Sunday, February 28, 2016

വീണ്ടും വീ എസ്സിലേക്ക്...!!

വീണ്ടും വീ എസ്സിലേക്ക്.
കേരളത്തിലെ കഴിഞ്ഞ പതിറ്റാണ്ട് കാലത്തെ തിരഞ്ഞെടുപ്പു രാഷ്ട്രീയകാലത്തെ ചര്‍ച്ചകളുടെ അജണ്ടകള്‍ നിശ്ചയിക്കുന്നത് സഖാവ് വീ എസ് അച്യുതാനന്ദനാണ്. ഇത് ആരെങ്കിലും കരുതിക്കൂട്ടി ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രതിഭാസമല്ലെങ്കിലും, വീ എസ്സിന്‍റെ സ്ഥാനാര്‍ഥിത്വം തന്നെ ചര്‍ച്ചയാകുന്ന രൂപത്തിലേക്ക് സിപിഎം നിലപാടുകള്‍ പുരോഗമിക്കുമ്പോള്‍, മാധ്യമങ്ങളാണ് വീ എസ്സിനെ കേന്ദ്രീകരിച്ചു ചര്‍ച്ചകള്‍ മുന്നോട്ട് നയിക്കുന്നത്. 2006 ലും , 2011 ലും കണ്ട ആ പ്രതിഭാസം ഇക്കുറിയും ആവര്‍ത്തിക്കുന്നതിന്റെ ഉദ്ഘാടനം കഴിഞ്ഞിരിക്കുന്നു. മാധ്യമസൃഷ്ട്ടികളായ വാര്‍ത്തകള്‍ ആണെങ്കിലും അല്ലെങ്കിലും വീ എസ്സിന്‍റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്ന രൂപത്തിലുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ തുടങ്ങിയിരിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കാരണമാകുന്നത് സിപിഎം തന്നെയാണ് എന്നതാണ് വാസ്തവം.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തില്‍ പ്രധാനമായും, രാഷ്ട്രീയ, മാധ്യമ സംവാദങ്ങളില്‍ നിറഞ്ഞു നിന്നത് സോളാര്‍ കേസും, സരിത നായര്‍ എന്ന സ്ത്രീയും, അതുമായി യൂ ഡി എഫ് രാഷ്ട്രീയത്തില്‍ ഉള്ളവര്‍ക്കുള്ള വഴിവിട്ട ബന്ധങ്ങളും, ബന്ധപ്പെട്ട അഴിമതികലുമായിരുന്നു. അവസാനസമയത്തേക്ക് അത് ബാര്‍ കോഴയും, കെ എം മാണിയുടെ രാജിയിലേക്ക് നയിച്ച കാര്യങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളായി മാറി. ഏറ്റവുമൊടുവില്‍ സിപിഎം നേതാക്കളും , അവര്‍ നേരിടുന്ന കോടതി നടപടികളിലേക്കും ചര്‍ച്ചകള്‍ വഴിമാറി. ലാവ്‌ലിന്‍ കേസ് പൂര്‍വ്വാധികം ശക്തിയോടെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഉയര്‍ന്നു വന്നെങ്കിലും കേരള ഹൈക്കോടതി വിവേകപൂര്‍ണ്ണമായ ഒരു ഇടപെടലിലൂടെ ആ ചര്‍ച്ചകളുടെ കവാടം തല്‍ക്കാലത്തേക്ക് അടച്ചുപൂട്ടി.

പിന്നീട്, ഇപ്പോള്‍ പതിവുപോലെ സിപിഎം രാഷ്ട്രീയത്തിന്റെ ആഭ്യന്തര ഇടവഴികളിലൂടെ നടന്നു തുടങ്ങുന്നു നമ്മുടെ മാധ്യമങ്ങള്‍. ആര് മുഖ്യമന്ത്രിയാകും, വീ എസ്സും പിണറായിയും മത്സരിക്കുമോ ? വീ എസ്സിനെ പ്രായാധിക്യം കാരണം പറഞ്ഞു മാറ്റി നിര്‍ത്തുമോ തുടങ്ങിയ ചര്‍ച്ചകളിലേക്ക് പത്രങ്ങളും, ചാനല്‍ അന്തിചര്‍ച്ചകളും പുരോഗമിച്ചു കഴിഞ്ഞു. മുത്തശ്ശി പത്രങ്ങള്‍ പതിവുപോലെ ഒരു മുഴം നീട്ടിയെറിയുകയും, ഊഹാപോഹങ്ങള്‍ ആധികാരിക വാര്‍ത്തകളായി അവതരിപ്പിക്കുകയും ചെയ്യുന്ന അസംബന്ധങ്ങള്‍ തുടരുന്നുണ്ട്. ചാനല്‍ അവതാരകര്‍ അതിശയോക്തിയും, സ്വയം കല്‍പ്പിത കഥകളും മുന്‍നിര്‍ത്തി തീര്‍പ്പുകളിലേക്ക് എത്തുന്ന തമാശകളും പതിവിന്‍പടി നടക്കുന്നു.

