Monday, June 19, 2017

അയ്യങ്കാളി; ഇന്നലെകളിലെ പോരാട്ടജ്വാല..!

ദളിതര്‍ക്കുവേണ്ടി സംസാരിക്കാന്‍ ഒരു നേതാവില്ല എന്നതാണ് ഇപ്പോള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. അതുകൊണ്ടു തന്നെയാണ് അയ്യങ്കാളിയെക്കുറിച്ചുള്ള സംസാരം ഇവിടെ അനിവാര്യമായി വന്നിരിക്കുന്നത്. ജാതിയും മതവും തൊലിയുടെ നിറവുമെല്ലാം കൊടികുത്തി വാണിരുന്ന ഒരു കാലത്ത് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു അയ്യങ്കാളിയുടെ ജനനം. പുലയ സമുദായത്തില്‍ ജനിച്ച അയ്യങ്കാളി തന്റെ സമുദായത്തിലുള്ളവര്‍ നേരിട്ടിരുന്ന അവഗണനകളും പീഡനങ്ങളും കണ്ടാണ് വളര്‍ന്നത്. അന്നത്തെ കാലത്ത് പുലയ, പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തില്‍ നിന്നും എല്ലാതരത്തിലും ബഹിഷ്‌കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാന്‍ ജന്മിമാര്‍ക്ക് വേണ്ട ഒരു ഉപകരണം മാത്രമായി അവര്‍ ജീവിച്ചു. റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനു പോലും ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഇതിനെതിരെയുള്ള പോരാട്ടമായിരുന്നു അയ്യങ്കാളിയുടെ പിന്നീടുള്ള ജീവിതം.

ആദ്യ ഘട്ടത്തില്‍ സ്വസമുദായങ്ങളില്‍ നിന്നുപോലും അയ്യങ്കാളിക്കെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇത് അവഗണിച്ച് തന്റെ മുപ്പതാം വയസില്‍ അദ്ദേഹം ആദ്യമായി പോരിനിറങ്ങി. തുടക്കത്തില്‍ അദ്ദേഹം ഏകനായിരുന്നു. പിന്നീട് ഏതാനും യുവാക്കള്‍ അദ്ദേഹത്തോടൊപ്പം സംഘടിച്ചു. ജന്മികളുടെ തടിമിടുക്കിനോടു മല്ലിടാന്‍ കായികാഭ്യാസിയെ കൊണ്ടുവന്ന് അടിതടകള്‍ പരിശീലിപ്പിച്ചു. തന്റെ കൂടെയുള്ളവരെ ഒരേറ്റുമുട്ടലിനു സജ്ജമാക്കുകയായിരുന്നു അയ്യങ്കാളി.


അധ:സ്ഥിതർക്ക് വഴിനടക്കാനും തുണിയുടുക്കാനും അക്ഷരം പഠിക്കാനുമുള്ള അവകാശം നേടിയെടുക്കുന്നതിനുവേണ്ടി നിരവധി സമരങ്ങൾക്ക് അയ്യങ്കാളി നേതൃത്വം നൽകി. കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ഈ ഐതിഹാസിക സമരങ്ങളെ പുലയ ലഹളകളെന്ന് പേരിട്ട് നിസ്സാരവൽക്കരിക്കാനും പുശ്ചിക്കാനുമാണ് പല പ്രമുഖ മുഖ്യധാരാ ചരിത്രകാരന്മാരും ശ്രമിച്ചത്. സമരനേതാവെന്നതിന് പുറമേ ശ്രീമൂലം പ്രജാസഭാ മെംബർ എന്ന നിലയിലും അദ്ദേഹം അധ:സ്ഥിതരുടെ വിദ്യാലയ പ്രവേശം, പുറമ്പോക്ക് പതിച്ച് നൽകൽ തുടങ്ങിയവ സാക്ഷാത്ക്കരിക്കുന്നതിനുള്ള ഒട്ടനവധി നിയനിർമ്മാണങ്ങൾ നടപ്പിലാക്കുന്നതിനായി പരിശ്രമിക്കയും വിജയിക്കയും ചെയ്തു.

ക്ഷേത്ര പരിസരത്തുള്ള പാതയിലൂടെ വഴി നടക്കാനുള്ള അയിത്തജാതിക്കാരുടെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടിയിട്ടായിരുന്നും വൈക്കം സത്യാഗ്രം 1924-25 കാലത്ത് നടന്നത്. എന്നാൽ ഇതുനെത്രയോ വർഷങ്ങൾക്ക് മുൻപ് 1893 ൽ മണികെട്ടിയ രണ്ടു കാളകൾ വലിച്ച വില്ലുവണ്ടിയിൽ ബാലരാമപുരത്തെ പൊതുവഴിയിലൂടെ സർണ്ണരുടെ ഭീഷണിയെ അവഗണിച്ച് അയ്യങ്കാളി ജൈത്രയാത്ര നടത്തിയിരുന്നു. കൂലികൂടുതലിനും ജോലിഭാരം കുറക്കുന്നതിനുമായി കർഷകത്തൊഴിലാളികൾ പെരിനാട്ട് നടത്തിയ സമരത്തെ തുടർന്ന് കൊല്ലത്ത് 1915 ൽ ചേർന്ന മഹാസഭയിൽ അയ്യങ്കാളിയുടെ നിർദ്ദേശാനുസരണം സ്ത്രീകൾ കല്ലുമാല അറുത്തുമാറ്റിയത് മറ്റൊരു സാമൂഹ്യ വിപ്ലവത്തിന് തിരികൊളിത്തിയ സംഭവമായിരുന്നു.


സഞ്ചാര സ്വാതന്ത്ര്യത്തിനായി 1893-ല്‍ നടത്തിയ വില്ലുവണ്ടി സമരം, ജാതിശാസനകളെ ധിക്കരിക്കാന്‍ സ്ത്രീകളോട് ആഹ്വാനം ചെയ്ത കല്ലുമാല സമരം എന്നിവയും അയ്യങ്കാളിക്ക് ദളിതരുടെ അനിഷേധ്യനേതാവെന്ന പേരുനല്‍കി. 1911 ഡിസംബര്‍ അഞ്ചിന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി നാമനിര്‍ദ്ദേശം ചെയ്തു.പ്രജാസഭയില്‍ ചെയ്ത കന്നി പ്രസംഗത്തില്‍ തന്റെ ആളുകള്‍ക്ക് സ്വന്തമായി മണ്ണില്ലാത്തതിനാല്‍ വീടുവെയ്ക്കാന്‍ മണ്ണു വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു. ഇതിനേത്തുടര്‍ന്ന് വിളപ്പില്‍ പകുതിയില്‍ 500 ഏക്കര്‍ സ്ഥലം സാധുജനങ്ങള്‍ക്ക് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 25 വര്‍ഷം അദ്ദേഹം പ്രജാസഭാംഗമായിരുന്നു. അക്കാലമത്രയും പിന്നാക്ക വിഭാഗക്കാരുടെ അവശതകള്‍ പരിഹരിച്ചുകിട്ടുവാന്‍ പരിശ്രമിച്ചുപോന്നു.

സാധുജനങ്ങള്‍ക്ക് നീതികിട്ടുന്നതിനായി വെങ്ങാനൂരില്‍ ഒരു കുടുംബകോടതി അദ്ദേഹം സ്ഥാപിച്ചു. അയ്യങ്കാളി  കോടതി എന്നാണ് അതറിയപ്പെട്ടിരുന്നത്. 1914 ല്‍ പിന്നാക്ക ശിശുക്കള്‍ക്ക് വിദ്യാലയപ്രവേശം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്തരവിറക്കുകയും കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് അയ്യങ്കാളി ഒരു പുലയക്കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു. 1941 ജൂണ്‍ 18 ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കര്‍മ്മനിരതനായിരുന്നു. മഹാത്മാ അയ്യങ്കാളിയുടെ സംഭാവനകളുടെ വ്യാപ്തിയും പ്രസക്തിയും  വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനോ കേരള ചരിത്രത്തിൽ അർഹമായ സ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷിഠിക്കുന്നതിനോ നമുക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതാന്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന അവകാശപ്പോരാട്ടങ്ങളെ പിന്നീട് കേരളത്തിന്റെ ചരിത്രമെഴുതിയ പലരും പുലയലഹള എന്ന് വിളിച്ച് തരംതാഴ്ത്തി. പക്ഷെ ഇത്തരം തരംതാഴ്ത്തലുകളില്‍ ഇല്ലാതാവുന്ന ഒന്നായിരുന്നില്ല അയ്യങ്കാളി ഉയര്‍ത്തിയ പോരാട്ട വീര്യം. കോട്ടുകാല്‍ മഞ്ചാംകുഴി തറവാട്ടിലെ കെ. ചെല്ലമ്മയായിരുന്നു അയ്യങ്കാളിയുടെ ഭാര്യ. കെ. പൊന്നു, കെ. ചെല്ലപ്പന്‍, കെ. കൊച്ചുകുഞ്ഞ്, കെ. തങ്കമ്മ, കെ. ശിവതാണു എന്നിവര്‍ മക്കളാണ്. ഇവരാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.



