Thursday, May 7, 2015

പാതകളിലുറങ്ങുന്ന പാപികള്‍ ; ബോളിവുഡിലെ വിശുദ്ധര്‍ !!

2002 സെപ്തംബര്‍ 28ന് പുലര്‍ച്ചെയായിരുന്നു സല്‍മാന്‍ ഖാന്റെ കാറിടിച്ച് മുബൈ ബാന്ദ്രയില്‍ അമേരിക്കന്‍ എക്‌സ്പ്രസ് ബേക്കറിക്ക് സമീപം നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്ന ഒരാള്‍ മരിക്കുകയും നാല്‌പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. നൂറുള്ള മെഹബൂബ് ഷെറീഫാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട സല്‍മാന്‍ ഖാന്‍ എട്ടുമണിക്കൂറിന് ശേഷം കീഴടങ്ങി.ഖാനെതിരെ ആദ്യം ഐപിസി 304 എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഒക്ടോബറോടെ കേസിന്റെ ഗൗരവം മനസിലാക്കിയ പൊലീസ് 304 വകുപ്പ് രണ്ട് കൂടി ചുമത്തി മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുന്നു.
നീണ്ട പതിമൂന്നു വര്‍ഷത്തെ കോടതി നടപടികള്‍ക്ക് ശേഷം ഏപ്രില്‍ ഒന്നിന് പബ്ലിക്ക്
പ്രോസിക്യൂട്ടര്‍ പ്രതീപ് ഗരാത് അവസാനവട്ട വാദം നടത്തി. ഏപ്രില്‍ 10ത്തോടെ പ്രതിഭാഗം അഭിഭാഷകന്‍ ശ്രീകാന്ത് ശിവ്‌ദെയു വാദം പൂര്‍ത്തിയാക്കുന്നു. ഏപ്രില്‍ ഇരുപതോടെ കേസിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി. ഇന്നലെ കേസിന്റെ വിധിയും വന്നു , സല്‍മാന്‍ ഖാന് കോടതി അഞ്ചു വര്ഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുന്നു . ഇന്ത്യന്‍ കോടതികളില്‍ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ സംഭവിക്കുന്ന സമാനതകളില്ലാത്ത വേഗതക്കുറവും , പാര്‍പ്പിടതിനുള്ള അവകാശം നമ്മുടെ ഭരണഘടനാവകാശമല്ല എന്ന പോരായ്മയുമാണ് ഒരു നിയമ വിദ്യാര്‍ഥി എന്ന നിലയില്‍ ഈ കേസില്‍ എന്നെ ആശങ്കപ്പെടുത്തിയ കാര്യങ്ങള്‍ .
പൊതുവേ സല്മാനുള്ള ശിക്ഷ ഇന്ത്യന്‍ സമൂഹവും അതിന്റെ മധ്യവര്‍ഗ്ഗ പരിചേദമായ സോഷ്യല്‍ മീഡിയകളും സ്വാഗതം ചെയ്തു . ഇന്ത്യന്‍ സിനിമയുടെ തറവാടായ ബോളിവുഡ് ആകട്ടെ അത്ഭുതകരമാം വിധം പ്രതിലോമകരമായാണ് ഈ കോടതി വിധിയോടു പ്രതികരിച്ചത് . ഞങ്ങള്‍ എന്തോ അന്യ ഗ്രഹതിലുള്ള അതിമാനുഷര്‍ ആണെന്നും , ഇന്നാട്ടിലെ നിയമ നീതി വ്യവസ്ഥകളില്‍ നിന്നൊക്കെ ഞങ്ങള്‍ സിനിമാക്കാര്‍ അതീതരാണെന്നുമുള്ള മട്ടിലായിരുന്നു ചില ബോളിവുഡ് സെലബ്രിട്ടികളുടെ പ്രതികരണം . അതുകൊണ്ടുതന്നെ സല്‍മാനെ ശിക്ഷിച്ചതിന് തെരുവില്‍ കിടന്നുറങ്ങിയ പട്ടിണിപ്പാവങ്ങളായ മനുഷ്യരെ മുതല്‍ ലാന്‍ഡ് ക്രൂയിസര്‍ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട കമ്പനിയെ വരെ ബോളിവുഡ് സിംഹങ്ങള്‍ ഭര്‍ത്സിച്ചു.
