Monday, February 29, 2016

രാജ്യദ്രോഹ നിയമത്തിന്റെ കാണാപ്പുറങ്ങള്‍.


''ഒരു നിയമമുണ്ടാക്കാന്‍ നൂറുവര്‍ഷങ്ങളെടുത്തേക്കാം; എന്നാല്‍, ആ നിയമം അതിന്റെ ജോലി ചെയ്തുതുടങ്ങിക്കഴിഞ്ഞാല്‍, മറ്റൊരു നൂറുവര്‍ഷം വേണ്ടിവരും അതില്‍നിന്ന് രക്ഷനേടാന്‍''
-ഹെന്റി വാര്‍ഡ് ബീച്ചര്‍.
ലോകത്തെ ഏറ്റവും ഉല്‍കൃഷ്ടമായ ഭരണഘടനകളില്‍ ഒന്നും, മനുഷ്യപക്ഷത്തു നില്‍ക്കുന്നതായ നിയമങ്ങളും സ്വന്തമായുള്ള മഹത്തായ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പക്ഷേ, അടുത്ത ദിവസങ്ങളായി നേരിനായി പോരാടുന്ന മനുഷ്യരെയും, ഫാഷിസ്റ്റ്‌ വിരുദ്ധരായ രാഷ്ട്രീയ പ്രവര്‍ത്തകരെയും, വിദ്യാര്‍ഥി നേതാക്കളെയും വേട്ടയാടുന്നതിന്റെ ഭാഗമായി "രാജ്യദ്രോഹക്കുറ്റം" എന്ന നിയമ സംജ്ഞ നമ്മുടെ രാഷ്ട്രീയ - അക്കാദമിക് വ്യവഹാരങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. എന്താണീ നിയമം..? എന്തുകൊണ്ടാണ് ഈ നിയമം അടിയന്തിരമായി ശവസംസ്കാരം നടത്തേണ്ട ജനാധിപത്യ വിരുദ്ധമായ ഒന്നാണെന്ന് വാദിക്കുന്നത്..?!
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ സംഭവ വികാസങ്ങലുമായി ബന്ധപ്പെട്ടു, ഫാഷിസത്തിനെതിരെ ഐതിഹാസികമായ ചെറുത്തുനില്‍പ്പ്‌ സംഘടിപ്പിക്കുന്ന അവിടത്തെ ഉശിരന്‍ വിദ്യാര്‍ഥികള്‍ക്കെതിരായി രാജ്യദ്രോഹക്കുറ്റം ചുമത്തിയതാണ് ഇതുമായി ബന്ധപ്പെട്ട പുതിയ സംവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കൌതുകകരവും, പരിഹാസ്യവുമായ കാര്യം സംഘപരിവാര്‍ അനുകൂല ടെലിവിഷന്‍ ചാനലായ Zee News പ്രക്ഷേപണം ചെയ്ത മോര്‍ഫ് ചെയ്ത ഒരു വീഡിയോ ആണ് ഇത്തരത്തില്‍ കേസെടുക്കാന്‍ തെളിവായി ഹാജരക്കപ്പെട്ടത് എന്നുള്ളതാണ്. കൂട്ടത്തില്‍ JNU വില്‍ വധശിക്ഷക്കെതിരെ നടന്ന റാലിയ്ക്ക് രണ്ടു ദിവസത്തിനു ശേഷം ഫെബ്രുവരി 11 നു രജിസ്റ്റര്‍ ചെയ്യപ്പെട്ട FIR ഉം ഹാജരാക്കപ്പെടുകയുണ്ടായി. ഫെബ്രുവരി 9 നു JNU വില്‍ നടന്ന ഈ പരിപാടി വലിയ പോലീസ് പടയുടെ സാനിധ്യത്തില്‍ ആയിരുന്നു എന്നതും പരാമര്‍ശിക്കപ്പെടെണ്ടതുണ്ട്.
ഭരണകൂടത്തിന്റെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സമീപ ഭൂതകാലത്തെ ഉദാഹരണങ്ങള്‍, ഡോ. ബിനായക് സെന്‍, എഴുത്തുകാരി അരുന്ധതി റോയ്, SAP ഗീലാനി, അസീം ത്രിവേദി, കൂടംകുളം സമരനായകന്‍ ഉദയകുമാര്‍, തമിഴ്നാട്ടിലെ നാടന്‍ പാട്ട് കലാകാരന്‍ കോവന്‍ തുടങ്ങിയവരാണ്. സൂക്ഷ്മമായ വിശകലത്തില്‍ രാജ്യദ്രോഹകുറ്റം തന്നെ ഇന്ത്യന്‍ ഭരണഘടനയ്ക്കും, അത് വിഭാവനം ചെയ്യുന്ന മനുഷ്യാവകാശ സങ്കല്‍പ്പങ്ങള്‍ക്കും നേര്‍വിപരീതമാണ് എന്ന് കാണുവാന്‍ കഴിയും.