അയ്യങ്കാളിയുടെ പ്രവർത്തനങ്ങളെ ചരിത്രപരമായി വിലയിരുത്തുമ്പോൾ വെളിവാക്കപ്പെടുന്ന ഒരു പ്രധാന വസ്തുത പൊതുസ്ഥലങ്ങളെ ജാതീയവും, ആചാരപരവുമായ കെട്ടുപാടുകളിൽ നിന്നും വിമോചിപ്പിക്കുന്നതിനും, കേരളത്തിൽ ഇന്നു സാദ്ധ്യമാകുന്ന സാമൂഹ്യമായ ഇടപെടലുകൾക്ക് സാദ്ധ്യതയൊരുക്കുന്നതിനും അദ്ദേഹം മുന്നിട്ടു നടത്തിയ സമരങ്ങളാണ് ഏറ്റവും നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുള്ളത് എന്നതാണ്. അടിമകളെ മനുഷ്യരാക്കുകയും അവരെ പൊതു സമൂഹത്തിലെ അംഗങ്ങളായി മാറ്റിതീർക്കുകയും, അവകാശ ബോധത്തിലടിയുറച്ചു ഒരു രാഷ്ട്രീയം അവരിൽ വളർത്തിയെടുക്കുകയും ചെയ്തു എന്നുള്ളതാണ് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ, അയ്യങ്കാളി  നിറവേറ്റിയ  ചരിത്രപരമായ കർത്തവ്യം. 

Thursday, June 8, 2017

പിന്നീടവര്‍ സഖാവ് യെച്ചൂരിയെത്തേടി വന്നു...

“Fascism in power is the open, terroristic dictatorship of the most reactionary, the most chauvinistic, the most imperialistic elements of finance capitalism.”
— Karl Marx

'ആഗോളവൽക്കരണ കാലത്തെ സോഷ്യലിസം' എന്ന പുസ്തകമെഴുതിയത് സീ പീ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായ സഖാവ് സീതാറാം യെച്ചൂരിയാണ് . "ഇന്ത്യന്‍ ഫാഷിസ്റ്റ്‌ കാലത്തെ കമ്മ്യൂണിസ്റ്റ് പ്രതിരോധം" എന്നൊരു പുസ്തക രചനയിലേക്ക് കടക്കുവാന്‍മാത്രം പൊള്ളുന്ന അനുഭവങ്ങള്‍ ഉള്ള നാളുകളില്‍ക്കൂടിയാണ് അദ്ദേഹവും, പ്രസ്ഥാനവും പൊയ്ക്കൊണ്ടിണ്ടിരിക്കുന്നത്.  കേരളത്തിലെ കണ്ണൂരില്‍ മുതല്‍ ബംഗാളും തുടങ്ങി ഇപ്പോള്‍ ഡല്‍ഹിയില്‍ ഫാഷിസ്റ്റ്‌ രക്തദാഹം ദംഷ്ട്രകള്‍ നീട്ടിത്തുടങ്ങിയിരിക്കുന്നു. ഏറ്റവുമൊടുവില്‍ സിപിഎം എന്ന പ്രസ്ഥാനത്തിന്‍റെ ജനറല്‍സെക്രട്ടറിയെത്തന്നെ കായികമായി നേരിടാന്‍ ധൈര്യമാര്‍ജ്ജിച്ചിരിക്കുന്നു ഇക്കൂട്ടര്‍.


ഇന്ത്യന്‍ ഇടതുപഷം നേരിടുന്ന വെല്ലുവിളികള്‍ ആഗോളീകരിക്കപ്പെട്ട കോര്‍പ്പറേറ്റ് കാലത്തിന്റെത് മാത്രമല്ല, അത് അത്രമേല്‍ വന്യമായി വളര്‍ന്ന് കായികപരമായ അതിക്രമങ്ങളിലേക്ക് രൂപാന്തരപ്പെട്ടിരിക്കുന്നു എന്നതാണ് കഴിഞ്ഞ ദിവസം സഖാവ് യെച്ചൂരി ആക്രമിക്കപ്പെട്ടത് നല്‍കുന്ന ആസുര സൂചന.  ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാമത്തേത് ഇന്ത്യന്‍രാഷ്ട്രീയത്തില്‍
ഇടതുപക്ഷ കക്ഷികള്‍ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളില്‍ വലതുപക്ഷ ചായ്‌വ് മുന്‍കൈ നേടിയിരിക്കുന്നുവന്നതാണ്. ഹിന്ദുത്വദേശീയതയും ആഭ്യന്തര-വിദേശ മൂലധനശക്തികളാല്‍ നിയന്ത്രിക്കുന്ന നവഉദാരീകരണ ആശയങ്ങളും ഇഴചേര്‍ന്നപ്പോള്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ തുടങ്ങി ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങള്‍ വരെ ആ ആശയങ്ങളുടെ പ്രചാരകരായി. അങ്ങനെ പുതിയ രാഷ്ട്രീയ പരിതസ്ഥിതികളും, അവ സൃഷ്ട്ടിക്കുന്ന ജനവിരുദ്ധമായ വെല്ലുവിളികളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മതപരമായ ഭിന്നിപ്പിനും തിളങ്ങുന്ന ഇന്ത്യയും (Shining India) കഷ്ടപ്പെടുന്നവരുടെ ഇന്ത്യയും (Suffering India) എന്ന വിഭജനം കൂടുതല്‍ രൂക്ഷമാക്കുന്നതിനും വഴിവെക്കുമെന്നതാണ് പുതിയ പരിതസ്ഥിതി ഉയര്‍ത്തുന്ന വെല്ലുവിളി. സാമ്പത്തിക അസമത്വം വര്‍ദ്ധിതമായ ഇന്ത്യ ഇന്നിന്റെ യാഥാര്‍ഥ്യമാകുന്നു..!

നവലിബറല്‍ സാമ്പത്തിക വളര്‍ച്ചക്കായി ക്ഷേമ പരിപാടികള്‍ ചുരുക്കുന്നതില്‍ കൊണ്ഗ്രസ്സിനും , ഭാരതീയ ജനതാ പാര്‍ട്ടിക്കുമുള്ള വീക്ഷണങ്ങളില്‍ വ്യത്യാസമൊന്നുമില്ല . ഉദാരവല്‍ക്കരണ നയങ്ങളെ പ്രതിരോധിക്കാന്‍ കെല്‍പുള്ള, അധ്വാനിക്കുന്നവരെ മതത്തിന്റെ മേലാപ്പുപയോഗിച്ച് ശിഥിലമാക്കുന്ന ദയനീയതയും ഇന്നിന്റെ ആസുര യാഥാര്‍ത്ഥ്യമാണ്. മതവും മൂലധനവും തമ്മിലുള്ള ബാന്ധവം ശക്തമാക്കുപ്പെടുന്ന കാഴ്ചക്ക് മികച്ച ഉദാഹരണം കേരളം തന്നെയാണ് . ആത്മീയ വാണിഭക്കാര്‍ മതങ്ങളെയും, രാഷ്ട്രീയ ശക്തികളെയും വിലകെട്ടി വാങ്ങിയിരിക്കുന്നു. വര്‍ഗീയത മൂലധനത്തിനെയും മൂലധനം വര്‍ഗീയതയെയും പരിപോഷിപ്പിക്കുന്നു. വര്‍ഗീയതയും മൂലധനവും 'മോദി'യില്‍ രക്ഷകനെ കാണുന്നു. പാര്‍ലമെന്ററി വ്യവസ്ഥയെ ദുര്‍ബലമാക്കി പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാകുന്നത് ഭയക്കേണ്ടിയിരിക്കുന്നു. സങ്കീര്‍ണതകളിലേക്ക് ജനജീവിതം വഴിതിരിയും. ഇന്ത്യയിലെ മധ്യവര്‍ഗം ഉദാരവല്‍ക്കരണ ആഡംബര ഉപഭോഗത്തിന്റെ ഗുണഭോക്താക്കളും , ഉപഭോക്താക്കളും മാത്രമാണ്. അവരിലെ പുതുതലമുറയാവട്ടെ അരാഷ്ട്രീയവാദികളും , അസഹിഷ്ണുക്കളും ആയിത്തീര്‍ന്നിരിക്കുന്നു. അവയിലെ ഫാഷിസ്റ്റ്‌  പരിച്ചേദത്തിന്‍റെ ആക്രമാണോല്സുകതയാണ് യെച്ചൂരിയെ ആക്രമിക്കാന്‍ മുതിരുന്നതില്‍ കലാശിച്ചത്.


മേല്‍സാഹചര്യത്തില്‍ നിരായുധനായ ഒരു രക്ഷകനെപ്പോലെയാണ് ഇന്ത്യയിലെ പ്രാന്തവല്‍കൃതരുടെയും ക്ഷുഭിത യുവത്വത്തിന്റെയും കീഴ്‌പ്പെടുത്തപ്പെട്ട സ്ത്രീകളുടെയും ഒരു വലിയ സമൂഹം ഇടതുപക്ഷത്തിനെ നിസ്സഹായതയോടെ നോക്കിക്കാണുന്നത്. ഈ നിരായുധമായ യുദ്ധമുന്നണിയുടെ പടതലവനായാണ് സീതാറാം യെച്ചൂരി ദേശീയ രാഷ്ട്രീയത്തില്‍ രംഗപ്രവേശനം ചെയ്യുന്നത് . ആ പദവിയുടെ ഉണ്മയെ ന്യായീകരിക്കുന്നുണ്ട്, രാജ്യസഭയില്‍ ഉള്‍പ്പടെ അദ്ദേഹം നടത്തുന്ന ഒറ്റയാള്‍ പോരാട്ടം എന്ന് വിളിക്കുവാന്‍ സാധിക്കുന്ന രാഷ്ട്രീയോദ്യമങ്ങള്‍. യെച്ചൂരി ടാര്‍ജറ്റ് ചെയ്യപ്പെടുന്നതിന്റെ പൊരുളും മറ്റൊന്നല്ല , വേറെ തിരയേണ്ടതില്ല.

