Monday, April 20, 2015

സീതാരാമന്റെ കാലത്തെ ഇടതുപക്ഷം.


In a higher phase of communist society... only then can the narrow horizon of bourgeois right be fully left behind and society inscribe on its banners: from each according to his ability, to each according to his needs.
- Karl Marx

'ആഗോളവൽക്കരണ കാലത്തെ സോഷ്യലിസം' എന്ന പുസ്തകമെഴുതിയത് സീ പീ എമ്മിന്റെ പുതിയ ജനറല്‍സെക്രട്ടറിയായ സഖാവ് സീതാറാം യെച്ചൂരിയാണ് . ആഗോളീകൃതമായ ഒരു ലോകക്രമമാണ് നൂറു കണക്കിന് ഇടതുകക്ഷികളെ ലോകത്താകമാനം ചരിത്രത്തിന്റെ ഭാഗമാക്കിയത് . ആഗോളവല്‍ക്കരണ നയങ്ങളോടുള്ള സമീപനം സ്വീകരിക്കുന്നതില്‍ സംഭവിച്ച വീഴ്ച മൂലമാണ് , സിന്ഗൂരും , നന്ദിഗ്രാമും സംഭവിച്ചത് . പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിദുര്‍ഗ്ഗമായിരുന്ന പശ്ചിമ ബംഗാളില്‍ പാര്‍ട്ടി അതീവ ദുര്ബ്ബലമായിപ്പോയത് . ആഗോളീകൃതമായ ഒരു വിപണിയുടെ പ്രലോഭനങ്ങളെയും , അധികാര ദുരകളെയും പ്രതിരോധിക്കാന്‍ ആവാഞ്ഞതിനാല്‍ തന്നെയാണ് കേരളത്തിലെ പാര്‍ട്ടിയിലെ വിഭാഗീയത ഒരു അര്‍ബ്ബുദം പോലെ പാര്‍ട്ടിയെ ഇപ്പോഴും വേട്ടയാടുന്നത് . പാര്ലമെന്റരി വ്യാമോഹം അത്രമേല്‍ സ്വാധീനം നേടിയ പാര്‍ട്ടി, അടിസ്ഥാന വര്‍ഗ്ഗത്തിന്റെയും , ദളിത്‌ - ആദിവാസി - സ്ത്രീ പ്രശ്നങ്ങളോട് ശാസ്ത്രീയമായി സംവദിക്കാനും , പ്രശ്ന പരിഹാരം കാണാനും ഏകദേശം പൂര്‍ണ്ണമായും തന്നെ പരാജയെപ്പെടുകയും ചെയ്തതിന്റെയും കാരണം നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളില്‍തട്ടി പാര്‍ട്ടിക്ക് സംഭവിച്ച സ്ഥല ജല വിഭ്രമം തന്നെയാണെന്ന് സൂക്ഷ്മമായി ഇടതുപക്ഷ രാഷ്ട്രീയം നിരീക്ഷിക്കുന്ന എല്ലാ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും മനസ്സിലാകും .

സീ പീ എമ്മിന്റെ പാര്‍ട്ടി സമ്മേളനം സംഘടനാപരമായും രാഷ്ട്രീയപരമായും പരിക്കുകള്‍ ഒന്നുമില്ലാതെ വിശാഖപട്ടണത്ത് വിജയകരമായി സമാപിചിരിക്കുന്നു . ഇന്റര്‍നെറ്റ് നിക്ഷ്പക്ഷത മുതല്‍ സാമ്രാജ്യത്വ അധിനിവേശം വരെ ആ പാര്‍ട്ടി ശാസ്ത്രീയമായി ചര്‍ച്ച ചെയ്യുകയും നിലപാടെടുക്കുകയും ചെയ്തിരിക്കുന്നു . കുടുംബവാഴ്ചയോ , ജാതി മത വര്‍ഗ്ഗ പരിഗണനകളോ കൂടാതെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിനിധികള്‍ എത്തിച്ചേരുകയും , മുന്‍വിധികളും പക്ഷപാതങ്ങളും കൂടാതെ മൂര്‍ത്തമായ രാഷ്ട്രീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും, സംവദിക്കാനും , ചര്‍ച്ചചെയ്യാനും , ശരിയും , ശാസ്ത്രീയവുമായനിലപാടെടുക്കാനും , സത്യസന്ധമായി സാധിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടി സീ പീ എം തന്നെയായിരിക്കും എന്നതില്‍ ശത്രുക്കള്‍ക്ക് പോലും സംശയമില്ല .