1870 കളില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന രാഷ്ട്രീയ ചലനമായിരുന്നു വഹാബി മൂവ്മെന്റ്. അതിനെ പ്രതിരോധിക്കാനായി സര്‍ ജെയിംസ്‌ സ്റ്റീഫന്‍ ഇന്ത്യന്‍ പീനല്‍ കോഡിലേക്ക് കൂട്ടിച്ചേര്‍ത്തതാണ് ഇന്നത്തെ രാജ്യദ്രോഹക്കുറ്റത്തിന്‍റെ ജനനഹേതു. എന്നുവച്ചാല്‍ ഇതിന്റെ ചരിത്ര പശ്ചാത്തലം എന്ന് പറയുന്നത്, ബ്രിടീഷ് കോളനിവാഴ്ചക്കെതിരെ ഇന്ത്യയില്‍ ഉദയം കൊള്ളുന്ന രാഷ്ട്രീയ പ്രതിരോധങ്ങളെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആയുധമായാണ് ഈ നിയമം നിര്‍മ്മിക്കപ്പെടുന്നത്. ഇന്ത്യന്‍ പീനല്‍ കോഡില്‍ ഈ ലക്ഷ്യ സാക്ഷാത്കാരത്തിനായി 124-A യ്ക്ക് പുറമേ, Dramatic Performances Act, 1876, Vernacular Press Act, 1878 എന്നീ കരിനിയമങ്ങളും കൂട്ടിചേര്‍ക്കപ്പെട്ടിരുന്നു. കോളനിവാഴ്ചക്കെതിരായ എല്ലാ തരത്തിലുള്ള രാഷ്ട്രീയ ആത്മാവിഷ്ക്കാര , സമര സ്വാതന്ത്ര്യങ്ങളെയും കൈവിലങ്ങിടുന്നതായിരുന്നു ഈ നിയമങ്ങള്‍.
ബ്രിടീഷ് കൊളോണിയല്‍ ഭരണകൂടം അവരുടെ സ്വാര്‍ത്ഥതകള്‍ക്ക് ഇത്തരം കരിനിയമങ്ങള്‍ നിര്‍മ്മിച്ച്‌ മനുഷ്യരെ വേട്ടയാടുന്നത് മനസ്സിലാക്കാം. പക്ഷേ ആധുനിക ജനാധിപത്യ ക്ഷേമ രാഷ്ട്രമായ ഇന്ത്യപോലെ ഒരിടത്ത് ഈ നാളുകളിലും ഈ നിയമങ്ങള്‍ പ്രസക്തമാകുന്നത് വിരോധാഭാസമാണ്. പ്രധാനവും പ്രസക്തവുമായ കാര്യം, ഈ നിയമത്തിന്റെ പിതാവായ ബ്രിട്ടന്‍ എന്ന രാജ്യം 1977 ലെ അവരുടെ നിയമക്കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2009 ല്‍ ഈ നിയമം എന്നെന്നേക്കുമായി റദ്ദ് ചെയ്തുകളഞ്ഞു എന്നതാണ്. ബ്രിടീഷ് നീതിന്യായ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ക്ലെയര്‍വാര്‍ഡ്‌ ഇത് സംബന്ധിച്ച് പറഞ്ഞത് "ഈ നിയമം മറ്റു രാജ്യങ്ങളില്‍ പോലും നില നില്‍ക്കുകയും , മനുഷ്യര്‍ക്ക്‌ മിണ്ടുവാനുള്ള സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഞങ്ങള്‍ ഇത് അബോളിഷ് ചെയ്യുന്നത് " എന്നായിരുന്നു.