ഈ ആക്രമണം ചുമരെഴുതുന്നത്  യെച്ചൂരിയുടെ ഇടതുപക്ഷത്തിനു മുന്നില്‍ ചെമ്പരവതാനിയും , പൂക്കളും വിരിച്ച പാതയോന്നുമില്ല എന്നുതന്നെയാണ്. തീവ്ര ഹൈന്ദവ ഫാസിസ്റ്റ്കളുടെയും, ബംഗാളില്‍ തൃണമൂല്‍ കോണ്ഗ്രസ് പാര്‍ട്ടിയുടെയും കേരളത്തിലെ സംഘപരിവാര്‍ വാലുകളുടെയും ശാരീരികമായ ഉന്മൂലന ഭീകരതകളെക്കൂടി നേരിട്ടുകൊണ്ടാണ്‌ ഇന്ത്യയില്‍ ഇന്ന് കമ്യൂണിസ്റ്റുകള്‍ ജീവിക്കുന്നത് . ഈ ഘട്ടത്തില്‍ ഇന്ത്യയിലെ എല്ലാ ചൂഷിത – പീഡിത സമൂഹങ്ങളെയും ഏകോപിപ്പിക്കുന്ന നിലപാടും പ്രവര്‍ത്തനവുമായിരിക്കണം ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ കാതല്‍. രാഷ്ട്രീയ കാലാവസ്ഥയുടെ ഭേദമനുസരിച്ച്‌ ഇതിനു സ്വീകരിക്കുന്ന നയങ്ങളും കൗശലങ്ങളും വ്യത്യാസപ്പെട്ടിരിക്കാം. അടിസ്ഥാന കാഴ്‌ച്ചപ്പാടില്‍ മാറ്റം വരുന്നില്ല. ഇതു കമ്യൂണിസ്റ്റു ഇന്റര്‍ നാഷണല്‍ പിരിച്ചുവിടുന്ന കാലത്ത്‌ ആവര്‍ത്തിച്ചുറപ്പിച്ച പ്രമേയമാണ്‌. പുതിയ മുതലാളിത്തം ലോക സാഹചര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കുമ്പോഴും ഈ തത്വം മുറുകെപിടിക്കുമെന്നാണ്‌ 1992ല്‍ കല്‍ക്കത്തയില്‍ കൂടിയ ലോക കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ സമ്മേളനവും 1997ല്‍ ഹവാനയിലും സമീപകാലത്ത്‌ ഏതന്‍സിലും ചേര്‍ന്ന തൊഴിലാളി പ്രസ്ഥാനങ്ങളുടെ സമ്മേളനവും ഉറക്കെ പ്രഖ്യാപിച്ചത്‌. ഇതിന്‍റെയെല്ലാം ശരിയും ശാസ്ത്രീയവുമായ  പ്രായോഗികവല്‍ക്കരണത്തിന്  അമാന്തം പാടില്ല എന്നത് തന്നെയാണ് ഈ ആക്രമണവും ആവര്‍ത്തിച്ചുറപ്പിക്കുന്നത്.

ഇന്നലെ പാര്‍ട്ടി പ്രവര്‍ത്തകരും , പത്രക്കാരും ആക്രമണത്തിനിടെ പിടികൂടി നല്‍കിയ ഉപേന്ദ്ര കുമാര്‍, പവന്‍ കൌെള്‍ എന്നിവരെല്ലാം മഞ്ഞുമലയുടെ ജലപ്പരപ്പിലെ തുമ്പ് (Tip of the iceburg ) മാത്രമാണ്. അവര്‍ക്കുപിന്നില്‍ രാഷ്ട്രീയ ഊര്‍ജ്ജവും, സാമ്പത്തിക ശേഷിയുമുള്ള ഫാഷിസ്റ്റ്‌ ശക്തികള്‍ ഉണ്ടെന്നതിനു വേഗത്തില്‍ മനസ്സിലാകുന്ന തെളിവാണ് കേവലം മൂന്നു മാസത്തെ തടവ്‌ മാത്രം ലഭിക്കുന്ന "അതിക്രമിച്ചുകടക്കല്‍" കുറ്റംചുമത്തി ഡല്‍ഹി പോലീസ് അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എ കെ ജി ഭവനുനേരെയുള്ള മൂന്നാമത്തെ ആക്രമണമാണ് ബുധനാഴ്ചത്തേത്. രണ്ടുവര്‍ഷത്തിനിടെയുണ്ടായ രണ്ട് ആക്രമണങ്ങള്‍ക്കുശേഷവും അത്തരം പ്രവണതയെ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടങ്ങള്‍ക്ക് , പോലീസ് സംവിധാനത്തിന് കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് ആക്രമികള്‍ മഞ്ഞുമലകളുടെ നിസ്സാരത്തുമ്പ്‌ മാത്രമാണ് എന്ന് അനുമാനിക്കാന്‍ പ്രേരിപ്പിക്കുന്നത്.  ഏതോ അപക്വമതി വര്‍ഗ്ഗീയവാദി യുവാക്കളുടെ ആക്രമാണോല്സുകതയായല്ല ഇതിനെ കാണേണ്ടത് , കാരണം ഇത്തവണത്തെ ആക്രമണത്തിന്റെ  ഉത്തരവാദിത്തം ആര്‍എസ്എസുകാരനും ഭാരതീയ ഹിന്ദുസേനയുടെ തലവനുമായ വിഷ്ണു ഗുപ്ത ഏറ്റെടുത്തിട്ടുണ്ട് എന്നത് ഭീതികതമാം വിധം ശ്രദ്ധേയമാണ്. കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിനെതിരെയും ജമ്മു കശ്മീരില്‍ യുവാക്കളെ മനുഷ്യകവചമാക്കുന്ന മനുഷ്യാവകാശലംഘനത്തിനുമെതിരെയുള്ള നിലപാടുകളാണ് സംഘപരിവാറിനെ പ്രകോപിപ്പിക്കുന്നതെന്ന്‍ വര്‍ത്തമാനകാല രാഷ്ട്രീയം വിളിച്ചോതുന്നുണ്ട്.

പ്രകോപിതനാകുന്ന ഭീരുവിന്റെ പ്രതികാരമാണ് വെറുപ്പ് എന്നു പറഞ്ഞത് ഇതിഹാസ എഴുത്തുകാരന്‍  ബര്‍ണാഡ് ഷായാണ്. രാഷ്ട്രം ഭരിക്കുന്ന അധികാരത്തിന്‍റെ തണലും, സംരക്ഷണവും, ജനാധിപത്യപരമായ  എതിര്‍ശബ്ദങ്ങലോടുപോലുമുള്ള തീവ്രമായ അസഹിഷ്ണുതയും തന്നെയാണ് ഇത്തരം ആക്രമണങ്ങള്‍ അടയാളപ്പെടുത്തുന്നത്.


ഫാഷിസ്റ്റ്‌  ഇരകളുടെ കൂട്ടത്തില്‍ ആദ്യത്തേതില്‍ ഒന്ന് മഹാത്മജിയായിരുന്നു. ഇരയാക്കല്‍ പ്രകിയ അത്രമേല്‍ ഭീഷണമായി വീണ്ടും തുടര്‍ന്നുകൊണ്ടിരുന്നു. രാമജന്മഭൂമി മറ്റൊരു ഇരകോര്‍ത്ത ചൂണ്ടയായി. രഥയാത്ര ഇന്ത്യന്‍ മതേതരത്വത്തിന്റെ ഹൃദയത്തെ കീറിമുറിച്ചു മുറിവുകളും, രക്താരുവികളും സൃഷ്ട്ടിച്ചു. ബാബറി മസ്ജിദിന്റെ മഹത്തായ മിനാരങ്ങള്‍ നിലംപൊത്തുന്നത് കണ്ടു ഫാഷിസ്റ്റ്‌ ഭീകരര്‍ ആര്‍ത്തുചിരിച്ചു. "ഹിന്ദു- മുസ്ലിം" പദങ്ങള്‍ ഉപയോഗിച്ചുള്ള ഭീതിപ്പെടുത്തുന്ന രാഷ്ട്രീയ സംജ്ഞകള്‍ നിഘണ്ടുകളിലേക്ക് ചേക്കേറി. കാലമുരുണ്ടു, ഇപ്പോള്‍ സംഘപരിവാര്‍ ഫാഷിസത്തിന്റെ രാഷ്ട്രീയ മുഖമായ ബി ജെ പി ഭാരതത്തില്‍ അധികാരത്തിലേറിയിരിക്കുന്നു. രാമനും, ക്ഷേത്രവുമൊക്കെ വിസ്മ്രിതിയിലായി. പുതിയ ഇരകളെ നിര്‍മ്മിക്കുന്ന പ്രകൃയകള്‍ ഭംഗമില്ലാതെ തുടര്‍ന്നു. ലവ് ജിഹാദ് പോലുള്ളഅശ്ലീല രാഷ്ട്രീയ സമസ്യകളില്‍ മുസ്ലിം യുവാക്കള്‍ വേട്ടയാടപ്പെട്ടു.

അദ്വാനിയുടെ രഥയാത്രയും, രാമക്ഷേത്രവും ഒരു കാലത്ത് സംഘപരിവാര്‍ വിദഗ്ദമായി ഉപയോഗിച്ച് ഇന്ത്യയുടെ മതേതരത്വത്തില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ട്ടിചെങ്കില്‍, പിന്നീട് കാണുന്നത് നരേന്ദ്രമോഡി എന്ന സംഘപരിവാര്‍ നേതാവിനെ മുന്‍നിര്‍ത്തി കോടാനുകോടികള്‍ മുടക്കി മാധ്യമങ്ങളെയും, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെയും, പി.ആര്‍ ഗിമ്മിക്കുകളെയും മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നതും, അതില്‍ വിജയം കാണുന്നതുമാണ്. ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്ന രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാകുന്ന കാര്യം രാമക്ഷേത്രവും, നരേന്ദ്രമോഡിയുടെ സ്വപ്നവ്യാപാരങ്ങളുമെല്ലാം രാഷ്ട്രീയ ഗോദയിലെ എടുക്കാചരക്കുകള്‍ ആയിരിക്കുന്നു.

