപ്പോയത് . ആഗോളീകൃതമായ ഒരു വിപണിയുടെ പ്രലോഭനങ്ങളെയും , അധികാര ദുരകളെയും പ്രതിരോധിക്കാന്‍ ആവാഞ്ഞതിനാല്‍ തന്നെയാണ് കേരളത്തിലെ പാര്‍ട്ടിയിലെ വിഭാഗീയത ഒരു അര്‍ബ്ബുദം പോലെ പാര്‍ട്ടിയെ ഇപ്പോഴും വേട്ടയാടുന്നത് . പാര്ലമെന്റരി വ്യാമോഹം അത്രമേല്‍ സ്വാധീനം നേടിയ പാര്‍ട്ടി, അടിസ്ഥാന വര്‍ഗ്ഗത്തിന്റെയും , ദളിത്‌ - ആദിവാസി - സ്ത്രീ പ്രശ്നങ്ങളോട് ശാസ്ത്രീയമായി സംവദിക്കാനും , പ്രശ്ന പരിഹാരം കാണാനും ഏകദേശം പൂര്‍ണ്ണമായും തന്നെ പരാജയെപ്പെടുകയും ചെയ്തതിന്റെയും കാരണം നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളില്‍തട്ടി പാര്‍ട്ടിക്ക് സംഭവിച്ച സ്ഥല ജല വിഭ്രമം തന്നെയാണെന്ന് സൂക്ഷ്മമായി ഇടതുപക്ഷ രാഷ്ട്രീയം നിരീക്ഷിക്കുന്ന എല്ലാ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും മനസ്സിലാകും .

സീ പീ എമ്മിന്റെ പാര്‍ട്ടി സമ്മേളനം സംഘടനാപരമായും രാഷ്ട്രീയപരമായും പരിക്കുകള്‍ ഒന്നുമില്ലാതെ വിശാഖപട്ടണത്ത് വിജയകരമായി സമാപിചിരിക്കുന്നു . ഇന്റര്‍നെറ്റ് നിക്ഷ്പക്ഷത മുതല്‍ സാമ്രാജ്യത്വ അധിനിവേശം വരെ ആ പാര്‍ട്ടി ശാസ്ത്രീയമായി ചര്‍ച്ച ചെയ്യുകയും നിലപാടെടുക്കുകയും ചെയ്തിരിക്കുന്നു . കുടുംബവാഴ്ചയോ , ജാതി മത വര്‍ഗ്ഗ പരിഗണനകളോ കൂടാതെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിനിധികള്‍ എത്തിച്ചേരുകയും , മുന്‍വിധികളും പക്ഷപാതങ്ങളും കൂടാതെ മൂര്‍ത്തമായ രാഷ്ട്രീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും, സംവദിക്കാനും , ചര്‍ച്ചചെയ്യാനും , ശരിയും , ശാസ്ത്രീയവുമായനിലപാടെടുക്കാനും , സത്യസന്ധമായി സാധിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടി സീ പീ എം തന്നെയായിരിക്കും എന്നതില്‍ ശത്രുക്കള്‍ക്ക് പോലും സംശയമില്ല .






പ്ലാസ്റ്റിക് പരിപൂര്‍ണ്ണമായി ഒഴിവാക്കി , ആഡംബരത്തിന്റെ അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കാതെ , പൊളി ബ്യൂറോ മെമ്പര്‍ സഖാവ് രാഘവലുപോലും ഒരു സാധാരണ പ്രവര്‍ത്തകനെപ്പോലെ വിയര്‍പ്പൊഴുക്കി സമ്മേളന നഗരി സജ്ജീകരിക്കുന്നതിന്റെ ലാളിത്യവും , ഇക്കാലത്തും ഇന്ത്യയില്‍ കമ്യൂനിസ്ട്ടുകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് .

പക്ഷേ ഇത്ര ലളിതവും , മനോഹരവുമല്ല ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികള്‍ .ഇന്ത്യന്‍രാഷ്ട്രീയത്തില്‍ വലതുപക്ഷ ചായ്‌വ് മുന്‍കൈ നേടിയിരിക്കുന്നു. ഹിന്ദുത്വദേശീയതയും ആഭ്യന്തര-വിദേശ മൂലധനശക്തികളാല്‍ നിയന്ത്രിക്കുന്ന നവഉദാരീകരണ ആശയങ്ങളും ഇഴചേര്‍ന്നപ്പോള്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ തുടങ്ങി ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങള്‍ വരെ ആ ആശയങ്ങളുടെ പ്രചാരകരായി. അങ്ങനെ പുതിയ രാഷ്ട്രീയ പരിതസ്ഥിതികളും, അവ സൃഷ്ട്ടിക്കുന്ന ജനവിരുദ്ധമായ വെല്ലുവിളികളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മതപരമായ ഭിന്നിപ്പിനും തിളങ്ങുന്ന ഇന്ത്യയും (Shining India) കഷ്ടപ്പെടുന്നവരുടെ ഇന്ത്യയും (Suffering India) എന്ന വിഭജനം കൂടുതല്‍ രൂക്ഷമാക്കുന്നതിനും വഴിവെക്കുമെന്നതാണ് പുതിയ പരിതസ്ഥിതി ഉയര്‍ത്തുന്ന വെല്ലുവിളി. സാമ്പത്തിക അസമത്വം വര്‍ദ്ധിതമായ ഇന്ത്യ ഇന്നിന്റെ യാഥാര്‍ത്യമാകുന്നു .. നവലിബറല്‍ സാമ്പത്തിക വളര്‍ച്ചക്കായി ക്ഷേമ പരിപാടികള്‍ ചുരുക്കുന്നതില്‍ കൊണ്ഗ്രസ്സിനും , ഭാരതീയ ജനതാ പാര്‍ട്ടിക്കുമുള്ള വീക്ഷണങ്ങളില്‍ വ്യത്യാസമൊന്നുമില്ല . ഉദാരവല്‍ക്കരണ നയങ്ങളെ പ്രതിരോധിക്കാന്‍ കെല്‍പുള്ള, അധ്വാനിക്കുന്നവരെ മതത്തിന്റെ മേലാപ്പുപയോഗിച്ച് ശിഥിലമാക്കുന്ന ദയനീയതയും ഇന്നിന്റെ ആസുര യാഥാര്‍ത്ഥ്യമാണ് . മതവും മൂലധനവും തമ്മിലുള്ള ബാന്ധവം ശക്തമാക്കുപ്പെടുന്ന കാഴ്ചക്ക് മികച്ച ഉദാഹരണം കേരളം തന്നെയാണ് . ആത്മീയ വാണിഭക്കാര്‍ മതങ്ങളെയും , രാഷ്ട്രീയ ശക്തികളെയും വിലകെട്ടി വാങ്ങിയിരിക്കുന്നു . വര്‍ഗീയത മൂലധനത്തിനെയും മൂലധനം വര്‍ഗീയതയെയും പരിപോഷിപ്പിക്കുന്നു. വര്‍ഗീയതയും മൂലധനവും 'മോദി'യില്‍ രക്ഷകനെ കാണുന്നു. പാര്‍ലമെന്ററി വ്യവസ്ഥയെ ദുര്‍ബലമാക്കി പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാകുന്നത് ഭയക്കേണ്ടിയിരിക്കുന്നു . സങ്കീര്‍ണതകളിലേക്ക് ജനജീവിതം വഴിതിരിയും. ഇന്ത്യയിലെ മധ്യവര്‍ഗം ഉദാരവല്‍ക്കരണ ആഡംബര ഉപഭോഗത്തിന്റെ ഗുണഭോക്താക്കളും , ഉപഭോക്താക്കളും മാത്രമാണ് . അവരിലെ പുതുതലമുറയാവട്ടെ അരാഷ്ട്രീയവാദികളും , അസഹിഷ്ണുക്കളും ആയിത്തീര്‍ന്നിരിക്കുന്നു .




മേല്‍സാഹചര്യത്തില്‍ നിരായുധനായ ഒരു രക്ഷകനെപ്പോലെയാണ് ഇന്ത്യയിലെ പ്രാന്തവല്‍കൃതരുടെയും ക്ഷുഭിത യുവത്വത്തിന്റെയും കീഴ്‌പ്പെടുത്തപ്പെട്ട സ്ത്രീകളുടെയും ഒരു വലിയ സമൂഹം ഇടതുപക്ഷത്തിനെ നിസ്സഹായതയോടെ നോക്കിക്കാണുന്നത് . ഈ നിരായുധമായ യുദ്ധമുന്നണിയുടെ പടതലവനായാണ് സീതാറാം യെച്ചൂരി രംഗപ്രവേശനം ചെയ്യുന്നത് . ഈ ഘട്ടത്തില്‍ ഇടതുപക്ഷത്തിന്റെ നവീകരണവും ശക്തിപ്പെടുത്തലും ഈ കാലഘട്ടത്തിന്റെ അ ടിയന്തിര ആവശ്യമാണെന്നും, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വലതുപക്ഷത്തേക്കുള്ള വ്യതിയാനം ഉയ ര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ എൈക്യത്തോടെ നില്‍ക്കുന്നതും പുനരുജ്ജീവനം നേടിയതു മായ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിനാലാകാം പാര്‍ട്ടി സമ്മേളനത്തിലേക്ക് മറ്റു പ്രമുഖ ഇടതു കക്ഷികളെയും സീ പീ എം ക്ഷണിക്കുകയുണ്ടായത് .

സാമ്രാജ്യത്വ ആഗോളവല്ക്കരണവും രണ്ടു ദശാബ്ദക്കാലത്തെ നവലിബറല്‍ നയങ്ങളും ഇന്ത്യന്‍ സമൂഹത്തില്‍, അതിന്‍റെ വര്‍ഗ ഘടനയിലും സാമൂഹ്യ രാഷ്ട്രീയ ബന്ധങ്ങളിലും ശ്രദ്ധേയങ്ങളായ മാറ്റങ്ങള്‍ വരുത്തി. ആ മാറ്റങ്ങള്‍ ജീവിത നിലവാരത്തില്‍ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു മധ്യ വര്‍ഗ്ഗത്തെ ഇന്ത്യയില്‍ സൃഷ്ട്ടിച്ചു , പക്ഷേ അടിസ്ഥാന വര്‍ഗ്ഗത്തിന്റെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെയും ദാരിദ്ര്യം നാള്‍ക്കുനാള്‍ വര്‍ധിച്ചു . കര്ഷക ആതമഹത്യകള്‍ നമുക്ക് ഒരു കോളം വാര്‍ത്ത പോലും അല്ലാതായി . യൂറോപ്പ് ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ച റാഫേല്‍ വിമാനങ്ങള്‍ ചോദിച്ച വിലകൊടുത്തു വാങ്ങുന്ന പ്രധാനമന്ത്രിയുടെ നാട്ടിലെ മഹാരാഷ്ട്ര എന്ന സംസ്ഥാനത്ത് മാത്രം കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ കാലം തെറ്റി പെയ്ത മഴ കാരണം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 601 ആണ് എന്നത് നമ്മെ ഞെട്ടിക്കാത്ത വാര്തയായിരിക്കുന്നു .