ഇരകളോട്‌ അമര്‍ഷവുമായി ഏകദേശം ബോളിവുഡ്‌ മുഴുവനായി രംഗത്ത്‌ വന്നു . വഴിയില്‍ കിടന്നുറങ്ങുന്നവര്‍ പട്ടികളാണെന്നുള്ള ഗായകന്‍ അഭിജിത്തിന്റെ ട്വിറ്റര്‍ അഭിപ്രായം വന്‍വിവാദമാവുകയും ചെയ്‌തു. പട്ടികളാണു റോഡില്‍ കിടന്നുറങ്ങുന്നതെന്നും പട്ടിയുടെ മരണമാണവര്‍ക്ക്‌ ഉണ്ടാകുകയെന്നും പണമില്ലാത്തവന്റെ തന്തയുടെ വകയല്ല വഴിയരികെന്നുമൊക്കെ പറഞ്ഞു നിലവിട്ട രീതിയിലാണ്‌ സല്‍മാനെ പിന്തുണയ്‌ക്കാനെന്ന പേരില്‍ അഭിജിത്ത്‌ ട്വീറ്റ്‌ ചെയ്‌തത്‌. ട്വീറ്റ്‌ വിവാദമായതോടെ വന്‍രോഷം സോഷ്യല്‍മീഡിയയില്‍ പടര്‍ന്നെങ്കിലും അഭിപ്രായം മാറ്റാന്‍ അഭിജിത്ത്‌ തയാറായില്ല. മാത്രമല്ല തന്റെ വാദത്തെ ന്യായീകരിച്ച്‌ ഇയാള്‍ ടിവി ചാനലുകളിലുമെത്തി.
സംവിധാകയനും നടനും ഹൃത്വിക്‌ റോഷന്റെ മുന്‍ഭാര്യ സൂസൈയ്‌ന്‍ ഖാന്റെ പിതാ
വുമായ സഞ്‌ജയ്‌ ഖാന്റെ മകള്‍ ഫറാ ഖാനാണ്‌ അടുത്ത വെടി പൊട്ടിച്ചത്‌. വീടില്ലാതെ റോഡരികില്‍ ആളുകള്‍ കിടക്കുന്നതിന്റെ ഉത്തരവാദി സര്‍ക്കാരാണെന്നും ആളുകള്‍ വഴിയില്‍ കിടന്നില്ലായിരുന്നുവെങ്കില്‍ സല്‍മാന്‍ കുറ്റക്കാരനാകില്ലെന്നുമായിരുന്നു ഫറാ ഖാന്റെ ട്വീറ്റ്‌. സല്‍മാനോടുള്ള ഐക്യദാര്‍ഢ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചാണു ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ പ്രതികരിച്ചത്‌.തന്റെ അമ്മയുടെ ജീവന്‍ രക്ഷിച്ചത്‌ സല്‍മാനാണെന്നും അത്‌ ഒരിക്കലും മറക്കില്ലെന്നുമായിരുന്നു ദിയ മിര്‍സയുടെ ട്വീറ്റ്‌.
