Friday, August 4, 2017

മഅദനി; ഇപ്പോഴും ഉത്തരം തേടുന്ന നിയമ- ഭരണകൂട സമസ്യ.

"Justice delayed is justice denied." - William E. Gladstone.

1) അക്ഷരങ്ങള്‍ സാഹിത്യകാരന്റെ ആയുധമാണെങ്കില്‍ വാക്കുകള്‍ പ്രാസംഗികന്റെയും ആയുധമാണ്. സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ തന്റെ വാക്കുകളിലൂടെ ജനലക്ഷങ്ങളെ തനിക്കനുകൂലമാക്കി ചിന്തിപ്പിച്ചിരുന്നുവെന്നത് ചരിത്രം. ജനവിരുദ്ധ നയങ്ങൾക്കൊണ്ടും, ഹൈന്ദവ ഫാഷിസ തേർവാഴ്ചകൊണ്ടും കോർപ്പറേറ്റുദാസ്യംകൊണ്ടും ജനവിരുദ്ധവും, ജനാധിപത്യ വിരുദ്ധവുമാകുമ്പോഴും സംഘപരിവാർ മുന്നണിയുടെയും സർക്കാരിന്റെയും ശബ്ദമായി മാറുവാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു കഴിയുന്നതും അദ്ദേഹത്തിന്റെ വാഗ്വിലാസം ഒന്നുകൊണ്ട് മാത്രമാണ്. അതേസമയം ഒരു കാലത്ത്, കേരളത്തിലെ യുവ രാഷ്ട്രീയ, മതനേതാക്കാന്‍മാരില്‍ തന്റെതായ സ്ഥാനം വഹിച്ചിരുന്ന അബ്ദുല്‍ നാസര്‍ മദനിയെന്ന നേതാവിന്റെ തീപ്പൊരി പ്രസംഗം കേട്ടവരാരും അദ്ദേഹത്തെ മറക്കുകയില്ലയെന്ന് മാത്രമല്ല, ആത്യന്തികമായി അത് അദ്ദേഹത്തെ എത്തിച്ചത് നിരന്തരമായ കാരാഗ്രഹ വാസത്തിലേക്കായിരുന്നു. ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ കാലം വിചാരണാ തടവുകാരനായി ജയിൽവാസം അനുഭവിച്ചതിന്റെ ആഗോള കാലയളവുകൾ പരിശോധിച്ചാൽപ്പോലും മുന്നിലുള്ള പേരുകളിൽ ഒന്ന് മദനിയുടേതായിരിക്കും എന്നുറപ്പാണ്.

2) നിരോധിത സംഘടനയായ ഐ.എസ്.എസ്.(ഇസ്ലാമിക് സേവക് സംഘ്) എന്നാ സംഘടനയിലൂടെ തന്റെ രാഷ്ട്രീയവും മതവും കൂടിക്കലര്‍ത്തുന്ന രീതിയിലുള്ള തുടക്കത്തിനു നിരോധനത്തിലൂടെ തടസ്സം വന്നുവെങ്കിലും, പിന്നീട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി വന്നു തന്റെ സംഘടനാ ശേഷിയും, രാഷ്ട്രീയ പ്രഭാവവും കാണിക്കുന്നതില്‍ അദ്ധേഹം ഒരു പരിധിവരെ വിജയിച്ചുവെന്നു വേണം ചരിത്രം വിലയിരുത്തുമ്പോള്‍ മനസ്സിലാക്കുവാന്‍.



3) ഗൂഢാലോചന, സാമൂദായിക സൌഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തികളും,സംസാരവും തുടങ്ങി 1998ല്‍ അറുപതു പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസ് വരെ ചുമത്തി ഒമ്പതരവര്‍ഷം മദനിയെ ജയിലിലും കിടത്തി. ഒമ്പതരവര്‍ഷത്തെ ജയില്‍ വാസം തകര്‍ത്ത ആരോഗ്യം മദനിയുടെ സംസാരത്തിന്റെയും പ്രവര്‍ത്തന ശൈലിയുടേയും പ്രവര്‍ത്തനം മാറ്റിയെന്നു വേണം കരുതാന്‍. എന്നാല്‍ മദനിയെ നിയമവും, ഭരണകൂടങ്ങളും വേട്ടയാടുന്നത് അവിടെയും അവസാനിച്ചില്ല. ബംഗളുരു സ്ഫോടനത്തിന്റെ പേരിൽ കർണാടക പോലീസ് 2010 ആഗസ്റ്റ്‌ 17 നു അദ്ദേഹത്തെ അറെസ്റ്റ്‌ ചെയ്തു. പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടുള്ളത്. 2011 ഫെബ്രുവരി 11-നു കർണാടക ഹൈകോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനത്തിൽ ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകൾ പോലീസിനു ഹാജരാക്കാനായില്ല എന്ന കാര്യം ഹൈകോടതി വിധിപ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടിയെങ്കിലും, മഅദനിക്കു ജാമ്യം നൽകുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കർണാടക സർക്കാരിന്റെ വാദം പരിഗണിച്ചായിരുന്നു ജാമ്യം നിരസിച്ചത്. എങ്കിലും നിരന്തരമായി നീളുന്ന വിചാരണയും കേസ് നടപടികളും പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി മദനിക്ക് സ്ഥിരമായ ജാമ്യം അനുവദിച്ചു. എങ്കിലും ബാങ്ക്ലൂര്‍ നഗരം വിട്ടുപോകുവാന്‍ അനുവാദം ഉണ്ടായിരുന്നില്ല.

4) ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസമാണ് മദനി മാതാവിനെ സന്ദര്‍ശിക്കാനും, മകന്‍റെ വിവാഹത്തില്‍ സംബന്ധിക്കാനുമായി കര്‍ണ്ണാടക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്‍റെ ദ്രോഹപരമായ നിലപാടുകള്‍ കാരണം കോടതിക്ക് വ്യവസ്ഥകളില്‍ ഇളവു നല്‍കാനായില്ല. ആ ഘട്ടത്തില്‍ മദനി സുപ്രീംകോടതിയെ സമീപിച്ചു. കോടതില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായെങ്കിലും മദിയുടെ സുരക്ഷ, യാത്ര, താമസം അടക്കമുള്ളവയ്ക്കായി 14,79,875 രൂപ കെട്ടിവയ്ക്കണമെന്ന നിലപാടെടുത്തുകൊണ്ട് കര്‍ണ്ണാടക പോലീസ് മദനിയെ സമാനതകളില്ലാത്തവിധം ദ്രോഹിക്കുവാനും, സുപ്രീംകോടതി വിധി അട്ടിമറിക്കുവാനും ശ്രമിച്ചു. മദനിയുടെ അഭിഭാഷകര്‍ ഇക്കാര്യം വീണ്ടും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും, കോടതി രൂക്ഷഭാഷയില്‍ കര്‍ണ്ണാടക സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. ഇപ്പോള്‍ ഇതെഴുതുന്ന ഈ സമയം അബ്ദുന്നാസിർ മഅ്ദനി സുരക്ഷ ചെലവിനായി 1,18,000 രൂപ നൽകിയാൽ മതിയെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. സന്ദർശനസമയം നാല് ദിവസം കൂടി നീട്ടി നൽകുകയും ചെയ്തു. ആഗസ്റ്റ് ആറുമുതൽ ഒമ്പത് വരെയാണ് കോടതി നീട്ടി നൽകിക്കൊണ്ട് സുപ്രീംകോടതി ഉത്തരവുണ്ടായിരിക്കുന്നത്. വിചാരണത്തടവുകാരുടെ മേൽ തുക ചുമത്തുന്നത് കീഴ്വഴക്കമാക്കരുതെന്ന കർണാടകയോടുള്ള സുപ്രീംകോടതി നിർദേശമാണ് ഈ വിഷയത്തിലെ പരമപ്രധാനമായ അക്കാദമിക വിഷയവും, നിയമവിദ്യാര്‍ഥികള്‍ക്ക് പഠിക്കുവാനുള്ള പാഠവും!



5) മദനിവേട്ടയിലെ ഹൈന്ദവ രാഷ്ട്രീയം, ജുഡീഷ്യറിയുടെ ദൌര്‍ബ്ബല്ല്യങ്ങള്‍.
**************************
മദനി വിഷയത്തിൽ കർണ്ണാടകത്തിലെ കോൺഗ്രസ്സ് സർക്കാർ സുപ്രീംകോടതിയിൽനിന്ന് രൂക്ഷ വിമർശനം ഏറ്റുവാങ്ങി എന്ന് കേൾക്കുമ്പോൾ, കര്‍ണ്ണാടക ഭരിക്കുന്നത് സംഘപരിവാര്‍ സര്‍ക്കാരല്ല എന്ന ഓര്‍മ്മ തികട്ടിയെത്തുന്നു. ഒരു പക്ഷേ ഈയൊരു ബോധ്യമാണ് ഇന്ത്യയിലെ മതേതരത്വത്തെക്കുറിച്ച് പഠിക്കുന്ന രാഷ്ട്രീയ വിദ്യാര്‍ത്ഥികളെ ഞെട്ടിക്കുന്നത്. കാരണം കര്‍ണ്ണാടക ബീ ജെ പി ഭരിച്ചിരുന്ന കാലത്തേക്കാള്‍ ക്രൂരമായ നിലപാടുകളാണ് കര്‍ണ്ണാടകയിലെ കോണ്ഗ്രസ് സര്‍ക്കാര്‍ മദനിക്കെതിരെ സ്വീകരിക്കുന്നതെന്നത് അമ്പരപ്പിക്കുന്നതാണ്. അത് വളരെ യാദൃശ്ചികമായതോ, സ്വാഭാവികമായതോ ആയ ഒരു രാഷ്ട്രീയ ഭരണകൂട നിലപാടാണ് എന്ന് കരുതാനാവില്ല. കോൺഗ്രസ്സിന് ഹിന്ദുത്വ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കാനാവുന്നതിൽ പരിധികളുണ്ട്. ഹൈന്ദവ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് തകര്‍ന്നുതരിപ്പണമായ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയുടെ അതിജീവനത്തിന്റെ അവശേഷിക്കുന്ന മാര്‍ഗ്ഗമെന്ന തിരിച്ചറിവായിരിക്കാം കര്‍ണ്ണാടകയിലെ മതേതര സര്‍ക്കാര്‍ മദനിയുടെ കാര്യത്തില്‍ ഇത്തരം വിചിത്രമായ നിലപാടുകള്‍ എടുക്കുന്നതിനു കാരണം.

6) ഈ രാജ്യത്തെ നിയമവ്യവസ്ഥയിൽ നിലനിൽക്കുന്ന പഴുതുകളുടെ രാഷ്ട്രീയ ഉപയോഗപ്പെടുത്തലിന്റെ ഒരു ഇരയാണ് മദിനി. നമ്മുടെ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും രാഷ്ട്രീയപ്പാര്‍ട്ടികളും എല്ലാംകൂടി ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണ് ‘അസഹിഷ്ണുവായ ഒരു പ്രജയെ’ സൃഷ്ടിക്കുക എന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എന്തെങ്കിലും ശിക്ഷ വിധിക്കുക സാധ്യമല്ലാത്തതിനാല്‍ ഇത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കർണ്ണാടകാ സർക്കാരിന്റെയോ, ഇന്ത്യൻ സർക്കാരിന്റെയോ ഇഷ്ടക്കാരനല്ല മദനി എന്ന് മനസിലാക്കാൻ ഗവേഷണമൊന്നും വേണ്ട. ആ നിലയ്ക്ക് അയാളെ ഏതെങ്കിലും തീവ്രവാദ ആക്രമണവുമായി ബന്ധപ്പെടുത്തി ശിക്ഷിക്കാൻ പോന്ന വ്യാജ തെളിവുകളെങ്കിലും ഉണ്ടാക്കാനായാൽ അയാൾ ഇന്നും ഇങ്ങനെ നിരന്തരകാലം ജയിലിൽ കിടക്കില്ല എന്നതും സാമാന്യ യുക്തിയാണ്. എങ്കിലും നമ്മുടെ ജുഡീഷ്യറിക്കും, ഭരണകൂടങ്ങള്‍ക്കും വ്യാഖ്യാനിക്കാനാവാത്ത കാരണങ്ങളാല്‍ മദനിയുടെ "വിചാരണാതടവ്‌" അജ്ഞാതമായ കാരണങ്ങളാല്‍ അതിന്‍റെ രണ്ടാം ഘട്ടത്തിലെ രണ്ടാം പതിറ്റാണ്ട് പൂര്‍ത്തിയാകുവാന്‍ പോകുന്നു.



7) നമ്മുടെ നാട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോയി ഒമ്പതരവര്‍ഷം കോയമ്പത്തൂര്‍ ജയിലിലും അതിനുശേഷം ഇപ്പോള്‍ ബാംഗ്ളൂര്‍ ജയിലിലും നരകയാതന അനുഭവിക്കുന്ന ആ മനുഷ്യനു വേണ്ടി വേണ്ടരീതിയില്‍ പ്രതികരിക്കാനോ, യോജിച്ച സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനോ നമ്മുടെ പൊതുബോധം സമ്മതിച്ചില്ലയെന്നതാണ് വസ്തുത. മാധ്യമങ്ങള്‍ നിര്‍മ്മിച്ചതായിരുന്നു ആ പൊതുബോധമെങ്കിലും മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു എന്താണു ഈ ജനതയ്ക്ക് സ്വീകാര്യമെന്ന്, അതിനനുസരിച്ച് അവര്‍ കഥകളെഴുതിയെന്നുമാത്രം. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ പൊള്ളയാണെന്നുള്ളതിന്റെ നൂറു നൂറു തെളിവുകള്‍ നമ്മുടെ മുന്നില്‍ ദിനേനയെന്നോണം വന്നുകൊണ്ടിരുന്നു. പക്ഷേ, അതു ശ്രദ്ധിക്കാതെ, അല്ലെങ്കില്‍ വേണ്ടപരിഗണന കൊടുക്കതെ നമ്മള്‍ വേറെ വാര്‍ത്തകള്‍ തേടിക്കൊണ്ടിരുന്നു. 2008ല്‍ ബാംഗ്ളൂരല്‍ നടന്ന 7 സ്ഫോടനങ്ങളില്‍ മരിച്ചത് 2 പേര്‍ .ഇതിന്റെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആദ്യ 2 തവണയും ഇല്ലാത്ത മഅദനി മൂന്നാമത്തെ കുറ്റപത്രത്തില്‍ ഇടം പിടിക്കുന്നത്എവിടെയോ നടന്ന ഒരു വന്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ന്യായമായും വിശ്വസിക്കാവുന്ന ഒരുപാടു തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. തട്ടിക്കൂട്ടിയ സാക്ഷികള്‍ തന്നെ ഒന്നാമത്തെതെളിവ്.

8) 24 മണിക്കൂര്‍ പോലീസ്കാവലിലുള്ള ആള്‍ കുടകില്‍ പോയി ക്യാമ്പു നടത്തി എന്ന പൊലീസ് ഭാഷ്യം അതേപോലെ വിശ്വസിക്കുന്ന ഒരു വിഭാഗം നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ടെന്നത് മാധ്യമങ്ങളുടെ സ്വാധീനമാണു തെളിയിക്കുന്നത് മഅദനിക്കെതിരിലുള്ള സാക്ഷിപ്പട്ടികയില്‍ പേരുണ്ടെന്നുള്ളവിവരം അറിയാതെകഴിയുന്ന യോഗാനന്ദ, മഅദനിക്കെതിരെ മൊഴികൊടുക്കാന്‍ ക്രൂരമായ പീഡനം ഏല്ക്കേണ്ടിവന്ന റഫീക്ക് എന്ന ചെറുപ്പകാരന്‍, കടുത്ത ക്യാന്സര്‍ ബാധിതനായി കോമയില്‍ ആശൂപത്രിയില്‍ കഴിയുന്ന സമയതു ബാംഗ്ളൂരിലെത്തി മൊഴിനല്‍കിയെന്നു പരയപ്പെടുന്ന മജീദ്, തന്നെ കബളിപ്പിച്ചു മൊഴി രെഖപ്പെടുതിയതാണെന്ന് പറയുന്ന കൊച്ചിയിലെ വീട്ടുടമ്സ്ഥന്‍ ജോസ് വര്‍ഗീസ്സ്, ഇതുവരെയും ഒരു പോലീസുകാരനോ, കോടതിയോ മൊഴിരേഖപ്പെടുത്തിയിട്ടില്ലാത്ത മഅദനിയുടെ സഹോദരന്‍, ഇവരൊക്കെയാണു ഈ കേസിലെ പ്രധാന സാക്ഷികള്‍ എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥിതിയിലെ കറുത്ത ഹാസ്യമാകുന്നുണ്ട്!

9) കുറ്റവിചാരണയുടെ “കാഫ്കേയിയന്‍ സിദ്ധാന്തം “ രൂപപ്പെടുത്തിയ ഫ്രാന്‍സ് കഫ്കയുടെ പ്രശസ്തമായ നോവലാണ് The Trial. ഇതിലെ നായകന്‍ ഒരു പ്രതീകമാണ് ,ഭരണകൂടത്തിന്റെ ഗൂഡാലോചനയുടെയും അടിച്ചമര്‍ത്തലിന്റെയും ഫലമായി കടുത്ത നൈരാശ്യത്തോടെ ജീവിതമവസാനിപ്പിക്കേണ്ടി വന്ന ഒരു മനുഷ്യന്‍. ഒരു സുപ്രഭാതത്തില്‍ അജ്ഞാതരായ അധികാരികള്‍ അകാരണമായി അയാളെ തടവിലാക്കുന്നു. അയാള്‍ ചെയ്ത കുറ്റം എന്താണെന്ന് അയാളോടോ മറ്റുള്ളവരോടോ വ്യക്തമാക്കാതെ അയാള്‍ നിരന്തരം വിചാരണ ചെയ്യുപ്പെടുന്നു. അജ്ഞാതമായ അധികാരികള്‍ നടത്തുന്ന അശുഭാപ്തിയും അശരണതയും നിറഞ്ഞ ആ വിചാരണ ജീവിതത്തിനൊടുവില്‍ ആത്മഹത്യ ചെയ്യാന്‍ വിസമ്മതിക്കുന്ന അയാളെ അജ്ഞാതരായ ആ അധികാരികള്‍ കൊലപ്പെടുത്തുന്നു. അവസാന ശ്വാസത്തില്‍ അയാള്‍ തന്റെ ക്രൂരമായ വിധിയെ ഒരൊറ്റ വാക്കു കൊണ്ട് വിശേഷിപ്പിക്കുന്നു - "ഒരു നായയെ പോലെ".