ഒരു നവലിബറല്‍ ഭരണത്തിനു കീഴിലുള്ള ഈ മാറ്റങ്ങള്‍ മനസ്സിലാക്കുക, നേരിടുക, അതിന് ഉചിതമായ അടവും തന്ത്രവും രൂപപ്പെടുത്തുക എന്നതാണ് ഇന്ന് ഇടതുപക്ഷത്തിന്‍റെ മുന്നിലെ മുഖ്യ വെല്ലുവിളി. കഴിഞ്ഞ ഒരു ദാശാബ്ധക്കാലാമായി ഇന്ത്യയിലെ ഇടതുപക്ഷം ഈ വെല്ലുവിളി നേരിടുന്നതില്‍ ഭീതികതമായ പരാജയമായിരുന്നു . പ്രത്യേകിച്ച് അതിന്റെ അമരക്കാരന്‍ സഖാവ് പ്രകാശ് കാരാട്ട് . അങ്ങിനെ ഇടതുപക്ഷം ഭരിക്കുന്ന ഭൂമികകളില്‍ പോലും നന്ദിഗ്രാമും , സിന്ഗൂരും ഉണ്ടായി . കര്‍ഷകന്റെ കണ്ണുനീരും , രക്തവും പടര്‍ന്ന മണ്ണ് ഇടതുപക്ഷത്തിന്റെ ശേഷക്ക്രിയകള്‍ക്കും വേദിയായി .


ഇടതുപക്ഷം അതിന്‍റെ അടവുനയം മൂര്‍ത്തമായ വിശകലനങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തണം. വര്‍ഗസമരവും രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും മുന്നേറേണ്ട ദിശ ഇതിന്‍റെ അടിസ്ഥാനത്തില്‍ തിട്ടപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഇടതുപക്ഷം സ്വീകരിച്ച അടവുനയങ്ങള്‍ ഹിമാലയന്‍ പരാജയങ്ങളും , പാര്‍ട്ടിയുടെ തന്നെ വളര്‍ച്ചയെ മുരടിപ്പിക്കുന്നതും ആയിരുന്നുവെന്നു പാര്‍ട്ടി തന്നെ ഒടുവില്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നു . ആഗോള ഫിനാന്‍സ് മൂലധനത്തിന്‍റെ വളര്‍ച്ചയ്ക്കും നവലിബറലിസത്തിന്‍റെ വ്യാപനത്തിനും അനുബന്ധമായി ഇന്ത്യയില്‍ വളര്‍ന്നു വന്ന ഒന്നാണു സ്വത്വവാദ രാഷ്ട്രീയം. ജാതി, മതം, ഗോത്രം, വംശം, ദേശം എന്നിവയെ അടിസ്ഥാനമാക്കുന്ന സ്വത്വവാദ രാഷ്ട്രീയം ഇന്ത്യയിലെ ഇടതുപക്ഷത്തിനു മുന്നില്‍ വലിയൊരു വെല്ലുവിളി ഉയര്‍ത്തുന്നു. ഇത്തരം രാഷ്ട്രീയം സ്വന്തം താല്പര്യത്തിന് അത്യുത്തമമാണെന്നു ഭരണവര്‍ഗവും സാമ്രാജ്യത്വ ഫിനാന്‍സ് മൂലധനവും കാണുന്നു. ജനങ്ങളെ ഇടുങ്ങിയ സ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതും അവരെ തമ്മില്‍ അകറ്റി നിറുത്തുന്നതും മൂലധനത്തിന്‍റെയും ഭരണകൂടത്തിന്‍റെയും വാഴ്ചയ്ക്ക് ഒരു ഭീഷണിയുമില്ല എന്നുറപ്പാക്കുന്നു. പൊതുവര്‍ഗ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്തും, അതോടൊപ്പം തന്നെ, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ അനുഭവിക്കുന്ന ജാതി, സാമൂഹ്യ-ലിംഗ അടിച്ചമര്‍ത്തലുകളുടെ പ്രശ്നങ്ങള്‍ എന്നിവ ഏറ്റെടുത്തും സ്വത്വരാഷ്ട്രീയത്തെ നേരിടുക എന്നതാണ് ഇടതുപക്ഷത്തിന്‍റെ മുന്നിലുള്ള വെല്ലുവിളി. അതൊരു സീതാരാമന്റെ "വന്മാന്‍ഷോ" കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങലായിരിക്കുമെന്നു സീ പീ എം പോലും കരുതുന്നുണ്ടാവും എന്ന് വിചാരിക്കാന്‍ കഴിയില്ല .