എങ്കിലും ഇരനിര്‍മ്മാണം തുടര്‍ന്നു. മനുഷ്യന്റെ ഭക്ഷണശീലങ്ങളെ ഇരയാക്കി പിന്നീട്. കാലിമാംസം വലിയൊരു പേടിസ്വപ്നമായി ഇന്ത്യയില്‍ വളര്‍ന്നു. ഗോമാതാവും, ഗോമാംസവും, ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ രാജ്യമാകാന്‍ പോകുന്ന രാഷ്ട്രത്തിലെ അശ്ലീല രാഷ്ട്രീയ ചര്‍ച്ചകളും, രാഷ്ട്രീയ പ്രയോഗങ്ങളുമായി മാറി. ഗോമാംസം കഴിച്ചു, സൂക്ഷിച്ചു, കാലികളെ കയറ്റിയ വാഹനത്തിന്റെ ഡ്രൈവര്‍ ആയി തുടങ്ങിയ ആരോപണങ്ങള്‍ വ്യാജമായിഉന്നയിച്ചു സംഘപരിവാര്‍ മനുഷ്യരെ അടിച്ചും ഭേദ്യം ചെയ്തും കൊന്നുതള്ളി. രാജ്യം ഭീതിയുടെ കറുത്ത നാളുകളിലേക്ക് അത്രമേല്‍ അസാധാരണമാംവിധം തള്ളപ്പെട്ടു. എഴുത്തുകാരും, ബുദ്ധിജീവികളും കൊല്ലപ്പെട്ടു. അവരില്‍ ചിലര്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്ക്കാരങ്ങള്‍ വരെ തിരികെ നല്‍കി പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുകള്‍ ഉയര്‍ത്തി. ഇക്കൂട്ടരെ അധികാരത്തിന്‍റെ ഉന്മാദം എന്തും ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അരവിന്ദ് കേജ്രിവാളിനെ മാഷിയെറിഞ്ഞു വേട്ടയാടുന്നതില്‍ തുടങ്ങി, കനയ്യ കുമാറും , ഒമര്‍ ഖാലിദും, ശേല രാഷിദും, അഹമ്മദ് നജീബും പിന്നിട്ട് ഇപ്പോള്‍ ഒടുവിലത്തെ ദൃഷ്ടാന്തമായി സീതാറാം യെച്ചൂരിയും വേട്ടയുടെ ആയുധമുനകള്‍ക്ക് മുന്നില്‍ യാഥാര്‍ഥ്യമായിരിക്കുന്നു.  

യെച്ചൂരി ഒരേസമയം ഒരു ഇടതുപക്ഷ സൈദ്ധാന്തികനും , ബുദ്ധിജീവിയും , കേമനായ പാര്ലമെന്റെരിയനും , യുവജനത്ക്ക് മുന്നിലെ പൊളിറ്റിക്കല്‍ ഐക്കണും , അവരോടു സംവദിക്കാന്‍ ശേഷിയുള്ള ജനകീയ മുഖമുള്ളയാളും , കേമനായ സംഘാടകനും , ദേശീയ രാഷ്ട്രീയത്തില്‍ എല്ലാ പാര്‍ട്ടികളിലും സൌഹൃദത്തിന്റെ സമ്പന്നത സ്വന്തമായുള്ളവനും തന്നെയാണ് . ഒരു പക്ഷേ സീ പീ എം പോളിറ്റ് ബ്യൂറോയില്‍ പ്രതിഭകൊണ്ടും, പ്രഭാവംകൊണ്ടും അതുല്യനായ നേതാവ്. സാങ്കേതികവിദ്യയോട് ഒപ്പം നില്‍ക്കുന്ന ഒരു യുവതയോട് സംവദിക്കാനും , ഫാസിസ്റ്റ് രാഷ്ട്രീയത്തെ ഏറ്റവും ആധുനികമായ രാഷ്ട്രീയ സങ്കേതങ്ങളെ ഉപയോഗിച്ച് ചെറുക്കാനും , കോര്പ്പരെറ്റ് ചൂഷണങ്ങളെ ധീരമായി പ്രതിരോധിക്കാനും , ആധുനികനും, വിദ്യാസമ്പന്നനും , താരതമ്മ്യേന ചെറുപ്പവുമായ ഒരു സഖാവിനെ വേട്ടക്കാര്‍ ഇരയായി കാണുന്നതില്‍ അവരുടെ കാഴ്ചയില്‍ യുക്തിയുണ്ട്. ഫാഷിസ്റ്റ്‌ വേട്ടനായ്ക്കള്‍ അത് തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് തന്നെയാണ് യെച്ചൂരിയുടെ നേരെയുള്ള ആക്രമണം സൂചിപ്പിക്കുന്നത്. ഈ ആക്രമണങ്ങളില്‍ ഒന്നുമേ തളരുന്ന കമ്മ്യൂണിസ്റ്റ്കാരനല്ല എന്നറിയാം. എങ്കിലും  ഇന്ത്യയിലെ ഫാസിസ്റ്റ് - കൊര്‍പ്പരെറ്റ് കൂട്ടുകെട്ടിന്റെ ആസുരതയില്‍ ചതഞ്ഞരയുന്ന ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തോടെ ചുക്കാന്‍ പിടിക്കാന്‍ സീതാരാമനും, അദ്ദേഹത്തിന്‍റെ കാലത്തെ ഇടതുപക്ഷത്തിനും ശുഭാശംസകള്‍. തീക്ഷ്ണമായ പ്രതിരോധാശംസകള്‍ ..!!

#യെച്ചൂരിക്കൊപ്പം





മഴ കൊയ്തെടുക്കാം.

"നിങ്ങള്‍ കുടിക്കാറുള്ള വെള്ളത്തെക്കുറിച്ച് എന്തുപറയുന്നു, നിങ്ങളാണോ മേഘത്തില്‍ നിന്നു അത് താഴെയിറക്കിയത്, അല്ല നാമാണോ? പറയുക, നിങ്ങള്‍ക്കു ലഭ്യമായിക്കൊണ്ടിരിക്കുന്ന വെള്ളം താഴേക്ക് ഉള്‍വലിഞ്ഞാല്‍ നിങ്ങള്‍ക്കാര് ശുദ്ധജലം കൊണ്ടുതരും?” - വിശുദ്ധ ഖുര്‍ആന്‍ 

'നമ്മുടെ വീട്ടിലെ മഴവെള്ളം നമ്മുടെ ഭൂമിയില്‍ താഴ്ത്തും' ഈ മുദ്രാവാക്യം ഉയര്‍ത്താന്‍, മരുഭൂമിയാക്കപ്പെടുന്നുവോ എന്ന് സംശയിക്കേണ്ട കേരളത്തിന്‍റെ മണ്ണില്‍ ജീവിക്കുന്നവര്‍ ഇനിയും വൈകിക്കൂടാ.  നമ്മുടെ നിത്യജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണു ജലം.ജലമില്ലെങ്കില്‍ നാമില്ല.പഞ്ചഭുതങ്ങളായ ജലം ,അഗ്നി ,വായു,ഭുമി,ആകാശം എന്നിവയില്‍ ഏറ്റവും പ്രാധാന്യം ജലത്തിനു തന്നെ യാണ്. ജലമുള്ള സ്ഥലത്ത് മാത്രമേ ഏതൊരു ജീവജാലത്തിനും നിലനില്‍പ്പുള്ളൂ .അതുകൊണ്ടാണല്ലോ  സൗരയൂഥത്തിലെ ജലമുള്ള ഏക ഗ്രഹമായ ഭൂമിയില്‍  മാത്രം ജീവന്‍റെ തുടിപ്പുള്ളത് .
നമ്മുടെ കേരളം ജലസ്രോതസുകളാല്‍ സമ്പന്നമാണ്‌. കേരളത്തില്‍ 44 നദികളും 34 കായലുകളുമുണ്ട്. എന്നിട്ടും ഉഷ്ണത്തെയും, ജലക്ഷാമാത്തെയും ചൊല്ലി നിലവിളിക്കുന്ന ജനതയായി നാം മാറിയതില്‍ അതിശയമുണ്ട്.  
“മതിലുകള്‍ക്കപ്പുറം പുഴകള്‍ വറ്റാരായി
വരിക ഭഗീരഥ വീണ്ടും “ 
എന്ന മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ ജലസംരക്ഷണത്തിനുള്ള നിലവിളിയോ, ആഹ്വാനമോ ആയിരിക്കണം. ജലസംരക്ഷണത്തെക്കുറിച്ച് വേണ്ടത്ര അവബോധം ജനങ്ങളില്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. 66 ലക്ഷത്തോളം കിണറുകളാണ് കേരളത്തിലുള്ളത്. രണ്ടരക്കോടി ജനങ്ങള്‍ കുടിവെള്ളത്തിനായും മറ്റും ഇവയെ ഉപയോഗപ്പെടുത്തുന്നുണ്ട്, കുറഞ്ഞസമയം കൂടിയ അളവില്‍ മഴ ലഭിക്കുന്ന നാടാണ് കേരളം. 3000 മില്ലിമീറ്റര്‍ മഴ പെയ്യുന്ന കേരളത്തില്‍ പകുതിയോളം മാസങ്ങളില്‍ വരള്‍ച്ചയാണ് അനുഭവപ്പെടുന്നതെന്നുത് ജലസംരക്ഷണത്തെക്കുറിച്ച് അവബോധമോ, ഉത്തരവാദിത്തമോ ഇല്ലാത്ത ഒരു ജനതയെയും, ഭരണകൂടത്തെയും തന്നെയാണ് അടയാളപ്പെടുത്തുന്നത്. കാരണം, ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളില്‍ പ്രതിവര്‍ഷം 600 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിക്കുന്നത്. എന്നിട്ടും വരള്‍ച്ചയുടെ കാര്യത്തില്‍ ലോകത്തില്‍ തന്നെ നാം അവിശ്വസനീയമാംവിധം 'മുന്നേറുന്നത്' നമ്മുടെ ഉത്തരവാദിത്തരാഹിത്ത്യത്തിന്റെ വേദനാജനകമായ അനുഭവമാകുന്നുണ്ട്. 