10) അബ്ദു നാസര്‍ മദനി എന്ന മനുഷ്യന്റെ ദുര്‍വിധിക്കു ആക്കം കൂട്ടിക്കൊണ്ട് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസൂത്രിതമായ ഗൂഡാലോചനയുടെ ഫലമായി വീണ്ടുമൊരു വിചാരണ പ്രഹസനം കൂടി അരങ്ങേറുമ്പോള്‍, ഒറ്റപ്പെടലിന്റെ പീഡനങ്ങളുടെ, ആത്മ സംഘര്‍ഷങ്ങളുടെയെല്ലാം പാരമ്യത്തില്‍ ഒരു മനുഷ്യനെ അവശേഷിപ്പിച്ചു കൊണ്ട് കൊല്ലാക്കൊല ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അബ്ദു നാസര്‍ മദനി മുമ്പു പറഞ്ഞത് പോലെ ഇങ്ങനെ പീഡിപ്പിക്കുന്നതിനെക്കാള്‍ ഭേദം തൂക്കിക്കൊല്ലുന്നതാണ് എന്ന് നമുക്കും തോന്നിപ്പോകുന്നു.

11) രാജ്യത്തു രണ്ടര ലക്ഷത്തോളം ആളുകള്‍ വിചാരണ തടവുകാരായി പല ജയിലുകളിലായി കഴിയുന്നുണ്ട്, എന്നിട്ടും എന്തുകൊണ്ട് മദനി?!
**************************
മദനി ഒരു പ്രതീകമാണ് , നീതിനിഷേധത്തിന്റെ , ആസൂത്രിതമായ ഭരണ കൂട ഭീകരതയുടെ ഭീകരവാദത്തിന്റെ പേരില്‍ പീഡനമനുഭവിക്കപ്പെടുന്ന നിരപരാധികളായ നൂറു കണക്കിന് മുസ്ലീം യുവാക്കളുടെ ഒക്കെ പ്രതീകം . ഒരു വ്യക്തിയുടെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിപ്പിക്കപ്പെട്ടു , ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരാളാണ് മദനി .

12) മദനി വര്‍ഗ്ഗീയത വമിപ്പിക്കുന്ന പ്രസംഗങ്ങള്‍ ചെയ്തിട്ടുണ്ട് ,ബാബറി മസ്ജിദ് ധ്വംസനത്തിനു ശേഷം മുസ്ലീം യുവാക്കളില്‍ ആ പ്രസംഗങ്ങള്‍ ഒരു വര്‍ഗ്ഗീയ ധ്രുവീകരണത്തിനു കാരണമായിട്ടുണ്ട് , ഇല്ലെന്നല്ല പക്ഷെ അതു കൊണ്ടു മാത്രം ഉടലെടുത്തതല്ല കേരളത്തിലെ ഇസ്ലാം യുവാക്കള്‍ക്കിടയില്‍ ഉണ്ടായ മത മൌലികവാദത്തോടുള്ള അഭിനിവേശം അതു ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹിക മാനങ്ങളുമായി ഏറെ ബന്ധപ്പെട്ടതാണ് .അതു കൊണ്ട് തന്നെ ആ ഭൂത കാലത്തിന്റെ മാറാലകളില്‍ ഒരാളെ പൊതിഞ്ഞു വെച്ചു പിന്നീടുള്ള ജീവിതം മുഴുവന്‍ അതുമായി ബന്ധപ്പെട്ടു ജീവിച്ചു കൊള്ളണമെന്നു പറയുന്നത് മനുഷ്യത്വമില്ലായ്മയാണ് .മാത്രമല്ല ഈ കുറ്റങ്ങള്‍ മറ്റാരും ചെയ്യാത്തതുമല്ല ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നത് തന്റെ വാഗ്മിത്വം വിനിയോഗിച്ചു പ്രകടമായി ചെയ്തു എന്നതാണ് മദനി ചെയ്ത തെറ്റ്. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ നീണ്ട പത്തു വര്‍ഷത്തെ വിചാരണ തടവിനു ശേഷം നീതിപീഠം തന്നെ കുറ്റവിമുക്തനാക്കിയ ഒരാളാണ് മദനി. അയാള്‍ കുറ്റവാളിയായിരുന്നെങ്കില്‍ അതു തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്നു ഉണ്ടായിരുന്നു. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ എന്ന പോലെ തന്നെ ബാങ്ക്ലൂരു സ്ഫോടന കേസിലും വിചാരണ തടവിലൂടെ മദനിക്കു നീതി പീഠത്തിന്റെ മുന്നില്‍ കുറ്റം തെളിയിക്കാനുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്തുകയാണ് കര്‍ണ്ണാടക പോലീസ് ചെയ്യുന്നത്. അന്വേഷണത്തിന്റെ പേരും പറഞ്ഞു നിരന്തരം നീട്ടി വെക്കുന്ന വിചാരണയിലൂടെ പരമാവധി സമയം ഒരാളെ തടവറക്കുള്ളില്‍ തളക്കാമെന്ന സിദ്ധാന്തം!



13) മദനി ഒരു ഇന്‍ഡ്യന്‍ പൌരന്‍ എന്ന നിലയില്‍ സ്വതന്ത്രവും നീതിപ്പൂര്‍വ്വവുമായ ഒരു വിചാരണ അര്‍ഹിക്കുന്നുണ്ട്. അത്തരമൊരു വിചാരണയില്‍ മദനി കുറ്റക്കാരനാണെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ അതിലാര്‍ക്കും എതിര്‍പ്പില്ല. മദനിയുടെ ജാമ്യാപേക്ഷ നിരസിക്കാന്‍ കോടതിക്കു മുമ്പില്‍ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച ഒരു തെളിവ് - മദനിയുടെ അറസ്റ്റിനോടനുബന്ധിച്ച അനുയായികളുടെ അതി വൈകാരികത നിറഞ്ഞ ആര്‍പ്പു വിളികളുടെ വീഡിയോ ആയിരുന്നു. ഇത്തരത്തില്‍ ഒരു പ്രത്യേക മത വിഭാഗം ഹിസ്റ്റീരിയാ ബാധിതരെ പോലെ ഉറഞ്ഞു തുള്ളുന്നുവെങ്കില്‍ മദനിക്കു ജാമ്യം കൊടുത്താലുള്ള അപകടത്തെക്കുറിച്ചാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. അതു കൊണ്ട് തന്നെ മദനിയുടെ വിഷയം ഒരു മതാവകാശ പ്രശ്നം എന്നതിലുപരി മനുഷ്യാവകാശ പ്രശ്നം എന്ന നിലയിലാണ് ഉയര്‍ത്തിക്കൊണ്ടു വരേണ്ടത്. കുറെ “മാപ്ലാര് “ സംഘം ചേര്‍ന്നു അതി വൈകാരികത നിറഞ്ഞ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനു പകരം പൊതു സമൂഹത്തിന്റെ ഇടപെടലുണ്ടാകുന്നതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത്. മറ്റൊരു സംസ്ഥാനത്തിന്റെ നിയമ പരിധിയിലുള്ള ഒരു കേസിനെ സംബന്ധിച്ചു കേരളത്തില്‍ സെമിനാറും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നതിനു പകരം കേരളാ ഗവണ്മെന്റ് മദനിയുടെ കാര്യത്തില്‍ നീതിപൂര്‍വ്വകമായ ഒരു വിചാരണക്കു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ തന്നെ ആവശ്യപ്പെടുകയാണ് വേണ്ടത്. ഓരോരോ തിരഞ്ഞെടുപ്പിനും മദനിയുടെ സഹായം തേടിയ നിരവധി നിയമ സഭാ സാമാജികര്‍ ഇരു മുന്നണികളിലും ഉണ്ട്. അതിനു സാധിക്കുന്നില്ലെങ്കില്‍ മദനി പറഞ്ഞതു പോലെ അദ്ദേഹത്തെ തൂക്കിക്കൊല്ലാനുള്ള എന്തെങ്കിലും വഴിയാണ് നമ്മള്‍ തേടേണ്ടത്. കാഫ്കേയിയന്‍ കുറ്റ വിചാരണയിലെ വെറുമൊരു നായയായി ഒരു മനുഷ്യനെ അവസാനിപ്പിക്കുന്നതിനെക്കാള്‍ ന്യായമാണ് ആ വിധി.

14) മദനിക്ക്‌ ജാമ്യം നല്‍ക്കുന്നതിന്‌ തടസ്സമായി സുപ്രീം കോടതി വെറും നിസ്സാരമായ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിച്ചിരുന്നത്. മദനി ഐ.എസ്‌.എസ്‌ എന്ന നിരോധിത സംഘടനയുടെ നേതാവാണെന്നും ജാമ്യം അനുവദിക്കുന്നത്‌ അപകടമാണെന്നും കര്‍ണ്ണാടക സര്‍ക്കാരിന്റെ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട്‌ ചീഫ്ജസ്റ്റിസ്‌ മാര്‍ക്കന്ടെയ കട്ജു ചോദിച്ചത്‌ " നിരോധിത സംഘടനയിലെ അംഗം എന്നത്‌ ഒരു കുറ്റമല്ല. കൂടാതെ വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക്‌ ജാമ്യം നല്‍കുന്നതില്‍ എന്ത്‌ ഭീഷണിയാണുള്ളത്‌" എന്നാണ്‌. എന്നിട്ടും കൂടെയുണ്ടായിരുന്ന ബെഞ്ചിലെ അംഗം കര്‍ണാടക സര്‍ക്കരിന്റെ വാദത്തെ അനുകൂലിച്ചത്‌ കൊണ്ടാണ്‌ മുന്‍പ് മദനിക്ക് ജാമ്യം അനുവദിക്കപ്പെടാതെ പോയത്‌.

15) പൂര്‍ണ്ണഗര്‍ഭിണിയായ കൌസര്‍ബീയെ കൂട്ടബലാത്സംഗത്തിനു ശേഷം വയര്‍ കുത്തിപ്പിളര്‍ന്ന്‌ ഭ്രൂണം പുറത്തെടുത്ത്‌ ത്രിശൂലത്തില്‍ ഉയര്‍ത്തി പിടിച്ച്‌ "ഹിന്ദു സംസ്കാരം" സംരഷിച്ചത്‌ താനാണ്‌ എന്ന്‌ അഭിമാനത്തോടെ പറഞ്ഞ ബാബു ബജ്രംഗി സ്വതന്ത്രനായി കഴിഞ്ഞിരുന്ന , നരോദ പാട്യാ കേസിലും, ഗുജറാത്ത് വംശഹത്യാ കേസിലുമടക്കം കഠിനശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ കപടകാരണങ്ങളുന്നയിച്ചു നികുതിപ്പണം കൊണ്ട് പരോളില്‍ സ്വതന്ത്ര വിഹാരം നടത്തുന്ന കാലത്ത്, മനുഷ്യത്വത്തിനേറ്റ പരാജയത്തെ ഹിന്ദു മതത്തിന്റെ കണക്കു പുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്ത്‌ ആ മതത്തെ ഭീകരതയുടെ പര്യായമാക്കുന്ന നരേന്ദ്ര മോഡിയുടെ ഇന്ത്യയിലേക്ക്‌, ഇതിനകം നിശ്ചയിക്കപ്പെട്ടതായേക്കാവുന്ന മൂന്നാമൂഴത്തിനായി അവസരസൃഷ്ട്ടിക്കു മദനിമാര്‍ ജാമ്യത്തില്‍ ഇളവുതേടി വരുമ്പോള്‍ ഇവിടെ കേരളത്തിലെ സംഘി ഈര്‍ക്കിലി നേതാക്കള്‍ വരെ പൌരന്‍റെ പണം കൊണ്ട് എസ്. പി .ജി സംരക്ഷണം തരപ്പെടുത്തിയിരിക്കുന്നു എന്നത് നമ്മുടെ വ്യവസ്ഥിതിയുടെ അത്രമേല്‍ ആസുരമായ കറുത്ത കാലത്തെയാണ് അടയാളപ്പെടുത്തുന്നത്..!

Thursday, July 20, 2017

അവധി നല്‍കി മാറ്റിനിര്‍ത്തുകയല്ല; അവളെ പിന്തുണ നല്‍കി ഒപ്പം നിര്‍ത്തൂ.

ആദ്യം ഒരു സംഭവകഥ പറയാം. ബേനസീര്‍ ഭൂട്ടോ പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഒരു സമയത്ത് എതിര്‍സ്ഥാനാര്‍ഥിയും ആ സമയത്തെ രാഷ്ട്രത്തലവനുമായിരുന്ന ആള്‍ ഗര്‍ഭിണിയായ ബേനസീറിന്റെ പ്രസവസമയത്തോട്‌ അടുപ്പിച്ച്, അധികാരഗര്‍വ്വില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചു.  ചൂടുപിടിച്ച അവസാന ദിന പ്രചാരങ്ങളില്‍ നിന്ന്, അവരെ സ്ത്രൈണസഹജമായ അനിവാര്യ കാരണങ്ങളാല്‍  മാറ്റി നിര്‍ത്തുവാനുള്ള രാഷ്ട്രീയ കുബുദ്ധിയായിരുന്നു അത്. ബേനസീര്‍ പ്രസവത്തിനായി പോകുന്ന അവസാന ദിനങ്ങളില്‍ അവരുടെ പാര്‍ട്ടി പ്രചാരണത്തിന് നേതാവില്ലാതെ ശൂന്യത അനുഭവിക്കുന്നത് കാത്തിരുന്ന രാഷ്ട്രീയ നിരീക്ഷക ലോകത്തെ അമ്പരപ്പിച്ചുകൊണ്ട്, ഡോക്ടര്‍ പറഞ്ഞ ഡേറ്റ് എത്തുന്നതിന് രണ്ടാഴ്ച്ചമുന്‍പ് ബ്രിട്ടനിലേക്ക് വിമാനം കയറി സിസേറിയന്‍ ചെയ്തു തിരിച്ചുവന്നുകൊണ്ട് ബേനസീര്‍ ലോകത്തെയും പാകിസ്ഥാന്‍ രാഷ്ട്രീയത്തെയും ഞെട്ടിച്ചു. മാനസികമായി അതിശക്തമായ ഒരു സ്ത്രീ രാഷ്ട്രീയകുബുദ്ധികളായ പുരുഷക്കൂട്ടത്തെ അസാധാരണമായി നേരിട്ട ഈ സംഭവം ഇന്നും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് കൌതുകമുള്ള ചരിത്രമാണ്. മാതൃത്വവും, ആര്‍ത്തവവും പോലുള്ള സ്ത്രീസഹജമായ അനിവാര്യതകളെ ധീരകളായ സ്ത്രീകള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ ഒരുദാഹരണം മാത്രമാണ് പറഞ്ഞത്.

കേരളത്തിലെ ഒരു മാധ്യമ സ്ഥാപനം അവരുടെ സ്ത്രീ തൊഴിലാളികള്‍ക്ക് ആര്‍ത്തവാവധിയായി എല്ലാ മാസവും ഒരു ദിവസം നല്‍കുവാന്‍ തീരുമാനിച്ചതാണ് ഈ മണിക്കൂറുകളിലെ ചര്‍ച്ച. പ്രാഥമികമായി പ്രശംസിക്കേണ്ട ഒരു തീരുമാനമായാണ് സമൂഹം ഇതിനെ പൊതുവേ സ്വീകരിച്ചിട്ടുള്ളത്. അതില്‍ തെറ്റുപറയാനുമാകില്ല, കാരണം ആണ്‍കണ്ണുകള്‍ കൊണ്ടാണ് നമ്മുടെ നീതിയും, ധാര്‍മ്മികതയും, സാമൂഹ്യ സ്വീകാര്യതകളും എല്ലാം നോക്കിക്കാണുന്നത്. ആ നിലയില്‍ പുരുഷന് അഭികാമ്യമായി തോന്നിയ ഈ മാധ്യമ സ്ഥാപന തീരുമാനത്തെ ഒരു സാമൂഹ്യാംഗീകാരമായി നാം തെറ്റിദ്ധരിക്കുന്നു എന്നതാണ് വസ്തുത.

സ്ത്രീ, പുരുഷന്‍, ജൈവ വ്യത്യാസങ്ങള്‍...
************* 
ഗര്‍ഭപാത്രത്തിലെത്തുന്ന പുരുഷ ബീജത്തില്‍ X ക്രോമാസോമോ Y ക്രോമാസോമോ ഉണ്ടാകാം. അണ്ഡത്തില്‍ നിന്നും, ബീജത്തില്‍ നിന്നുമുള്ള രണ്ടു X ക്രോമസോമുകള്‍ (XX) ആണെങ്കില്‍ അത് ആണും, അണ്ഡത്തില്‍ നിന്നുള്ള X ഉം ബീജത്തില്‍ നിന്നുള്ള ഒന്ന് Y യുമാണെങ്കില്‍ (XY) അത് പെണ്ണുമാകുന്നു എന്നതാണ് എല്ലാവര്ക്കും അറിയുന്ന ലളിത ശാസ്ത്രം. എന്നുവച്ചാല്‍ ടെസ്റ്റട്രോണ്‍ ഹോര്‍മോണ്‍ പുരുഷ ജീവനൈല്‍ അവയവങ്ങളെ നിര്‍ണ്ണയിക്കാനും അല്ലാത്തവ പെണ്‍ജീവന്‍ പിറവിയെടുക്കുവാനും സഹായിക്കുന്നു. XY ക്രോമസോമുകള്‍ സ്ത്രീലിംഗ ഭിന്നത തീരുമാനിക്കുകയും സ്ത്രൈണ അവയവങ്ങള്‍ ശരീരത്തില്‍ ഉണ്ടാകുവാന്‍ കാരണമാവുകയും ചെയ്യുന്നു. അണ്ഡത്തില്‍ എപ്പോഴും X ക്രോമസോമുകള്‍ മാത്രമാണ് ഉണ്ടാവുക, എന്നുവച്ചാല്‍ ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുവാന്‍ എപ്പോഴും സന്നദ്ധമാണ് ഒരു സ്ത്രീ. പെണ്‍കുട്ടിയെ നിര്‍ണ്ണയിക്കുന്നത് പുരുഷ ബീജത്തിലെ Y ക്രോമസോമാണ്‌. എന്നിട്ടും നമ്മുടെ "പ്രാകൃത" സമൂഹം പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകളെ ശപിക്കുന്നതും, വിവാഹ മോചനംപോലും നടത്തുന്നത് ഒരു കറുത്ത ദുരന്ത ഹാസ്യമാണ്.!      