മലയാളിയും, സിപിഎമ്മും.

സത്യത്തില്‍ ഒരു കേഡര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഎംന്‍റെ ആന്തരിക രാഷ്ട്രീയ ഘടനയും, തീരുമാനങ്ങള്‍ എടുക്കുന്ന പാര്‍ട്ടി രീതിയുമൊന്നും, ശരാശരി മലയാളികള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളല്ല. മാത്രമല്ല വ്യക്തിയല്ല, പാര്‍ട്ടിയാണ് വലുത്, പാര്‍ട്ടി തീരുമാനങ്ങള്‍ നേതാക്കള്‍ നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത് എന്നതൊക്കെ പാര്‍ട്ടിയുടെ ആഭ്യന്തര കമ്മിറ്റികളിലും, പാര്‍ട്ടി അംഗങ്ങളോടും പറയാമെന്നല്ലാതെ സിപിഎം രാഷ്ട്രീയത്തില്‍ അടുത്ത കാലത്ത് കാണുന്ന പ്രവണത അങ്ങിനെയൊന്നുമല്ല. ഇത്രമേല്‍ വലതുപക്ഷ വ്യതിയാനമൊന്നും ആരോപിക്കപ്പെടുകപോലും ഉണ്ടായിട്ടില്ലാത്ത സാക്ഷാല്‍ ഈ എം എസ്സിന്‍റെ കാലത്തുപോലും പാര്‍ട്ടിയില്‍ വ്യക്തികേന്ദ്രീകൃതമായ നിലപാടുകള്‍ ഉണ്ടായിരുന്നു എന്നത് വസ്തുതാപരമായ ചരിത്രമാണ്. കേരളത്തില്‍ വീ എസ്സിന്റെ കാര്യത്തില്‍ തന്നെ പാര്‍ട്ടിയുടെ കമ്മിറ്റികള്‍ മണിക്കൂറുകള്‍ നീണ്ട മാരത്തന്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ എടുത്ത തീരുമാനങ്ങള്‍ ജനകീയപ്രതിഷേധങ്ങള്‍ക്കൊടുവില്‍ തിരുത്തിയതും മലയാളികള്‍ കണ്ടതാണ്.

യഥാര്‍ത്ഥത്തില്‍ സിപിഎം ന്‍റെ സംഘടനാപരമായ ബലഹീനതയും കമ്മ്യൂണിസ്റ്റ് രീതികളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള പാര്ലമെന്ടറി രാഷ്ട്രീയത്തിലെ ഇടപെടലുകളുമാണ് സഖാവ് വീ എസ്സിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും മറനീക്കി പുറത്തുവന്നത്. ഇപ്രാവശ്യവും ചരിത്രം ആവര്‍ത്തിക്കുന്നതായാണ് സൂചനകളില്‍ നിന്ന് മനസ്സിലാകുന്നത്.



മലയാളികളുടെ കണ്ണും, കരളും; പാര്‍ട്ടിയുടെ "വിരുധ മനസ്സുള്ളവന്‍"