നവലിബറല്‍ വീക്ഷണം സാമ്പത്തികരംഗത്തു മാത്രമായി ഒതുങ്ങി നില്ക്കുന്ന ഒന്നല്ല. രാഷ്ട്രീയത്തിലും രാഷ്ട്രീയ വ്യവസ്ഥയിലും അതിന് അഗാധമായ സ്വാധീനമുണ്ട്. വന്‍ ബിസിനസ്സും / മൂലധനവും രാഷ്ട്രീയവുമായുള്ള കൂട്ടുകെട്ടു കൂടുതല്‍ വെളിവാക്കപ്പെടുകയാണ്. ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളില്‍ കൂടുതല്‍ കൂടുതല്‍ ബിസിനസ്സുകാരും മുതലാളിമാരും പല തലത്തിലും രാഷ്ട്രീയക്കാരായി വരുന്നു. തെരഞ്ഞെടുപ്പുകളില്‍ മുമ്പെങ്ങുമില്ലാത്ത വണ്ണം ധനശക്തിയുടെ പ്രയോഗം ഈ കൂട്ടുകെട്ടിന്‍റെ നേരിട്ടുള്ള ഒരു ഫലമാണ്. ഈ പ്രവണതകള്‍ എല്ലാം തന്നെ ആത്യന്തികമായി ക്ഷീണിപ്പിക്കുന്നതും , വെല്ലുവിളികള്‍ ആയിമാരുന്നതും ഇടതുപക്ഷത്തിനു തന്നെയായിരിക്കും .

ചുരുക്കത്തില്‍ യെച്ചൂരിയുടെ ഇടതുപക്ഷത്തിനു മുന്നില്‍ ചെമ്പരവതാനിയും , പൂക്കളും വിരിച്ച പാതയോന്നുമില്ല . ഫാസിസ്റ്റ് കളുടെയും , ബംഗാളില്‍ തൃണമൂല്‍ കോണ്ഗ്രസ് പാര്‍ട്ടിയുടെയും ശാരീരികമായ ഉന്മൂലന ഭീകരതകളെക്കൂടി നേരിട്ടുകൊണ്ടാണ്‌ ഇന്ത്യയില്‍ ഇന്ന് കമ്യൂണിസ്റ്റുകള്‍ ജീവിക്കുന്നത് . ഈ ഘട്ടത്തില്‍ ഇന്ത്യയിലെ എല്ലാ ചൂഷിത – പീഡിത സമൂഹങ്ങളെയും ഏകോപിപ്പിക്കുന്ന നിലപാടും പ്രവര്‍ത്തനവുമായിരിക്കണം ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ കാതല്‍. രാഷ്ട്രീയ കാലാവസ്ഥയുടെ ഭേദമനുസരിച്ച്‌ ഇതിനു സ്വീകരിക്കുന്ന നയങ്ങളും കൗശലങ്ങളും വ്യത്യാസപ്പെട്ടിരിക്കാം. അടിസ്ഥാന കാഴ്‌ച്ചപ്പാടില്‍ മാറ്റം വരുന്നില്ല. ഇതു കമ്യൂണിസ്റ്റു ഇന്റര്‍ നാഷണല്‍ പിരിച്ചുവിടുന്ന കാലത്ത്‌ ആവര്‍ത്തിച്ചുറപ്പിച്ച പ്രമേയമാണ്‌. പുതിയ മുതലാളിത്തം ലോക സാഹചര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കുമ്പോഴും ഈ തത്വം മുറുകെപിടിക്കുമെന്നാണ്‌ 1992ല്‍ കല്‍ക്കത്തയില്‍ കൂടിയ ലോക കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ സമ്മേളനവും 1997ല്‍ ഹവാനയിലും സമീപകാലത്ത്‌ ഏതന്‍സിലും ചേര്‍ന്ന തൊഴിലാളി പ്രസ്ഥാനങ്ങളുടെ സമ്മേളനവും ഉറക്കെ പ്രഖ്യാപിച്ചത്‌.

പാര്‍ട്ടിയുടെ നേതാക്കാളില്‍ , അണികളില്‍ പുതിയൊരു രഷ്‌ട്രീയ സംസ്‌കാരം - സഹിഷ്‌ണുതയുള്ളതും വൈവിധ്യത്തെ അംഗീകരിക്കുന്നതുമായ ഒരു സംസ്‌കാരം, ഇടതുപക്ഷ ഐക്ക്യങ്ങളെ ഭിന്നിപ്പിക്കുന്ന എല്ലാറ്റിനെയും പിറകോട്ടു തള്ളുന്ന, അവരെ കൂട്ടിയിണക്കുന്ന എല്ലാറ്റിനെയും മുന്നോട്ടുവയ്‌ക്കുന്ന ഒരു സംസ്‌കാരം, ഐക്യദാര്‍ഢ്യം, മാനവികത, അന്യചിന്താബഹുമാനം, പ്രകൃതിസംരക്ഷണം മുതലായ മൂല്യങ്ങളെ ആധാരമാക്കിയുള്ള ഒരു സംസ്‌കാരം, സ്വകാര്യലാഭവും വിപണിനിയമങ്ങളുമാണ്‌ മനുഷ്യപ്രവര്‍ത്തനത്തിന്റെ മുഖ്യചാലകശക്തികള്‍ എന്ന ധാരണയെ തിരസ്‌കരിക്കുന്ന ഒരു സംസ്‌കാരം ഉത്തേജിപ്പിക്കാനും അതുവഴി ഇടതുപക്ഷത്തെ പുനര്‍നിര്‍മിക്കാനും യെച്ചൂരിയുടെ പുതിയ നേതൃത്വവും , അത് നല്‍കുന്ന ഊര്‍ജ്ജവും , ജനതാ പരിവാര്‍ പോലുള്ള പാര്‍ട്ടികളുടെ ലയനവും വഴിയൊരുക്കുമെന്ന് ഇന്ത്യയിലെ സാധാരണക്കാര്‍ പ്രത്യാശിക്കുന്നു. കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങളെ ആകര്‍ഷിക്കുകയും കൂട്ടായ സമരങ്ങള്‍ക്ക്‌ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇടങ്ങള്‍ ഒരു ക്കുകയെന്നതാണ്‌ ഉത്‌പതിഷ്‌ണുത്വം. മനുഷ്യര്‍ എന്ന നിലയ്‌ക്ക്‌ സമരങ്ങളിലൂടെയാണ്‌ ഇടതുപക്ഷം വളരുന്നതും മാറുന്നതും. ഇടതുപക്ഷ അണികള്‍ ഒട്ടേറെ പേരുണ്ടെന്നും ഒരേ ലക്ഷ്യത്തിനുവേണ്ടിയാണ്‌ അവരെല്ലാം സമരം ചെയ്യുന്നതെന്നുമുള്ള തിരിച്ചറിവാണ്‌ ആ ജനവിഭാഗത്തെ ശക്തരും ഉല്‍പതിഷ്‌ണുക്കളുമാക്കുന്നത്‌. അസാധ്യമായതിനെ സാധ്യമാക്കുന്ന കലയിലൂടെ മാത്രമേ വിപ്ലവരാഷ്‌ട്രീയത്തെ കാണാന്‍ കഴിയൂ.

