Monday, June 1, 2015

മുപ്പത്തഞ്ചില്‍ താഴെയുള്ള മലയാളിയുടെ "പ്രേമം " (സിനിമാ റിവ്യൂ )

പ്രേമം എന്ന സിനിമ ഈ മണിക്കൂറുകളില്‍ നവമാധ്യമങ്ങളില്‍ പടരുന്ന രൂപത്തിലുള്ള ഒരു വലിയ സംഭവമൊന്നുമല്ല . പക്ഷേ എന്റെയും നിങ്ങളുടെയും (ഒരു മുപ്പത്തഞ്ച് വയസ്സില്‍ താഴെയുള്ളവരുടെ ) കൌമാര കാലം മുതല്‍ നാം ഇപ്പോള്‍ ജീവിക്കുന്ന ഈ 2015 വരെ അസ്വാഭാവികതകള്‍ ഒട്ടുമില്ലാതെ വരച്ചുകാട്ടാന്‍ ഈ സിനിമയിലെ ഓരോ സീനിനും സാധിക്കുന്നു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത് . അതിഭാവുകത്വങ്ങളും , ക്ലീഷേകളും , സിനിമക്ക് വേണ്ടി മാത്രമുള്ള ചില രംഗങ്ങളും (നാം സിനിമയില്‍ മാത്രം കാണുകയും , ജീവിതത്തില്‍ ഒരിക്കലും കാണാതിരിക്കുകയും ചെയ്യുന്നവ) മാത്രം കണ്ടു ശീലിച്ച നമുക്ക് "പ്രേമം " നല്‍കുന്നത് നമ്മുടെയെല്ലാം ആത്മകഥാംശമുള്ള അഭ്രപ്പാളിയിലെ രംഗങ്ങളാണ് .
"പ്രേമം" മുന്നോട്ടു വയ്ക്കുന്ന സൌഹൃദ മാതൃകകള്‍ നമുക്കെല്ലാം പരിചിതമായിരുന്നു . പറയാന്‍ പാടില്ല ; എങ്കിലും പറയാതെ വയ്യ ; ജോര്‍ജ്ജിന് , കോയയുമായും , ശംഭുവുമായും കൂട്ടുകൂടാന്‍ സാധിച്ചിരുന്ന , ലവ് ജിഹാദ് എന്തെന്ന് അറിയാത്ത , ബീഫ് നിരോധന വാര്‍ത്തകള്‍ കേട്ടിട്ടില്ലാത്ത , ന്യൂനപക്ഷങ്ങളെ നിര്‍ബന്ധിതമായി വന്ധ്യംകരീകരിക്കണം എന്ന് പറയാത്ത , ഇടയ്ക്കിടെ മുസല്‍മാനോട് പാകിസ്ഥാനിലേക്ക് നാട് കടക്കാന്‍ ആജ്ഞാപിക്കാത്ത "നല്ല കാലത്തെ "യാണ് "പ്രേമം " അടയാളപ്പെടുത്തുന്നത് . നമുക്കറിയാം , അത് നൂറ്റാണ്ടുകള്‍ മുന്‍പൊന്നും ആയിരുന്നില്ല . രണ്ടായിരങ്ങളുടെ തുടക്കങ്ങളില്‍ വരെ നാം കേരളീയര്‍, നമ്മുടെ ഭരണാധികാരികള്‍ കുറച്ചുകൂടി ഹൃദയത്തില്‍ നന്മയുള്ള മനുഷ്യരായിരുന്നു . മതവും ജാതിയും നമുക്കിടയില്‍ ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ രൂപത്തില്‍ അത് ഒരു ഭ്രാന്തായിട്ടുണ്ടായിരുന്നില്ല .