ജന്മംകൊണ്ട്, വളര്‍ന്ന്  ശാരീരികമായി ഗര്‍ഭധാരണത്തിന് പാകപ്പെട്ട ഒരു സ്ത്രീ ശരീരത്തിലെ അണ്ഡം (Ovum) പുരുഷബീജവുമായി ചേര്‍ന്ന് ഒരു ജീവനായി രൂപാന്തരപ്പെടുന്നെങ്കില്‍ മാസമുറ തെറ്റുകയും, ഇല്ലെങ്കില്‍ ആ അണ്ഡം പുറത്തേക്ക് പോകുന്ന അവസ്ഥയും സ്ത്രീ ആര്‍ത്തവാവസ്ഥയില്‍ ആകുന്ന സ്ഥിതിയും ഉണ്ടാകുന്നു. ഇത് വളരെ സ്വാഭാവികവും പ്രാകൃതികാവുമായ ഒരു ജൈവ പ്രക്രിയയാണ്. അന്ധവിശ്വാസജടിലമായ തെറ്റിദ്ധാരണകളും, വികലമായ മതപരികല്‍പ്പനകള്‍ രൂപപ്പെടുത്തിയിട്ടുള്ള "അശുദ്ധി"യുടെ ചിന്തകളും തന്നെയാണ് ആര്‍ത്തവ കാലത്തെ ഇത്രമേല്‍ "ഭയാനകമായ ഒരു സംഭവമാക്കി" മാറ്റിയിട്ടുള്ളത്.  ആര്‍ത്തവത്തെ സംബന്ധിച്ച ചൊല്ലുകളില്‍ കൌതുകരമായിട്ടുള്ളത് "നഷ്ട്ടപ്പെട്ട അണ്ഡത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ടുള്ള ഗര്‍ഭപാത്രത്തിന്‍റെ കണ്ണുനീരാണ് ആര്‍ത്തവം" ( Weeping of the uterus for the lost ovum ) എന്നതാണ്. 

ഇന്ത്യയിലെ മധ്യവർഗ്ഗ സമൂഹത്തിൽ 80 % സ്ത്രീകൾക്കും കൃത്യം 28 ആം ദിവസം ആർത്തവം ഉണ്ടാകുന്നില്ല എന്നതാണ് ഇതുസംബന്ധിച്ച പഠനങ്ങൾ തെളിയിക്കുന്നത്. 28  ദിവസം തികഞ്ഞിട്ടും മെൻസസ് ആകാത്തവൾക്ക്  എന്തെങ്കിലും കുഴപ്പമുണ്ട് എന്നും ഇതിനര്ത്ഥമില്ല. കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍,  വ്യക്തിജീവിതത്തിലെ, തൊഴിലിടത്തിലെ മാനസിക സംഘര്‍ഷങ്ങള്‍, തടിയുള്ള ശാരീരിക സ്ഥിതി, കഴിക്കുന്ന ഭക്ഷണത്തിലെ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം ആര്‍ത്തവത്തിന്‍റെ ക്രമം തെറ്റിക്കുന്നതാണ്. 

ഇനിയൊരുപക്ഷേ ഒരു സ്ത്രീ ഗര്‍ഭിണിയായി ആര്‍ത്തവം ഇല്ലാതാകുന്നതും മൂന്ന് മാസത്തേക്ക് വരെ ഉറപ്പിക്കാന്‍ കഴിയാത്ത കാര്യമാണ്. മൂന്ന് മാസം വരെ ഗര്‍ഭം അലസുന്നത് ഉള്‍പ്പടെയുള്ള സാദ്ധ്യതകളോ, മറ്റെന്തെങ്കിലും കാരണത്താലാണ് ആര്‍ത്തവം ഉണ്ടാവാത്തത് എന്ന സ്ഥിതിയോ സംഭവിക്കാവുന്നതാണ്. ഈ സമയങ്ങളില്‍ മെന്‍സസ് വന്നതുപോലെ അഭിനയിച്ചുകൊണ്ട് ഒരു സ്ത്രീ അവധിഎടുക്കേണ്ട കാര്യമില്ലല്ലോ. ചുരുക്കത്തില്‍ സൂര്യന്‍ കിഴക്ക് ഉദിക്കുന്നതുപോലെ കൃത്യവും, അനിവാര്യവുമായ ഒരവസ്ഥയാണ് ആര്‍ത്തവം എന്നത് പുരുഷ സമൂഹത്തിന്‍റെ പഠനമില്ലായ്മയാണ് കാണിക്കുന്നത്. 

ലോകത്തിലെ മുഴുവന്‍ സാനിട്ടറി നാപ്ക്കിന്‍ കമ്പനികളുടെയും പരസ്യങ്ങളുടെ പൊതുസ്വഭാവം, ആര്‍ത്തവ ദിനങ്ങളില്‍ ഏറ്റവും സ്വാഭാവികമായ ജീവിതം സാധ്യമാക്കുന്ന അവരുടെ ഉല്‍പ്പന്നത്തെ ഉയര്‍ത്തിക്കാണിക്കുന്നതാണ്. ഈയിടെയാണ് ആര്‍ത്തവ സമയത്ത് ഒളിമ്പിക്സ് ഓട്ടമത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണ്ണം നേടുന്ന ഒരു വനിതയുടെ ആശയം പരസ്യമായി അവതരിപ്പിച്ചത് ഒരു യൂറോപ്യന്‍ ചാനലിലെ വീഡിയോയില്‍ കണ്ടത്. സ്വാഭാവികമായ ആര്‍ത്തവ ദിനങ്ങളില്‍ ഏറ്റവും സ്വാഭാവികമായ തൊഴില്‍ജീവിതം ഒരു സ്ത്രീക്ക് സാധ്യമാണ്. അങ്ങനെയല്ലാത്തവരുടെ കാര്യത്തില്‍ നിസ്സാരവിലയുള്ള ഗുളികകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. കൂടുതല്‍ സങ്കീര്‍ണ്ണമായതും, പ്രയാസമുള്ളതുമായ സാഹചര്യമാണ് ഉണ്ടാകുന്നതെങ്കില്‍പ്പോലും ഒരു ദിവസ അവധി അപ്രസക്തമാണ്, പകരം വിദഗ്ദമായ മെഡിക്കല്‍ സഹായമാണ് അപ്പോള്‍ ആവശ്യമുള്ളത്. 

  
ആര്‍ത്തവം ഒരു ദുരിതകാലമാണോ, എന്തുകൊണ്ട് ?!
*******************
സ്ത്രീശരീരത്തില്‍ ആര്‍ത്തവ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതുമായി ബന്ധപ്പെട്ട ശാരീരിക മാനസിക പ്രയാസങ്ങള്‍ക്ക് കാരണം. ശാരീരിക വേദനകള്‍ മാത്രമല്ല വിഷാദവും, അകാരണമായ മാനസികാസ്വാസ്ഥ്യവും ഉള്‍പ്പടെയുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഒരു വിഭാഗം ഉണ്ട് എന്നത് വസ്തുതയാണ്. മെഡിക്കല്‍ സയന്‍സ് ചരിത്രത്തില്‍ പഠനം നടത്തിയവര്‍ക്ക് ആര്‍ത്തവ സമയത്തെ പ്രയാസങ്ങള്‍കൊണ്ട് ആത്മഹത്യ ഉണ്ടായ സംഭവങ്ങള്‍ വരെ വായിക്കുവാന്‍ കഴിയും. പക്ഷേ അപ്പോഴും ഒരു ദിവസ അവധി എന്നത് ശാസ്ത്രീയ അടിത്തറയില്ലാതെ തുടരുകയാണ്, കാരണം മേല്‍പ്പറഞ്ഞ പ്രയാസങ്ങള്‍ ഉള്ളവള്‍ക്ക് ഏകദിന അവധിയല്ല, വൈദ്യ സഹായവും പ്രിയപ്പെട്ടവരില്‍ നിന്നുള്ള പിന്തുണയുമാണ് വേണ്ടത്. അവധി ദിനങ്ങള്‍ ചിലപ്പോള്‍ ഒരു ആഴ്ചവരെ വേണ്ടിയും വന്നേക്കും. അതികഠിനമായ വേദനയും, അസ്വാസ്ഥ്യങ്ങളും ഉണ്ടാകുമ്പോള്‍ ഒരു ദിവസത്തെ അവധികൊണ്ട് ഒന്നുമാകില്ല എന്ന് സാരം. 

ഒരു സ്ത്രീയുടെ ആര്‍ത്തവ ദിനങ്ങള്‍, അവളുടെ Fertile ദിവസങ്ങള്‍ എന്നിവയൊക്കെ അവളുടെ സ്വകാര്യതയാണ്‌. ഓഫീസിലെ HR മാനേജര്‍ മുതല്‍ പ്യൂണ്‍ വരെയുള്ള സഹപ്രവര്‍ത്തകര്‍ക്ക്  ആളുകള്‍ക്ക്  കാര്യങ്ങള്‍ വെളിവാക്കപ്പെടുന്നത് സൂക്ഷ്മവിശകലനത്തില്‍ സ്വകാര്യതയിലേക്കുള്ള അധിനിവേശമാണ്. ഇക്കാര്യത്തില്‍ രണ്ടുതരം മനോനിലയുള്ള സ്ത്രീകള്‍ ഉണ്ടാവാം . അതായത് ഇത്തരം കാര്യങ്ങളില്‍ സ്വകാര്യത ആവശ്യമില്ല എന്ന് ചിന്തിക്കുന്നവരും, ആര്‍ത്തവം തന്‍റെ സ്വകാര്യതയാണ്‌ എന്ന് കരുതുന്നവരും ഉണ്ടാകാം എന്നത് സ്വാഭാവികം . 

ചുരുക്കത്തില്‍ അവധി നല്‍കി മാറ്റി നിര്‍ത്തേണ്ട അശുദ്ധിയുടെ കാലം എന്നതാണ് മാധ്യമ സ്ഥാപനത്തിന്‍റെ "ഔദാര്യ അവധി"യുടെ ആകെത്തുക. ആര്‍ത്തവ സമയത്തെ ശാരീരിക മാനസിക അസ്വസ്ഥതകള്‍, പ്രയാസങ്ങള്‍, ഒട്ടും പ്രയാസമില്ലാതെ പൂപറിക്കുന്നത് പോലെ നേരിടുന്ന സ്ത്രീകള്‍... തുടങ്ങിയ  വൈവിധ്യ കാര്യങ്ങള്‍ മരണം വരെ ഒരു പുരുഷന്, പുരുഷ സമൂഹത്തിന് അജ്ഞാതമാണ്. കാരണം ഒരു മണിക്കൂര്‍ പോലും അവന്‍ അത് ജീവിതത്തില്‍ അനുഭവിക്കുന്നില്ല. 

എന്നാല്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് അശുദ്ധിയുണ്ട്, അവള്‍ ആ സമയത്ത് സ്പര്‍ശിക്കപ്പെടാന്‍ പാടില്ലാത്തവളാണ് എന്ന ചിന്ത ഉല്‍പാദിപ്പിക്കുന്നതും, അത് നടപ്പിലാക്കുന്നതും "ഔദാര്യ അവധി" നല്‍കുന്നതും മത - സാമൂഹ്യ രംഗത്തെ പുരുഷ മേധാവിത്വമാണ്. (ശബരിമല അയ്യപ്പ ദര്‍ശന കാലത്ത് എന്‍റെ വീട്ടില്‍ വന്നുറങ്ങാരുണ്ടായിരുന്ന എന്‍റെ വളര്‍ത്തമ്മ ദേവകിയമ്മയെ ഇപ്പോള്‍ ഓര്‍ക്കുന്നു.)

പുരുഷനൊപ്പം സ്ത്രീയും തൊഴില്‍ രംഗത്തെ മാത്സര്യങ്ങള്‍ നേരിടുന്ന ആഗോളീകൃതമായ കാലത്താണ് നാം ജീവിക്കുന്നത്. തൊഴില്‍ ദിനത്തിന്‍റെ അനിവാര്യമായ മിസ്സിംഗ്‌ തീര്‍ച്ചയായും സ്ത്രീകളുടെ തൊഴില്‍ രംഗത്തെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. പുരുഷനൊപ്പമുള്ള മത്സരത്തില്‍ പിന്നാക്കം പോകുവാന്‍ തീര്‍ച്ചയായും കഴുത്തറപ്പന്‍ കോര്‍പ്പറേറ്റ് മാത്സര്യകാലത്ത് ഇത് കാരണമാകും. മാത്രമല്ല ആര്‍ത്തവം രാവിലെ ഓഫീസ് സമയത്തിന് വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പായി ഉണ്ടാവണം എന്നത് പരിഹാസ്യമാണ്. ഓഫീസിലെത്തി നാല് മണിക്കൂര്‍ ജോലി കഴിഞ്ഞാണ് സംഭാവിക്കുന്നതെങ്കില്‍ "അവധിയുടെ യുക്തി" പരിഹാസ്യമാകുന്നുണ്ട്. അത്തരം സാഹചര്യത്തില്‍ സ്ത്രീ സൌഹൃദപരമായ തൊഴിലിടങ്ങള്‍ ഉണ്ടാവുക എന്നതാണ് പ്രധാനം. വൃത്തിയുള്ള ശുചിമുറികളും, വേഗത്തില്‍ സാനിട്ടറി നാപ്ക്കിനുകള്‍ ലഭ്യമാകുന്ന സ്ഥിതിയും ഉറപ്പുവരുത്തുകയാണ് മുതലാളിമാര്‍ ചെയ്യേണ്ടത്.      

മേല്‍പ്പറഞ്ഞ രൂപത്തില്‍ പല കാരണങ്ങളാല്‍ മാസമുറ ഉണ്ടാവാത്ത ഒരു പെണ്ണ്, മാസത്തില്‍ ഇതിനായി അവധിയെടുക്കാത്തത് "ഇവള്‍ക്ക് ഈ സംഭവം ഒന്നുമില്ലേ ?" എന്ന പരിഹാസങ്ങളിലേക്ക് നയിക്കപ്പെടും. അത്യന്തികമായി ആര്‍ത്തവം ഒരു സ്ത്രീയുടെ സ്വകാര്യതയാണ്, അത് ഹനിക്കപ്പെടുകയാണ് ഓഫീസിലേക്കും, തൊഴിലിടത്തിലേക്കും ഈ ചര്‍ച്ച വലിച്ചിഴക്കുന്നതിലൂടെ സംഭവിക്കുന്നത് എന്ന് ചുരുക്കം.   

പ്രധാനപ്പെട്ട സംഗതി, ആര്‍ത്തവം എന്തോ ഭയങ്കരമായ അശുദ്ധിയുടെയും, സ്ത്രീകള്‍ക്ക് എന്തൊക്കെയോ ഔദാര്യം ആവശ്യമുള്ള  സമയത്തിന്‍റെയും ദിനങ്ങളാണ് എന്ന വികല പുരുഷ ചിന്തകള്‍ ഊര്‍ജ്ജം സംഭരിക്കുകയാണ് ആര്‍ത്തവാവധികൊണ്ടുള്ള സ്ത്രീ വിരുദ്ധത. ആയതിനാല്‍ തന്നെ മാതൃഭൂമിയുടെ നടപടിയെ പ്രശംസിക്കുമ്പോഴും "ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും" എന്നതാണ് വസ്തുത. മാസത്തില്‍ ഒരു ദിവസമെങ്കിലും കൂലിയോടുകൂടിയ അവധി നല്‍കാത്ത സ്ഥാപനങ്ങള്‍ കുറവാണ്. അല്ലെങ്കില്‍ തൊഴില്‍ നിയമങ്ങളുടെ സൂക്ഷ്മ വ്യാഖ്യാനങ്ങള്‍ അത് ഉറപ്പ് നല്‍കുന്നുണ്ട്. അങ്ങനെയൊരു കാലത്ത് ഈ "ഔദാര്യ അവധി" ആവശ്യമുണ്ടെന്നു തോന്നുന്നില്ല. മറിച്ച് ഭരണകൂടങ്ങളും , തൊഴില്‍ സ്ഥാപനങ്ങളും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും, സ്ത്രീപക്ഷ തൊഴിലിടങ്ങള്‍ സൃഷ്ട്ടിക്കുകയും  പോരായ്മകള്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെ നടത്തി പരിഹരിക്കുകയുമാണ് ചെയ്യേണ്ടത്.! അവള്‍ മാറ്റിനിര്‍ത്തേണ്ടവളല്ല. ആവശ്യ സമയത്ത് പിന്തുണ നല്‍കി ഒപ്പം നിര്‍ത്തേണ്ടവളാണ് എന്ന് പുരുഷാധിപത്യ സമൂഹം തിരിച്ചറിയട്ടെ..!!   

Saturday, July 15, 2017

പിന്നീടവര്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ രൂപത്തില്‍ അമര്‍ത്യാ സെന്നിനെ തേടിവന്നു..!

"സദാചാര വിരുദ്ധമെന്ന് വിളിക്കപ്പെടുന്ന പുസ്തകം യഥാര്‍ത്ഥത്തില്‍ ലോകത്തിന്‍റെ അപമാനങ്ങളെയാണ് അടയാളപ്പെടുത്തുന്നത്..!"

- ഓസ്കാര്‍ വൈല്‍ഡ്- 

നോബേല്‍ ജേതാവ്  അമര്‍ത്യാ സെന്നിന്റെ ഒരു പുസ്തകമുണ്ട്. The Argumentative Indian. ഇന്ത്യയുടെ ചരിത്രത്തെയും സ്വത്വത്തെയും സംബന്ധിച്ച സംഘികള്‍ തുറന്ന മനസ്സോടെ വായിച്ചിരിക്കാന്‍ ഇടയില്ലാത്ത  സംവാദങ്ങളാണ് ആ പുസ്തകത്തിന്റെ ഉള്ളടക്കം. സംവാദങ്ങളുടെയും ബൗദ്ധികബഹുസ്വരതയുടെയും പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ആധുനിക ഇന്തയില്‍ ഉണ്ടായിട്ടുള്ള മഹത്തായ ഗ്രന്ഥങ്ങളില്‍ ഒന്ന്. 