യെച്ചൂരി ഒരേസമയം ഒരു ഇടതുപക്ഷ സൈദ്ധാന്തികനും , ബുദ്ധിജീവിയും , കേമനായ പാര്ലമെന്റെരിയനും , യുവജനത്ക്ക് മുന്നിലെ പൊളിറ്റിക്കല്‍ ഐക്കണും , അവരോടു സംവദിക്കാന്‍ ശേഷിയുള്ള ജനകീയ മുഖമുള്ളയാളും , കേമനായ സംഘാടകനും , ദേശീയ രാഷ്ട്രീയത്തില്‍ എല്ലാ പാര്‍ട്ടികളിലും സൌഹൃദത്തിന്റെ സമ്പന്നത സ്വന്തമായുള്ളവനും തന്നെയാണ് . ഒരു പക്ഷേ സീ പീ എം പോളിറ്റ് ബ്യൂറോയില്‍ പ്രതിഭകൊണ്ടും, പ്രഭാവംകൊണ്ടും അതുല്യനായ നേതാവ് . സാങ്കേതികവിദ്യയോട് ഒപ്പം നില്‍ക്കുന്ന ഒരു യുവതയോട് സംവദിക്കാനും , ഫാസിസ്റ്റ് രാഷ്ട്രീയത്തെ ഏറ്റവും ആധുനികമായ രാഷ്ട്രീയ സങ്കേതങ്ങളെ ഉപയോഗിച്ച് ചെറുക്കാനും , കോര്പ്പരെറ്റ് ചൂഷണങ്ങളെ ധീരമായി പ്രതിരോധിക്കാനും , ആധുനികനും, വിദ്യാസമ്പന്നനും , താരതമ്മ്യേന ചെറുപ്പവുമായ ഒരു സഖാവിനെ നേതാവായി ആവശ്യമായിരുന്നു ഇന്ത്യന്‍ ഇടതുപക്ഷത്തിനു .വിശാഖപട്ടണത്തെ വിവേകമതികള്‍ അത് തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് തന്നെയാണ് യെച്ചൂരിയുടെ തിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത് . ഇന്ത്യയിലെ ഫാസിസ്റ്റ് - കൊര്‍പ്പരെറ്റ് കൂട്ടുകെട്ടിന്റെ ആസുരതയില്‍ ചതഞ്ഞരയുന്ന ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സീതാരാമന്റെ കാലത്തെ ഇടതുപക്ഷത്തിനു ശുഭാശംസകള്‍ .

Friday, March 20, 2015

കേരള ഗവര്‍ണ്ണറുടെ അസംബന്ധങ്ങള്‍


കേരള നിയമസഭയില്‍ നിര്‍ഭാഗ്യകരവും , അപമാനകരവുമായ ഒരു സാഹചര്യത്തില്‍ സ്പീക്കറുടെ അഭാവത്തില്‍ ഒരു ബജറ്റ് “അവതരിപ്പിക്കപ്പെട്ടതോട്” കൂടി മൂനാം കിട രാഷ്ട്രീയക്കാരനും , ഗതികേട് കൊണ്ട് നിലനിര്‍ത്തി പോരുന്ന ചീഫ് വിപ്പുമായ ശ്രീ . പീ സീ ജോര്‍ജ്ജ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും കേരള ഗവര്ന്നരുമായ ജസ്റ്റിസ് സദാശിവതെക്കാള്‍ വലിയ നിയമ പന്ടിതനായിരിക്കുന്നു എന്നത് അല്‍പ്പം ജുഗുപ്സാവഹവും , പരിഹാസ്യവുമാണ് . ഇതിനു കാരണക്കാരന്‍ ഗവര്‍ണ്ണര്‍ സദാശിവം തന്നെയാണ് . സ്പീക്കറുടെ “അഭാവത്തില്‍” അവതരിക്കപ്പെട്ട ബജറ്റിന്റെ സാധുതയെ പരിശോധിക്കണം എന്ന് അഭ്യര്തിച്ചു കൊണ്ട് പ്രതിപക്ഷവും , ബീ ജെ പ്പിയും പരാതിയുമായി സമീപിച്ചപ്പോള്‍ പരിശോധിക്കാമെന്നു ഉറപ്പു നല്‍കുകയും , പിന്നീട് അശക്തനായ സ്പീക്കര്‍ ശക്തന്‍ നല്‍കിയ റിപ്പോര്‍ട്ട് തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്തിരിക്കുന്നു . നിയമസഭയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട അവസാനവാക്ക് സ്പീക്കര്‍ ആണെന്നും , ചട്ട പ്രകാരം ബജറ്റ് “സാങ്കെതികമായെങ്കിലും” അവതരിപ്പിച്ചിരിക്കുന്നു എന്ന സ്പീക്കറുടെ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ അംഗീകരിച്ചത് വരെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കാം . പക്ഷേ നമ്മുടെ ഗവര്‍ണ്ണര്‍, അനാവശ്യമായ അധികാര ദുരുപയോഗത്തിന്റെ ഭാഗമായി കേരളത്തില്‍ ഭരണഘടനാ പ്രതിസന്ധിയുന്ടെന്നു