രാജ്യദ്രോഹക്കുറ്റ നിയമത്തെ സ്വാതന്ത്ര്യ സമര സേനാനികള്‍, സോഷ്യല്‍ ആക്റ്റിവിസ്റ്റുകള്‍, ചരിത്രകാരന്മാര്‍, ഭരണഘടനാ നിര്‍മ്മാതാക്കള്‍, രാഷ്ട്രീയ പണ്ഡിതര്‍ തുടങ്ങി, ഭരണകൂട വേട്ടയ്ക്ക് വിരുദ്ധമായി ചിന്തിക്കുന്ന മുഴുവന്‍ മനുഷ്യരും എക്കാലത്തും എതിര്‍ത്തുപോന്നിട്ടുണ്ട്. കാരണം ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഈ നിയമം ദുരുപയോഗം ചെയ്യാമെന്നത് തന്നെയായിരുന്നു കാരണം. ഇപ്പോള്‍ രാഹുല്‍ഗാന്ധി, സീതാറാം യെച്ചൂരി, അരവിന്ദ് കേജ്രിവാള്‍ തുടങ്ങി അനേകം ആളുകളെ കഴിഞ്ഞ മണിക്കൂറുകളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസേടുക്കുമ്പോള്‍, അത് നമുക്ക് മുന്നില്‍ നേരടയാളമായി രേഖപ്പെടുത്തപ്പെടുന്നു.
ഈ നിയമത്തെക്കുറിച്ച് മഹാത്മജി പറഞ്ഞത്, "ഇന്ത്യന്‍ പീനല്‍ കോഡിലെ രാഷ്ട്രീയ പ്രേരിത നിയമങ്ങല്‍ക്കിടയിലെ രാജകുമാരന്‍, മനുഷ്യരുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നത്" എന്നാണ്. ഭരണഘടനാ ശില്‍പ്പികളില്‍പ്പെട്ട സര്‍ദാര്‍ ഭോപീന്ദര്‍ സിംഗ്, പ്രൊഫ. യശ്വന്ത്‌ റായ് തുടങ്ങിയവര്‍ 1948 ഡിസംബര്‍ 2 നു നടന്ന ഭരണഘടനാ സംവാദത്തില്‍ പങ്കെടുത്തുകൊണ്ട്, ഇന്ത്യന്‍ ഭരണഘടനയില്‍ "രാജ്യദ്രോഹം" (Sedition) എന്ന പദം കൂട്ടിച്ചേര്‍ക്കുന്നതിനെ അതിരൂക്ഷമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. 1951 ല പ്രശസ്തമായൊരു പാര്ലമെന്റ്റ് പ്രസംഗത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഈ നിയമത്തെക്കുറിച്ച് പറഞ്ഞത് "ഇന്ത്യന്‍ നിയമശരീരത്തില്‍ നിന്നും, അടിയന്തിരമായി പിഴുതെറിയേണ്ട അസഹ്യമായ ഉപദ്രവമാണ് രാജ്യദ്രോഹക്കുറ്റ നിയമം" എന്നതാണ്.
റോമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, ആദിത്യ മുഖര്‍ജീ, കെ എന്‍ പണിക്കര്‍, പ്രഭാത് പട്നായിക്, സോയ ഹസ്സന്‍, പി. സായ്നാഥ് തുടങ്ങി അനവധി ചരിത്രകാരന്മാരും, ബുദ്ധിജീവികളും നമ്മുടെ ജനാധിപത്യത്തിന്റെ മുഴുവന്‍ ചേലും, ചാരുതയും നശിപ്പിക്കുന്ന ഈ നിയമത്തെ സംബന്ധിച്ച ആശങ്കകള്‍ ആവര്‍ത്തിച്ചു പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ജുഡീഷ്യറിയും, രാജ്യദ്രോഹ നിയമ പ്രയോഗങ്ങളും.
-------------------------------------------------------------------
1891 ലെ ജോഗേന്ദ്ര ചന്ദ്രബോസ് കേസിലാണ് ആദ്യമായി സെക്ഷന്‍ 124-A പ്രയോഗിക്കപ്പെടുന്നത്. Age of Consent Bill നെയും, ഇന്ത്യന്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ബ്രിട്ടീഷ് കൊളോണിയല്‍ നടപടികളെയും വിമര്ശിച്ചതിനായിരുന്നു അദ്ദേഹത്തിനെതിരെ ഈ കേസ് ചുമത്തപ്പെട്ടത് എന്നും, മാപ്പെഴുതി നല്‍കിയതിനാല്‍ അദ്ദേഹത്തെ വെറുതെ വിട്ടു എന്നും ചരിത്രം വിവരിക്കുന്നു.