ഈയിടെ സെന്നിന്‍റെ ജീവിതത്തെയും ദര്‍ശനങ്ങളെയും സംബന്ധിച്ച് സുമന്‍ ഘോഷ് ആര്‍ഗുമെന്റേറ്റീവ് ഇന്ത്യന്‍ എന്ന പേരില്‍ത്തന്നെ ഒരു ഡോകുമെന്ററി സിനിമ ചെയ്തു. പ്രശസ്തനായ ബംഗാളി ചലച്ചിത്രകാരന്‍ എന്നതിന് പുറമേ ഫ്‌ലോറിഡ അറ്റ്‌ലാന്റിക് യൂനിവേര്‍സിറ്റിയില്‍ സാമ്പത്തികശാസ്ത്ര പ്രഫെസറും കൂടിയാണ് സുമന്‍ ഘോഷ്. അതായത് സിനിമയിലും സാമ്പത്തികശാസ്ത്രത്തിലും പണ്ഡിതനാണെന്ന് സാരം. സ്വാഭാവികമായും സാമ്പത്തികശാസ്ത്രത്തില്‍ നൊബേല്‍ നേടിയ അമര്‍ത്യ സെന്നിന്റെ ധിഷണയെ ഉജ്വലമായും ആധികാരികമായും പ്രതിനിധീകരിക്കുന്നതാവും ആ സിനിമ എന്ന് നമുക്ക് ഊഹിക്കാം.


എന്നാല്‍ ആ സിനിമയ്ക്ക് സെന്‍സര്‍ ബോഡ് പ്രദര്‍ശനാനുമതി നല്‍കിയില്ല. അതിലെ നാല് വാക്കുകള്‍ മ്യൂട്ട് ചെയ്യുകയോ ബീപ് ചെയ്യുകയോ ചെയ്താല്‍ അനുമതി തരാമെന്നാണ് ബോഡ് ഏകാധിപതികള്‍ ഉന്നയിച്ചിരിക്കുന്ന തിട്ടൂരം. Cow, Gujarat, Hindu India, Hindutva view of India എന്നിവയാണ് ആ വാക്കുകള്‍. പശു അമ്മയും ഗുജറാത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിശുദ്ധ കുരുക്ഷേത്രഭൂമിയുമാണല്ലോ. എന്നാല്‍ നാളിതുവരെ പദങ്ങള്‍ക്കു മേല്‍ ബീപ് വീഴുന്നത് തെറി വരുമ്പോഴാണ് എന്നത് കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍, പശുവിനെയും ഗുജറാത്തിനെയും സംബന്ധിച്ച സെന്‍സര്‍ ബോഡിന്റെ പരികല്‍പനയില്‍ ന്യായമുണ്ട്. ഒരുപക്ഷേ, സമകാലിക ഇന്ത്യയില്‍ ഈ രണ്ട് വാക്കുകളെക്കാളും അശ്ലീലമായി മറ്റൊന്നുമില്ലല്ലോ. പക്ഷേ, ഈ ന്യായവും വെച്ച് ഡോകുമെന്ററി പുറത്തിറക്കാന്‍ പറ്റില്ലെന്നതാണ് നിലവിലെ  സ്ഥിതി. എന്തായാലും  ചിന്തകളെയും സർഗാത്മകപ്രവർത്തനങ്ങളെയും അടിച്ചമര്‍ത്താനുള്ള ഭരണകൂടയത്‌നങ്ങള്‍ ആപല്‍ക്കരമാം വിധം തുടരുക തന്നെയാണ് എന്നതിന്‍റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് അമര്‍ത്യ സെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ നിര്‍ഭാഗ്യകരമായ അവസ്ഥ. സുമന്‍ ഘോഷിന്റെ തന്നെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ-
'The film was my comment on India. I feel disheartened because I wanted to convey certain thoughts and they are trying to stifle it. I have heard that these things are going on. Now I have a taste of this first-hand.'

അല്‍പ്പം മുന്‍പ് "പുലയന്‍"  എന്ന പദം ഉപയോഗിച്ചിടത്തെല്ലാം കത്രിക വെക്കണമെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധവുമായി "കമ്മട്ടിപ്പാട"ത്തിന്‍റെ സംവിധായകന്‍ രാജീവ് രവി മുന്നോട്ട് വന്നിരുന്നു. അതിനു ശേഷമാണ് സംഘപരിവാര്‍ കൂട്ടുകെട്ട് ഭരിച്ചിരുന്ന പഞ്ചാബിലെ അത്രമേല്‍ അസാധാരണമായ ലഹരി ഉപയോഗവും, അതിനാല്‍ നശിക്കുന്ന യുവതയും പ്രമേയമാക്കി അനുരാപ് കശ്യപ് ഒരുക്കുന്ന "ഉട്താ പഞ്ചാബ്"  എന്ന സിനിമയുടെ 89 സീനുകള്‍ കത്രിക വയ്ക്കണം എന്ന വാക്കാല്‍ നിര്‍ദേശവുമായി  സംഘപരിവാറിന്റെ  രാഷ്ട്രീയ ദാസനായ പഹ്ലാജ് നിഹലാനി എന്ന സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ മുന്നോട്ട് വന്നത്. അനിതരസാധാരണമായ നീതിബോധമുള്ള, ആവിഷ്ക്കാര സ്വാതന്ത്ര്യമില്ലായ്മ സകല സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെയും ഇല്ലായ്മ ചെയ്യും എന്ന് മനസ്സിലാക്കിയ മഹാരാഷ്ട്ര ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് സമ്മാനിച്ചുകൊണ്ട്, ആ സമയത്ത് ഒരേയൊരു സീന്‍ മാത്രം എഡിറ്റ്‌ ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട്, മാറ്റങ്ങള്‍ ഒന്നുമില്ലാതെ "ഉട്താ പഞ്ചാബ്" എന്ന  സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ ഉത്തരവിട്ടത്.


കത്രിക വയ്ക്കലിന്റെ രാഷ്ട്രീയം.
-------------------------------------------------
ഉട്താ പഞ്ചാബ് സിനിമയുടെ കാര്യത്തില്‍, യഥാര്‍ത്ഥത്തില്‍, നിയമാനുസൃതും ഒരു സിനിമ സെന്‍സര്‍ ചെയ്യാന്‍ ബോര്‍ഡിനു മുന്നില്‍ സമര്‍പ്പിക്കപ്പെടുകയും, സ്വാഭാവികമായി ബോര്‍ഡ് അതിലെ 89 സീനുകള്‍ മുറിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയും അല്ല ഉണ്ടായത്. പഞ്ചാബില്‍ ഇക്കഴിഞ്ഞ  ഇലക്ഷന്‍ വരാനിരിക്കുന്നതിനു മുന്നോടിയായുള്ള രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗം കൂടിയായിരുന്നു സെന്‍സര്‍ ബോര്‍ഡിന്‍റെ ആ നാണംകെട്ട രാഷ്ട്രീയക്കളി.   ബി ജെ പി- ശിരോമണി അകാലിദള്‍ സഖ്യമായിരുന്നു ആ സമയത്ത് പഞ്ചാബ് ഭരിക്കുന്നത്. ആ സമയത്ത് ഇലക്ഷന് മുന്പ് തന്നെ നില പരുങ്ങലിലായ ആ സഖ്യത്തിന് ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ വിളിച്ചു പറയുന്ന, നട്ടെല്ലുള്ള ചലച്ചിത്രകാരനായ അനുരാപ് കശ്യപിന്‍റെ ഈ സിനിമ പ്രയാസങ്ങളുണ്ടാക്കുമായിരുന്നു. അതിനാല്‍ ആ നീക്കത്തെ കാവിവല്‍ക്കരിച്ച സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിച്ച് തടയുക എന്നതായിരുന്നു ഇതിന്‍റെ പിന്നിലെ കുടില രാഷ്ട്രീയം. പക്ഷേ അത്, ദയനീയമായി പാളിപ്പോവുകയാണ് ഹൈക്കോടതി വിധിയോടുകൂടി ഉണ്ടായത്. തിരഞ്ഞെടുപ്പിലാവട്ടെ സംഘപരിവാര്‍ സഖ്യം ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

സെന്‍സര്‍ ബോര്‍ഡ്; അധികാര പരിധികള്‍.
-----------------------------------------------------------------
1952 ലെ സിനിമോട്ടോഗ്രാഫി നിയമപ്രകാരം രൂപീകൃതമായ Central Board of Film Certification (CBFC) നെയാണ് നാം സെന്‍സര്‍ ബോര്‍ഡ് എന്ന് വിളിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള Ministry of Information and Broadcasting ന്‍റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന നിയമപരമായ സ്ഥാപനമാണിത്. Regulating the public exhibition of films under the provisions of the Cinematographic Act 1952 എന്നതാണ് ഇതിന്‍റെ പ്രവര്‍ത്തനോദേശം. നാല് തരത്തിലാണ് സെന്‍സര്‍ ബോര്‍ഡ് സിനിമകളെ സര്‍ട്ടിഫൈ ചെയ്യുന്നത്. 

1) U (Unrestricted Public Exhibition)
യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും ഇല്ലാതെ പരസ്യമായി പ്രദര്‍ശിപ്പിക്കുവാനുള്ള അനുമതി.
2) U/A (Parental Guidance for children below the age of 12 years)
പൊതുവായ പ്രദര്‍ശനാനുമതി; ചില രംഗങ്ങള്‍ മാതാപിതാക്കളുടെ ഗൈടന്സോടുകൂടി കുഞ്ഞുങ്ങള്‍ക്കും കാണാവുന്നത്. 
3) A (Restricted to adults)
നിയമപരമായി പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണുവാന്‍ പ്രദര്‍ശനാനുമതിയുള്ള സിനിമ. 
4) S (Restricted to any special class of persons)
ചില പ്രത്യേക തൊഴില്‍ മേഖലകളിലോ, ശാസ്ത്ര മേഖലകളിലോ ഉള്ള വ്യക്തികള്‍ക്ക് മാത്രം കാണുവാനുള്ള സിനിമകള്‍. 

25 അംഗങ്ങളും, അവരിലൊരാള്‍ ചെയര്‍പെഴ്സനും ആകുന്നതാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഭരണസമിതി. ഇന്ത്യന്‍ ഭരണഘടന  പൌരനു ഉറപ്പു നല്‍കുന്ന മൌലികാവകാശങ്ങളോ, ആവിഷ്ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും അവകാശങ്ങളോ ഹനിക്കുവാനോ, അതില്‍ കൈകടത്തുവാനോ  സെന്‍സര്‍ ബോര്‍ഡിനു യാതൊരു അധികാരമോ, നിയമപരമായ അവകാശമോ ഇല്ല. Cinematographic Act 1952 ലെ നിബന്ധനകള്‍ പാലിക്കുന്നതാണോ സിനിമ, ഇല്ലെങ്കില്‍ ഏതൊക്കെ രംഗങ്ങളാണ് അവയെ ലംഘിക്കുന്നത് എന്ന് പരിശോധിക്കുകയും, അത്തരം രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവ്ഷയപ്പെടുകയും ചെയ്യുന്നത് മാത്രമാണ് ബോര്‍ഡിന്റെ ജോലി. 1983 ലാണ് അവസാനമായി ഇതിന്‍റെ നിയമാവലികള്‍ പുതുക്കിയത്.


കഴിഞ്ഞ ബുധനാഴ്ചയാണ് സെന്‍സര്‍ ബോര്‍ഡ് ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത്.  സാമ്പത്തിക ശാസ്‌ത്രജ്‌ഞനായ സുമൻ ഘോഷ് 15 വർഷംകൊണ്ടാണു സെന്നിനെക്കുറിച്ചുള്ള ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പൂർത്തിയാക്കിയത്. ചിത്രത്തിൽ സാമ്പത്തിക ശാസ്‌ത്രജ്‌ഞൻ കൗശിക് ബസുവുമായി സെൻ നടത്തുന്ന സംഭാഷണത്തിനിടെയാണു പശുവും,ഗുജറാത്തുമൊക്കെ കടന്നുവരുന്നത്. നിർദേശിച്ചപ്രകാരം പദങ്ങൾ ഒഴിവാക്കിയാൽ ചിത്രത്തിന് യു–എ സർട്ടിഫിക്കറ്റ് നൽകാമെന്നാണു ബോർഡ് ഔദാര്യമായി  വ്യക്തമാക്കിയത്. .

മുന്‍പ് "ഉട്താ പഞ്ചാബ്" വിഷയത്തില്‍ നടന്നതെല്ലാം സെന്‍സര്‍ ബോര്‍ഡിന്റെ നിയമങ്ങളോ, നിബന്ധനകളോ ആയി യാതൊരുവിധ  ബന്ധവുമില്ലാത്ത രാഷ്ട്രീയ അസംബന്ധങ്ങളായിരുന്നു. അതിന്‍റെ തനിയാവര്‍ത്തനം തന്നെയാണ് സുമന്‍ഘോഷും, അമര്‍ത്യാ സെന്നും ഇന്നിപ്പോള്‍ അനുഭവിക്കുന്നത്. അന്ന് സിനിമ സമര്‍പ്പിക്കപ്പെട്ടു ആഴ്ചകള്‍ കഴിഞ്ഞിട്ടും, മരുപടിയില്ലാത്തപ്പോള്‍ അനുരാപ് കശ്യപ് നേരിട്ട് സമീപിച്ചപ്പോഴാണ് പഹ്ലാജ് നിഹലാനി 89 ഇടങ്ങളില്‍ കത്രിക വയ്ക്കേണ്ടതായി വാക്കാല്‍ പറഞ്ഞത്. മോഡിയെ വാഴ്ത്തുന്ന ഹ്രസ്വ ചിത്രങ്ങള്‍ സംവിധാന്‍ ചെയ്തതിനുള്ള പ്രത്യുപകാരമായി 2015 ജനുവരിയിലാണ് നിഹലാനി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനാകുന്നത്. ഉട്താ പഞ്ചാബ് സിനിമയോട് ചെയ്ത നീതികെടുകളെ അദ്ദേഹം  രാഷ്ട്രീയപരമായ ബദല്‍ പ്രസ്താവനകളിറക്കി ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. കശ്യപ്പ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങി പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പഞ്ചാബിനെ മയക്കുമരുന്ന് പ്രചരിക്കുന്ന ഇടമായി ചിത്രീകരിച്ചെന്ന് ആരോപിച്ചും മയക്കുമരുന്നിനെ പ്രകീര്‍ത്തിക്കുന്നുവെന്ന് കാണിച്ചുമാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ കത്രിക വെച്ചത് എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായങ്ങള്‍. സിനിമയുടെ ടൈറ്റിലില്‍ നിന്ന് പഞ്ചാബ് എന്ന പേര് മാറ്റണമെന്നുപോലും,  സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. 


യഥാര്‍ത്ഥത്തില്‍ ഇന്ത്യയെന്ന നിരവധി, സാമൂഹ്യ , രാഷ്ട്രീയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സത്യസന്ധമായി കലയെ സമീപിക്കുന്ന ഒരു ചലച്ചിത്രകാരനു  രാജ്യത്തെ മയക്കുമരുന്ന്‌  മാഫിയയെ കണ്ടില്ലെന്നു നടിക്കാനാവില്ല. ആധുനിക ഇന്ത്യയില്‍ നോട്ട് നിരോധനം കൊണ്ട് സാമ്പത്തികമായി, അടിയന്തിരാവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത്, പശു രാഷ്ട്രീയവും, കശാപ്പു രാഷ്ട്രീയവും രാഷ്ട്രീയ ഉന്മൂലന വിഷയങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്ന സമയത്ത് കലാകാരന്മാര്‍ അത് പറയാതിരിക്കില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെയും, ഭരണഘടനാവകാശങ്ങളെയും മാനിക്കുന്ന ഒരു അതോറിറ്റിയല്ല സെന്‍സര്‍ ബോര്‍ഡെങ്കില്‍ ആ സംവിധാനത്തിന് പിന്നെത് പ്രസക്തിയുണ്ടെന്ന് മനസ്സിലാകുന്നില്ല.     

ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപഭോഗം നടക്കുന്ന പഞ്ചാബിനെക്കുറിച്ച് സിനിമയെടുക്കുമ്പോള്‍, സിനിമയില്‍ ഒരിടത്തും പഞ്ചാബ് എന്ന പേരുപയോഗിക്കരുത് എന്നും, പിന്നാലെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചിത്രത്തില്‍ എവിടെയും രാഷ്ട്രീയം പറയരുത്, അന്നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയോ, നേതാക്കളെയോ സൂചിപ്പിക്കുകപോലും ചെയ്യരുത് തുടങ്ങിയ തിട്ടൂരങ്ങലാണ് അത്രമേല്‍ ബാലിശമായ രൂപത്തില്‍ സംഘപരിവാര്‍ ദാസനായ നിഹലാനിയില്‍ നിന്ന് അക്കാലത്ത് പുറത്തേക്ക് വന്നത്. ഇന്നിപ്പോള്‍ പശുരാഷ്ട്രീയവും, തീവ്ര ഹൈന്ദവതയും ഈ മഹാരാജ്യത്തിന് മുന്നില്‍ ഫാഷിസ്റ്റ് സമസ്യകളായി രാഷ്ട്രീയ ഭൂമികയില്‍ നിലനില്‍ക്കുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അതിന്‍റെ വൃത്തികെട്ട രാഷ്ട്രീയ അടിമത്തം ആവര്‍ത്തിച്ചു തെളിയിക്കുകയാണ്.   


എന്തായാലും  സെന്‍സര്‍ ബോര്‍ഡ് നയങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന കേന്ദ്ര മന്ത്രി അരുണ്‍ ജൈറ്റ്ലിയുടെ ആ സമയത്തെ പ്രഖ്യാപനം രാജ്യത്തെ ചലച്ചിത്രകാരന്മാരും, പ്രേക്ഷകരും, പ്രതീക്ഷകളോടെയാണ് നോക്കിക്കണ്ടിരുന്നത്. ഫിലിം സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകള്‍ ഉദാരമാക്കെണ്ടാതിന്റെ ആവ്ശ്യകതയിലൂന്നുന്ന ശ്യാം ബെനഗല്‍  കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചു വേണ്ടത്ര മാറ്റങ്ങള്‍ കൊണ്ട്വരികയും വ്യവസ്ഥകള്‍ഉദാരമാക്കുകയും ചെയ്യും എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ ഇന്നിപ്പോള്‍ അമര്‍ത്യാ സെന്‍ ഡോക്യുമെന്ററിയും സമാന തിക്താനുഭവങ്ങള്‍കൊണ്ട് തിരസ്ക്കരിക്കപ്പെടുമ്പോള്‍ ജൈറ്റ്ലിയുടെ വാക്കുകള്‍ക്കു പുല്ലുവിലയാണ് ഫലത്തില്‍ കാണുന്നത്.  