പ്ലാസ്റ്റിക് പരിപൂര്‍ണ്ണമായി ഒഴിവാക്കി , ആഡംബരത്തിന്റെ അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കാതെ , പൊളി ബ്യൂറോ മെമ്പര്‍ സഖാവ് രാഘവലുപോലും ഒരു സാധാരണ പ്രവര്‍ത്തകനെപ്പോലെ വിയര്‍പ്പൊഴുക്കി സമ്മേളന നഗരി സജ്ജീകരിക്കുന്നതിന്റെ ലാളിത്യവും , ഇക്കാലത്തും ഇന്ത്യയില്‍ കമ്യൂനിസ്ട്ടുകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് .

പക്ഷേ ഇത്ര ലളിതവും , മനോഹരവുമല്ല ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികള്‍ .ഇന്ത്യന്‍രാഷ്ട്രീയത്തില്‍ വലതുപക്ഷ ചായ്‌വ് മുന്‍കൈ നേടിയിരിക്കുന്നു. ഹിന്ദുത്വദേശീയതയും ആഭ്യന്തര-വിദേശ മൂലധനശക്തികളാല്‍ നിയന്ത്രിക്കുന്ന നവഉദാരീകരണ ആശയങ്ങളും ഇഴചേര്‍ന്നപ്പോള്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ തുടങ്ങി ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങള്‍ വരെ ആ ആശയങ്ങളുടെ പ്രചാരകരായി. അങ്ങനെ പുതിയ രാഷ്ട്രീയ പരിതസ്ഥിതികളും, അവ സൃഷ്ട്ടിക്കുന്ന ജനവിരുദ്ധമായ വെല്ലുവിളികളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മതപരമായ ഭിന്നിപ്പിനും തിളങ്ങുന്ന ഇന്ത്യയും (Shining India) കഷ്ടപ്പെടുന്നവരുടെ ഇന്ത്യയും (Suffering India) എന്ന വിഭജനം കൂടുതല്‍ രൂക്ഷമാക്കുന്നതിനും വഴിവെക്കുമെന്നതാണ് പുതിയ പരിതസ്ഥിതി ഉയര്‍ത്തുന്ന വെല്ലുവിളി. സാമ്പത്തിക അസമത്വം വര്‍ദ്ധിതമായ ഇന്ത്യ ഇന്നിന്റെ യാഥാര്‍ത്യമാകുന്നു .. നവലിബറല്‍ സാമ്പത്തിക വളര്‍ച്ചക്കായി ക്ഷേമ പരിപാടികള്‍ ചുരുക്കുന്നതില്‍ കൊണ്ഗ്രസ്സിനും , ഭാരതീയ ജനതാ പാര്‍ട്ടിക്കുമുള്ള വീക്ഷണങ്ങളില്‍ വ്യത്യാസമൊന്നുമില്ല . ഉദാരവല്‍ക്കരണ നയങ്ങളെ പ്രതിരോധിക്കാന്‍ കെല്‍പുള്ള, അധ്വാനിക്കുന്നവരെ മതത്തിന്റെ മേലാപ്പുപയോഗിച്ച് ശിഥിലമാക്കുന്ന ദയനീയതയും ഇന്നിന്റെ ആസുര യാഥാര്‍ത്ഥ്യമാണ് . മതവും മൂലധനവും തമ്മിലുള്ള ബാന്ധവം ശക്തമാക്കുപ്പെടുന്ന കാഴ്ചക്ക് മികച്ച ഉദാഹരണം കേരളം തന്നെയാണ് . ആത്മീയ വാണിഭക്കാര്‍ മതങ്ങളെയും , രാഷ്ട്രീയ ശക്തികളെയും വിലകെട്ടി വാങ്ങിയിരിക്കുന്നു . വര്‍ഗീയത മൂലധനത്തിനെയും മൂലധനം വര്‍ഗീയതയെയും പരിപോഷിപ്പിക്കുന്നു. വര്‍ഗീയതയും മൂലധനവും 'മോദി'യില്‍ രക്ഷകനെ കാണുന്നു. പാര്‍ലമെന്ററി വ്യവസ്ഥയെ ദുര്‍ബലമാക്കി പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാകുന്നത് ഭയക്കേണ്ടിയിരിക്കുന്നു . സങ്കീര്‍ണതകളിലേക്ക് ജനജീവിതം വഴിതിരിയും. ഇന്ത്യയിലെ മധ്യവര്‍ഗം ഉദാരവല്‍ക്കരണ ആഡംബര ഉപഭോഗത്തിന്റെ ഗുണഭോക്താക്കളും , ഉപഭോക്താക്കളും മാത്രമാണ് . അവരിലെ പുതുതലമുറയാവട്ടെ അരാഷ്ട്രീയവാദികളും , അസഹിഷ്ണുക്കളും ആയിത്തീര്‍ന്നിരിക്കുന്നു .