സമകാലീന വികസനരംഗത്ത്‌ പ്രത്യേകിച്ച്‌ കേരളത്തിൽ ഏറ്റവും കൂടുതൽ സമ്മർദ്ദം നേരിടേണ്ടിവരുന്നത്‌ ഭൂപരിസ്ഥിതിയിലാണ്‌. ഭൂപരി സ്ഥിതിയിൽ വരുന്ന മാറ്റം നമ്മുടെ കാലാവസ്ഥയെയും മണ്ണ്‌-ജല-വായു സംരക്ഷണത്തെയും മാറ്റിമറിക്കും എന്ന കാര്യത്തിൽ സംശയമില്ല. ദീർഘവീക്ഷണവും നിയമപരിരക്ഷയും ഇല്ലാത്ത വികസനതന്ത്രങ്ങൾ കേരളത്തിന്റെ ഉപരിതല ഭൂപ്രകൃതിയെ അതിവേഗം മാറ്റിക്കൊണ്ടിരിക്കുകയാണ്‌. പശ്ചിമഘട്ടം മുതൽ തീരദേശം വരെ ചെരിഞ്ഞുകിടക്കുന്ന കേരളത്തിന്റെ ഉപരിതലത്തിൽ അതിവേഗം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ നമ്മുടെ ജലസുരക്ഷയെ തകർക്കും വിധമാണ്‌ മുന്നേറിക്കൊണ്ടിരിക്കുന്നത്‌. വനങ്ങൾ ഇല്ലാതാകുന്നതും, യാതൊരു നിയന്ത്രണവുമില്ലാതെ ജലസംഭരണ ഇടങ്ങളായ മലകൾ വികസനമെന്ന പേരിൽ ഇല്ലാതാക്കുന്നതും, കുളങ്ങളും വയലേലകളും തോടുകളും നദികളും സംരക്ഷിക്കപ്പെടാതെ പോകുന്നതും നമ്മുടെ ജലസുരക്ഷ നേരിടുന്ന ഭീഷണികളാണ്‌ എന്നത്‌ വലിയ രീതി യിൽ ചർച്ച ചെയ്യപ്പെടുന്നില്ല. അതിനുപകരം കമ്പോളാധിഷ്‌ഠിത വികസന വക്താക്കൾ ഈ അവസ്ഥയെ അവർക്കനുകൂലമായി മാറ്റിയെടുക്കാൻ ശ്രമിക്കുകയാണ്‌. അതിനായി അവർ കേന്ദ്രസർക്കാരിന്റെ 2012ലെ ജലനയം തങ്ങൾക്കനുകൂലമായി എഴുതി വെച്ചു. ഈ നയപ്രകാരം ജലമെന്നത്‌ നമ്മുടെ ഭരണഘടനയിൽ പറയുന്നതുപോലെ പ്രകൃതിയുടെ വരദാനമായ, എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട പൊതുസ്വത്തല്ല. മറിച്ച്‌ ഇതൊരു സാമ്പത്തികചരക്കാണ്‌ (Economic good). അതായത്‌ വിപണിയിലെ തത്ത്വശാസ്‌ത്രമായ Demand and Supply സിദ്ധാന്തമനുസരിച്ച്‌ വെള്ളത്തെയും കാണണം. ചുരുക്കത്തിൽ പെട്രോളിന്റെ വില പോലെ എപ്പോഴും വില നിലവാരം തകിടം മറിയുന്ന 'ചരക്കായി' വെള്ളത്തെയും കാണണമെന്നർത്ഥം. ഇക്കൂട്ടർക്ക്‌ വേനൽ കനക്കുന്നതും, ജലസ്രോതസ്സുകൾ ഇല്ലാതാകു ന്നതും, ജലമലിനീകരണവും സന്തോഷം നൽകുന്ന അവസ്ഥയാണ് എന്ന് മലയാളികള്‍ അടക്കം തിരിച്ചറിയേണ്ടതുണ്ട്. 

കാലവര്‍ഷത്തില്‍ 70 ശതമാനവും തുലാവര്‍ഷത്തില്‍ 20 ശതമാനവും ഇടമഴയായി 10 ശതമാനവും. ആകെ മഴയും പെയ്തുതീരുന്നത് ശരാശരി നൂറ് ദിനങ്ങളിലാണ്. ഇതില്‍ 75 ശതമാനവും മഴ ലഭിക്കുന്നത് 30-35 ദിവസങ്ങളിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വര്‍ഷം മഴ ലഭിക്കുന്നത് 10-15 മണിക്കൂറുകള്‍ മാത്രമാണ്. നമ്മുടെ മണ്‍സൂണ്‍ മഴക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, മഴ വളരെ ഉയരത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത്. തുള്ളികളോ വലുപ്പമുള്ളതും. ആയതിനാല്‍ അവ അതീവ ശക്തിയോടെ ഭൂമിയില്‍ പതിക്കുന്നു.

മഴവെള്ള സംഭരണത്തിന് നിലവില്‍ സ്വീകരിക്കുന്ന വ്യത്യസ്ത മാര്‍ഗങ്ങളാണ് മേല്‍കൂരയില്‍ വീഴുന്ന മഴവെള്ളം സംഭരിക്കുന്ന രീതി, തടയണകള്‍, നീര്‍ത്തടങ്ങള്‍ തുടങ്ങിയവ. വര്‍ഷത്തില്‍ 10-15 മണിക്കൂറുകളില്‍ പെയ്ത് തോരുന്ന മഴയെ 365 ദിവസവും ഉപയോഗിക്കാന്‍ പോന്ന രീതിയില്‍ സംഭരിക്കാനുള്ള ശേഷി ഭൂമിയുടെ ഹൃദയമായ മണ്ണിന് മാത്രമാണുള്ളതെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു ചരിഞ്ഞ പ്രതലത്തില്‍ കട്ട പിടിക്കാനുള്ള ശേഷിക്കുറവുള്ള, അയഞ്ഞ തരിമണ്ണ് വിരിച്ച് ശക്തിയുള്ള വെള്ളത്തുള്ളികള്‍ അതിലേക്ക് ചീറ്റിയാല്‍, മണ്ണ് താഴേക്ക് പോവുമെന്ന് ഒരു പഠനവും ഗവേഷണവും നടത്താതെ നമുക്ക് പറയാന്‍ കഴിയും. യഥാര്‍ഥത്തില്‍ ഇവിടെ സംഭവിക്കുന്നതും അതുതന്നെ. വിവിധ തട്ടുകളായി സസ്യാവരണമുള്ള നിത്യ ഹരിത മഴക്കാടുകള്‍ക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയുന്നത്ര മാത്രം പ്രതിരോധ ശേഷിയുള്ള ഈ മണ്ണിലാണ് ശക്തമായ തുള്ളികളായി പതിക്കുന്ന മഴവെള്ളം സംഭരിക്കേണ്ടത്. മഴത്തുള്ളികള്‍ നേരിട്ട് പതിക്കാതിരിക്കുക എന്ന പരിഹാരം മാത്രമാണ് മണ്ണ് സംരക്ഷണത്തിനും അതിലൂടെ ജലസംഭരണത്തിനുമുള്ള ഏക മാര്‍ഗം. അതിന് മണ്ണിന് ഒരാവരണം വേണം. പല തട്ടുകളുള്ള ഇലച്ചാര്‍ത്തില്‍ തട്ടുമ്പോള്‍ മഴത്തുള്ളികള്‍ ചിതറി, ചിന്നി ധൂളി രൂപത്തിലായി ഭൂമിയില്‍ സാവധാനം പതിക്കണം. സൂര്യപ്രകാശം നേരിട്ട് ഭൂമിയില്‍ തട്ടിയാല്‍ ബാഷ്പീകരിക്കപ്പെട്ട് നഷ്ടപ്പെടാവുന്ന ഈ ജലത്തെ സസ്യാവരണം സംരംക്ഷിച്ച് നിലനിര്‍ത്തുന്നു.

മണ്ണില്‍ ജലം സംഭരിക്കാനുള്ള അത്യുത്തമമായ രീതിയെന്ന നിലക്ക് നീര്‍ത്തടം(water shed) ഏറെ സ്വീകാര്യമായ പരിഹാരമാണ്. ഒരു ചാലിലേക്ക്, ഒരരുവിയിലേക്ക് അല്ലെങ്കില്‍ തോട്ടിലേക്ക് ഒഴുകുന്ന വെള്ളം എവിടെ നിന്ന് വരുന്നുവോ ആ പ്രദേശത്തെയാണ് നീര്‍ത്തടം എന്ന് വിളിക്കുന്നത്. ഒരു നീര്‍ത്തടത്തിന് മൂന്ന് ഘടകങ്ങളേ ഉള്ളൂ. ജലം, സസ്യാവരണം, മണ്ണ്.
 