എന്തായാലും , ഭക്തന്മാരെയും, ദാസന്മാരെയും കൊണ്ട് കുത്തിനിറച്ച ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍, അക്കാദമിക് ഇടങ്ങള്‍, നിയമ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് സംഘപരിവാര്‍ രാഷ്ട്രീയത്തിന് അനുകൂലമായ തീരുമാനങ്ങള്‍ മാത്രം വരികയും, അതെല്ലാം പൌരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെപ്പോലും ഹനിക്കുകയും ചെയ്യുന്നത് രാജ്യത്തിന്‍റെ കറുത്ത നാളുകളായിത്തന്നെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടും. ഇത്തരം ആസുര നാളുകളിലും, ജഡീശ്യറി നീതിപക്ഷത്തും, പൌരാവകാശങ്ങളുടെ കൂടെ നില്‍ക്കുന്നതുമായ നിലപാടുകള്‍ എടുക്കുന്നു എന്നതാണ് ഏക ആശ്വാസം. ഉട്താ പഞ്ചാബ് സിനിമയുടെ കാര്യത്തില്‍ ബോംബെ ഹൈക്കോടതി ഇടപെട്ടത് പോലെ, സുമന്‍ ഘോഷിന്‍റെ അമര്‍ത്യാ സെന്‍ ഡോക്യുമെന്ററിയിലും അത് ആവര്‍ത്തിക്കപ്പെടുമെന്നു പ്രത്യാശിക്കാം..!!  

Wednesday, July 5, 2017

സിനിമ റിയലിസ്റ്റിക് ആകുന്ന കാലത്തിന്‍റെ ദൃക്സാക്ഷിത്വം!

1) ദൃശ്യകലാപരിസരങ്ങളില്‍ റിയലിസം ആവിര്‍ഭവിക്കുന്നത് 1870 കളിലെ നാടകങ്ങള്‍ കേന്ദ്രീകരിച്ചാണ്. അത് ഇരുപതാം നൂറ്റാണ്ടിനിപ്പുറത്തേക്കും വ്യാപിക്കപ്പെട്ടതായി കഴിഞ്ഞ നൂറ്റാണ്ടിലെ കലാഗവേഷകര്‍ക്കും , കലാവിദ്യാര്‍ഥികള്‍ക്കും വേഗത്തില്‍ മനസ്സിലാകും. റഷ്യയിലെ പ്രൊഫഷണല്‍ നാടകകൃത്തായിരുന്ന അലെക്സി പിസെമ്സ്കിയും , ലിയോ ടോള്‍സ്റ്റോയ്‌യും ചേര്‍ന്നെഴുതിയ The Power of Darkness (1886) ആയിരിക്കാം, ഇക്കൂട്ടത്തില്‍ റിയലിസത്തിന്റെ പൈതൃകത്തെ ആദ്യം റഷ്യയിലും, പിന്നീട് ലോകത്തിലേക്കു മുഴുവനായും സംഗതമാക്കിയത് എന്ന് പറയാം. അഭിനയ കലയിലെ റിയലിസത്തിന്റെ പൈതൃക രത്നച്ചുരുക്കം ഇങ്ങിനെയാണെന്ന് വിവക്ഷിക്കാം.

2) സിനിമയിലേക്ക് വന്നാല്‍, നിരൂപണ സംവാദങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രയോഗിക്കപ്പെട്ട സംജ്ഞയാണ് റിയലിസമെന്നത്. നിയതമായ ചലച്ചിത്ര ഭാഷയും, ദൃശ്യപരിചരണ പിടിവാശികളും ഇല്ലാതെ തന്നെയാണ് ക്ലാസ്സിക്കല്‍ ഹോളിവുഡ് സിനിമകളില്‍ റിയലിസം യാഥാര്‍ത്ഥ്യമായത്. ആധുനിക ജര്‍മ്മന്‍ സിനിമകളുടെ തമ്പുരാനായ വേര്‍ണര്‍ ഹെര്‍സോഗ് ഒരിക്കല്‍ പ്രസ്താവിച്ചത് "സിനിമയിലെ റിയലിസം എന്നത്, പ്രേക്ഷകന്‍ കാണുന്ന സിനിമാറ്റിക് ഇമേജുകള്‍ക്ക് ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി എത്രമേല്‍ ബന്ധമുണ്ട് എന്ന അന്വേഷണവും, ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന ചോദ്യങ്ങള്‍ ഉന്നയിക്കലുമാണ്. കാണുന്ന ദൃശ്യങ്ങളുടെ സത്യസന്ധത, ലോകത്തെയും, ജീവിതത്തെയും സ്ക്രീനിലെ ദൃശ്യങ്ങള്‍ അടയാളപ്പെടുത്തുന്നതില്‍ നേരുമായി എത്രമേല്‍ സാന്ദ്രമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന ദൃശ്യലോകത്തിന്‍റെ ചുരുക്കമാണ് റിയലിസം. ഏറ്റവും ചുരുങ്ങിയത് അതൊരു നേര്‍ജീവിതത്തിന്‍റെ productive illusion ആയിരിക്കുമെന്ന്" അദ്ദേഹം പരഞ്ഞുചുരുക്കുന്നു.


3) മലയാളിക്ക് മേല്‍പ്പറഞ്ഞപ്രകാരം റിയലിസം അനുഭവവേദ്യമായ നാടകങ്ങള്‍ പരിചിതമായിരിക്കാം. ജീവിത ഗന്ധിയായ, കീഴാള പോരാട്ടങ്ങളെ നേരടയാളപ്പെടുത്തിയ ധാരാളം കമ്മ്യൂണിസ്റ്റ് നാടകങ്ങള്‍ സൃഷ്ടിപരമായി നവോഥാനത്തില്‍ വലിയ പങ്കുവഹിച്ച മണ്ണാണ് കേരളം. എന്നാല്‍ റിയലിസ്റ്റിക് സിനിമ എന്നത് മലയാളിക്ക് ശീലമില്ലാത്തതാണ്, ആയതിനാല്‍ത്തന്നെ പുതുകാലത്തെ അത്തരം സിനിമകള്‍ നമ്മുടെ ദൃശ്യബോധ്യങ്ങളെ പൊളിച്ചെഴുതുന്ന നവകാല കലാസൃഷ്ടികളായി മാറുന്നുണ്ട്. ആ ജനുസ്സില്‍ ഒടുവിലായി ജനിച്ചതാണ് ദിലീഷ് പോത്തന്‍ തന്‍റെ പ്രതിഭയെ വീണ്ടും വരച്ചുകാട്ടുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ. ഒരു സിനിമ എന്നതിലുപരി, ആണ്‍നോട്ടങ്ങളുടെ ദൃശ്യവിന്യാസ പിടിവാശികളെ നിരാകരിക്കുന്ന, മലയാള സിനിമയുടെ വളര്‍ച്ചാ ഘട്ടത്തിലെ ഒരു കാലസൂചിക കൂടിയാണ് ഈ സിനിമ. കാരണം നമ്മുടെ ക്ലീഷേ കാഴ്ചകളോട്, ഒരു റിബലായി നിന്ന് അത്രമേല്‍ കലഹിക്കുന്നുണ്ട് ഈ നേരുകളുടെ ചലച്ചിത്ര രൂപം.

4) സുദേവന്റെ "ക്രൈം നമ്പര്‍ 89", ദിലീഷ് പോത്തന്‍ തന്നെ ചെയ്ത "മഹേഷിന്റെ പ്രതികാരം", തമിഴില്‍ അടുത്ത കാലത്തുണ്ടായ "കാക്ക മുട്ടൈ", ബോളിവുഡ് സിനിമകളില്‍ അടുത്തകാലത്ത് ഇര്‍ഫാന്‍ ഖാനും, നവാസുദ്ധീന്‍ സിദ്ധീഖിയും മറ്റും ചെയ്ത "ലഞ്ച് ബോക്സ്" പോലുള്ള ചില എണ്ണാവുന്ന സിനിമകള്‍ ... പുതിയ കാലത്തെ റിയലിസ്റ്റിക് സിനിമകളുടെ ഉദാഹരണങ്ങളാണ്. അടിസ്ഥാനപരമായി മനുഷ്യ നന്മയെത്തന്നെയാണ് ഈ സിനിമയും പ്രമേയമാക്കുന്നത്. മാല മോഷ്ട്ടിക്കുന്ന കള്ളനില്‍പ്പോലും, വളര്‍ച്ചയുടെ കാലത്തെ കുഞ്ഞുങ്ങളെ കഴിക്കുന്ന ഭക്ഷണത്തിന്‍റെ പേരില്‍ പരിഹസിക്കരുത് എന്ന നീതിബോധമുണ്ട്. ഏതു കള്ളന്‍റെ മേലും പോലീസ് വയലന്‍സിന്റെ പേരിലുള്ള ശാരീരിക അതിക്രമങ്ങള്‍ അരുത് എന്ന് മാല നഷ്ട്ടപ്പെട്ടവള്‍ക്കും, താലി വാങ്ങി നല്‍കിയ അവളുടെ ഭര്‍ത്താവിനും ബോധ്യമുണ്ട്. ആ നിലയില്‍ എല്ലാ മനുഷ്യരിലും ഏറിയും കുറഞ്ഞും നന്മകളുണ്ട് എന്ന്‍ നമ്മുടെ ദൈനംദിന ജീവിത കാഴ്ചകളുടെ പശ്ചാത്തലത്തില്‍ പറയുവാന്‍ ശ്രമിക്കുകയാണ് ഈ സിനിമയും.


5) നായകനാര്, വില്ലനാര് എന്നൊന്നും ഈ സിനിമയെക്കുറിച്ച് ചോദിക്കരുത്. കാരണം അത്തരം സിംഹാസനങ്ങള്‍ എടുത്തെറിയുകയാണ് ഈ സിനിമയുടെ ദൗത്യം തന്നെയെന്ന് ഞാന്‍ കരുതുന്നു. ഫഹദ് ഫാസിലാണോ (കള്ളന്‍ ), സുരാജാണോ (താലിമാല മോഷ്ട്ടിക്കപ്പെട്ടവളുടെ ഭര്‍ത്താവ് ), അലന്‍സിയറാണോ (പോലീസുകാരന്‍, ബൈക്കപകടത്തില്‍ മകന്‍ നഷ്ട്ടപ്പെടും വരെ ക്രൂരനായ പോലീസുകാരന്‍ ) നമുക്ക് മുന്നില്‍ ജീവിച്ചത് (നന്നായഭിനയിച്ചു എന്ന് പറഞ്ഞു അപമാനിക്കാനില്ല) എന്നത് സങ്കീര്‍ണ്ണമായ ചോദ്യമാകുന്നിടത്താണ് ഈ സിനിമ ക്ലീഷേ കാഴ്ചകളുടെയിടയില്‍ റിബല്‍ പോരാളിയാകുന്നത്.

6) തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെങ്കില്‍ മൂന്നു നേരം അന്നം കഴിക്കാനുള്ള വക പോലും നേടാന്‍ കഴിയാത്ത "അനാഥരുടെ" നാടായി മാറാന്‍ വെമ്പുന്ന ഇന്ത്യ, താലിമാല കളഞ്ഞുപോയവള്‍ സ്വാസ്ഥ്യം നഷ്ട്ടപ്പെട്ട ജീവിതക്രമത്തിലേക്ക് പറിച്ചുനടപ്പെടുന്നതിന്റെ വിശ്വാസപരത, നായരുടെ മകള്‍ തിയ്യന്റെ കൂടെ ഒളിച്ചോടിയാല്‍ ഇടിഞ്ഞുവീഴുന്ന ആകാശങ്ങള്‍, അവളുടെ വീട്ടുകാരുടെ നഷ്ട്ടപ്പെടുന്ന അഭിമാനത്തിന്‍റെ (?) ക്ഷതഭംഗുരങ്ങള്‍, പോലീസ് എന്നത് എപ്പോഴും പോലീസാണ്, പോലീസിന്‍റെ, അല്ലെങ്കില്‍ പോലീസിങ്ങിന്റെ ചില നിയതശീലങ്ങള്‍ സൂര്യന്‍ കിഴക്കുദിക്കുന്നത് പോലെ മാറ്റമില്ലാത്തതാണ് എന്ന ബോധ്യപ്പെടുത്തല്‍, ജാതിയും ഉച്ചനീചത്വങ്ങളും ഇന്നും കേരള സമൂഹത്തില്‍ മങ്ങാത്ത യാഥാര്‍ത്ഥ്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍, ഈ കെട്ടുപിണഞ്ഞുകിടക്കുന്ന ജാതി- സമുദായ ശ്രേണി വ്യവസ്ഥിതിയില്‍ പ്രണയം കൊണ്ട് ജീവിതത്തിലേക്ക് തുഴയാന്‍ വെമ്പുന്നവളുടെ നെടുവീര്‍പ്പുകള്‍ .....!


7) ജീവിതോണ്മകളുടെ നിറകണ്‍കാഴ്ചകളാണ് ഈ സിനിമയുടെ ദൃശ്യാനുഭവം. നമ്മുടെ സമൂഹത്തിന്‍റെ പിഴവുകള്‍ തൊണ്ടിമുതലായി കാണുന്നതിന്റെ ദൃക്സാക്ഷികളാവുകയാണ് ഇവിടെ ഓരോ പ്രേക്ഷകനും. ഇത് മലയാള സിനിമയിക് തുടങ്ങിവച്ചിട്ടുള്ള ഒരു വിപ്ലവത്തിന്‍റെ ദൃക്സാക്ഷിത്വം കൂടിയാണ്.

8) ഫഹദ് ഫാസിലിനെ യതാര്‍ത്ഥ നടനായി രൂപപ്പെടുത്തിയ എല്ലാ സാഹചര്യങ്ങള്‍ക്കുമുന്നിലും എന്‍റെ കൂപ്പുകൈ. ഇന്ത്യന്‍ സിനിമയിലെത്തന്നെ പുതുനാമ്പുകളില്‍ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിക്കുന്നുണ്ട് ഈ നടന്‍. അഭിനയിക്കാനറിയാത്തവന്‍, ക്യാമറക്ക് മുന്നില്‍ ജീവിക്കാന്‍ മാത്രമറിയുന്നവന്‍..!! മലയാളത്തിലെ യുവനടന്മാരില്‍ "കഥാപാത്രം ആവശ്യപ്പെടുന്ന ഭാവ സാന്ദ്രതകളുടെ പൂര്‍ണ്ണത" എന്ന് ഇനിയും ഈ നടനെ വിളിക്കാന്‍ വൈകാന്‍ പാടില്ലെന്ന് തോന്നുന്നു.

9) എ. എസ്. ഐ ചന്ദ്രനായി അലന്‍സിയര്‍ ഒരു പോലീസ് സ്റ്റെഷനിലേക്കും, അയാളുടെ ചെറിയ താമസസ്ഥലത്തേക്കും നമ്മെ കൊണ്ടുപോകുന്നുണ്ട്. ക്യാമറയിലൂടെ ജീവിതം കാണുമ്പോള്‍ , അഭിനയിക്കാതെ ജീവിക്കണം എന്ന് ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാവുന്നുണ്ട് ഈ അതുല്ല്യ നടന്‍. ചന്ദ്രന്‍ പോലീസ് ദിനേന ഞാനും നിങ്ങളും കാണുന്ന ഒരു പൊലീസുകാരന്റെ സ്ക്രീനിലെ ഇരുള്‍വെളിച്ചങ്ങളെ തന്മയത്വത്തോടെ പ്രതിഫലിപ്പിക്കുന്നു.


10) നിമിഷ സജയന്‍ അവതരിപ്പിച്ച കഥാപാത്രം (നായികയെന്ന് വിളിക്കുന്നില്ല, അതൊക്കെ പഴയ കാലത്തല്ലേ ഇഷ്ടാ .. ) ശ്രീജ , ദാരിദ്ര്യവും എന്നാല്‍ സവര്‍ണ്ണ ജാതിയെന്ന ദുരഭിമാനവും, അവ സൃഷ്ട്ടിക്കുന്ന ജീവിത വിഹ്വലതകളും ഭാവസാന്ദ്രതകളാല്‍ വരച്ചുകാട്ടുന്നു. പാട്ടു രംഗങ്ങളിലെ പ്രണയദൃശ്യങ്ങളിലും ഈ പെണ്‍കുട്ടി തന്‍റെ പ്രതിഭയെഉയര്‍ത്തിക്കാട്ടുന്നു.

11) എന്‍റെ ക്യാമറക്ക്‌ വാശികള്‍ ഒന്നുമില്ല, അതിഭാവുകത്വ സഞ്ചാരങ്ങളും പഥ്യമല്ല. എനിക്ക് മുന്നിലെ അഭിനേതാക്കള്‍ ജീവിതം അടയാളപ്പെടുത്തുമ്പോള്‍ അവരുടെ ഭാവപ്പകര്ച്ചകളും, അവര്‍ക്ക് ചുറ്റുമുള്ള ജീവിത പരിസരങ്ങളും, പ്രകൃതിയും ഒട്ടും ചോര്‍ന്നുപോകാതെ അതേപടി ഞാന്‍ കാണിച്ചു തരുന്നു എന്ന് ഉറക്കെപ്പറയുകയാണ് രാജീവ്‌ രവിയെന്ന ക്യാമറാ കവി. സംവിധായകന്‍റെ മനസ്സു ലെന്‍സ്‌ വച്ച്കാണുന്നു താങ്കളുടെ ക്യാമറ. കൂടുതലെന്തു പറയാന്‍.?!

12) ഒരു സംഗീത ഉപകരണത്തിലും ഒരു വിരല്‍സ്പര്‍ശം പോലും പശ്ചാത്തല സംഗീതമായി ഇല്ലാതെ മിനിട്ടുകള്‍ നീളുന്ന നിരവധി രംഗങ്ങളുണ്ട് ഈ സിനിമയില്‍. തന്‍റെ ക്യാമറക്ക്‌ മുന്നിലഭിനയിക്കുന്ന പ്രതിഭകളുടെ ഭാവപ്പകര്‍ച്ചകളില്‍ അത്യപാരമായ ആത്മവിശ്വാസമുള്ള ഒരു സംവിധായകന് മാത്രമാണ് പശ്ചാത്തല സംഗീതം ഉപേക്ഷിച്ചു രംഗങ്ങള്‍ ഒരുക്കുവാന്‍ ധൈര്യം വരൂ . ആ നിലയില്‍ പോത്തന്‍, താങ്കളൊരു ധീരനായ ചലച്ചിത്രകാരനാണ്.

13) സംവിധായകന്‍റെയും, നിര്‍മ്മാതാവിന്റെയും പേരുകള്‍ പോലെ തിയറ്റര്‍ സ്ക്രീന്‍ നിറയെ ക്രിയേറ്റീവ് ഡയറക്ടറുടെ പേര് എഴുതിക്കാണിക്കുന്നത് ഞാന്‍ ആദ്യമായി കാണുകയാണ്. പ്രിയ ശ്യാം പുഷ്ക്കരന്‍, താങ്കള്‍ അതര്‍ഹ്ഹിക്കുന്നു എന്ന് മാത്രം വാക്കുകള്‍ ചുരുക്കട്ടെ.