മേല്‍സാഹചര്യത്തില്‍ നിരായുധനായ ഒരു രക്ഷകനെപ്പോലെയാണ് ഇന്ത്യയിലെ പ്രാന്തവല്‍കൃതരുടെയും ക്ഷുഭിത യുവത്വത്തിന്റെയും കീഴ്‌പ്പെടുത്തപ്പെട്ട സ്ത്രീകളുടെയും ഒരു വലിയ സമൂഹം ഇടതുപക്ഷത്തിനെ നിസ്സഹായതയോടെ നോക്കിക്കാണുന്നത് . ഈ നിരായുധമായ യുദ്ധമുന്നണിയുടെ പടതലവനായാണ് സീതാറാം യെച്ചൂരി രംഗപ്രവേശനം ചെയ്യുന്നത് . ഈ ഘട്ടത്തില്‍ ഇടതുപക്ഷത്തിന്റെ നവീകരണവും ശക്തിപ്പെടുത്തലും ഈ കാലഘട്ടത്തിന്റെ അ ടിയന്തിര ആവശ്യമാണെന്നും, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വലതുപക്ഷത്തേക്കുള്ള വ്യതിയാനം ഉയ ര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ എൈക്യത്തോടെ നില്‍ക്കുന്നതും പുനരുജ്ജീവനം നേടിയതു മായ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിനാലാകാം പാര്‍ട്ടി സമ്മേളനത്തിലേക്ക് മറ്റു പ്രമുഖ ഇടതു കക്ഷികളെയും സീ പീ എം ക്ഷണിക്കുകയുണ്ടായത് .