വീ എസ് അച്യുതാനന്ദന്‍ കേരളത്തിലെ ഏറ്റവും ജനകീയനായ, കറപുരളാത്ത രാഷ്ട്രീയ വ്യക്തിത്വമുള്ള, ഏറ്റവും വലിയ ക്രൌഡ് പുള്ളരായ നേതാവാണ്‌. 93 കാരനായ ഈ വിപ്ലവകാരിക്ക് പ്രായത്തിന്റെതായ യാതൊരുവിധ പ്രയാസങ്ങളും ഇല്ല എന്നതാണ് വസ്തുത. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കേരള നിയമസഭയിലെ യുവാക്കളെപ്പോലും തോല്‍പ്പിക്കുന്ന ചുറുചുറുക്കോടെ പ്രവര്‍ത്തിച്ച സാമാജികാനും വീ എസ് തന്നെയാണ് എന്നത് എല്ലാവരും അംഗീകരിക്കും എന്ന് തോന്നുന്നു. പ്രതിപക്ഷ ആക്രമണത്തിന്‍റെ കുന്തമുനയും വീ എസ്സ് തന്നെയായിരുന്നു; പ്രത്യേകിച്ച് കെ എം മാണിയെയും, ഉമ്മന്‍ചാണ്ടിയെയുമെല്ലാം നിയമസഭയില്‍ വെള്ളം കുടിപ്പിച്ചത് വീ എസ്സ് അല്ലാതെ മറ്റാരുമല്ല.

എന്ന് മാത്രമല്ല, അച്ചടക്കമുള്ള ഒരു കമ്മ്യൂനിസ്റ്റ്കാരന്‍ എന്ന നിലയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും ഒരപവാദം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വീ എസ്സില്‍ നിന്നുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. ബാഹ്യമായി സിപിഎംനെ നോക്കിക്കാണുന്നവര്‍ക്ക് പാര്‍ട്ടിക്കകത്ത് അസാധാരണമായ ഐക്യം കാണുവാന്‍ സാധിച്ചതും , പിണറായി- വീഎസ് പോര്‍മുഖങ്ങള്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്ക് ദുസ്വപ്നമായി അവസാനിച്ചതും വീ എസ് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പുലര്‍ത്തിയ അസാധാരണമായ അച്ചടക്കം കൊണ്ടുതന്നെയായിരുന്നു. മാത്രമല്ല അരുവിക്കര തിരഞ്ഞെടുപ്പില്‍, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്ലാം തന്നെ വീ എസ്സും , പിണറായിയും തങ്ങളുടെ ചുമതലകള്‍, അച്ചടക്കത്തോടെ , കമ്മ്യൂണിസ്റ്റ് കേഡര്‍ രീതിയില്‍ ഒരുമയോടെ നിര്‍വ്വഹിച്ചതിന്റെ ഗുണഫലം പാര്‍ട്ടി അനുഭവിച്ചതാണ്‌. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഇടതുമുന്നേറ്റത്തിനു സിപിഎം ഇല്‍ അടുത്തകാലത്തൊന്നും ഇല്ലാതിരുന്ന രൂപത്തിലുള്ള ഐക്യം രൂപപ്പെട്ടതും കാരണമായിരുന്നു എന്ന് വസ്തുതാപരമായി വിലയിരുത്തുവാന്‍ കഴിയും.



ബീ ജെ പി - എസ് എന്‍ ഡി പി ബാന്ധവം തകര്‍ത്തത്.

വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ മോഹങ്ങളും, അയാള്‍ നടത്തിവന്നിരുന്ന കൊടിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അവസാനിപ്പിച്ചതും ഏകദേശം വീ എസ്സ് ഒറ്റയ്ക്കാണ്. ഈഴവ സമുദായത്തില്‍ വേരുറപ്പിക്കാനാവാതെ വെള്ളാപ്പള്ളിക്ക് തന്‍റെ രാഷ്ട്രീയ മുന്നേറ്റ ശ്രമം ഏകദേശം അവസാനിപ്പിക്കേണ്ടി വന്ന ഘട്ടം സംജാതമാക്കിയത്തിനു പിന്നില്‍ വീ എസ്സിലെ സൂത്രശാലിയായ പോരാളി തന്നെയാണ്. ഇക്കാരണത്താല്‍ തന്നെ കേന്ദ്ര സര്‍ക്കാരില്‍ പ്രാതിനിധ്യം നേടാനും, കേരളത്തില്‍ ബീ ജെ പ്പിയുമായി കൂടി രാഷ്ട്രീയ ശക്തിയാകുവാനുമുള്ള വെള്ളാപ്പള്ളിയുടെ ശ്രമം തുടക്കത്തിലേ പാളി നില്‍ക്കുകയാണ്. യൂ ഡി എഫോ , ഇടതുപക്ഷം പോലുമോ ഈ ബാന്ധവത്തെ തകര്‍ക്കാന്‍ ശ്രമകരമായി ഒന്നും ചെയ്യാതിരുന്നപ്പോഴും വീ എസ്സിന്‍റെ ഒറ്റയാള്‍ യുദ്ധങ്ങള്‍ തന്നെയാണ് ഇവരെ തകര്‍ത്തത് എന്നതും വസ്തുതയാണ്.