നീര്‍ത്തട തത്ത്വങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒരു മഴവെള്ള സംഭരണത്തിന് മാത്രമേ കേരളത്തിലെ ജല ദൗര്‍ലഭ്യത പരിഹരിക്കാന്‍ കഴിയുകയുള്ളൂ. ചരിഞ്ഞ പലക പോലെ കിടക്കുന്ന കേരളത്തില്‍ പെയ്യുന്ന മഴ വഴി ഉണ്ടാകുന്ന ജലം ശരാശരി എട്ട് മണിക്കൂര്‍ കൊണ്ട് സമുദ്രത്തില്‍ എത്തുന്നു. ഈ എട്ട് മണിക്കൂര്‍ നമുക്ക് 16 മണിക്കൂര്‍ ആക്കിത്തീര്‍ക്കാന്‍ പറ്റിയാല്‍, ഭൂഗര്‍ഭജലത്തെയും ഉപരിതല സ്രോതസ്സുകളെയും പുനരുജ്ജീവിപ്പിക്കാന്‍ പറ്റും. കേരളത്തിന്റെ പാറകളുടെ സ്വഭാവം (geology) കുഴല്‍ കിണറുകള്‍ക്ക് യോജിച്ചതല്ല. അതിനു പകരം മഴ വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത കുറച്ച്, ജലവും മണ്ണും തമ്മിലുള്ള സംവേദന സമയം കൂട്ടിയാല്‍ വറ്റിവരണ്ട ഊഷര നീര്‍ത്തടങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ നമുക്ക് കഴിയും.

അവശ്യം വേണ്ട നടപടികള്‍.
**********************
* ജലസംരക്ഷണം പാഠപദ്ധതിയുടെ ഭാഗമാക്കുക. സയന്‍സ് പഠിപ്പിക്കുമ്പോള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തുക . 
* ഓരോ വീടിനും ഒരു മഴവെള്ള സംഭരണി എന്നത് വീട് നിര്‍മ്മാണ ഘട്ടത്തില്‍ത്തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം നടപ്പില്‍ വരുത്തുക. 
* കിണര്‍ രീചാര്‍ജിംഗ് :-

കിണര്‍ റീചാര്‍ജിംഗ് പരീക്ഷിച്ചാല്‍ 2 വര്‍ഷത്തിനുള്ളില്‍ കിണറിലെ ജലത്തിന്‍റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാം. നാലാം കൊല്ലത്തില്‍ എത്തുമ്പോള്‍ കിണര്‍ ഏത് കടുത്ത വേനലിലും വാറ്റത്ത രീതിയിലാകും. മഴവെള്ളം ശേഖരിക്കുന്നതിനായി മേല്‍ക്കൂരയുടെ അഗ്രഭാഗങ്ങളില്‍ പാത്തികള്‍ ഘടിപ്പിക്കുക. തകരം, പിവിസി, എന്നിങ്ങനെയുള്ളവയുടെ പാത്തി ഉപയോഗിക്കാം. പത്തികളില്‍ നിന്ന് പിവിസി പൈപ്പിലൂടെ വെള്ളമൊഴുക്കി ടാങ്കിലോ , മഴക്കുഴികളിലോ സംഭരിക്കാം. മഴക്കുഴികളിലെ വെള്ളം  മണ്ണിലൂടെ അരിച്ചിറങ്ങി കിണറിലെ ജലവിതാനം ഉയര്‍ത്തും. 


വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം പൊതുവേ ശുദ്ധമായിരിക്കും എന്നതിനാല്‍ തന്നെ അത് ഉപയോഗിക്കുന്നതിനു മുമ്പായി പ്രത്യേകിച്ച് ശുദ്ധീകരണം ചെയ്യേണ്ടതില്ല. എന്നിരുന്നാലും, മേല്‍ക്കൂരയില്‍ പുകക്കുഴല്‍ ഉണ്ടെങ്കില്‍ വെള്ളത്തില്‍ പുകയുടെ അംശം ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുകക്കുഴലിന്റെ ഉയരം വര്‍ദ്ധിപ്പിക്കുക. മേല്‍ക്കൂരയില്‍ പി.വി.സി., മുള മുതലായവ കൊണ്ടുള്ള ചാലുകള്‍ ഉണ്ടാക്കിയാണ് വെള്ളം സംഭരിക്കുന്നത്. പൊടിപടലവും, പ്രാണികളും വെള്ളത്തില്‍ വീഴാതിരിക്കാന്‍ തരത്തിലുള്ള മൂടിയും, കരടുകള്‍ അരിച്ചെടുക്കാന്‍ പോന്ന ഒരു ഫില്‍ട്ടറും ഉണ്ടായിരിക്കണം. കോണ്‍ക്രീറ്റ് കൊണ്ടുള്ള മൂടി മലിനീകരണം തടുക്കാന്‍ സഹായിക്കും. വെള്ളത്തിലെ ചെറിയ പ്രാണികളെ നിയന്ത്രിക്കാനായി ചെറിയ മീനുകളെ ടാങ്കിലിടുന്നതും നന്നായിരിക്കും.

ഓരോ പറമ്പിലും വീഴുന്ന മുഴുവന്‍ വെള്ളവും അവിടെ തന്നെ ഭൂമിയിലേക്ക്‌ താഴ്‌ന്നിറങ്ങാനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്‌. വര്‍ണ ടെയിലുകള്‍ വിരിച്ച്‌ മോടി കൂട്ടിയ മുറ്റങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക. മഴവെള്ളം ഭൂമിയിലേക്ക്‌ ഊര്‍ന്നിറങ്ങാനുള്ള അവസരം സൃഷ്ടിക്കാത്തവര്‍ക്ക്‌ പൊതുസംവിധാനം വഴി കുടിവെള്ളമെത്തിക്കുന്നത്‌ നിര്‍ത്താലാക്കാന്‍ നടപടി വരുന്ന കാലം അതിവിദൂരമല്ല. ഇത്തരക്കാര്‍ മുറ്റങ്ങളുടെ വശങ്ങളില്‍ ചാലുകള്‍ കീറിയോ വെള്ളമിറങ്ങാനുള്ള കുഴികള്‍ ഉണ്ടാക്കിയോ പരിഹാരക്രിയ ചെയ്യണം.

മണ്ണ്‌-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാമൂഹ്യ-രാഷ്ട്രീയ കൂട്ടായ്മകള്‍ മുന്നോട്ടുവരണം. മാലിന്യ സംസ്കരണത്തിനൊപ്പം ഇവരുടെ മേല്‍നോട്ടം ഉണ്ടെങ്കില്‍ ആരും സ്വന്തം പറമ്പില്‍നിന്ന്‌ റോഡിലേക്ക്‌ മഴവെള്ളം തുറന്ന്‌ വിടില്ല.

വരൾച്ചകൊണ്ട് പൊറുതിമുട്ടുമ്പോഴും കേരളം പ്രതിവർഷം ഒഴുക്കിക്കളയുന്നത് 1.11 ലക്ഷം ഘനമീറ്റർ മഴവെള്ളമാണ്. ഉപയോഗിക്കാൻ കഴിയുന്നതാവട്ടെ 5000 ഘന മീറ്റർ വെള്ളം മാത്രവും. പ്രതിവർഷം മൂവായിരം മില്ലിമീറ്റർ മഴയിലൂടെ ലഭിക്കുന്ന വെള്ളമാണ് സംഭരിക്കാതെ പാഴാക്കുന്നത്. മഴക്കൊയ്ത്തിനുള്ള നിയമങ്ങൾ ഏറെ ഉണ്ടെങ്കിലും ഒന്നും പാലിക്കപ്പെടാത്തതാണ് ഇതിന് പ്രധാനകാരണം. മഴക്കൊയ്ത്തിന്റെ മേൽനോട്ടത്തിനും നടത്തിപ്പിനുമായി പ്രത്യേക സംവിധാനം (മഴപ്പൊലിമ - കിണര്‍ രീചാര്‍ജിംഗ്) ഉള്ളത് തൃശ്ശൂർ ജില്ലയിൽ മാത്രമാണ്. അത് മാതൃകാപരമായി മറ്റു ജില്ലകളും ഏറ്റെടുത്തു തുടങ്ങിയത് ആശ്വാസകരം; പക്ഷേ കാര്യക്ഷമമായി വ്യാപിപ്പിക്കാന്‍ നടപടികള്‍ വേണം. 
കേരള നഗരസഭ/ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടത്തില്‍ കെട്ടിട നിര്‍മ്മാണ അനുവാദത്തിന് മഴവെള്ള സംഭരണി നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്. ഇത് കര്‍ശനമാക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജാഗ്രതയില്‍ വരേണ്ട കാര്യമാണ്. മഴയുടെ  സുലഭകാലത്ത്  അതിനെ കൊയ്തെടുത്ത് വരള്‍ച്ചയുടെ വറുതിയില്‍ ഉപയോഗിക്കാന്‍ നമുക്ക് കഴിയണം. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പുരോഗതിയുടെ ഔന്നത്യത്തില്‍ നില്‍ക്കുന്ന കാലത്ത് കേരളം പോലൊരു ഭൂമികയില്‍ വരള്‍ച്ചയുണ്ടാകുന്നത് നമ്മുടെ കുറ്റകരമായ നിസ്സംഗതകൊണ്ട് മാത്രമാണ് .!  

Wednesday, June 7, 2017

ഡോണള്‍ഡ് ട്രംപിന്‍റെ അറേബ്യന്‍ ഗുണ്ടകള്‍, അഥവാ ഖത്തറില്‍ സംഭവിക്കുന്നത്.

എണ്ണ -പ്രകൃതിവാതക വിഭവശേഷിയാല്‍ സമ്പന്നം. വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തെ ചെറിയ രാഷ്ട്രങ്ങളുടെ പട്ടികയില്‍. എന്നാൽ വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തിൽ ലോകത്തില്‍ത്തന്നെ മുൻപന്തിയിലുള്ള ഈ കൊച്ചുരാജ്യം വിവിധ രംഗങ്ങളിൽ ഇതിനകം ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. നിരവധി അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഈ രാജ്യം സ്വീകരിച്ച നിലപാടുകൾ ഇതിന് കാരണമായിട്ടുണ്ട്. അടുത്ത കാലത്തായി വിവിധ അന്താരാഷ്ട്ര പ്രശ്നങ്ങളിലെടുത്ത വേറിട്ട നയനിലപാടുകൾ ശ്രദ്ധേയമാണ്. ഖത്തര്‍ അമേരിക്കക്കും , അവരുടെ അറേബ്യന്‍ ശിങ്കിടികള്‍ക്കും തലവേദനയാകുന്നതിന്റെ കാരണങ്ങള്‍ മറ്റൊന്നുമല്ല. 