സ്വാതന്ത്ര്യ ലബ്ധിക്കു മുന്നേയുള്ള ഈ കുറ്റത്തിന്റെ ചരിത്രത്തില്‍ വരുന്നത് ബാല ഗംഗാധര തിലകന് എതിരെയും, മഹാത്മാ ഗാന്ധിജിക്ക് എതിരേയും ചുമത്തപ്പെട്ട കേസുകള്‍ തന്നെയായിരുന്നു അതീവ പ്രാധാന്യമുള്ളവ. ഇതില്‍ തിലകനെ വിചാരണ ചെയ്ത ജസ്റ്റിസ് ജെയിംസ്‌ സ്ട്രച്ചേ ഇത്തരം നിയമങ്ങളുടെയും, ശിക്ഷകളുടെയും നിര്‍വഹന കാര്യങ്ങളില്‍ കുപ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ പല കാഴ്ചപ്പാടുകളും ഈ നിയമത്തെ ഭരണകൂടത്തിനെതിരെ എഴുതുന്നതും, മിണ്ടുന്നതും, അത്തരക്കാര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതും പോലും കുറ്റക്രിത്യമാക്കിമാറ്റി. കൌതുകകരമായ കാര്യം ജസ്റ്റിസ് ജെയിംസ്‌ സ്ട്രച്ചേയുടെ "നിയമങ്ങള്‍" കൂടി കൂട്ടിച്ചേര്‍ത്തു 1898 ല്‍ ബാല ഗംഗാധര തിലകനെ വിചാരണ ചെയ്ത തൊട്ടടുത്ത വര്‍ഷം അമന്‍ട് ചെയ്തു എന്നുള്ളതാണ്. ഇത് മുഴുവന്‍ ഇന്ത്യാക്കരുടെയും അതിരൂക്ഷമായ എതിര്‍പ്പുകളെയും, പ്രതിഷേധങ്ങളെയും ക്ഷണിച്ചുവരുത്തി. പിന്നീട് 1908 ല്‍ തിലകന് മേല്‍ ഇതെകുറ്റം ചുമത്തി ആറു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. 1916 ല്‍ അദേഹത്തിന്മേല്‍ സമാനമായ കുറ്റങ്ങള്‍ ചുമത്തി വീണ്ടും വേട്ടയാടാന്‍ ശ്രമിച്ചെങ്കിലും മുഹമ്മദ് അലി ജിന്ന അദ്ദേഹത്തെ സമര്‍ത്ഥമായി രക്ഷിച്ചു എന്ന് ചരിത്രരേഖകള്‍ പറയുന്നു.
"യംഗ് ഇന്ത്യ" യില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന് 1922 ല സാക്ഷാല്‍ മഹാത്മാഗാന്ധിജിക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയുണ്ടായി. ലേഖനങ്ങളെ ന്യായീകരിച്ചു ഗാന്ധിജി വിശദീകരണം നല്‍കിയെങ്കിലും ജഡ്ജി സ്ട്രാങ്ങ്മാന്‍ ഗാന്ധിജിയെ ആറു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു.
ഭരണഘടനാ അസംബ്ലി സംവാദങ്ങള്‍ക്കൊടുവില്‍, ഭരണഘടനയുടെ അനുച്ഛേദം 19(2) ല്‍ നിന്നും Sedition എന്ന പദം നീക്കം ചെയ്യപ്പെട്ടു. എന്നാല്‍ 1951 ലേ ആദ്യത്തെ ഭരണഘടനാ ഭേദഗതിയില്‍ അതിനു പകരമായി "Public Order" എന്ന വാക്ക് കൂട്ടിചേര്‍ക്കപ്പെട്ടു. സുപ്രീംകോടതി റൊമേഷ് ഥാപ്പറിന്റെയും, ബ്രിജ് ഭൂഷന്റെയും കേസില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരം ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു ഭേദഗതി നടപടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. നെഹ്‌റു ഭേദഗതിക്ക് ശേഷം രാജ്യദ്രോഹക്കുറ്റം പഴയത് പോലെ നിലനില്‍ക്കില്ല എന്ന് വ്യക്തമാക്കിയെങ്കിലും സ്റ്റാട്യൂറ്റ് പുസ്തകങ്ങളില്‍ Sediton അത് പോലെ തുടര്‍ന്നു, കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധി, സിതാറാം യെച്ചൂരി, അരവിന്ദ് കേജ്രിവാള്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കുന്നത് വരെ അതിന്റെ അവസാന ഉദാഹരണം എത്തി നില്‍ക്കുന്നു.