സാമ്രാജ്യത്വ ആഗോളവല്ക്കരണവും രണ്ടു ദശാബ്ദക്കാലത്തെ നവലിബറല്‍ നയങ്ങളും ഇന്ത്യന്‍ സമൂഹത്തില്‍, അതിന്‍റെ വര്‍ഗ ഘടനയിലും സാമൂഹ്യ രാഷ്ട്രീയ ബന്ധങ്ങളിലും ശ്രദ്ധേയങ്ങളായ മാറ്റങ്ങള്‍ വരുത്തി. ആ മാറ്റങ്ങള്‍ ജീവിത നിലവാരത്തില്‍ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു മധ്യ വര്‍ഗ്ഗത്തെ ഇന്ത്യയില്‍ സൃഷ്ട്ടിച്ചു , പക്ഷേ അടിസ്ഥാന വര്‍ഗ്ഗത്തിന്റെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെയും ദാരിദ്ര്യം നാള്‍ക്കുനാള്‍ വര്‍ധിച്ചു . കര്ഷക ആതമഹത്യകള്‍ നമുക്ക് ഒരു കോളം വാര്‍ത്ത പോലും അല്ലാതായി . യൂറോപ്പ് ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ച റാഫേല്‍ വിമാനങ്ങള്‍ ചോദിച്ച വിലകൊടുത്തു വാങ്ങുന്ന പ്രധാനമന്ത്രിയുടെ നാട്ടിലെ മഹാരാഷ്ട്ര എന്ന സംസ്ഥാനത്ത് മാത്രം കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ കാലം തെറ്റി പെയ്ത മഴ കാരണം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 601 ആണ് എന്നത് നമ്മെ ഞെട്ടിക്കാത്ത വാര്തയായിരിക്കുന്നു .

ഒരു നവലിബറല്‍ ഭരണത്തിനു കീഴിലുള്ള ഈ മാറ്റങ്ങള്‍ മനസ്സിലാക്കുക, നേരിടുക, അതിന് ഉചിതമായ അടവും തന്ത്രവും രൂപപ്പെടുത്തുക എന്നതാണ് ഇന്ന് ഇടതുപക്ഷത്തിന്‍റെ മുന്നിലെ മുഖ്യ വെല്ലുവിളി. കഴിഞ്ഞ ഒരു ദാശാബ്ധക്കാലാമായി ഇന്ത്യയിലെ ഇടതുപക്ഷം ഈ വെല്ലുവിളി നേരിടുന്നതില്‍ ഭീതികതമായ പരാജയമായിരുന്നു . പ്രത്യേകിച്ച് അതിന്റെ അമരക്കാരന്‍ സഖാവ് പ്രകാശ് കാരാട്ട് . അങ്ങിനെ ഇടതുപക്ഷം ഭരിക്കുന്ന ഭൂമികകളില്‍ പോലും നന്ദിഗ്രാമും , സിന്ഗൂരും ഉണ്ടായി . കര്‍ഷകന്റെ കണ്ണുനീരും , രക്തവും പടര്‍ന്ന മണ്ണ് ഇടതുപക്ഷത്തിന്റെ ശേഷക്ക്രിയകള്‍ക്കും വേദിയായി .