ശ്രദ്ധേയമായ മറ്റൊരുകാര്യം ബീ ജെ പി - ബീ ഡി ജെ എസ് ഒരു സഖ്യമായി രൂപപ്പെടുകയും, അത് കേരളത്തിന്റെ മതേതര പാരമ്പര്യത്തെ തകര്‍ത്തുകളയുന്ന രൂപത്തിലേക്ക് ഒരു ആശങ്കയായി വരുന്ന സൂചനകള്‍ ഉണ്ടാവുകയും ചെയ്തപ്പോള്‍ വീ എസ് പാര്‍ട്ടിയോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുകയും, സകല ആയുധങ്ങളും സംഭരിച്ച് അതിനെ എതിര്‍ത്തു നശിപ്പിച്ചതും കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്മകളുടെ താളുകളില്‍ എഴുതപ്പെടും.



സിപിഎം സൃഷ്ട്ടിക്കുന്ന അനാവശ്യ ചര്‍ച്ചകള്‍.

വീ എസ് മത്സരിക്കും, അല്ലെങ്കില്‍ വീ എസ്സും, പിണറായിയും മത്സരിക്കും എന്ന് ഒരു പത്രക്കുറിപ്പ് ഇറക്കാന്‍, അല്ലെങ്കില്‍ യെചൂരിക്ക് ഒരു പ്രസ്താവന നടത്താന്‍ അതിവിപുലമായ ഒരു ചര്‍ച്ചയുടെ ആവശ്യമൊന്നുമില്ല. കാരണം രാജ്യത്തെ ഏറ്റവും, ജനസ്വീകാര്യനും, ക്രൌഡ് പുള്ളരുമായ കമ്മ്യൂണിസ്റ്റ് നേതാവിനെ യൂ ഡി എഫിന്‍റെ കൊടിയ അഴിമതികളുടെയും , അരാജകത്വത്തിന്റെയും കാലത്ത് പാര്ലമെന്‍ററി രാഷ്ട്രീയ വിജയത്തിന് ഉതകുന്നതിനായി മത്സരിപ്പിക്കുക എന്നത് ലളിത യുക്തിയാണ്. മാത്രമല്ല, പാര്ലമെന്റാരി രംഗത്ത് ഉപയോഗിക്കാവുന്ന കഴിവുറ്റ പ്രതിഭയും, ഭരണാധികാരിയുമാണ്‌ പിണറായി വിജയന്‍ എന്ന് തെളിയിക്കപ്പെടുകയും ചെയ്ത സ്ഥിതിയ്ക്ക്, രണ്ടു പേരുടെയും സ്ഥാനാര്‍ഥിത്വം , എത്രയും നേരത്തെ പ്രഖ്യാപിച്ചു അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനു പകരം കൂടുതല്‍ സക്രിയമായ വിഷയങ്ങളിലേക്ക് സാമൂഹിക - മാധ്യമ ചര്‍ച്ചകളെ വഴിതിരിച്ചുവിടാന്‍ നാട്ടിലെ ഏറ്റവും ബ്രിഹത്തായ ജനകീയ പ്രസ്ഥാനം എന്ന നിലയില്‍ സിപിഎം നു ഉത്തരവാദിത്ത്വമുണ്ട്. പാര്‍ട്ടി അത് നിറവേറ്റാതെ , പാര്‍ട്ടി രീതികളെ വിട്ടുവീഴ്ചയില്ലാതെ പിന്തുടരുക മാത്രമാണ് ചെയ്യുക എന്ന ദുര്‍വാശി പിടിക്കുമ്പോഴാണ് ഈ പാര്‍ട്ടിയെക്കുറിച്ച് ജനങ്ങള്‍ക്കും "ഒരു ചുക്കും മനസ്സിലാവാതിരിക്കുക."