ഇന്ന് കറുപ്പുടുത്ത ശബരിമല ഭക്തനും , തൊപ്പിയിട്ട മുസല്‍മാനും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ അവാര്‍ഡ് പോലും അര്‍ഹിക്കുന്ന രൂപത്തിലേക്ക് നമ്മുടെ കാലം കെട്ടുപോയിരിക്കുന്നു . ഗുജറാത്തിലെ സ്കൂളുകളില്‍ കാവിയും , പച്ചയും വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് യൂണിഫോം പോലുമായിരിക്കുന്നു . "പ്രേമം " കാണാന്‍ തീയറ്ററില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഹൈസ്കൂള്‍ -പ്ലസ് ടു സഹപാഠികളെ ഓര്‍ക്കാതിര്‍ക്കില്ല . സ്ക്രീനില്‍ കാണുന്ന ഓരോ കഥാപാത്രവും നാം സ്നേഹിച്ചിരുന്ന മനുഷ്യരുടെ നന്മകളെ അടയാളപ്പെടുത്തും . അതെ നമ്മുടെ  ഈ കാലത്തിനു കൈമോശം വന്ന നന്മകള്‍ ... അത് മാത്രമാണ് ഒരുപക്ഷേ  "പ്രേമം " ആകര്‍ഷകമാകാന്‍ കാരണം . എനിക്ക് Saji Mullukattil Munderi യെയും , Sajna Aboobacker യെയും , Shijo K Joseph Kodavanalനെയും Rajeev Nair രെയും, Riyas Kanniyan നെയും , Ashraf Munderi നെയും മറ്റും ഓര്‍മ്മ വന്നത് മതങ്ങള്‍ വേലിക്കെട്ടുകള്‍ തീര്‍ക്കാത്ത എന്റെ സഹപാഠികളുടെ ഊഷ്മള പാരസ്പ്പര്യം കൊണ്ട് തന്നെയായിരുന്നു .
24 മണിക്കൂറിന്റെ ഇടവേളയിലാണ് നിവിന്‍ പൊളി തന്നെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ Ivide യും Premamfilm പ്രേമവും കാണുന്നത് . ശ്യാമപ്രസാദിന്റെ "ഇവിടെ"യില്‍ എടുത്താല്‍ പൊങ്ങാത്ത ഒരു കഥാപാത്രത്തെ തലയിലേറ്റി കിതക്കുന്ന നിവിന്‍ പോളിയെ സഹതാപത്തോടെ നോക്കിയപ്പോള്‍ , പ്രേമത്തില്‍ ഏറ്റവും അനായാസതയോടെ ഒരു പ്ലസ് ടൂക്കാരനെയും , കോളേജ് കുമാരനേയും അവതരിപ്പിക്കുന്ന നിവിനെ അസൂയയോടെ നോക്കി നില്‍ക്കേണ്ടി വന്നു . ഈ സിനിമയുടെ പ്രമേയം എന്തെന്ന് ചോദിച്ചാല്‍ ഒന്നുമില്ല എന്നാണു ഉത്തരം . 1980 കളില്‍ ഏതൊരു സാധാരണ കുടുംബത്തില്‍ ജനിച്ച മലയാളി യുവാവിന്റെയും കഥതന്നെയാണ് ഇത് . അതുകൊണ്ട് മാത്രമാണ് "പ്രേമം " ഒരു ജനപ്രിയ സിനിമയാകുന്നത് . പ്രമേയപരമായും , ആഖ്യാന ശൈലിയിലും ...എവിടെയുമെവിടേയും "പ്രേമം " ഒരു സംഭവമേയല്ല . പക്ഷേ നമ്മുടെ ഹൈസ്കൂള്‍ - പ്ലസ് ടു ക്ലാസ് മുറികളും , സ്കൂളിലേക്ക് സൈക്കിളില്‍ സഞ്ചരിച്ച വഴികളും , ഒളിച്ചു നിന്ന് സിഗരറ്റ് വളിച്ച "ഒളിമൂലകളും " ഇന്ന് ഒരു ക്യാമറയില്‍ റെക്കോര്ഡ് ചെയ്തു , സ്ക്രീനില്‍ എന്ന പോലെ നമുക്ക് കാണാന്‍ സാധിച്ചാല്‍ നാം ഏതു രൂപത്തില്‍ ത്രില്ലടിക്കും എന്ന് പറയേണ്ടതില്ലല്ലോ . അതില്‍കൂടുതല്‍ ഒന്നുമല്ല പ്രേമം . അല്ലെങ്കില്‍ അതുതന്നെയാണ് "പ്രേമം "