14) പുതുമഴ മണ്ണില്‍ നിന്നുതിര്‍ക്കുന്ന മണം പോലെ ഹൃദയം കവരുന്നതാണ് ബിജിപാലിന്റെ സംഗീതം . ആ പ്രതിഭാവിന്യാസം ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട്. ഈ സിനിമ വരച്ചടയാളപ്പെടുത്തുന്ന ജീവിത സന്ദര്‍ഭങ്ങള്‍ക്ക്‌ ചാരുതയേകുന്നു ഇമ്പമാര്‍ന്ന ആ ശ്രവണസുഖങ്ങള്‍. ചിത്രസംയോജനം നാന്നായി ചെയ്തകിരൺ ദാസിനും, പ്രതിഭയുടെ കരസ്പര്‍ശത്താല്‍ പണിയറിയാം, നന്നായറിയാം..! രചന നിര്‍വ്വഹിച്ച സജീവ്‌ പാഴൂരിനും, നല്ല സിനിമയുടെ ഭാഗമാകാന്‍ ധൈര്യം കാണിച്ച നിര്‍മ്മാതാക്കള്‍ സന്ദീപ് സേനൻ, അനീഷ്.എം.തോമസ് എന്നിവര്‍ക്കും സല്യൂട്ട്.

15) നായകനും , നായികയും , നായകന്‍റെ വാലായി നടക്കുമ്പോള്‍ പഴത്തൊലി ചവിട്ടി വീഴുന്ന കോമഡി സഹനടനും, വില്ലനും , സ്റ്റണ്ടും , പാട്ടും എല്ലാം വിഭവങ്ങളായി വന്നിരുന്ന ക്ലീഷേ മലയാള സിനിമകള്‍ ഇനിയും പ്രതീക്ഷിക്കുന്നവര്‍ ഈ സിനിമക്ക് വണ്ടി കയറരൂത്. ഇത് പുതുമയുടെ ലോകത്തേക്ക് , സിനിമാ റിയലിസത്തിലേക്ക് മലയാള ചലച്ചിത്രത്തെ പറിച്ചു നടുന്ന ഉദ്യമങ്ങളില്‍ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയേക്കാവുന്ന ചരിത്രപരമായ ചലച്ചിത്ര ശ്രമമാണ്.

16) പോത്തനെയും , ഫഹദിനെയും , അലന്‍സിയറെയും ഒരിക്കല്‍ക്കൂടിഎഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്തു തിരിയുമ്പോള്‍ "അമ്മ"യിലെ അപ്പന്മാരോട് ഒരു കാര്യം പറയട്ടെ. മാഫിയാ രാജാക്കന്മാരെയും, ക്രിമിനലുകളെയും രക്ഷിക്കാന്‍ നിങ്ങള്‍ അഹോരാത്രം പണിയെടുക്കുമ്പോള്‍ നല്ല സിനിമ ഉണ്ടാക്കാനും ഇവിടെ ചില ചെറുപ്പക്കാര്‍ വിയര്‍ക്കുന്നുണ്ട്. ഞങ്ങള്‍ അവര്‍ക്കൊപ്പമാണ്, നൂറുവട്ടം.

17) ആസ്മ രോഗിയായ അച്ഛന്‍ തൊഴിലുറപ്പിന് പോയി കിട്ടുന്ന നക്കാപ്പിച്ചയില്‍ നിന്ന് കയ്യിട്ട് വാരി, ആ മുഷിഞ്ഞ നോട്ടുകള്‍ കൊണ്ട് നിങ്ങളുടെയൊക്കെ ഫ്ലെക്സില്‍ പാലഭിഷേകം നടത്തുന്ന വിഡ്ഢികള്‍ ആസ്വാദന ക്ലീഷേകളുടെ വൈകൃതകാലത്തെ മാത്രമാണ് അടയാളപ്പെടുത്തിയത്. ആ കാലം അസ്തമിക്കുന്നതിന്റെ ദുര്‍ബ്ബല സൂര്യാംശുക്കള്‍ മാത്രമാണ് ഇനി നിങ്ങളുടെ സിനിമകള്‍. മുരുകന്മാര്‍ വാഴുന്ന കാലത്തിന് അന്ത്യമാകുന്നതിന്റെ ദൃക്സാക്ഷികളാവുകയാണ് ആ നിലയില്‍ ഈ തലമുറയിലെ പ്രേക്ഷകന്‍. നിങ്ങള്ക്ക് സ്വാസ്ഥ്യം നേരുന്നു.!

Monday, July 3, 2017

ആധാര്‍; ദുരൂഹതയുടെ മഹാപര്‍വ്വം!

വര്‍ത്തമാനകാല ഇന്ത്യയില്‍ ആധാര്‍ ഒരു ദുരൂഹതയുടെയും, അടിച്ചേല്‍പ്പിക്കലിന്റെയും പേരാണ്. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍പ്പോലും കോടതി ഇടപെടലുകള്‍ ഉണ്ടായാല്‍, നിയമനിര്‍മ്മാണം  നടത്തി അതിനെ മറികടക്കുന്നതിന് പകരം, അക്കാര്യം പറഞ്ഞു പൌരാവകാശങ്ങള്‍ ഹനിക്കുന്ന കാഴ്ച ഇന്ത്യയില്‍ പുതുമയുള്ളതല്ല. എന്നാല്‍ ആധാറിന്റെ കാര്യത്തില്‍ അല്‍പ്പം ജുഗുപ്സാവഹമായ രൂപത്തിലാണ് കാര്യങ്ങള്‍ പരിണമിക്കുന്നത്. അതായത് ഇന്ത്യന്‍ സുപ്രീംകോടതി ആധാറിന്റെ ഭരഘടനാ സാധുതയില്‍ ന്യായമായ സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ട്, അത് പൌരന്‍റെ ഒരു അവകാശങ്ങള്‍ക്കും നിര്‍ബന്ധമാക്കരുത് എന്നാവര്‍ത്തിച്ചുത്തരവുകള്‍ പുറപ്പെടുവിക്കുമ്പോഴും, ദുരൂഹമായ കാരണങ്ങളാല്‍ ഭരണകൂടം ആധാര്‍ കൊണ്ട് പൌരനെ വരിഞ്ഞുമുറുക്കുകയാണ്. എന്തിനും, ഏതിനും ആധാറില്ലാതെ കഴിയില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ആരുടെയൊക്കെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് എന്നതെല്ലാം വരാനിരിക്കുന്ന രഹസ്യങ്ങളാണ്.

ഇന്ത്യയിലെ ഓരോ പൗരന്റെയും സൂക്ഷ്മമായ വിവരങ്ങൾ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് സംശയിക്കപ്പെടുന്ന സാഹചര്യം ഇതിനകം സംജാതമായിട്ടുണ്ട്. ക്രിക്കറ്റ് താരം എം എസ് ധോണി അടക്കമുള്ള പതിമൂന്നു ദശലക്ഷം ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി ഭരണകൂടം തന്നെ പറയാതെ പറയുന്ന സ്ഥിതിയുണ്ട്. ഒരേ നമ്പറുള്ള ഒന്നിലധികം ആധാര്‍ കാര്‍ഡ് സംബന്ധമായ വാര്‍ത്തകളും അടുത്ത കാലത്ത് മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. പൗരന്റെ ഭരണഘടനാവകാശങ്ങള്‍ അടക്കമുള്ള മൌലിക വിഷയങ്ങളില്‍ ഉപരിയായി, വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഉദ്വേഗസ്ഥന്മാർ ശേഖരിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന പശ്ചാത്തലത്തിൽ കൂടിയാണ് ആധാറിനെയും സംശയിക്കുന്നത്. സ്വകാര്യതയെന്ന പൗരന്റെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമായും വിലയിരുത്തപ്പെടുകയും, മേല്‍സൂചിപ്പിച്ചത് പോലെ , മററു പല അടിസ്ഥാന ആവശ്യങ്ങൾക്ക് പോലുമില്ലാത്ത വേഗതയും ജാഗ്രതയും ഇതിലുണ്ടെന്നതും ദുരൂഹമാണെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.

2010 സെപ്റ്റംബർ 29 ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് താമസിക്കുന്ന ഒരോ വ്യക്തിക്കും തിരിച്ചറിയൽ കാർഡ് നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കപ്പെട്ടു. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം, 2012 ലാണ് ആധാറുമായി ബന്ധപ്പെട്ട ആദ്യത്തെ കേസ് സുപ്രീംകോടതിയിലെത്തുന്നത്. യാതൊരുവിധ  സേവനവും , അവകാശവും ആധാര്‍ ഇല്ല എന്ന കാരണത്താല്‍ നിഷേധിക്കപ്പെടരുത് എന്ന് 2013 സെപ്റ്റംബര്‍ 13 നു സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയായ സി ബി ഐക്ക് അന്വേഷണ ആവശ്യങ്ങള്‍ക്കായി ആധാര്‍ വിവരങ്ങള്‍ കൈമാറരുത് എന്ന് കോടതി 2014 ല്‍ ആവര്‍ത്തിച്ചു. വാദമുഖങ്ങള്‍ക്കിടയില്‍ ആധാര്‍ ഒരു ഭരണഘടനാവകാശ ലംഘനങ്ങളുടെ കേസ് എന്ന നിലയില്‍ മെരിറ്റ് ഉള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ സ്വകാര്യത ഒരു പൌരാവകാശമല്ല എന്ന ഞെട്ടിക്കുന്ന നിലപാടാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദിച്ചത്, സൌകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കില്‍ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനും അതിന് അവകാശമുണ്ട് എന്നായിരുന്നു. എന്നാല്‍ ഒരു മനുഷ്യന്റെ അര്‍ഹതപ്പെടല്‍ എന്നത് മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടലായിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.


സ്വകാര്യത എന്ന് വിളിക്കുന്നതും ശാരീരികമായ കടന്നുകയറ്റവും സംബന്ധിച്ച് അടുത്ത കാലത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ “കൃത്രിമമായ”താണെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. സ്വകാര്യത എന്നത് അടിസ്ഥാന അവകാശമാണോ അല്ലയോ എന്നാണ് ഭരണഘടനാപരമായ ചോദ്യം. 1994 ല്‍ ആണ് സുപ്രീം കോടതി ആദ്യമായി സ്വകാര്യതയെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 മായി ബന്ധിപ്പിച്ചത്. അന്ന് കോടതി ഇങ്ങനെ നിരീക്ഷിച്ചു: “സ്വകാര്യതക്കുള്ള അവകാശം ജീവിതത്തിനും സ്വാതന്ത്ര്യത്തുനുമുള്ള അവകാശം ഈ രാജ്യത്തെ പൌരന്‍മാര്‍ക്ക് ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 21 ല്‍ അന്തര്‍ലീനമായതാണ്." വാസ്തവത്തില്‍ ഈ നിരീക്ഷണത്തിന്റെ നഗ്നമായ ലംഘനത്തിന്‍റെ പേര് മാത്രമാണ് ആധാര്‍ കാര്‍ഡ്. പക്ഷേ, ഇക്കാര്യം ഭരണകൂടവും ജുഡീഷ്യറി തന്നെയും വിസ്മരിക്കുന്നു എന്നതാണ് വസ്തുത.

 Justice KS Puttaswamy & Ors vs Union of India & Ors എന്ന കേസ് ആധാറിനെ എതിര്‍ത്തുകൊണ്ടുള്ള കേസുകളില്‍ ആദ്യത്തേതാണ്. അതിന്റെ കൂടെ 15 മറ്റ് കാര്യങ്ങളും കൂടെ ചേര്‍ത്തിട്ടുണ്ട്. അത് ഭരണഘടനാ ബഞ്ചിന് 2015 ല്‍ കൈമാറിയതാണ്. എന്നാല്‍ ഇപ്പോഴും അത് വിധിപറയാതെ കാത്തുകിടക്കുന്നു. ഇതുമായുള്ള കാര്യങ്ങളില്‍ കോടതി ഇടക്കിടക്ക് ആധാര്‍ നടപ്പാക്കല്‍ നിര്‍ബന്ധിതമാകാന്‍ പാടില്ല എന്നൊക്കെ അഭിപ്രായപ്രകടനങ്ങള്‍ നടത്താറുണ്ട്. എന്നാലും കോടതിയലക്ഷ്യ കുറ്റമാകുന്ന രീതിയില്‍ വളരേറെ സാമൂഹ്യ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കിയിട്ടും കോടതി ഒന്നും പറഞ്ഞില്ല എന്നതാണ് അവിശ്വനീയം.

ഇതിനോടൊപ്പം സുപ്രീം കോടതി കേള്‍ക്കാന്‍ ബാധ്യതയുള്ള  വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ 21ആം നൂറ്റാണ്ടിലെ പൌരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യാകുലതയുള്ള, നിയമ വാഴ്ചയെ അനുകൂലിക്കുന്ന ഏത് സമൂഹവും ചോദിക്കുന്നു. സ്വന്തം പൌരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ സര്‍ക്കാരിന് ഒരു സൃഷ്ടിപരമായ ഒരു ഉത്തരവാദിത്തമില്ലെങ്കില്‍, എന്താണ് നമ്മുടെ ഭരണഘടനയുടെ അവസ്ഥ?!

നമ്മുടെ എല്ലാം വ്യക്തി വിവരങ്ങളും സ്വഭാവവും ശേഖരിച്ച് വെച്ചിരിക്കുന്ന biometric identification databases നെ പൌരന്‍മാര്‍ക്ക് പരിശോധിക്കാനും മനസിലാക്കാനുമുള്ള അവകാശമില്ലെങ്കില്‍ നാം ഇന്ന് “സ്വതന്ത്ര സമൂഹം” എന്ന് കരുതുന്ന എല്ലാം ഏത് സമയത്തും ഇല്ലാതാക്കാനാകും. ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങളും ഉടന്‍ തന്നെ നേരിടാന്‍ പോകുന്ന പ്രശ്നങ്ങളുടെ ഹൃദയത്തിലേക്ക് വിരല്‍ ചൂണ്ടുന്ന വ്യക്തവും അടിയന്തിരവുമായ ചോദ്യങ്ങള്‍ ആണ് ഇന്‍ഡ്യയുടെ സുപ്രീം കോടതിയുടെ കേസ് പട്ടികയില്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

എന്നാല്‍ സ്വകാര്യതയുടെ അവകാശത്തെക്കുറിച്ചുള്ള വാദം കേള്‍ക്കാന്‍ ഒരു ഏഴ് അംഗ ബഞ്ച് രൂപീകരിക്കാന്‍ സാദ്ധ്യമല്ല എന്ന് അടുത്തടുത്ത് രണ്ട് ചീഫ് ജസ്റ്റീസുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന അവസരത്തില്‍ ആധാറിന്റെ കാര്യത്തില്‍ ഒരു തീരുമാനവും എടുത്തില്ല. ഈ ജഡത്വം നിഗൂഢമായതും ആശ്ചര്യകരമായതും ആണ്. ലോകം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്; തങ്ങളുടെ ശക്തവും അതിബൃഹത്തായതുമായ സമൂഹത്തിന് വേണ്ടിയുള്ള ഇന്‍ഡ്യയുടെ ഭരണഘടനാ വക്കീലന്‍മാരുടെ യുക്തി, ലോകത്തെ എല്ലാ ജനാധിപത്യങ്ങളിലേയും ജഡ്ജിമാരോട് സംസാരിക്കും.


ഇന്‍ഡ്യയിലെ സുപ്രീംകോടതി അതിന്റെ docket നിയന്ത്രിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നത് അമേരിക്കയിലെ സുപ്രീംകോടതിയില്‍ നിന്ന് വ്യത്യസ്ഥമാണ്. ഒരുവര്‍ഷം കഴിഞ്ഞ കേസുകള്‍ തള്ളിക്കളയുക എന്ന രീതി ഇവിടെ നിര്‍ദ്ദേശിക്കാന്‍ പറ്റില്ല. എന്നാല്‍ നമ്മുടെ എല്ലാ കോടതികളും ഇംഗ്ലണ്ടിലെ ജോണ്‍ രാജാവിന്റെ 1215 ലെ മാഗ്നകാര്‍ട്ടയില്‍ നിന്ന് വന്നതാണ്. അതാണ് വൈകുന്ന നീതി എന്നത് തടയപ്പെടുന്ന നീതിയാണെന്ന സത്യത്തിന്റെ ആദ്യത്തെ വാഗ്ദാനമായി നിരീക്ഷിക്കപ്പെടുന്നു.

ഇപ്പോള്‍ പരിഗണനയിലുള്ള കേസില്‍ ഇന്‍ഡ്യന്‍ സുപ്രീംകോടതി എങ്ങനെ തീരുമാനിക്കുന്നു എന്നത്, നിയമവാഴ്ചയുടെ താഴെ ജീവിക്കുന്ന മനുഷ്യവംശത്തിന് മൊത്തം വളരെ പ്രധാനപ്പെട്ട പ്രത്യാഖ്യാതമുണ്ടാക്കുന്നതാണ്. വികസിത രാജ്യങ്ങളിലെ ജനാധിപത്യങ്ങളെല്ലാം ഏതെങ്കിലും ഒരു രീതിയില്‍ സര്‍ക്കാരിനെതിരെ ജനങ്ങളുടെ സ്വകാര്യതക്ക് ഭരണഘടനാപരമായ അവകാശം അംഗീകരിക്കുന്നുണ്ട്. ആ പ്രതിബദ്ധത ഇല്ലാതെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് നിലനില്‍ക്കാനാകും എന്ന് ഇന്‍ഡ്യന്‍ സുപ്രീംകോടതി കാണിച്ചുകൊടുക്കുകയാണെങ്കില്‍, ലോകത്തെ കുറച്ച് രാജ്യങ്ങളിലെയെങ്കിലും നിലനില്‍ക്കുന്ന സ്വകാര്യതയുടെ cause നെ ദുര്‍ബലപ്പെടുത്തുകയാകും അത് ചെയ്യുക.