ധ്വനിപ്പിക്കുന്ന രൂപത്തില്‍ 356 ആം വകുപ്പ് പ്രയോഗിക്കാവുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടെന്ന ദുരുധേഷപരമായ ഒരു റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് അയച്ചിരിക്കുന്നു . ഈ സാഹചര്യത്തിലാണ് ഗവര്‍ണ്ണര്‍ കേവലമൊരു സംഘപരിവാര്‍ നോമിനിയും , പീ സീ ജോര്‍ജ്ജ് സദാശിവതെക്കാള്‍ ഭരണഘടനയറിയുന്ന നിയമവിദഗ്ദ്ധനുമായി പരിണമിക്കുന്നത് .
ജസ്റ്റിസ് സദാശിവം നിയമം അറിയാത്ത ആളാണെന്നു നിഷ്ക്കളങ്കനായ ഒരു കുട്ടിക്കുപോലും ഒരു നിമിഷം ചിന്തിക്കാനാവില്ല . സങ്കീര്‍ണ്ണമായ ഭരണസ്തംഭനം എന്ന വിലയിരുത്തല്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് 356 ആം വകുപ്പ് പ്രകാരം രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാനാവുക. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലോ മറ്റു കാരണങ്ങളാലോ മാത്രമാണ് രാഷ്ട്രപതിക്ക് ഒരു സമസ്താനതിന്റെ ഭരണം ഏറ്റെടുക്കാന്‍ ആവുകയുള്ളൂ .
ഫെദരല്‍ ഘടനയുള്ള നമ്മുടെ രാജ്യത്ത് വാസ്തവത്തില്‍ ഗവര്‍ണ്ണര്‍ എന്ന പദവി പോലും ആലങ്കാരികമായ ഒന്നാണ് . ആ നിലക്ക് കേരളത്തില്‍ 356 ആം വകുപ്പ് പ്രയോഗിക്കണമെന്ന സാധ്യത ആരായുന്ന റിപ്പോര്‍ട്ട് അയക്കുമെന്ന ബഹു . ഗവര്‍ണ്ണര്‍ ജസ്റ്റിസ് സദാശിവത്തിന്റെ പ്രഖ്യാപനം അസംബന്ധമാണ് . കേരളത്തില്‍ എന്ത് ഭരണഘടനാപ്രതിസന്ധിയാണ് ഉള്ളത് ? ഇവിടുത്തെ നാണം കേട്ട രാഷ്ട്രീയക്കാര്‍ അഴിമതി മറച്ചുവക്കാനും , സമരാഭാസം നടത്താനും ഒരു ദിവസം കേരള നിയമസഭയെ ചന്തയെ പ്പോലും തോല്‍പ്പിക്കുന്ന രൂപത്തിലുള്ള അപമാനകരമായ സംഭവങ്ങള്‍ സൃഷ്ട്ടിച്ചു എന്നതിനെ ഭരഘടനാ പ്രതിസന്ധി എന്ന് ഇതു യുക്തി വച്ചിട്ടാണ് ഗവര്‍ണ്ണര്‍ സദാശിവം വായിചെടുക്കുന്നത് ? അതെ വ്യക്തി തന്നെ സ്പീക്കറുടെ ബജറ്റുമായി ബന്ധപ്പെട്ട തീര്‍പ്പിനെ അംഗീകരിക്കുകയും , ബജറ്റ് സാധുവാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു . അതിന്റെ ലളിതമായ വ്യാഖ്യാനം നിയമസഭയില്‍ പൊന്നുരുക്കുന്നിടത്ത് ഭരണഘടനാ പുസ്തകങ്ങളില്‍ എന്തൊക്കെ പറഞ്ഞാലും യഥാര്‍ത്ഥത്തില്‍ ഗവര്ന്നര്‍ക്ക് യാതൊരുവിധ റോളും ഇല്ല എന്ന് തന്നെയാണ് . അതുതന്നെയാണ് ഇന്നലെ പീ സീ ജോര്‍ജ്ജ് പറഞ്ഞതും . ഈ വിഷയത്തില്‍ സ്പീക്കര്‍ തന്നെ തെറ്റ് ചെയ്ത അംഗങ്ങളെ സസ്പന്ഡ് ചെയ്യുകയും , ക്രിമിനല്‍ കേസ് കൊടുക്കുകയും ചെയ്യട്ടെ . അതല്ലാതെ ഗവര്ന്നരുടെ അതിശയോക്തിയും, അതിവായനയും ഈ വിഷയത്തില്‍ അനാവശ്യമായിപ്പോയി. അത് ജനാധിപത്യ വിരുദ്ധവും , ഭരണഘടനാ വിരുദ്ധവുമാണ് . നിയമസഭാ നടപടികളില്‍ അനാവശ്യമായി ഇടപെടാന്‍ ഗവര്ന്നര്‍ക്ക് അധികാരമേയില്ല . ഈ വിഷയത്തില്‍ ഗവര്ന്നരുടെ പങ്ക് ആലന്കാരികവും , കീഴ്വഴക്കങ്ങളുടെതും മാത്രമാണ് . ബജറ്റില്‍ ഇടപെടാതിരിക്കുകകൂടി ചെയ്ത സ്ഥിതിക്ക് , ഇതിന്റെയെല്ലാം അവസാന തീര്‍പ്പ് സ്പീക്കരുടെതാകട്ടെ . ക്രിമിനല്‍ കേസുകള്‍ ഉണ്ടെങ്കില്‍ കോടതിയും തീരുമാനിക്കട്ടെ .