Thursday, April 23, 2015

ഞങ്ങള്‍ക്ക് ദയാവധം തരാമോ ?!



നമ്മുടെ നാട്ടില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ പോലെ രാജ്യത്തൊട്ടാകെ "കര്‍ഷക വധ സമ്പര്‍ക്കങ്ങള്‍ " സംഘടിപ്പിക്കണം . രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ദാരിദ്യം വന്നു, നരകിച്ച്‌ , യാതനകള്‍ അനുഭവിച്ചു മരണപ്പെടുന്നതിനു മുന്പ് മോഡിയും ചാണ്ടിയുമൊക്കെ സംയുക്തമായി അവരെ വെടിവച്ചോ , അഡോള്‍ഫ് ഹിറ്റ്ലര്‍റുടെ നാസികാലത്തെ ഓര്‍മ്മിപ്പിക്കും വിധം ഗില്ലറ്റ് ബ്ലേഡ് ഉപയോഗിച്ചോ കൊന്നുകളയണം . ദയാവധത്തിന് വേണമെങ്കില്‍ നിയമം നിര്‍മ്മിക്കട്ടെ ...!!!
1) കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയിലെക്കൊന്നും ഞാന്‍ പോകുന്നില്ല; എന്റെ വീട്ടിലെ റബ്ബര്‍തോട്ടം ടാപ്പ് ചെയ്തിട്ട് മാസങ്ങളായി . നിലവിലെ വിലക്ക് ടാപ്പിംഗ്കാരന് കൂലി കൊടുത്തു കിലോക്ക് 115 രൂപ നിരക്കില്‍ വിറ്റ്റബ്ബര്‍ കൃഷി ചെയ്‌താല്‍ ഒടുക്കം നഷ്ട്ടം നികത്താന്‍ തോട്ടം വില്‍ക്കേണ്ട അവസ്ഥയിലാണ് . എന്റെയും അനിയന്റെയും വരുമാനം കൊണ്ടാണ് ഇപ്പോള്‍ കുടുംബം കഴിഞ്ഞു പോകുന്നത് . ഞങ്ങളുടെ വീട്ടില്‍ നിന്നും വിഭിന്നമായി മക്കള്‍ പ്രൊഫഷണലുകള്‍ ഒന്നുമല്ലാത്ത , ചെറുകിട കര്‍ഷകരായ ലക്ഷക്കണക്കിന്‌ മനുഷ്യര്‍ കേരളത്തില്‍ മാത്രമുണ്ട് . അവരുടെയൊക്കെ വീട്ടില്‍ അടുപ്പ് പുകയുന്നുണ്ടോ എന്ന് മോഡിയോ , ചാണ്ടിയോ അന്വേഷിക്കുന്നുണ്ടോ ?
2) ഇന്നലെ AAP റാലിക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ചിത്രങ്ങളില്‍ ഒന്നാണ് താഴെ . AAP പ്രവര്‍ത്തകരും , നേതാക്കളും , പോലീസുകാരും നോക്കിനില്‍ക്കെയാണ് ദാരിദ്ര്യം മൂലം വീട് വിട്ടിറങ്ങിയ പാവം രാജസ്ഥാനി കര്‍ഷകന്‍ ജീവന്‍ വെടിഞ്ഞത് . കൊര്‍പ്പരെറ്റ് ദാസ്യവേല മാത്രമുള്ള ഈ ദുഷിച്ച വ്യവസ്ഥിതിയോട് കലാപം പ്രഖ്യാപിച്ചുകൊണ്ട് പ്രാണന്‍ പറിച്ചെറിഞ്ഞു പ്രതിഷേധിക്കുകയാണ് പാവം കര്‍ഷകര്‍ .