എന്നാല്‍ അതിന് വിപരീതമായി സുപ്രീംകോടതി ഭരണഘടനാ ജനാധിപത്യത്തിന്റെ മുന്നണിപ്പോരാളി ആയി ഇന്‍ഡ്യയെ കൊണ്ടുവരികയാണെങ്കില്‍ ആധാര്‍, UPI, ഡിജിറ്റല്‍ ഇന്‍ഡ്യയുടെ മറ്റ് വശങ്ങള്‍ എന്നിവയുടെ പരിണാമം ഒരു നിയമ, ഭരണഘടനാ പശ്ചാത്തലത്തിലാകും സംഭവിക്കുക. രാഷ്ട്രങ്ങള്‍ക്ക് അതൊരു വെളിച്ചം വീശും, ലോകത്തെ ഒരു ഉന്നത സമൂഹം എന്ന ഉദാഹരണമാകും.ആധാര്‍ സംബന്ധിച്ച് സുപ്രീംകോടതി വിധിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് എന്നതും ഇതിലെ ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നിട്ടും കോടതി ഇടപെടുന്നില്ല എന്ന് മാത്രമല്ല, വിശാലഭരണഘടനാ ബെഞ്ചിന് കേസ് വിട്ടതോടെ ഫലത്തില്‍ സുപ്രീംകോടതി ആധാര്‍ കേസ് കൈവിട്ട അവസ്ഥയാണ്.


ഭരണകൂടം തന്നെ, അതിന്റെ രാഷ്ട്രീയ സ്വഭാവങ്ങള്‍ മാറുന്നതിനനുസരിച്ച് ഈ വ്യക്തിവിവരങ്ങളെ ഏതെല്ലാം രീതിയില്‍ ഉപയോഗപ്പെടുത്തും എന്ന വലിയ ആശങ്കയ്ക്ക് ചരിത്രപരമായിത്തന്നെ ഇടമുണ്ട്. ഒരു ഫാഷിസ്റ്റ് സര്‍ക്കാര്‍ ‘അപര ജനതയുടെ’ അടയാളപ്പെടുത്തലിന് ഇതുപോലൊരു മാര്‍ഗം ഉപയോഗിക്കുമെന്നതില്‍ സംശയമില്ല. യൂറോപ്പിലെ ജൂതന്മാരിലേക്കൊന്നും പോകണ്ട, ബോംബെ കലാപത്തില്‍ ശിവസേന മുസ്ലീങ്ങളെ കൊല്ലാന്‍ വീടുകള്‍ കണ്ടെത്താന്‍ ഉപയോഗിച്ചത് വോട്ടര്‍പ്പട്ടിക ആയിരുന്നു എന്നറിയുമ്പോഴാണ് ആധാര്‍ പോലൊരു സംവിധാനം എത്ര ഭീകരമായ സാധ്യതകള്‍ ഉണ്ടാക്കുന്നു എന്നു മനസിലാക്കാവുന്നത്.ഈ ആശങ്കകള്‍ എല്ലാം നഗ്നമായി മുന്നില്‍ നില്‍ക്കുമ്പോഴും, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇടപെടാന്‍ സുപ്രീംകോടതി എന്തിനാണ് ഇനിയും വൈകുന്നത് എന്ന് മനസ്സിലാകുന്നേയില്ല.! അവിടെയാണ് ആധാര്‍ ദുരൂഹതകളുടെ മഹാപര്‍വ്വമായി മാറുന്നതും ..!!                

Monday, June 19, 2017

അയ്യങ്കാളി; ഇന്നലെകളിലെ പോരാട്ടജ്വാല..!

ദളിതര്‍ക്കുവേണ്ടി സംസാരിക്കാന്‍ ഒരു നേതാവില്ല എന്നതാണ് ഇപ്പോള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. അതുകൊണ്ടു തന്നെയാണ് അയ്യങ്കാളിയെക്കുറിച്ചുള്ള സംസാരം ഇവിടെ അനിവാര്യമായി വന്നിരിക്കുന്നത്. ജാതിയും മതവും തൊലിയുടെ നിറവുമെല്ലാം കൊടികുത്തി വാണിരുന്ന ഒരു കാലത്ത് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു അയ്യങ്കാളിയുടെ ജനനം. പുലയ സമുദായത്തില്‍ ജനിച്ച അയ്യങ്കാളി തന്റെ സമുദായത്തിലുള്ളവര്‍ നേരിട്ടിരുന്ന അവഗണനകളും പീഡനങ്ങളും കണ്ടാണ് വളര്‍ന്നത്. അന്നത്തെ കാലത്ത് പുലയ, പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തില്‍ നിന്നും എല്ലാതരത്തിലും ബഹിഷ്‌കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാന്‍ ജന്മിമാര്‍ക്ക് വേണ്ട ഒരു ഉപകരണം മാത്രമായി അവര്‍ ജീവിച്ചു. റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനു പോലും ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഇതിനെതിരെയുള്ള പോരാട്ടമായിരുന്നു അയ്യങ്കാളിയുടെ പിന്നീടുള്ള ജീവിതം.

ആദ്യ ഘട്ടത്തില്‍ സ്വസമുദായങ്ങളില്‍ നിന്നുപോലും അയ്യങ്കാളിക്കെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇത് അവഗണിച്ച് തന്റെ മുപ്പതാം വയസില്‍ അദ്ദേഹം ആദ്യമായി പോരിനിറങ്ങി. തുടക്കത്തില്‍ അദ്ദേഹം ഏകനായിരുന്നു. പിന്നീട് ഏതാനും യുവാക്കള്‍ അദ്ദേഹത്തോടൊപ്പം സംഘടിച്ചു. ജന്മികളുടെ തടിമിടുക്കിനോടു മല്ലിടാന്‍ കായികാഭ്യാസിയെ കൊണ്ടുവന്ന് അടിതടകള്‍ പരിശീലിപ്പിച്ചു. തന്റെ കൂടെയുള്ളവരെ ഒരേറ്റുമുട്ടലിനു സജ്ജമാക്കുകയായിരുന്നു അയ്യങ്കാളി.


അധ:സ്ഥിതർക്ക് വഴിനടക്കാനും തുണിയുടുക്കാനും അക്ഷരം പഠിക്കാനുമുള്ള അവകാശം നേടിയെടുക്കുന്നതിനുവേണ്ടി നിരവധി സമരങ്ങൾക്ക് അയ്യങ്കാളി നേതൃത്വം നൽകി. കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ഈ ഐതിഹാസിക സമരങ്ങളെ പുലയ ലഹളകളെന്ന് പേരിട്ട് നിസ്സാരവൽക്കരിക്കാനും പുശ്ചിക്കാനുമാണ് പല പ്രമുഖ മുഖ്യധാരാ ചരിത്രകാരന്മാരും ശ്രമിച്ചത്. സമരനേതാവെന്നതിന് പുറമേ ശ്രീമൂലം പ്രജാസഭാ മെംബർ എന്ന നിലയിലും അദ്ദേഹം അധ:സ്ഥിതരുടെ വിദ്യാലയ പ്രവേശം, പുറമ്പോക്ക് പതിച്ച് നൽകൽ തുടങ്ങിയവ സാക്ഷാത്ക്കരിക്കുന്നതിനുള്ള ഒട്ടനവധി നിയനിർമ്മാണങ്ങൾ നടപ്പിലാക്കുന്നതിനായി പരിശ്രമിക്കയും വിജയിക്കയും ചെയ്തു.

ക്ഷേത്ര പരിസരത്തുള്ള പാതയിലൂടെ വഴി നടക്കാനുള്ള അയിത്തജാതിക്കാരുടെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടിയിട്ടായിരുന്നും വൈക്കം സത്യാഗ്രം 1924-25 കാലത്ത് നടന്നത്. എന്നാൽ ഇതുനെത്രയോ വർഷങ്ങൾക്ക് മുൻപ് 1893 ൽ മണികെട്ടിയ രണ്ടു കാളകൾ വലിച്ച വില്ലുവണ്ടിയിൽ ബാലരാമപുരത്തെ പൊതുവഴിയിലൂടെ സർണ്ണരുടെ ഭീഷണിയെ അവഗണിച്ച് അയ്യങ്കാളി ജൈത്രയാത്ര നടത്തിയിരുന്നു. കൂലികൂടുതലിനും ജോലിഭാരം കുറക്കുന്നതിനുമായി കർഷകത്തൊഴിലാളികൾ പെരിനാട്ട് നടത്തിയ സമരത്തെ തുടർന്ന് കൊല്ലത്ത് 1915 ൽ ചേർന്ന മഹാസഭയിൽ അയ്യങ്കാളിയുടെ നിർദ്ദേശാനുസരണം സ്ത്രീകൾ കല്ലുമാല അറുത്തുമാറ്റിയത് മറ്റൊരു സാമൂഹ്യ വിപ്ലവത്തിന് തിരികൊളിത്തിയ സംഭവമായിരുന്നു.


സഞ്ചാര സ്വാതന്ത്ര്യത്തിനായി 1893-ല്‍ നടത്തിയ വില്ലുവണ്ടി സമരം, ജാതിശാസനകളെ ധിക്കരിക്കാന്‍ സ്ത്രീകളോട് ആഹ്വാനം ചെയ്ത കല്ലുമാല സമരം എന്നിവയും അയ്യങ്കാളിക്ക് ദളിതരുടെ അനിഷേധ്യനേതാവെന്ന പേരുനല്‍കി. 1911 ഡിസംബര്‍ അഞ്ചിന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി നാമനിര്‍ദ്ദേശം ചെയ്തു.പ്രജാസഭയില്‍ ചെയ്ത കന്നി പ്രസംഗത്തില്‍ തന്റെ ആളുകള്‍ക്ക് സ്വന്തമായി മണ്ണില്ലാത്തതിനാല്‍ വീടുവെയ്ക്കാന്‍ മണ്ണു വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു. ഇതിനേത്തുടര്‍ന്ന് വിളപ്പില്‍ പകുതിയില്‍ 500 ഏക്കര്‍ സ്ഥലം സാധുജനങ്ങള്‍ക്ക് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 25 വര്‍ഷം അദ്ദേഹം പ്രജാസഭാംഗമായിരുന്നു. അക്കാലമത്രയും പിന്നാക്ക വിഭാഗക്കാരുടെ അവശതകള്‍ പരിഹരിച്ചുകിട്ടുവാന്‍ പരിശ്രമിച്ചുപോന്നു.

സാധുജനങ്ങള്‍ക്ക് നീതികിട്ടുന്നതിനായി വെങ്ങാനൂരില്‍ ഒരു കുടുംബകോടതി അദ്ദേഹം സ്ഥാപിച്ചു. അയ്യങ്കാളി  കോടതി എന്നാണ് അതറിയപ്പെട്ടിരുന്നത്. 1914 ല്‍ പിന്നാക്ക ശിശുക്കള്‍ക്ക് വിദ്യാലയപ്രവേശം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്തരവിറക്കുകയും കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് അയ്യങ്കാളി ഒരു പുലയക്കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു. 1941 ജൂണ്‍ 18 ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കര്‍മ്മനിരതനായിരുന്നു. മഹാത്മാ അയ്യങ്കാളിയുടെ സംഭാവനകളുടെ വ്യാപ്തിയും പ്രസക്തിയും  വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനോ കേരള ചരിത്രത്തിൽ അർഹമായ സ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷിഠിക്കുന്നതിനോ നമുക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതാന്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന അവകാശപ്പോരാട്ടങ്ങളെ പിന്നീട് കേരളത്തിന്റെ ചരിത്രമെഴുതിയ പലരും പുലയലഹള എന്ന് വിളിച്ച് തരംതാഴ്ത്തി. പക്ഷെ ഇത്തരം തരംതാഴ്ത്തലുകളില്‍ ഇല്ലാതാവുന്ന ഒന്നായിരുന്നില്ല അയ്യങ്കാളി ഉയര്‍ത്തിയ പോരാട്ട വീര്യം. കോട്ടുകാല്‍ മഞ്ചാംകുഴി തറവാട്ടിലെ കെ. ചെല്ലമ്മയായിരുന്നു അയ്യങ്കാളിയുടെ ഭാര്യ. കെ. പൊന്നു, കെ. ചെല്ലപ്പന്‍, കെ. കൊച്ചുകുഞ്ഞ്, കെ. തങ്കമ്മ, കെ. ശിവതാണു എന്നിവര്‍ മക്കളാണ്. ഇവരാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.



അയ്യങ്കാളിയുടെ പ്രവർത്തനങ്ങളെ ചരിത്രപരമായി വിലയിരുത്തുമ്പോൾ വെളിവാക്കപ്പെടുന്ന ഒരു പ്രധാന വസ്തുത പൊതുസ്ഥലങ്ങളെ ജാതീയവും, ആചാരപരവുമായ കെട്ടുപാടുകളിൽ നിന്നും വിമോചിപ്പിക്കുന്നതിനും, കേരളത്തിൽ ഇന്നു സാദ്ധ്യമാകുന്ന സാമൂഹ്യമായ ഇടപെടലുകൾക്ക് സാദ്ധ്യതയൊരുക്കുന്നതിനും അദ്ദേഹം മുന്നിട്ടു നടത്തിയ സമരങ്ങളാണ് ഏറ്റവും നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുള്ളത് എന്നതാണ്. അടിമകളെ മനുഷ്യരാക്കുകയും അവരെ പൊതു സമൂഹത്തിലെ അംഗങ്ങളായി മാറ്റിതീർക്കുകയും, അവകാശ ബോധത്തിലടിയുറച്ചു ഒരു രാഷ്ട്രീയം അവരിൽ വളർത്തിയെടുക്കുകയും ചെയ്തു എന്നുള്ളതാണ് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ, അയ്യങ്കാളി  നിറവേറ്റിയ  ചരിത്രപരമായ കർത്തവ്യം. 

Thursday, June 8, 2017

പിന്നീടവര്‍ സഖാവ് യെച്ചൂരിയെത്തേടി വന്നു...

“Fascism in power is the open, terroristic dictatorship of the most reactionary, the most chauvinistic, the most imperialistic elements of finance capitalism.”
— Karl Marx

'ആഗോളവൽക്കരണ കാലത്തെ സോഷ്യലിസം' എന്ന പുസ്തകമെഴുതിയത് സീ പീ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായ സഖാവ് സീതാറാം യെച്ചൂരിയാണ് . "ഇന്ത്യന്‍ ഫാഷിസ്റ്റ്‌ കാലത്തെ കമ്മ്യൂണിസ്റ്റ് പ്രതിരോധം" എന്നൊരു പുസ്തക രചനയിലേക്ക് കടക്കുവാന്‍മാത്രം പൊള്ളുന്ന അനുഭവങ്ങള്‍ ഉള്ള നാളുകളില്‍ക്കൂടിയാണ് അദ്ദേഹവും, പ്രസ്ഥാനവും പൊയ്ക്കൊണ്ടിണ്ടിരിക്കുന്നത്.  കേരളത്തിലെ കണ്ണൂരില്‍ മുതല്‍ ബംഗാളും തുടങ്ങി ഇപ്പോള്‍ ഡല്‍ഹിയില്‍ ഫാഷിസ്റ്റ്‌ രക്തദാഹം ദംഷ്ട്രകള്‍ നീട്ടിത്തുടങ്ങിയിരിക്കുന്നു. ഏറ്റവുമൊടുവില്‍ സിപിഎം എന്ന പ്രസ്ഥാനത്തിന്‍റെ ജനറല്‍സെക്രട്ടറിയെത്തന്നെ കായികമായി നേരിടാന്‍ ധൈര്യമാര്‍ജ്ജിച്ചിരിക്കുന്നു ഇക്കൂട്ടര്‍.


ഇന്ത്യന്‍ ഇടതുപഷം നേരിടുന്ന വെല്ലുവിളികള്‍ ആഗോളീകരിക്കപ്പെട്ട കോര്‍പ്പറേറ്റ് കാലത്തിന്റെത് മാത്രമല്ല, അത് അത്രമേല്‍ വന്യമായി വളര്‍ന്ന് കായികപരമായ അതിക്രമങ്ങളിലേക്ക് രൂപാന്തരപ്പെട്ടിരിക്കുന്നു എന്നതാണ് കഴിഞ്ഞ ദിവസം സഖാവ് യെച്ചൂരി ആക്രമിക്കപ്പെട്ടത് നല്‍കുന്ന ആസുര സൂചന.  ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാമത്തേത് ഇന്ത്യന്‍രാഷ്ട്രീയത്തില്‍
ഇടതുപക്ഷ കക്ഷികള്‍ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളില്‍ വലതുപക്ഷ ചായ്‌വ് മുന്‍കൈ നേടിയിരിക്കുന്നുവന്നതാണ്. ഹിന്ദുത്വദേശീയതയും ആഭ്യന്തര-വിദേശ മൂലധനശക്തികളാല്‍ നിയന്ത്രിക്കുന്ന നവഉദാരീകരണ ആശയങ്ങളും ഇഴചേര്‍ന്നപ്പോള്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ തുടങ്ങി ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങള്‍ വരെ ആ ആശയങ്ങളുടെ പ്രചാരകരായി. അങ്ങനെ പുതിയ രാഷ്ട്രീയ പരിതസ്ഥിതികളും, അവ സൃഷ്ട്ടിക്കുന്ന ജനവിരുദ്ധമായ വെല്ലുവിളികളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മതപരമായ ഭിന്നിപ്പിനും തിളങ്ങുന്ന ഇന്ത്യയും (Shining India) കഷ്ടപ്പെടുന്നവരുടെ ഇന്ത്യയും (Suffering India) എന്ന വിഭജനം കൂടുതല്‍ രൂക്ഷമാക്കുന്നതിനും വഴിവെക്കുമെന്നതാണ് പുതിയ പരിതസ്ഥിതി ഉയര്‍ത്തുന്ന വെല്ലുവിളി. സാമ്പത്തിക അസമത്വം വര്‍ദ്ധിതമായ ഇന്ത്യ ഇന്നിന്റെ യാഥാര്‍ഥ്യമാകുന്നു..!