അല്ലാതെ ജാനാധിപത്യ രീതിയില്‍ വോട്ടെടുപ്പ് നടത്തി തിരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ ഗവണ്മെന്റിനെ പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്ന് റിപ്പോര്‍ട്ട് നല്കാന്‍ ഇദ്ദേഹത്തിനു എന്തവകാശം? അത്തരം സവിശേഷമായ എന്ത് സാഹചര്യമാണ് കേരളത്തില്‍ ഉള്ളത് ? തല്‍ക്കാലം ഗവര്‍ണ്ണര്‍ നല്ല കുപ്പായവും കോട്ടുമിട്ട് രാജ്ഭവനില്‍ തന്നെ സസുഖം വാഴട്ടെ ; ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കട്ടെ . അതിനു വേണ്ടി തന്നെയാണല്ലോ ജുദീഷ്യരിക്ക് വലിയ കളങ്കം ഏല്‍പ്പിച്ചു സംഘപരിവാര്‍ നോമിനിയായി , മാന്യമായ വിശ്രമ ജീവിതം നയിക്കെന്ദത്തിനു പകരം അദ്ധേഹം കേരളത്തിലേക്ക് വച്ചുപിടിച്ചത് .
2001 ല്‍ ജസ്റ്റിസ് ബീ പി ജീവന്‍ റെഡി നേതൃത്വം നല്‍കിയ കമ്മീഷന്‍ 356 ആം വകുപ്പിന്റെ പ്രയോഗത്തെ സംബന്ധിച്ച് പറയുന്നത് തന്നെയാണ് ഇത് സംബന്ധിച്ച ആധികാരിക വിലയിരുത്തല്‍ . സംസ്ഥാന നിയമസഭയില്‍ സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ട്ടപ്പെടുകയോ, പ്രസ്തുത സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം സന്കീര്ന്നമാംവിധം തകരാരിലാവുകയോ ചെയ്യുമ്പോള്‍ മാത്രമേ ഗവര്ന്നര്‍ക്ക് ഇപ്പോള്‍ ജസ്റ്റിസ് സദാശിവം നല്കിയതുപോലെയുള്ള ഒരു റിപ്പോര്‍ട്ട് നല്‍കുവാന്‍ , രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. കേരളം എന്ന ഈ പാവം സംസ്ഥാനത്ത് ഇത്തരം യാതൊരുവിധ സാധ്യതയും നിലനില്‍ക്കുന്നില്ല എന്ന് ആര്‍ക്കും സംശയലെശമന്ന്യേ പറയാവുന്നതാണ് .
ഭരണഘടനയുടെ 202, 203 അനുചേദങ്ങള്‍ അനുസരിച്ച് ബജറ്റ് അവതരിപ്പിക്കുന്നത് ഗവര്ന്നര്‍ക്ക് വേണ്ട്യാണ് എന്നുള്ളത് കേവലം സാങ്കേതികം മാത്രമാണ് . ഭാവനാശാലിയും, ദീര്‍ഘടര്‍ഷിയും, മനുഷ്യസ്നേഹിയുമായ ഒരു ധനമന്ത്രി (മാണിയാനെന്നു തെറ്റിദ്ധരിക്കരുത്) മാസങ്ങളുടെ അധ്വാനം കൊണ്ട് ഉണ്ടാക്കിയവതരിപ്പിക്കുന്ന ഒരു ബജറ്റ് ഗവര്‍ന്നരുടെതാണ് എന്നത് ഒരു ബ്രിടീഷ് അസംബന്ധ സങ്കല്പം പിന്തുടരുന്നത് കൊണ്ട് മാത്രം തോന്നുന്ന ഒന്നാണ് . മാത്രമല്ല 202 മറ്റൊന്നുകൂടി നിഷ്ക്കര്ഷിക്കുന്നു . ബജറ്റ് ചട്ടപ്പടി അവതരിപ്പിക്കപ്പെട്ടു എന്നുറപ്പ് വരുത്തേണ്ടത് ഗവര്ന്നരുടെ ചുമതലയാണ് എന്ന് . എങ്കില്‍ കഴിഞ്ഞ ദിവസം സ്പീക്കറുടെ അസാന്നിധ്യത്തില്‍ “അവതരിപ്പിക്കപ്പെട്ട” ബജറ്റ് സാങ്കേതികമായിത്തന്നെയാണ് അവതരിക്കപ്പെട്ടത് എന്ന് എങ്ങിനയാണ് ഗവര്‍ണ്ണര്‍ തീര്‍പ്പ് കല്‍പ്പിച്ചത്? കേരള നിയമസഭയുടെ ചട്ടങ്ങളും, നടപടികളും അറിയുന്ന ഒരു കൊച്ചുകുട്ടിക്കുപോലും കഴിഞ്ഞ ദിവസം ബജറ്റ് “അവതരിക്കപ്പെട്ടിട്ടില്ല” എന്നറിയാം . ചുരുക്കത്തില്‍ ഗവര്‍ണ്ണര്‍ സദാശിവന്‍ 202 ആം അനുച്ചേധം അനുസരിച്ചുള്ള ബാധ്യതകള്‍ വിസ്മരിക്കുകയും അദ്ദേഹത്തിന് രാഷ്ട്രീയ താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ മാത്രം അഹിതകരമായി ഇടപെടുകയുമാണ് ഉണ്ടായത് എന്ന് ലളിതമായി മനസ്സിലാക്കാനാവും .