താന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും നല്ല മനുഷ്യനാണ്‌ സല്‍മാനെന്ന്‌ റിതേഷ്‌ ദേശ്‌മുഖ്‌ കുറിച്ചു.ബോളിവുഡില്‍ എന്നും ഒന്നാമത്‌ സല്‍മാന്‍ തന്നെയാണെന്നും അതാര്‍ക്കും പകരംവയ്‌ക്കാനാകില്ലെന്നും സൊനാക്ഷി ട്വിറ്ററില്‍ കുറിച്ചു. വ്യക്‌തിപരമായി തനിക്ക്‌ ഇന്നു മോശം ദിവസമാണെന്ന്‌ സംവിധായിക ഫറാ ഖാന്‍ എഴുതി. സല്‍മാനോട്‌ ധൈര്യമായി ഇരിക്കാനും എന്നും ഇഷ്‌ടപ്പെടുന്നുവെന്നുമായിരുന്നു ടെന്നീസ്‌ താരം സാനിയ മിര്‍സയുടെ ട്വീറ്റ്‌. കപൂര്‍ കുടുംബം ഒന്നാകെ ഈ അവസരത്തില്‍ സല്‍മാനൊപ്പം ഉണ്ടെന്നായിരുന്നു ഋഷി കപൂറിന്റെ പ്രതികരണം.
കൊല്ലപ്പെട്ട നൂറുള്ള മെഹബൂബ് ഷെറീഫിനോടോ , പരിക്ക് പറ്റി ജീവിതമാര്‍ഗ്ഗമില്ലാതെ പോയ മറ്റു നാല് പെരോടുമോ , സല്‍മാനെതിരെ സാക്ഷി പറയുകയും , അതിന്റെ പേരില്‍ മാത്രം ജീവിതം നരകമായി , ജോലി നഷ്ട്ടപ്പെട്ടു , രോഗിയായി ഭിക്ഷയെടുത്തു ജീവിക്കേണ്ടി വന്നു ഒടുവില്‍ 2007ല്‍ മരണപ്പെട്ട രവീന്ദ്ര പാട്ടീല്‍ എന്ന, സല്‍മാന്റെ അംഗരക്ഷകന്‍ കൂടിയായിരുന്ന പോലീസ് കൊന്‍സ്ടബിളിന്റെ നിര്‍ഭാഗ്യ ജീവിതത്തെക്കുറിച്ചോ ആരും ഒരക്ഷരവും ഉരിയാടിയില്ല . സല്‍മാന്‍ അഞ്ചു വര്ഷം അകതുകിടന്നാല്‍ ബോളിവുഡ്നു നഷ്ട്ടമാകുന്ന കോടികളുടെ ബിസിനസില്‍ സിനിമാലോകവും , അവരുടെ മാധ്യമങ്ങളും മ്ലാനരായി , വിലാപങ്ങള്‍ സൃഷ്ട്ടിച്ചു .
ഹൈന്ദവ ഫാസിസ്റ്റ് ചേരിയില്‍ നിലയുറപ്പിച്ച മലയാള സിനിമയില്‍ നിന്നുള്ള ഒരു മഹാവിഡ്ഢിയായ മേജര്‍ രവി മദ്യപിച്ച് വാഹനമോടിച്ച് റോഡരികില്‍ കിടന്നുറങ്ങിയ ആളെ കൊന്ന സംഭവത്തില്‍ സല്‍മാന്‍ ഖാന്‍ മാത്രമല്ല കുറ്റവാളി എന്നാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് .റോഡരികില്‍ കിടന്നുറങ്ങാന്‍ നിയമപ്രകാരം പാടില്ലെന്നാണ് മേജര്‍ രവി പറയുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ ആരും നടപടിയെടുക്കുന്നില്ലെന്നും സംവിധായകന്‍ പറയുന്നു. പതിനൊന്ന് മണി കഴിഞ്ഞാല്‍ തട്ടുകടക്കാരെ പോലും പോലീസ് ഒഴിപ്പിയ്ക്കും. എന്തുകൊണ്ട് റോഡരികില്‍ കിടന്നുറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കിന്നില്ല എന്നാണ് ചോദ്യം. സല്‍മാന്‍ ഖാന്‍ വാഹനം ഇടിച്ച് കയറ്റി ഒരാളെ കൊന്ന സംഭവത്തില്‍ സര്‍ക്കാരിന് പങ്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. എന്തായാലും മലയാളത്തില്‍ നിന്ന് മേജര്‍ രവി മാത്രമാണ് സല്‍മാന്‍ ഖാനെ ഇത്തരത്തിലെങ്കിലും പിന്തുണച്ചത്.