തീവ്രവാദികളെ സഹായിക്കുന്നു എന്നാരോപിച്ച് ഖത്തറിനോട് നിസ്സഹകരണം പ്രഖ്യാപിച്ച അയല്‍രാജ്യങ്ങളുടെ നടപടി ഞെട്ടലോടെയാണ് ലോകം കേട്ടത്. സഊദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ, ലിബിയ, യമന്‍, മാലദ്വീപ് എന്നീ രാജ്യങ്ങളുടെ നിലപാട് ഫലത്തില്‍ ഖത്തറിനെ ലോകത്തില്‍  ഒറ്റപ്പെടുത്തിയിരിക്കയാണ്.

അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ സഊദി സന്ദര്‍ശനത്തോടെയാണു ഖത്തറിനെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ജി.സി.സി അംഗരാജ്യങ്ങള്‍ തീരുമാനിച്ചത്. ട്രംപ് ഇറാനെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. സഊദിയുടെ നേതൃത്വത്തില്‍ ഇറാനെതിരേ സംയുക്തമായി നീങ്ങാനും ട്രംപ് ആഹ്വാനം ചെയ്തു. എന്നാല്‍, ഇറാനെതിരായ നീക്കം ഖത്തര്‍ എതിര്‍ത്തു. ഇറാന് അനുകൂലമായി ഖത്തര്‍ അമീറിന്റെ പ്രസ്താവന ന്യൂസ് ഏജന്‍സി പുറത്തുവിടുകയും ഖത്തറിനെതിരേ നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹസന്‍ റുഹാനിയുമായി ഖത്തര്‍ അമീര്‍ ടെലിഫോണില്‍ ബന്ധപ്പെട്ടുവെന്ന വാര്‍ത്ത വന്നതോടെ വിഷയം കൂടുതല്‍ വഷളായിരിക്കുന്നു.

അഞ്ചു രാജ്യങ്ങള്‍ ഒന്നിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജി.സി.സി)രൂപീകരിച്ച് ഈ മേഖലയില്‍ ശക്തമായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. അതില്‍ അതിപ്രധാനമാണ് ഖത്തര്‍. ഇത് സവിശേഷ തന്ത്രപ്രധാന രാഷ്ട്രമാണ്. ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്കന്‍ വ്യോമസേന പ്രധാനമായും ഉയോഗപ്പെടുത്തിയത് ഖത്തര്‍ ആര്‍മിയുടെ വിമാനത്താവളവും സൗകര്യവുമാണ്. ഇറാഖിന്റെ നട്ടെല്ലൊടിച്ച വ്യോമാക്രമണങ്ങള്‍ ഈ താവളത്തില്‍ നിന്നുയര്‍ന്ന വിമാനങ്ങളില്‍ നിന്നാണ് നടന്നത്. ഖത്തറിനെ തകര്‍ക്കാനും ഗള്‍ഫ് മേഖലയെ അസ്ഥിരപ്പെടുത്താനും ആസൂത്രിത നീക്കങ്ങള്‍ നടന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല.

ഇതിനു മുമ്പും ഖത്തറില്‍ പ്രതിസന്ധികള്‍ രൂപപ്പെട്ടിട്ടുണ്ട്. 1996ലും 2004ലും ജിസിസി രാജ്യങ്ങള്‍ക്കും ഖത്തറിനും ഇടയില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പ്രതിസന്ധികളെയെല്ലാം തരണംചെയ്തു മുന്നോട്ടുവന്നു. മൂന്നു രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ അടച്ചത് ഈ രാജ്യം നേരിടുന്ന പുതിയ പ്രതിസന്ധിയാണ്. 

എണ്ണയിലാണ് അമേരിക്കന്‍ കണ്ണ്; പേരിന് ഭീകരവാദവും .
*******************************
കടലില്‍ നിന്നു മുത്തും പവിഴവും പെറുക്കി ഉപജീവനം നടത്തിയിരുന്ന ഒരു ജനതയ്ക്കു ചുട്ടുപൊള്ളുന്ന മണല്‍ക്കാടിനടിയില്‍ ലോകത്തെ സമ്പന്നമാക്കുന്നതിനുള്ള അത്ഭുതനിധിയുണ്ടെന്ന സൂചന ആദ്യം നല്‍കിയത്, 1930 കളില്‍ അറബ് ജനത അബൂ നഫ്ത് അഥവാ എണ്ണയുടെ പിതാവ് എന്നു വാത്സല്യപൂര്‍വം വിളിച്ച മേജര്‍ ഫ്രാങ്ക് ഹോംസ് ആയിരുന്നു. ന്യൂസ്‌ലാന്റ് കാരനായ ഭൗമശാസ്ത്രജ്ഞന്‍ മേജര്‍ ഫ്രാങ്ക് ഒന്നാം ലോകമഹായുദ്ധത്തില്‍ നിര്‍ബന്ധിത പട്ടാള സേവനമനുഷ്ടിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് സൈന്യത്തിന്റെ കോര്‍ട്ടര്‍ മാസ്റ്റര്‍ പദവി അലങ്കരിക്കുന്ന കാലം- 1918. മൊസപ്പൊട്ടോമിയയിലെ (ഇന്നത്തെ ഇറാഖ്) സൈനികര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിനായി വരുമ്പോഴാണ് ഭൂമിക്കടിയില്‍ എണ്ണയുടെ ഊറലുണ്ടെന്നു നിരീക്ഷിക്കുന്നത്. താന്‍ കണ്ടെത്തിയ സത്യം ദിവസവും എഴുതുന്ന കത്തുകളിലൂടെ ഭാര്യയുമായി പങ്കുവച്ചു. യുദ്ധത്തിനുശേഷം 1920 ല്‍ ഫ്രാങ്ക് ഗള്‍ഫ് നാടുകളിലേക്കു യാത്ര തിരിച്ചു. മൊസപ്പൊട്ടോമിയന്‍ ഭൂമിയുടെ അടിയില്‍ കണ്ടെത്തിയ നിധി ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടെന്ന് അദ്ദഹം മനസ്സിലാക്കി. ലോകസമ്പദ്‌വ്യവസ്ഥയുടെ ധമനികളിലൂടെ ഒഴുകേണ്ട രക്തമാണ് എണ്ണയെന്നു തിരിച്ചറിഞ്ഞിട്ടാവണം 1922 ല്‍ സൗദി അറേബ്യയിലെത്തി ഇബ്‌നു സഊദുമായി കൂടിക്കാഴ്ച നടത്തുകയും തങ്ങളുടെ കാല്‍ച്ചുവട്ടിനടിയിലുള്ള നിധി ശേഖരത്തെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തത്.

അറേബ്യന്‍ മണ്ണിലെ പെട്രോളിന്റെ ചരിത്രം ഇന്നു മറ്റൊരു ദിശയില്‍ എത്തി നില്‍ക്കുകയാണ്. ലോകത്ത് എണ്‍പത് മില്യണ്‍ ബാരല്‍ പെട്രോള്‍ ഒരു ദിവസം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അതിന്റെ എട്ടിലൊന്ന് സൗദി അറേബ്യയില്‍ നിന്നുമാണ്. ഈ അളക്കാനാവാത്ത പ്രകൃതി വിഭവത്തില്‍ തന്നെയാണ് കാലാകാലങ്ങളിലുള്ള അമേരിക്കന്‍ ഭരണകൂടത്തിന്‍റെ കണ്ണ്. 

ഖത്തറിനെ ഇങ്ങനെ ഒറ്റപ്പെടുത്തുന്ന നടപടിയിലൂടെ ഉയരുന്ന പ്രശ്‌നങ്ങള്‍ അറേബ്യയിലെ അമേരിക്കന്‍ ഗുണ്ടാ രാജ്യങ്ങള്‍ക്കും ആത്മഹത്യാപരമാണ്. എണ്ണയുല്‍പ്പാദക രാജ്യങ്ങളില്‍ പെട്ടതായതുകൊണ്ട് അവരെയെല്ലാം തീവ്രമായ പ്രതിസന്ധികള്‍ കാത്തിരിക്കുന്നുണ്ട്. അത്തരമൊരു പ്രതിസന്ധി അറേബ്യയില്‍ രൂപപ്പെടുന്നത് തന്നെയാണ് അമേരിക്കന്‍ ഭരണകൂടം കാത്തിരിക്കുന്നതും. ട്രംപിന്റെ സൗദി സന്ദര്‍ശനവും കരുനീക്കങ്ങങ്ങളും ഇതിനുള്ള കെണിയൊരുക്കലായിരുന്നു. സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ഒരിക്കല്‍പ്പോലും ഐക്യം പുലര്‍ത്തിയിട്ടില്ലാത്ത അറേബ്യന്‍ രാജഭരണ വിഡ്ഢികള്‍ ഇപ്പോഴത്തെ അമേരിക്കന്‍ കെണിയിലും സുന്ദരമായി വീണുകൊടുത്തു. ഭവിഷ്യത്തുകള്‍ ഇതിനോടകം  തുടങ്ങിക്കഴിഞ്ഞു എന്ന് പറയാം ; കാരണം എണ്ണവില നിലവാരത്തില്‍ കഴിഞ്ഞ മണിക്കൂറുകളില്‍  കുറവുവന്നിട്ടുണ്ട്.