ഭരണഘടനയുടെ 174 ആം അനുചെദം അനുസരിച്ച് നിയസഭ വിളിച്ചുകൂട്ടുന്ന ഉത്തരവാദിത്വം മാത്രമാണ് ഗവര്ന്നര്‍ക്കുള്ളത് . അതിനുശേഷം മുഴുവനായും സഭ നിയന്ത്രിക്കുന്ന സഭാനാഥന്‍ സ്പീക്കര്‍ തന്നെയാണ് . ആ നിലക്ക് സഭാക്കകത്ത് നടക്കുന്ന യാതൊരുവിധ സംഭവങ്ങള്‍ക്കും ഉത്തരവാദിത്വം സ്പീക്കര്‍ക്ക് തന്നെയാണ് . സഭാച്ചട്ടങ്ങള്‍ക്ക് പുറത്തേക്കു പോകുന്ന രൂപത്തിലുള്ള ക്രിമിനല്‍ നടപടികള്‍ ഉണ്ടായാല്‍ പോലീസ് കേസ് കൊടുക്കുവാനുമുള്ള ഉത്തരവാദിത്വവും സ്പീക്കര്‍ക്ക് തന്നെയാണ് . നമ്മുടെ നിയസഭയിലെ പ്രത്യേക സാഹചര്യത്തില്‍ ബജറ്റിന്റെ സാധുത പരിശോധിക്കണമെന്ന പ്രപക്ഷ – ബീ ജേ പ്പി ആവശ്യത്തെ ഒരു മുഴം മുന്നോട്ടു നീട്ടി 356 ആം വകുപ്പിന്റെ പ്രയോഗത്തെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത് ആ നിലയില്‍ അസംബന്ധവും , നിര്ഭാഗ്യകരവുമാണ് .
കേരളം എന്ന ഈ പാവം സംസ്ഥാനത്ത് എത്ര കലാപങ്ങളും, വംശഹത്യയും , ആഭ്യന്തര യുദ്ധവു നടന്നു; ഭരണഘടനയുടെ പ്രയോഗം താറുമാറായി എന്ന് അദ്ദേഹം വ്യക്തമാക്കട്ടെ . ഭരണഘടന നടപ്പിലാവാത്ത നിയമസഭയില്‍ നടന്ന ബജറ്റ് മാത്രം എങ്ങനെ സാധുവായി എന്നതും അദ്ദേഹം പറയേണ്ടതുണ്ട്. ഈ വിഷയത്തില്‍ സ്പീക്കറുടെ ലൌദ്‌ സ്പീക്കര്‍ മാത്രമാണ് ഗവര്‍ണ്ണര്‍ എങ്കില്‍ അദ്ദേഹം മൌനം പാലിക്കണമായിരുന്നു. പ്രായോഗിക രാഷ്ട്രീയം ജഡ്ജിമാരുടെ കര്‍ക്കശക്കണ്ണിലൂടെ , വെട്ടൊന്ന് മുറിരണ്ട് രൂപത്തില്‍ കാണുന്നത് അസംബന്ധമാണ് . ഈ ഗവര്‍ണ്ണര്‍ പദവി തന്നെ എടുത്തു കളയേണ്ട സമയം അതിക്ക്രമിചിരിക്കുന്നു ,രാഷ്ട്രീയത്തില്‍ എടുക്കാ ചരക്കുകള്‍ ആയ കടല്‍ക്കിഴവന്മാരെയും , ഉന്നത പദവിയില്‍ നിന്ന് വിരമിച്ച "ഉപകാരികളെയും" പൊതുഖജനാവില്‍ നിന്ന് തീറ്റിപ്പോറ്റുന്ന ബ്രിട്ടീഷ് അസംബന്ധം പാര്‍ലമെന്റ് ഇടപെട്ടു അവസാനിപ്പിക്കേണ്ടതുണ്ട് .
ജട്ജിമാരോക്കെ റിട്ടയര്‍ ആയാല്‍ മാന്യമായ വിശ്രമ ജീവിതം നയിക്കുകയാണ് വേണ്ടത് . വംശഹത്യക്കാര്‍ക്ക് സൗജന്യം ചെയ്യുന്ന വിധിന്യായങ്ങള്‍ ഒരു ജനതയെ അപമാനിക്കുന്ന നിലപാടുകള്‍ എടുക്കാന്‍ കാരണമാകുന്നത് നിര്‍ഭാഗ്യകരമാണ് .