ഇന്ത്യന്‍ ഭരണഘടന പാര്‍പ്പിടാവകാശം മൌലികാവകാശമായി കണക്കാക്കിയിട്ടില്ലാത്ത ഒരു ദൌര്‍ബല്ല്യം പേറുന്ന ഒന്നാണെന്നും , ഇന്നും ശരാശരി ഇന്ത്യാക്കാരന്റെ വരുമാനം ഇരുപത് രൂപയില്‍ താഴെയാണെന്നും , തല ചായ്ക്കാന്‍ ഒരു കൂരയോ , ഒരിഞ്ചു മണ്ണോ , പ്രാഥമിക കൃത്യങ്ങള്‍ക്ക് കക്കൂസോ പോലും ഇല്ലാത്ത കോടാനുകോടികള്‍ ഈ മഹാരാജ്യത്ത്
പുഴുക്കളെപ്പോലെ ജീവിക്കുന്നു എന്നും , അത്തരം ഒരു സാഹചര്യത്തില്‍ പാതയോരത്ത് ഉറങ്ങുന്നത് ഒരു കുറ്റക്രിത്യമല്ല , അതൊരു ഗതികേടാണ് എന്നും തിരിച്ചറിയാത്ത ഒരു മനുഷ്യന്‍ ഇന്ത്യന്‍ ആര്‍മിയില്‍ മേജര്‍ ആയിരുന്നുവത്രേ ..!! ഇപ്പോള്‍ ഒരു സിനിമാ സംവിധായകനും ..!! മദ്യപിച്ച് വാഹനം ഓടിക്കാമോ, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കാമോ, ഫുട്പാത്ത് വാഹനം ഓടിച്ച് കയറ്റി ആളെക്കൊല്ലാനുള്ള സ്ഥലമാണോ എന്നൊന്നും ഇയാള്‍ക്ക് അറിയുകയുമില്ല; കഷ്ട്ടം..!!
സമ്പന്നതയിലും , വെള്ളിവെളിച്ചതിലും , മാധ്യമ ലാളനകളിലും , ആഡംബരത്തിന്റെ അവസാന വാക്കുകളായി ജീവിക്കുന്ന ഇന്ത്യയിലെ വരേണ്ന്യ വര്‍ഗ്ഗത്തിനും , കലാകാരന്മാര്‍ക്കും , താരങ്ങള്‍ക്കും, ദരിദ്രരോടും , നിവൃത്തികേട്കൊണ്ട് പാതകളില്‍ ഉറങ്ങുന്നവരോടുമുള്ള മനോഭാവമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത് . ദാവൂദ് ഇബ്രാഹിം പോലും സ്വീകാര്യനാവുകയും , അവര്‍ക്ക് കിടക്കയും ചുവപ്പു പരവതാനിയും വിരിക്കുന്ന സിനിമാ നടികളും അവരുടെ കൂട്ടിക്കൊടുപ്പുകാരും, ഇന്ത്യന്‍ സിനിമ ഇപ്പോഴും നിലനില്‍ക്കുന്നത് പകലന്തിയോളം വിയര്‍പ്പൊഴുക്കി അദ്ധ്വാനിക്കുന്ന സാധാരണ മനുഷ്യരുടെ വിയര്‍പ്പും , കണ്ണുനീരും , അഴുക്കും പുരണ്ട ഇന്ത്യന്‍ കറന്‍സിയില്‍ ആണ് എന്നത് പോലും വിസ്മരിക്കുന്നത് കാലത്തിനും , ചരിത്രത്തിനും പൊറുക്കാവുന്ന തെറ്റല്ല . അങ്ങനെ പാതകളില്‍ ഉറങ്ങുന്നവര്‍ സല്മാനെപ്പോലെയുള്ളവരെ ജയിലില്‍ അയക്കുന്ന പാപികളാവുന്നു . ബോളിവുഡ് വിശുദ്ധരുടെ സ്വന്തം അന്യഗ്രഹ ലോകവും ..!

No comments:

Post a Comment