കേവലം സമരമുഖത്തെ പ്രസംഗങ്ങളോ , വല്ല അപക്വരുടെയും "പാകിസ്ഥാന്‍ കീ ജയ്‌ " മുദ്രാവാക്യങ്ങളോ രാജ്യദ്രോഹമാകില്ല എന്നത് ഇതിന്റെ സുചിന്തിതമായ നിയമ വ്യാഖ്യാനങ്ങള്‍ പലവട്ടം വ്യക്തമാക്കിയതാണ്. കപടരാജ്യസ്‌നേഹത്തിന്റെ ലേബലില്‍ എതിര്‍പ്പുകളെ അടിച്ചമര്‍ത്താനുള്ള ഭരണകൂടങ്ങളുടെ ആവേശം മുന്‍കണ്ട രണ്ട് ഹൈക്കോടതികള്‍ 124-A വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. താരാസിങ് ഗോപിയുടെ കേസില്‍ (1950) പഞ്ചാബ് ഹരിയാണ ഹൈക്കോടതിയും രാംനന്ദന്റെ കേസില്‍ (1958) അലഹബാദ് ഹൈക്കോടതിയും വകുപ്പ് ഭരണഘടനയിലെ സ്വാതന്ത്ര്യം സംബന്ധിച്ച വ്യവസ്ഥകള്‍ക്കെതിരാണെന്നും അതിനാല്‍ത്തന്നെ അസാധുവാണെന്നും വിധിച്ചു. എന്നാല്‍, കേദാര്‍നാഥിന്റെ കേസില്‍ (എ.ഐ.ആര്‍. 1962 സുപ്രീംകോര്‍ട്ട് 955) സുപ്രീംകോടതി നിയമവ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ലെന്നാണ് വിധിച്ചത്.
ബല്‍വന്ത് സിംഗ് കേസില്‍ സുപ്രീംകോടതി നിരീക്ഷിച്ചത് കേവലം വിപ്ലവത്തിനായി വാദിക്കുന്നതോ, ഭരണകൂടത്തിനെതിരെ തീക്ഷ്ണമായ എതിര്‍പ്പുയര്‍ത്തുന്നതോപോലും രാജ്യദ്രോഹമാകില്ല, രാഷ്ട്രത്തിനെതിരെ യഥാര്‍ത്ഥ കലാപം നടന്നിട്ടില്ലെങ്കില്‍ എന്നതാണ്. അരൂപ് ഭുയാന്‍ കേസിലാവട്ടെ, ബ്രാന്ടെന്ബര്ഗ് കേസിലെ അമേരിക്കന്‍ കോടതിയുടെ നിരീക്ഷണം ശരിവയ്ക്കുകയാണ് ഇന്ത്യന്‍ സുപ്രീംകോടതി ചെയ്തത്. അതെന്തെന്നാല്‍, നിരോധിതമായ ഒരു സംഘടനയിലെ അംഗത്വം പോലും രാജ്യദ്രോഹമാകുന്നില്ല. യഥാര്‍ത്ഥത്തില്‍ അത് രാജ്യദ്രോഹവും, കലാപവും രാജ്യത്തിനെതിരെ സൃഷ്ട്ടിക്കാത്തിടത്തോളം കാലം എന്ന നിരീക്ഷണമായിരുന്നു.
146 ദുരിത വര്‍ഷങ്ങള്‍ താണ്ടിയിരിക്കുന്നു രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124-A വകുപ്പ്. മഹാത്മജി മുതല്‍ അരവിന്ദ് കേജ്രിവാള്‍ വരെ അതിന്റെ ഇരകളായിരിക്കുന്നു. 2016 ലും ഇന്ത്യപോലൊരു മഹത്തായ രാജ്യത്ത് ഈ നിയമം നിലനില്‍ക്കുന്നു എന്നത് സംഘപരിവാര്‍ ഫാഷിസ്ട്ടുകളിലെ അല്‍പ്പം വിവരമുള്ളവര്‍ക്ക്പോലും അഭിമാനകരമായി തോന്നുവാന്‍ വഴിയില്ല. JNU വില്‍ നടന്ന റാലി, അതിനെത്തുടര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സമര മുഖത്തെത്തിയ സീതാറാം യെച്ചൂരി, രാഹുല്‍ഗാന്ധി, അരവിന്ദ് കേജ്രിവാള്‍ തുടങ്ങിയവര്‍ക്കടക്കം രാജ്യദ്രോഹക്കുറ്റം ചാര്‍ത്തിക്കിട്ടുമ്പോള്‍ മുകളില്‍ പറഞ്ഞ സുപ്രീംകോടതി വിധികളുടെ തന്നെ വ്യാഖ്യാനത്തില്‍ അവര്‍ യാതൊരു തെറ്റും നിയമത്തിന്റെ കണ്ണിലും, രാഷ്ട്രീയ ഉത്തരവാദിത്ത്വങ്ങളുടെ കണ്ണിലും ചെയ്തിട്ടില്ല എന്നത് പകല്‍പോലെ വ്യക്തമാകുന്നു..!!
(റഫറന്‍സുകള്‍ക്ക് കടപ്പാട്- LiveLaw)

No comments:

Post a Comment