3) യൂറോപ്പ് ചവട്ടുകൊട്ടയിലെരിഞ്ഞ 63 യുദ്ധവിമാനങ്ങളാണ് $7.6 Billion ഡോളര്‍ കൊടുത്തു നരേന്ദ്രമോഡി കച്ചവടമാക്കിയത് . ആ സമയത്ത്, കേവലം മൂന്നു മാസത്തിനിടെ മഹാരാഷ്ട്രയില്‍ മാത്രം 601 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടായിരുന്നു . BJP യുടെ മഹാനായ മുന്‍ അധ്യക്ഷന്‍ നിതിന്‍ഗദ്ക്കരി കര്‍ഷകരെ ഉപദേശിച്ചത് ദൈവത്തെയും സര്‍ക്കാറിനെയും കൃഷിക്കാര്‍ ആശ്രയിക്കരുതെന്ന മഹത്തായ ആശയമായിരുന്നു . മോഡിക്കും , അടാനിക്കും ആവുകയും ചെയ്യാം ..!!
4) ഇന്നലെ രാഹുലിന്റെ പ്രസംഗം ഏതാണ്ട് മുഴുവനായിത്തന്നെ കേട്ടു , ലോക്സഭാ ടീവിയില്‍ , ഉള്ളത് പറയാമല്ലോ , ഗംഭീര പ്രസംഗമായിരുന്നു . പക്ഷേ 400 ദിവസത്തോളം പ്രായമുള്ള മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനു മുന്പ് പത്തു വര്ഷം താനും , അമ്മയും , മന്മോഹനും ഇന്നാട്ടിലെ കര്‍ഷകരെ ദ്രോഹിച്ചത് രാഹുലിന് മറക്കാനാകുമോ . താഴെ ചിത്രത്തില്‍ കാണുന്ന രണ്ടു രൂപയുടെ ചെക്കും പിടിച്ചു നില്‍ക്കുന്ന കര്‍ഷകന്റെ ദയനീയ സ്ഥിതി രാഹുലിന്റെ പാര്‍ട്ടിയുടെ ഗവണ്മെന്റിനെ സൃഷ്ട്ടിയാണ് .
5) നമ്മുടെ വയനാട്ടിലും , ഇടുക്കിയിലും മറ്റും മരിച്ച നൂറുകണക്കിന് കര്‍ഷകരെ നമ്മള്‍ പോലും മരന്നുപോയില്ലേ . ഈ രാജ്യമാണോ 2030 ഓട് കൂടി ലോകത്തെ സ്വര്‍ഗ്ഗപൂങ്കാവനം ആകുമെന്ന് രാഷ്ട്രീയക്കാര്‍ പറയുന്നത് . റാഫേല്‍ വിമാനവും , അംബാനിയുടെയും , അദാനിയുടെയും മുന്നിലുള്ള ദാസ്യവേലയും, ചോറും , ചപ്പാത്തിയും , മരുന്നും ഉണ്ടാക്കാത്ത കാലത്തോളം കര്‍ഷകനെ സംരക്ഷിച്ചില്ലെങ്കില്‍ ഈ നാട് നശിച്ചു മറ്റൊരു ഗ്രീസോ , അര്‍ജന്റീനയോ ആയി മാറും .
6) അതുകൊണ്ട് ഞാനും എന്റെ പിതാവും ഉള്‍പ്പെടുന്ന കോടിക്കണക്കിനു കര്‍ഷകരെ ദയാവധത്തിന് വിധേയരാക്കാന്‍ ദയവായി ഈ സര്‍ക്കാരുകള്‍ നടപടികള്‍ എടുക്കണം . വയലുകളും , ധാന്യ കൃഷിയും ഒന്നുമില്ലാത്ത , കോണ്ക്രീറ്റ് കാടുകളും , കൊര്‍പ്പരെറ്റ് ഓഫീസുകളും മാത്രമുള്ള ഒരു കിനാശേരിക്ക് ഭരണകൂടം തയ്യാറാവുക . ഭാരതം ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കട്ടെ , കൂട്ടത്തില്‍ അദാനിയും , അംബാനിയും ...! 

No comments:

Post a Comment