നവലിബറല്‍ സാമ്പത്തിക വളര്‍ച്ചക്കായി ക്ഷേമ പരിപാടികള്‍ ചുരുക്കുന്നതില്‍ കൊണ്ഗ്രസ്സിനും , ഭാരതീയ ജനതാ പാര്‍ട്ടിക്കുമുള്ള വീക്ഷണങ്ങളില്‍ വ്യത്യാസമൊന്നുമില്ല . ഉദാരവല്‍ക്കരണ നയങ്ങളെ പ്രതിരോധിക്കാന്‍ കെല്‍പുള്ള, അധ്വാനിക്കുന്നവരെ മതത്തിന്റെ മേലാപ്പുപയോഗിച്ച് ശിഥിലമാക്കുന്ന ദയനീയതയും ഇന്നിന്റെ ആസുര യാഥാര്‍ത്ഥ്യമാണ്. മതവും മൂലധനവും തമ്മിലുള്ള ബാന്ധവം ശക്തമാക്കുപ്പെടുന്ന കാഴ്ചക്ക് മികച്ച ഉദാഹരണം കേരളം തന്നെയാണ് . ആത്മീയ വാണിഭക്കാര്‍ മതങ്ങളെയും, രാഷ്ട്രീയ ശക്തികളെയും വിലകെട്ടി വാങ്ങിയിരിക്കുന്നു. വര്‍ഗീയത മൂലധനത്തിനെയും മൂലധനം വര്‍ഗീയതയെയും പരിപോഷിപ്പിക്കുന്നു. വര്‍ഗീയതയും മൂലധനവും 'മോദി'യില്‍ രക്ഷകനെ കാണുന്നു. പാര്‍ലമെന്ററി വ്യവസ്ഥയെ ദുര്‍ബലമാക്കി പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാകുന്നത് ഭയക്കേണ്ടിയിരിക്കുന്നു. സങ്കീര്‍ണതകളിലേക്ക് ജനജീവിതം വഴിതിരിയും. ഇന്ത്യയിലെ മധ്യവര്‍ഗം ഉദാരവല്‍ക്കരണ ആഡംബര ഉപഭോഗത്തിന്റെ ഗുണഭോക്താക്കളും , ഉപഭോക്താക്കളും മാത്രമാണ്. അവരിലെ പുതുതലമുറയാവട്ടെ അരാഷ്ട്രീയവാദികളും , അസഹിഷ്ണുക്കളും ആയിത്തീര്‍ന്നിരിക്കുന്നു. അവയിലെ ഫാഷിസ്റ്റ്‌  പരിച്ചേദത്തിന്‍റെ ആക്രമാണോല്സുകതയാണ് യെച്ചൂരിയെ ആക്രമിക്കാന്‍ മുതിരുന്നതില്‍ കലാശിച്ചത്.


മേല്‍സാഹചര്യത്തില്‍ നിരായുധനായ ഒരു രക്ഷകനെപ്പോലെയാണ് ഇന്ത്യയിലെ പ്രാന്തവല്‍കൃതരുടെയും ക്ഷുഭിത യുവത്വത്തിന്റെയും കീഴ്‌പ്പെടുത്തപ്പെട്ട സ്ത്രീകളുടെയും ഒരു വലിയ സമൂഹം ഇടതുപക്ഷത്തിനെ നിസ്സഹായതയോടെ നോക്കിക്കാണുന്നത്. ഈ നിരായുധമായ യുദ്ധമുന്നണിയുടെ പടതലവനായാണ് സീതാറാം യെച്ചൂരി ദേശീയ രാഷ്ട്രീയത്തില്‍ രംഗപ്രവേശനം ചെയ്യുന്നത് . ആ പദവിയുടെ ഉണ്മയെ ന്യായീകരിക്കുന്നുണ്ട്, രാജ്യസഭയില്‍ ഉള്‍പ്പടെ അദ്ദേഹം നടത്തുന്ന ഒറ്റയാള്‍ പോരാട്ടം എന്ന് വിളിക്കുവാന്‍ സാധിക്കുന്ന രാഷ്ട്രീയോദ്യമങ്ങള്‍. യെച്ചൂരി ടാര്‍ജറ്റ് ചെയ്യപ്പെടുന്നതിന്റെ പൊരുളും മറ്റൊന്നല്ല , വേറെ തിരയേണ്ടതില്ല.

ഈ ആക്രമണം ചുമരെഴുതുന്നത്  യെച്ചൂരിയുടെ ഇടതുപക്ഷത്തിനു മുന്നില്‍ ചെമ്പരവതാനിയും , പൂക്കളും വിരിച്ച പാതയോന്നുമില്ല എന്നുതന്നെയാണ്. തീവ്ര ഹൈന്ദവ ഫാസിസ്റ്റ്കളുടെയും, ബംഗാളില്‍ തൃണമൂല്‍ കോണ്ഗ്രസ് പാര്‍ട്ടിയുടെയും കേരളത്തിലെ സംഘപരിവാര്‍ വാലുകളുടെയും ശാരീരികമായ ഉന്മൂലന ഭീകരതകളെക്കൂടി നേരിട്ടുകൊണ്ടാണ്‌ ഇന്ത്യയില്‍ ഇന്ന് കമ്യൂണിസ്റ്റുകള്‍ ജീവിക്കുന്നത് . ഈ ഘട്ടത്തില്‍ ഇന്ത്യയിലെ എല്ലാ ചൂഷിത – പീഡിത സമൂഹങ്ങളെയും ഏകോപിപ്പിക്കുന്ന നിലപാടും പ്രവര്‍ത്തനവുമായിരിക്കണം ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ കാതല്‍. രാഷ്ട്രീയ കാലാവസ്ഥയുടെ ഭേദമനുസരിച്ച്‌ ഇതിനു സ്വീകരിക്കുന്ന നയങ്ങളും കൗശലങ്ങളും വ്യത്യാസപ്പെട്ടിരിക്കാം. അടിസ്ഥാന കാഴ്‌ച്ചപ്പാടില്‍ മാറ്റം വരുന്നില്ല. ഇതു കമ്യൂണിസ്റ്റു ഇന്റര്‍ നാഷണല്‍ പിരിച്ചുവിടുന്ന കാലത്ത്‌ ആവര്‍ത്തിച്ചുറപ്പിച്ച പ്രമേയമാണ്‌. പുതിയ മുതലാളിത്തം ലോക സാഹചര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കുമ്പോഴും ഈ തത്വം മുറുകെപിടിക്കുമെന്നാണ്‌ 1992ല്‍ കല്‍ക്കത്തയില്‍ കൂടിയ ലോക കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ സമ്മേളനവും 1997ല്‍ ഹവാനയിലും സമീപകാലത്ത്‌ ഏതന്‍സിലും ചേര്‍ന്ന തൊഴിലാളി പ്രസ്ഥാനങ്ങളുടെ സമ്മേളനവും ഉറക്കെ പ്രഖ്യാപിച്ചത്‌. ഇതിന്‍റെയെല്ലാം ശരിയും ശാസ്ത്രീയവുമായ  പ്രായോഗികവല്‍ക്കരണത്തിന്  അമാന്തം പാടില്ല എന്നത് തന്നെയാണ് ഈ ആക്രമണവും ആവര്‍ത്തിച്ചുറപ്പിക്കുന്നത്.

ഇന്നലെ പാര്‍ട്ടി പ്രവര്‍ത്തകരും , പത്രക്കാരും ആക്രമണത്തിനിടെ പിടികൂടി നല്‍കിയ ഉപേന്ദ്ര കുമാര്‍, പവന്‍ കൌെള്‍ എന്നിവരെല്ലാം മഞ്ഞുമലയുടെ ജലപ്പരപ്പിലെ തുമ്പ് (Tip of the iceburg ) മാത്രമാണ്. അവര്‍ക്കുപിന്നില്‍ രാഷ്ട്രീയ ഊര്‍ജ്ജവും, സാമ്പത്തിക ശേഷിയുമുള്ള ഫാഷിസ്റ്റ്‌ ശക്തികള്‍ ഉണ്ടെന്നതിനു വേഗത്തില്‍ മനസ്സിലാകുന്ന തെളിവാണ് കേവലം മൂന്നു മാസത്തെ തടവ്‌ മാത്രം ലഭിക്കുന്ന "അതിക്രമിച്ചുകടക്കല്‍" കുറ്റംചുമത്തി ഡല്‍ഹി പോലീസ് അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എ കെ ജി ഭവനുനേരെയുള്ള മൂന്നാമത്തെ ആക്രമണമാണ് ബുധനാഴ്ചത്തേത്. രണ്ടുവര്‍ഷത്തിനിടെയുണ്ടായ രണ്ട് ആക്രമണങ്ങള്‍ക്കുശേഷവും അത്തരം പ്രവണതയെ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടങ്ങള്‍ക്ക് , പോലീസ് സംവിധാനത്തിന് കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് ആക്രമികള്‍ മഞ്ഞുമലകളുടെ നിസ്സാരത്തുമ്പ്‌ മാത്രമാണ് എന്ന് അനുമാനിക്കാന്‍ പ്രേരിപ്പിക്കുന്നത്.  ഏതോ അപക്വമതി വര്‍ഗ്ഗീയവാദി യുവാക്കളുടെ ആക്രമാണോല്സുകതയായല്ല ഇതിനെ കാണേണ്ടത് , കാരണം ഇത്തവണത്തെ ആക്രമണത്തിന്റെ  ഉത്തരവാദിത്തം ആര്‍എസ്എസുകാരനും ഭാരതീയ ഹിന്ദുസേനയുടെ തലവനുമായ വിഷ്ണു ഗുപ്ത ഏറ്റെടുത്തിട്ടുണ്ട് എന്നത് ഭീതികതമാം വിധം ശ്രദ്ധേയമാണ്. കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിനെതിരെയും ജമ്മു കശ്മീരില്‍ യുവാക്കളെ മനുഷ്യകവചമാക്കുന്ന മനുഷ്യാവകാശലംഘനത്തിനുമെതിരെയുള്ള നിലപാടുകളാണ് സംഘപരിവാറിനെ പ്രകോപിപ്പിക്കുന്നതെന്ന്‍ വര്‍ത്തമാനകാല രാഷ്ട്രീയം വിളിച്ചോതുന്നുണ്ട്.

പ്രകോപിതനാകുന്ന ഭീരുവിന്റെ പ്രതികാരമാണ് വെറുപ്പ് എന്നു പറഞ്ഞത് ഇതിഹാസ എഴുത്തുകാരന്‍  ബര്‍ണാഡ് ഷായാണ്. രാഷ്ട്രം ഭരിക്കുന്ന അധികാരത്തിന്‍റെ തണലും, സംരക്ഷണവും, ജനാധിപത്യപരമായ  എതിര്‍ശബ്ദങ്ങലോടുപോലുമുള്ള തീവ്രമായ അസഹിഷ്ണുതയും തന്നെയാണ് ഇത്തരം ആക്രമണങ്ങള്‍ അടയാളപ്പെടുത്തുന്നത്.


ഫാഷിസ്റ്റ്‌  ഇരകളുടെ കൂട്ടത്തില്‍ ആദ്യത്തേതില്‍ ഒന്ന് മഹാത്മജിയായിരുന്നു. ഇരയാക്കല്‍ പ്രകിയ അത്രമേല്‍ ഭീഷണമായി വീണ്ടും തുടര്‍ന്നുകൊണ്ടിരുന്നു. രാമജന്മഭൂമി മറ്റൊരു ഇരകോര്‍ത്ത ചൂണ്ടയായി. രഥയാത്ര ഇന്ത്യന്‍ മതേതരത്വത്തിന്റെ ഹൃദയത്തെ കീറിമുറിച്ചു മുറിവുകളും, രക്താരുവികളും സൃഷ്ട്ടിച്ചു. ബാബറി മസ്ജിദിന്റെ മഹത്തായ മിനാരങ്ങള്‍ നിലംപൊത്തുന്നത് കണ്ടു ഫാഷിസ്റ്റ്‌ ഭീകരര്‍ ആര്‍ത്തുചിരിച്ചു. "ഹിന്ദു- മുസ്ലിം" പദങ്ങള്‍ ഉപയോഗിച്ചുള്ള ഭീതിപ്പെടുത്തുന്ന രാഷ്ട്രീയ സംജ്ഞകള്‍ നിഘണ്ടുകളിലേക്ക് ചേക്കേറി. കാലമുരുണ്ടു, ഇപ്പോള്‍ സംഘപരിവാര്‍ ഫാഷിസത്തിന്റെ രാഷ്ട്രീയ മുഖമായ ബി ജെ പി ഭാരതത്തില്‍ അധികാരത്തിലേറിയിരിക്കുന്നു. രാമനും, ക്ഷേത്രവുമൊക്കെ വിസ്മ്രിതിയിലായി. പുതിയ ഇരകളെ നിര്‍മ്മിക്കുന്ന പ്രകൃയകള്‍ ഭംഗമില്ലാതെ തുടര്‍ന്നു. ലവ് ജിഹാദ് പോലുള്ളഅശ്ലീല രാഷ്ട്രീയ സമസ്യകളില്‍ മുസ്ലിം യുവാക്കള്‍ വേട്ടയാടപ്പെട്ടു.

അദ്വാനിയുടെ രഥയാത്രയും, രാമക്ഷേത്രവും ഒരു കാലത്ത് സംഘപരിവാര്‍ വിദഗ്ദമായി ഉപയോഗിച്ച് ഇന്ത്യയുടെ മതേതരത്വത്തില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ട്ടിചെങ്കില്‍, പിന്നീട് കാണുന്നത് നരേന്ദ്രമോഡി എന്ന സംഘപരിവാര്‍ നേതാവിനെ മുന്‍നിര്‍ത്തി കോടാനുകോടികള്‍ മുടക്കി മാധ്യമങ്ങളെയും, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെയും, പി.ആര്‍ ഗിമ്മിക്കുകളെയും മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നതും, അതില്‍ വിജയം കാണുന്നതുമാണ്. ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്ന രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാകുന്ന കാര്യം രാമക്ഷേത്രവും, നരേന്ദ്രമോഡിയുടെ സ്വപ്നവ്യാപാരങ്ങളുമെല്ലാം രാഷ്ട്രീയ ഗോദയിലെ എടുക്കാചരക്കുകള്‍ ആയിരിക്കുന്നു.

എങ്കിലും ഇരനിര്‍മ്മാണം തുടര്‍ന്നു. മനുഷ്യന്റെ ഭക്ഷണശീലങ്ങളെ ഇരയാക്കി പിന്നീട്. കാലിമാംസം വലിയൊരു പേടിസ്വപ്നമായി ഇന്ത്യയില്‍ വളര്‍ന്നു. ഗോമാതാവും, ഗോമാംസവും, ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ രാജ്യമാകാന്‍ പോകുന്ന രാഷ്ട്രത്തിലെ അശ്ലീല രാഷ്ട്രീയ ചര്‍ച്ചകളും, രാഷ്ട്രീയ പ്രയോഗങ്ങളുമായി മാറി. ഗോമാംസം കഴിച്ചു, സൂക്ഷിച്ചു, കാലികളെ കയറ്റിയ വാഹനത്തിന്റെ ഡ്രൈവര്‍ ആയി തുടങ്ങിയ ആരോപണങ്ങള്‍ വ്യാജമായിഉന്നയിച്ചു സംഘപരിവാര്‍ മനുഷ്യരെ അടിച്ചും ഭേദ്യം ചെയ്തും കൊന്നുതള്ളി. രാജ്യം ഭീതിയുടെ കറുത്ത നാളുകളിലേക്ക് അത്രമേല്‍ അസാധാരണമാംവിധം തള്ളപ്പെട്ടു. എഴുത്തുകാരും, ബുദ്ധിജീവികളും കൊല്ലപ്പെട്ടു. അവരില്‍ ചിലര്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്ക്കാരങ്ങള്‍ വരെ തിരികെ നല്‍കി പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുകള്‍ ഉയര്‍ത്തി. ഇക്കൂട്ടരെ അധികാരത്തിന്‍റെ ഉന്മാദം എന്തും ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അരവിന്ദ് കേജ്രിവാളിനെ മാഷിയെറിഞ്ഞു വേട്ടയാടുന്നതില്‍ തുടങ്ങി, കനയ്യ കുമാറും , ഒമര്‍ ഖാലിദും, ശേല രാഷിദും, അഹമ്മദ് നജീബും പിന്നിട്ട് ഇപ്പോള്‍ ഒടുവിലത്തെ ദൃഷ്ടാന്തമായി സീതാറാം യെച്ചൂരിയും വേട്ടയുടെ ആയുധമുനകള്‍ക്ക് മുന്നില്‍ യാഥാര്‍ഥ്യമായിരിക്കുന്നു.  

യെച്ചൂരി ഒരേസമയം ഒരു ഇടതുപക്ഷ സൈദ്ധാന്തികനും , ബുദ്ധിജീവിയും , കേമനായ പാര്ലമെന്റെരിയനും , യുവജനത്ക്ക് മുന്നിലെ പൊളിറ്റിക്കല്‍ ഐക്കണും , അവരോടു സംവദിക്കാന്‍ ശേഷിയുള്ള ജനകീയ മുഖമുള്ളയാളും , കേമനായ സംഘാടകനും , ദേശീയ രാഷ്ട്രീയത്തില്‍ എല്ലാ പാര്‍ട്ടികളിലും സൌഹൃദത്തിന്റെ സമ്പന്നത സ്വന്തമായുള്ളവനും തന്നെയാണ് . ഒരു പക്ഷേ സീ പീ എം പോളിറ്റ് ബ്യൂറോയില്‍ പ്രതിഭകൊണ്ടും, പ്രഭാവംകൊണ്ടും അതുല്യനായ നേതാവ്. സാങ്കേതികവിദ്യയോട് ഒപ്പം നില്‍ക്കുന്ന ഒരു യുവതയോട് സംവദിക്കാനും , ഫാസിസ്റ്റ് രാഷ്ട്രീയത്തെ ഏറ്റവും ആധുനികമായ രാഷ്ട്രീയ സങ്കേതങ്ങളെ ഉപയോഗിച്ച് ചെറുക്കാനും , കോര്പ്പരെറ്റ് ചൂഷണങ്ങളെ ധീരമായി പ്രതിരോധിക്കാനും , ആധുനികനും, വിദ്യാസമ്പന്നനും , താരതമ്മ്യേന ചെറുപ്പവുമായ ഒരു സഖാവിനെ വേട്ടക്കാര്‍ ഇരയായി കാണുന്നതില്‍ അവരുടെ കാഴ്ചയില്‍ യുക്തിയുണ്ട്. ഫാഷിസ്റ്റ്‌ വേട്ടനായ്ക്കള്‍ അത് തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് തന്നെയാണ് യെച്ചൂരിയുടെ നേരെയുള്ള ആക്രമണം സൂചിപ്പിക്കുന്നത്. ഈ ആക്രമണങ്ങളില്‍ ഒന്നുമേ തളരുന്ന കമ്മ്യൂണിസ്റ്റ്കാരനല്ല എന്നറിയാം. എങ്കിലും  ഇന്ത്യയിലെ ഫാസിസ്റ്റ് - കൊര്‍പ്പരെറ്റ് കൂട്ടുകെട്ടിന്റെ ആസുരതയില്‍ ചതഞ്ഞരയുന്ന ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തോടെ ചുക്കാന്‍ പിടിക്കാന്‍ സീതാരാമനും, അദ്ദേഹത്തിന്‍റെ കാലത്തെ ഇടതുപക്ഷത്തിനും ശുഭാശംസകള്‍. തീക്ഷ്ണമായ പ്രതിരോധാശംസകള്‍ ..!!

#യെച്ചൂരിക്കൊപ്പം