കള്ളുകുടിയനും , തെമ്മാടിയുമായ ഒരു വിദ്യാര്‍ഥിയോട് ഗസ്റ്റ് ലെക്ച്ചറര്‍ ആയ ഒരുവള്‍ക്ക്‌ പ്രേമം തോന്നുമോ എന്ന് എനിക്ക് സംശയമുണ്ട് . (കാരണം ഞാനൊക്കെ ഈ വിഷയം ട്രൈചെയ്തു സസ്പെന്‍ഷന്‍ വാങ്ങിയതാണ് ; അതുകൊണ്ട് സംശയിച്ചതാണ്  :P ) കൌമാരത്തിന്റെ Infatuation ഇല്‍ ഒരു യുവാവിനു അങ്ങിനെ തോന്നുന്നത് മനസ്സിലാകും . ഒരു പക്ഷേ കേവലം കോളേജ് വിട്ട ഒരു പെണ്ണ് കോളേജ് ഗസ്റ്റ് ലെക്ച്ചറര്‍ ആയതുകൊണ്ട് മാത്രം തോന്നുന്ന ആകര്‍ഷണവും ആകാം എന്നാകാം രചയിതാവ് ഉദേശിച്ചത് . എന്തായാലും നായകന്‍ നിവിന്‍ പൊളിക്കു മൂന്നു പ്രേമം സംഭവിക്കുന്നുണ്ട്  ഈ സിനിമയില്‍ . മൂന്നു പ്രേമവുമായി ബന്ധപ്പെട്ട  കഥയിലേക്ക് കൂടുതല്‍ കടക്കാന്‍ ഈ നിരൂപണത്തില്‍ സാധ്യമല്ല എന്നതിനാല്‍ അതിനു മുതിരുന്നില്ല .(ചിലതൊക്കെ കണ്ടു തന്നെ അറിയണം കൂട്ടുകാരെ ...)
കാമുകിയുടെ ചെറിയൊരു ദുരന്തം , അതിന്റെ മെലോഡ്രാമ , വിരഹം , കണ്ണുനീര്‍ , പാട്ട് , കള്ള്, സിഗരറ്റ് ....(ഏകദേശം മിക്കവാറും സീനുകളില്‍ ആ കോപ്പിലെ സര്‍ക്കാര്‍  മുന്നറിയിപ്പ് സ്ക്രീനില്‍ കാണാം ) തുടങ്ങിയ ക്ലീഷേകള്‍ ഈ സിനിമയിലും ആവര്‍ത്തിക്കുന്നുണ്ട് . എങ്കിലും നമുക്ക് ബോറടിക്കുന്നില്ല . അവസാനത്തെ ഒരു 20 മിനിട്ട് സിനിമ ഇഴഞ്ഞതിനു സംവിധായകന്‍ അല്‍ഫോന്‍സ്‌ പുത്രന്‍ തന്നെയാണ് കാരണക്കാരന്‍ . കാരണം രചയിതാവും , എഡിറ്ററും അദ്ദേഹം തന്നെയാണ് . 2 മണിക്കൂറും നാല്‍പ്പതു മിനിട്ടുമുള്ള സിനിമ കുറച്ചുകൂടി ബുദ്ധിപരമായി തിരക്കഥ ഒരുക്കിയിരുന്നെങ്കില്‍ ഒരു ഇരുപതു മിനിട്ട് മുന്പ് തീര്ക്കാമായിരുന്നു. സിനിമയുടെ ഒരേയൊരു ന്യൂനതയും അവസാനത്തെ മിനുട്ടുകളിലെ ഇഴച്ചില്‍ തന്നെയാണ് .