വീ എസ്സിനെക്കൂടാതെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ സിപിഎംനോ, ഇടതുമുന്നണിക്ക് മൊത്തത്തിലോ ധൈര്യമുണ്ടാകുമെന്നു തോന്നുന്നില്ല. കാരണം വീ എസ്സിനെ മത്സരിപ്പിക്കാതിരിക്കുവാനുള്ള കാരണം ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്ന രൂപത്തില്‍ വിശദീകരിക്കാന്‍ സിപിഎം നു സാധിക്കില്ല എന്നത് തന്നെ. മാത്രമല്ല വീ എസ്സിന്റെ സ്ഥാനാര്‍ഥിത്വം ഇടതുമുന്നണിയുടെ ആധികാരിക വിജയത്തില്‍ നിര്‍ണ്ണായകം തന്നെയാണ് എന്നത് വസ്തുതയാണ്. സിപിഎം ലെ വീ എസ്സിനെ എതിര്‍ക്കുന്ന "സ്ഥാനാര്‍ഥികള്‍" പോലും തങ്ങളുടെ പ്രചാരണ ബോര്‍ഡുകളില്‍ വീ എസ്സിന്റെ ചിത്രം ഉള്‍പ്പെടുത്തി ഇലക്ഷന്‍ പ്രചാരണം നടത്താന്‍ തന്നെയാണ് ആഗ്രഹിക്കുന്നത് എന്നത് അദ്ദേഹത്തിന്റെ ജനകീയ സ്വീകാര്യതയെ വരച്ചടയാളപ്പെടുത്തുന്നു.

ചുരുക്കത്തില്‍, വീ എസ് സ്വയം മാറാത്തിടത്തോളം , അദേഹത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തിടത്തോളം വീ എസ്സിനെ മാറ്റി നിര്‍ത്തുന്നത് ആത്മഹത്യാപരമായിരിക്കും. മാത്രമല്ല ഈ വിഷയംതീരുമാനിക്കാന്‍ എടുക്കുന്ന ചര്‍ച്ചകളുടെ ബാഹുല്യം, കേന്ദ്ര നേതാക്കളുടെ കേരള യാത്രകള്‍ എന്നിവ ആത്യന്തികമായി മുന്നണിക്ക്‌ ദോഷമാണ് ചെയ്യുക എന്നത് നിസ്ത്തര്‍ക്കം..!



അടുത്ത മുഖമന്ത്രി.

ഇടതുമുന്നണി അധികാരത്തില്‍ വരും എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകരും, മാധ്യമങ്ങളും ഒന്നും സംശയം പ്രകടിപ്പിച്ചു കാണുന്നില്ല. ആ അര്‍ത്ഥത്തില്‍ സ്വാഭാവികമായും , മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന സിപിഎം രീതികള്‍ എന്തൊക്കെയായാലും ജനങ്ങളും , മാധ്യമങ്ങളും അത് ഇപ്പോള്‍ തന്നെ ചര്‍ച്ച ചെയ്യുന്നത് സ്വാഭാവികം. ലോകത്തെ തന്നെ ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ വീ എസ് അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു വരികയും, കൂടെ പിണറായിയും വിജയിക്കുകയും ചെയ്‌താല്‍ ആരാവും മുഖ്യമന്ത്രി എന്നത് സ്വാഭാവിക കൌതുകമാണ്. അത് മുന്‍കൂട്ടി പറയുന്നത് പാര്‍ട്ടി രീതിയല്ല എന്ന് സിപിഎം നു സ്വാഭാവികമായും വിശദീകരിക്കാം. അത് അവരുടെ ന്യായവുമാണ്‌ . പക്ഷെ കേരളത്തിലെ സാധാരണ മനുഷ്യരില്‍ ഒരു വലിയ വിഭാഗം വീണ്ടുംവീ എസ്സിനെ മുഖ്യമന്ത്രിയായി കാണുവാന്‍ ആഗ്രഹിക്കുന്നവരാണ് എന്നതാണ് വസ്തുത. ആ നിലയില്‍ ആദ്യത്തെ ഒന്നോ രണ്ടോ വര്ഷം വീ എസ്സിനെ മുഖ്യമന്ത്രിയാക്കി ജനകീയ ഇച്ഛയെ ബഹുമാനിക്കുവാനുള്ള തീരുമാനവും സിപിഎം എടുക്കുന്നതാണ് ഔചിത്യം..!

No comments:

Post a Comment