ഇടതുപക്ഷം അതിന്‍റെ അടവുനയം മൂര്‍ത്തമായ വിശകലനങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തണം. വര്‍ഗസമരവും രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും മുന്നേറേണ്ട ദിശ ഇതിന്‍റെ അടിസ്ഥാനത്തില്‍ തിട്ടപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഇടതുപക്ഷം സ്വീകരിച്ച അടവുനയങ്ങള്‍ ഹിമാലയന്‍ പരാജയങ്ങളും , പാര്‍ട്ടിയുടെ തന്നെ വളര്‍ച്ചയെ മുരടിപ്പിക്കുന്നതും ആയിരുന്നുവെന്നു പാര്‍ട്ടി തന്നെ ഒടുവില്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നു . ആഗോള ഫിനാന്‍സ് മൂലധനത്തിന്‍റെ വളര്‍ച്ചയ്ക്കും നവലിബറലിസത്തിന്‍റെ വ്യാപനത്തിനും അനുബന്ധമായി ഇന്ത്യയില്‍ വളര്‍ന്നു വന്ന ഒന്നാണു സ്വത്വവാദ രാഷ്ട്രീയം. ജാതി, മതം, ഗോത്രം, വംശം, ദേശം എന്നിവയെ അടിസ്ഥാനമാക്കുന്ന സ്വത്വവാദ രാഷ്ട്രീയം ഇന്ത്യയിലെ ഇടതുപക്ഷത്തിനു മുന്നില്‍ വലിയൊരു വെല്ലുവിളി ഉയര്‍ത്തുന്നു. ഇത്തരം രാഷ്ട്രീയം സ്വന്തം താല്പര്യത്തിന് അത്യുത്തമമാണെന്നു ഭരണവര്‍ഗവും സാമ്രാജ്യത്വ ഫിനാന്‍സ് മൂലധനവും കാണുന്നു. ജനങ്ങളെ ഇടുങ്ങിയ സ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതും അവരെ തമ്മില്‍ അകറ്റി നിറുത്തുന്നതും മൂലധനത്തിന്‍റെയും ഭരണകൂടത്തിന്‍റെയും വാഴ്ചയ്ക്ക് ഒരു ഭീഷണിയുമില്ല എന്നുറപ്പാക്കുന്നു. പൊതുവര്‍ഗ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്തും, അതോടൊപ്പം തന്നെ, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ അനുഭവിക്കുന്ന ജാതി, സാമൂഹ്യ-ലിംഗ അടിച്ചമര്‍ത്തലുകളുടെ പ്രശ്നങ്ങള്‍ എന്നിവ ഏറ്റെടുത്തും സ്വത്വരാഷ്ട്രീയത്തെ നേരിടുക എന്നതാണ് ഇടതുപക്ഷത്തിന്‍റെ മുന്നിലുള്ള വെല്ലുവിളി. അതൊരു സീതാരാമന്റെ "വന്മാന്‍ഷോ" കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങലായിരിക്കുമെന്നു സീ പീ എം പോലും കരുതുന്നുണ്ടാവും എന്ന് വിചാരിക്കാന്‍ കഴിയില്ല .

നവലിബറല്‍ വീക്ഷണം സാമ്പത്തികരംഗത്തു മാത്രമായി ഒതുങ്ങി നില്ക്കുന്ന ഒന്നല്ല. രാഷ്ട്രീയത്തിലും രാഷ്ട്രീയ വ്യവസ്ഥയിലും അതിന് അഗാധമായ സ്വാധീനമുണ്ട്. വന്‍ ബിസിനസ്സും / മൂലധനവും രാഷ്ട്രീയവുമായുള്ള കൂട്ടുകെട്ടു കൂടുതല്‍ വെളിവാക്കപ്പെടുകയാണ്. ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളില്‍ കൂടുതല്‍ കൂടുതല്‍ ബിസിനസ്സുകാരും മുതലാളിമാരും പല തലത്തിലും രാഷ്ട്രീയക്കാരായി വരുന്നു. തെരഞ്ഞെടുപ്പുകളില്‍ മുമ്പെങ്ങുമില്ലാത്ത വണ്ണം ധനശക്തിയുടെ പ്രയോഗം ഈ കൂട്ടുകെട്ടിന്‍റെ നേരിട്ടുള്ള ഒരു ഫലമാണ്. ഈ പ്രവണതകള്‍ എല്ലാം തന്നെ ആത്യന്തികമായി ക്ഷീണിപ്പിക്കുന്നതും , വെല്ലുവിളികള്‍ ആയിമാരുന്നതും ഇടതുപക്ഷത്തിനു തന്നെയായിരിക്കും .