അല്‍ഫോന്‍സ്‌ പുത്രനെക്കുറിച്ചു പറയാതെ വയ്യ . ഭാവിയിലെ മലയാള സിനിമയുടെ മാണിക്ക്യക്കല്ലാണ് ഈ പ്രതിഭ . രചനയില്‍ അദ്ദേഹത്തിന് ഈ സിനിമയില്‍  അവസാനം അല്‍പ്പം പാളി എന്ന് ആരും പറയും . പക്ഷേ നമ്മുടെയൊക്കെ കൌമാര ജീവിതത്തെ ദ്രിശ്യവല്‍ക്കരിക്കുന്നതില്‍ ഈ മനുഷ്യന്‍ സമാനതകള്‍ ഇല്ലാത്ത വിധം വിജയിച്ചിരിക്കുന്നു . എഡിറ്റിംഗ് അദ്ദേഹം തന്നെ നിര്‍വ്വഹിച്ചു എന്നാണു മനസ്സിലാക്കുന്നത് . അല്‍ഫോന്‍സ്‌ പുത്രന്‍ മലയാള സിനിമയില്‍ രാജാവായി വാഴും . തര്‍ക്കം വേണ്ട ; ഇത് എഴുതിവച്ചോ .. അദ്ദേഹം നിവിന്‍ പോളിയുടെ ബാല്യകാല സുഹൃത്തായിരുന്നു എന്ന് ഇന്ന് ഒരു ഓണ്‍ലൈന്‍ മാസികയില്‍ വായിച്ചു . അത് സത്യമെങ്കില്‍ നിവിന്റെ സമപ്രായം . ഈ പ്രായത്തില്‍ ഇത്രയും ക്രാഫ്ട്ട്മാന്‍ഷിപ്‌പ്രദര്‍ശിപ്പിക്കുന്ന അല്‍ഫോന്‍സ്‌ മലയാള സിനിമക്ക് എന്തായാലും  മുതല്‍ക്കൂട്ടാണ് .
കോയയെ അവതരിപ്പിക്കുന്ന കൃഷ്ണ ശങ്കര്‍ , ശംഭുവിനെ അവതരിപ്പിക്കുന്ന ശബരീഷ് വര്‍മ്മ , ഡാന്‍സ് മാസ്റ്ററെ അവതരിപ്പിച്ച ജൂഡ് ആന്റ്റണി , കായികാധ്യാപകനായ സൌബിന്‍ സാഹിര്‍ , മലരിനോട് പ്രണയവുമായി നടക്കുന്ന അദ്ധ്യാപകന്‍  ലോല ഹൃദയന്‍ വിനയ് ഫോര്‍ട്ട്‌ , ഒരൊറ്റ സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന രണ്ജി പണിക്കര്‍ , സായ് പല്ലവി അവതരിപ്പിക്കുന്ന ഗംഭീര കഥാപാത്രം  മലര്‍ , അനുപമ പരമേശ്വരന്‍ അവതരിപ്പിക്കുന്ന മേരിയും , അവളുടെ പനങ്കുല പോലെയുള്ള മുടിയും , ഒടുവില്‍ സസ്പെന്‍സ് ആയി വരുന്ന, സിനിമയുടെ ജാതകം തിരുത്തുന്ന ,  മഡോണ സെബാസ്ത്യന്റെ സെലിന്‍ എന്ന കഥാപാത്രം ..... മറക്കാനാവില്ല രണ്ടു ആഴ്ച്ചകള്‍ക്കെങ്കിലും , ഇന്ന് കേരളത്തില്‍ ജീവിക്കുന്ന , അല്ലെങ്കില്‍ മലയാളിയായി ലോകത്ത് എവിടെയും ജീവിക്കുന്ന ഒരു മുപ്പത്തഞ്ച് വയസ്സില്‍ താഴെയുള്ള ഒരാള്‍ക്ക്‌ .


രാജേഷ് മുരുകെശന്റെ പശ്ചാത്തല സംഗീതം ..ഹോ ...അതില്ലാതെ ആലോചിക്കാന്‍ കൂടി വയ്യ. ഗാനങ്ങള്‍ എഴുതിയത് മിക്കവാറും എല്ലാം ശബരീഷ് വര്‍മ്മ തന്നെ . ചുമ്മാ കൌമാര കാലത്തേക്കും , കലാലയ ദിനങ്ങളിലെക്കും ഒന്ന് മടങ്ങിപ്പോകാം പ്രേമം കാണാന്‍ ടിക്കറ്റ് എടുത്താല്‍ .. കൂടുതല്‍ ഇനിയെന്ത് പറയാന്‍ ...?! പറ്റുമെങ്കില്‍ സ്ക്രീനില്‍ പോയി കാണാം ..! 




No comments:

Post a Comment