ചുരുക്കത്തില്‍ യെച്ചൂരിയുടെ ഇടതുപക്ഷത്തിനു മുന്നില്‍ ചെമ്പരവതാനിയും , പൂക്കളും വിരിച്ച പാതയോന്നുമില്ല . ഫാസിസ്റ്റ് കളുടെയും , ബംഗാളില്‍ തൃണമൂല്‍ കോണ്ഗ്രസ് പാര്‍ട്ടിയുടെയും ശാരീരികമായ ഉന്മൂലന ഭീകരതകളെക്കൂടി നേരിട്ടുകൊണ്ടാണ്‌ ഇന്ത്യയില്‍ ഇന്ന് കമ്യൂണിസ്റ്റുകള്‍ ജീവിക്കുന്നത് . ഈ ഘട്ടത്തില്‍ ഇന്ത്യയിലെ എല്ലാ ചൂഷിത – പീഡിത സമൂഹങ്ങളെയും ഏകോപിപ്പിക്കുന്ന നിലപാടും പ്രവര്‍ത്തനവുമായിരിക്കണം ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ കാതല്‍. രാഷ്ട്രീയ കാലാവസ്ഥയുടെ ഭേദമനുസരിച്ച്‌ ഇതിനു സ്വീകരിക്കുന്ന നയങ്ങളും കൗശലങ്ങളും വ്യത്യാസപ്പെട്ടിരിക്കാം. അടിസ്ഥാന കാഴ്‌ച്ചപ്പാടില്‍ മാറ്റം വരുന്നില്ല. ഇതു കമ്യൂണിസ്റ്റു ഇന്റര്‍ നാഷണല്‍ പിരിച്ചുവിടുന്ന കാലത്ത്‌ ആവര്‍ത്തിച്ചുറപ്പിച്ച പ്രമേയമാണ്‌. പുതിയ മുതലാളിത്തം ലോക സാഹചര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കുമ്പോഴും ഈ തത്വം മുറുകെപിടിക്കുമെന്നാണ്‌ 1992ല്‍ കല്‍ക്കത്തയില്‍ കൂടിയ ലോക കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ സമ്മേളനവും 1997ല്‍ ഹവാനയിലും സമീപകാലത്ത്‌ ഏതന്‍സിലും ചേര്‍ന്ന തൊഴിലാളി പ്രസ്ഥാനങ്ങളുടെ സമ്മേളനവും ഉറക്കെ പ്രഖ്യാപിച്ചത്‌.

പാര്‍ട്ടിയുടെ നേതാക്കാളില്‍ , അണികളില്‍ പുതിയൊരു രഷ്‌ട്രീയ സംസ്‌കാരം - സഹിഷ്‌ണുതയുള്ളതും വൈവിധ്യത്തെ അംഗീകരിക്കുന്നതുമായ ഒരു സംസ്‌കാരം, ഇടതുപക്ഷ ഐക്ക്യങ്ങളെ ഭിന്നിപ്പിക്കുന്ന എല്ലാറ്റിനെയും പിറകോട്ടു തള്ളുന്ന, അവരെ കൂട്ടിയിണക്കുന്ന എല്ലാറ്റിനെയും മുന്നോട്ടുവയ്‌ക്കുന്ന ഒരു സംസ്‌കാരം, ഐക്യദാര്‍ഢ്യം, മാനവികത, അന്യചിന്താബഹുമാനം, പ്രകൃതിസംരക്ഷണം മുതലായ മൂല്യങ്ങളെ ആധാരമാക്കിയുള്ള ഒരു സംസ്‌കാരം, സ്വകാര്യലാഭവും വിപണിനിയമങ്ങളുമാണ്‌ മനുഷ്യപ്രവര്‍ത്തനത്തിന്റെ മുഖ്യചാലകശക്തികള്‍ എന്ന ധാരണയെ തിരസ്‌കരിക്കുന്ന ഒരു സംസ്‌കാരം ഉത്തേജിപ്പിക്കാനും അതുവഴി ഇടതുപക്ഷത്തെ പുനര്‍നിര്‍മിക്കാനും യെച്ചൂരിയുടെ പുതിയ നേതൃത്വവും , അത് നല്‍കുന്ന ഊര്‍ജ്ജവും , ജനതാ പരിവാര്‍ പോലുള്ള പാര്‍ട്ടികളുടെ ലയനവും വഴിയൊരുക്കുമെന്ന് ഇന്ത്യയിലെ സാധാരണക്കാര്‍ പ്രത്യാശിക്കുന്നു. കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങളെ ആകര്‍ഷിക്കുകയും കൂട്ടായ സമരങ്ങള്‍ക്ക്‌ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇടങ്ങള്‍ ഒരു ക്കുകയെന്നതാണ്‌ ഉത്‌പതിഷ്‌ണുത്വം. മനുഷ്യര്‍ എന്ന നിലയ്‌ക്ക്‌ സമരങ്ങളിലൂടെയാണ്‌ ഇടതുപക്ഷം വളരുന്നതും മാറുന്നതും. ഇടതുപക്ഷ അണികള്‍ ഒട്ടേറെ പേരുണ്ടെന്നും ഒരേ ലക്ഷ്യത്തിനുവേണ്ടിയാണ്‌ അവരെല്ലാം സമരം ചെയ്യുന്നതെന്നുമുള്ള തിരിച്ചറിവാണ്‌ ആ ജനവിഭാഗത്തെ ശക്തരും ഉല്‍പതിഷ്‌ണുക്കളുമാക്കുന്നത്‌. അസാധ്യമായതിനെ സാധ്യമാക്കുന്ന കലയിലൂടെ മാത്രമേ വിപ്ലവരാഷ്‌ട്രീയത്തെ കാണാന്‍ കഴിയൂ.

യെച്ചൂരി ഒരേസമയം ഒരു ഇടതുപക്ഷ സൈദ്ധാന്തികനും , ബുദ്ധിജീവിയും , കേമനായ പാര്ലമെന്റെരിയനും , യുവജനത്ക്ക് മുന്നിലെ പൊളിറ്റിക്കല്‍ ഐക്കണും , അവരോടു സംവദിക്കാന്‍ ശേഷിയുള്ള ജനകീയ മുഖമുള്ളയാളും , കേമനായ സംഘാടകനും , ദേശീയ രാഷ്ട്രീയത്തില്‍ എല്ലാ പാര്‍ട്ടികളിലും സൌഹൃദത്തിന്റെ സമ്പന്നത സ്വന്തമായുള്ളവനും തന്നെയാണ് . ഒരു പക്ഷേ സീ പീ എം പോളിറ്റ് ബ്യൂറോയില്‍ പ്രതിഭകൊണ്ടും, പ്രഭാവംകൊണ്ടും അതുല്യനായ നേതാവ് . സാങ്കേതികവിദ്യയോട് ഒപ്പം നില്‍ക്കുന്ന ഒരു യുവതയോട് സംവദിക്കാനും , ഫാസിസ്റ്റ് രാഷ്ട്രീയത്തെ ഏറ്റവും ആധുനികമായ രാഷ്ട്രീയ സങ്കേതങ്ങളെ ഉപയോഗിച്ച് ചെറുക്കാനും , കോര്പ്പരെറ്റ് ചൂഷണങ്ങളെ ധീരമായി പ്രതിരോധിക്കാനും , ആധുനികനും, വിദ്യാസമ്പന്നനും , താരതമ്മ്യേന ചെറുപ്പവുമായ ഒരു സഖാവിനെ നേതാവായി ആവശ്യമായിരുന്നു ഇന്ത്യന്‍ ഇടതുപക്ഷത്തിനു .വിശാഖപട്ടണത്തെ വിവേകമതികള്‍ അത് തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് തന്നെയാണ് യെച്ചൂരിയുടെ തിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത് . ഇന്ത്യയിലെ ഫാസിസ്റ്റ് - കൊര്‍പ്പരെറ്റ് കൂട്ടുകെട്ടിന്റെ ആസുരതയില്‍ ചതഞ്ഞരയുന്ന ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സീതാരാമന്റെ കാലത്തെ ഇടതുപക്ഷത്തിനു ശുഭാശംസകള്‍ .

No comments:

Post a Comment