ട്രംപ് എത്തും മുന്‍പ് ഖത്തറിനെതിരെ യുഎസ് മാധ്യമങ്ങള്‍ വന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന് കാണാം. ട്രംപ് മടങ്ങിയ ശേഷം അദ്ദേഹത്തെയും അമേരിക്കയേയും കുറ്റപ്പെടുത്തി ഖത്തര്‍ ന്യൂസ് ഏജന്‍സിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ഹിന്‍ഹമദ് അല്‍ത്താനിയുടെ പ്രസംഗം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതാണ് ഇപ്പോഴത്തെ സ്ഫോടനങ്ങള്‍ക്ക് തിരികൊളുത്തിയ സംഭവം. 

നിലവിലെ സാഹചര്യത്തില്‍ ഖത്തര്‍ പ്രതിസന്ധി അടുത്തൊന്നും പരിഹരിക്കാന്‍ സാധ്യമല്ലെന്നാണ് വ്യക്തമാകുന്നത്. കുവൈത്ത് അമീറിന്റെ സമാധാന ശ്രമങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പ്രതീക്ഷ. അദ്ദേഹം സൗദി നേതൃത്വങ്ങളുമായി കഴിഞ്ഞദിവസം റിയാദിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയുടെ ഫലങ്ങള്‍ക്കും , തുടര്‍ചര്‍ച്ചകള്‍ക്കുമായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു.  

സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍, യമന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചാണെന്നും ഇത് നീതികരിക്കാന്‍ കഴിയുന്നതല്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഇതിനകം നയം വ്യകതമാക്കിയിട്ടുണ്ട്. ഖത്തര്‍ ചില തീവ്രവാദഗ്രൂപ്പുകളെ സഹായിക്കുന്നുവെന്നാരോപിച്ചാണ് സഊദിയടക്കമുള്ള രാജ്യങ്ങള്‍ ഖത്തറുമായ ബന്ധം വിഛേദിച്ചത്. എന്നാല്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെട്ടിട്ടില്ലെന്നും തീവ്രവാദത്തെനതിരായ പ്രവര്‍ത്തനങ്ങളിലെ കടമകള്‍ നിര്‍വഹിക്കുകയായിരുന്നുവെന്നും വിദേശ മന്ത്രാലയം ആണയിടുന്നു.

തീര്‍ത്തും വരണ്ട കാലാവസ്ഥയുള്ള ഖത്തറിലെ ഭൂപ്രകൃതി കൃഷിക്ക് അനുയോജ്യമല്ല. അതിനാല്‍ അവര്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ മറ്റു രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 40 ശതമാനം സഊദിയില്‍ നിന്നാണ്. ഇപ്പോഴത്തെ വിലക്ക് ഖത്തറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തകിടം മറിക്കും. അവരുടെ ചരക്കുഗതാഗതങ്ങളാവട്ടെ UAE വഴിയുള്ള വിമാനത്താവളങ്ങളെയും, തുറമുഖങ്ങളെയും ആശ്രയിച്ചുമാണ് എന്നത് ട്രംപ് ഗുണ്ടകളുടെ ആക്രമണത്തില്‍ താല്‍ക്കാലികമായെങ്കിലും ഈ രാജ്യത്തിന്‌ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഭക്ഷ്യപ്രതിസന്ധി തന്നെയാവാം അതില്‍ പ്രധാനപ്പെട്ടത്.  

പക്ഷേ വിരല്‍ത്തുമ്പില്‍ ലോകമുള്ള ഇക്കാലത്ത് ഖത്തറിനോട് രാഷ്ട്രീയപരമായി അനുഭാവമുള്ള ഇന്ത്യയും , ചൈനയും, റഷ്യയും , വിയറ്റ്നാമും, ലെബനോനും അടക്കമുള്ള രാജ്യങ്ങളെ വിശപ്പ്‌ പരിഹരിക്കാനും, വ്യാവസായിക ആവശ്യങ്ങള്‍ക്കും ഈ രാജ്യത്തിന്‌ ആശ്രയിക്കാം.  ഖത്തറും ഇന്ത്യയും തമ്മിൽ 18 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് പ്രതിവർഷം നടക്കുന്നത്. ഇന്ത്യക്കു പ്രകൃതിവാതകം (എൽഎൻജി) ഏറ്റവും കൂടുതൽ നൽകുന്ന രാജ്യവും ഖത്തർ തന്നെ; 65 ശതമാനം. എത്തിലിൻ, പ്രൊപ്പലിൻ, അമോണിയ, യൂറിയ, പോളിഎത്തിലിൻ എന്നിവയും ഇന്ത്യ ഖത്തറിൽനിന്ന് ഇറക്കുമതി ചെയ്യുന്നു. ഭക്ഷ്യ , കാര്‍ഷിക , വ്യാവസായിക മേഖലകളില്‍കൂടി ഇന്ത്യയടക്കമുള്ള കാര്‍ഷിക വിശാല രാജ്യങ്ങളുമായി സഹകരണം സാധ്യമാക്കിയാല്‍ അമേരിക്കയോടും, ശിങ്കിടികളോടും പോയി പണിനോക്കാന്‍ പറയാന് ഖത്തറിനു സാധിക്കും. അത് മാത്രമാണ് ഇടനിലക്കാരുടെ ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ ഖത്തറിനു മുന്നിലുള്ള പോംവഴി.  

വിരാമാതിലകം: പ്രതിരോധവും, ഉപരോധവും കൊണ്ട്, ഭക്ഷണവും, മരുന്നും, വ്യാവസായിക ഉപകരണങ്ങളുമെല്ലാം അമേരിക്ക നിഷേധിച്ചപ്പോഴും ആത്മാഭിമാനത്തോടെ അതിജീവിച്ച ഒരു രാജ്യമുണ്ട് ലോകത്ത് . ക്യൂബയെന്നാണ് അതിന്‍റെ പേര്. ചെഗുവേരയും , ഫിദല്‍ കാസ്ട്രോയും ഖത്തറിലും ഉയര്‍ന്നുവരും എന്ന് വ്യാമോഹിക്കുന്നില്ല. പക്ഷേ ചെറുത്തുനില്‍പ്പിന്‍റെ പാഠങ്ങള്‍ ക്യൂബയുടെ ചരിത്ര പുസ്തകത്തില്‍ നിന്ന് വായിച്ചു തുടങ്ങട്ടെ ഖത്തര്‍ ഭരണാധികാരികള്‍..!       

Tuesday, June 6, 2017

വെയില്‍പ്പൊട്ടുകളിലെ വ്യഥത്തുള്ളികള്‍



















ഇന്നലെ സംഭവിച്ച ഒരു നൊമ്പരമാണ്; അത്രമേല്‍ മഴയില്ലാത്ത ഒരു പകലാണ്‌. എവിടെയൊക്കെയോ ദുരിതമഴ പെയ്തൊഴിഞ്ഞ മലഞ്ചെരിവിലൂടെ സൂര്യാംശുക്കള്‍ പാതകളെ പൊള്ളിക്കാന്‍ പന്ഥാവിലൂടെ വെമ്പിയിറങ്ങി. വെളിച്ച ശ്രേണികളോട് കാര്‍മുകില്‍ത്തുണ്ടുകള്‍ പരിഭവക്കണ്ണീര്‍ പൊഴിച്ചു കലഹിച്ച് ആകാശത്തിന്‍റെ നെഞ്ചില്‍ ചാഞ്ഞു.
സ്നേഹത്തിനു വേണ്ടിയുള്ള തീക്ഷ്ണസമരവും, ശുഭകരമായ ആകസ്മിതകള്‍ക്ക് വേണ്ടിയുള്ള തീരാകാത്തിരിപ്പുമാണ്‌ ജീവിതമേന്നോര്‍ത്ത് പാലക്കാടന്‍ പാതയിലൂടെ ഒരു സ്നേഹപ്പെരുമഴ കൊതിച്ചുള്ള യാത്രയിലായിരുന്നു. കൂട്ടിലക്കടവ് പാലത്തിനടുത്തെത്തിയപ്പോള്‍ നനുത്ത തുള്ളികള്‍ വായുവിന്‍റെ ചിറകിലൂടെയൂര്‍ന്നിറങ്ങി. പാതയരികില്‍ ഒരു പത്തുവയസ്സുകാരിയുടെ നിറങ്ങളില്ലാത്ത ജീവിതത്തെ ചോരാതെ പിടിക്കുന്ന നിറങ്ങളുള്ള ഒരു കുട കണ്ടപ്പോഴാണ് അങ്ങോട്ട് ശ്രദ്ധിച്ചത്. രാവിലത്തെ വെയില്‍ക്കനലുകള്‍ക്കൊപ്പം വേവിച്ചെടുത്ത് വിശപ്പുമാറ്റം എന്ന് കരുതി അടുപ്പുകൂട്ടി കലത്തില്‍ അരിയിട്ടതാണ്. അവള്‍ക്ക് മുന്നില്‍ വിശപ്പിനൊപ്പം മഴയും കനത്തുതുടങ്ങുന്നുണ്ടായിരുന്നു. ഒരുപക്ഷേ മാതാപിതാക്കളാരെങ്കിലും സമീപത്ത് എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടാകാം. ഈ നാടോടി ബാലികയെ അന്നമൊരുക്കാന്‍ ഏര്‍പ്പെടുത്തിയതാവാം. അടുപ്പിലേക്ക് ഉതിര്‍ന്നു വീഴുന്ന മഴത്തുള്ളികളെ അവളുടെ നിഷ്കളങ്കമായ വിടര്‍ന്ന കണ്ണുകള്‍ ഭയം നിറച്ചു തുറിച്ചുനോക്കി. മഴ ശക്തമാകുന്നതിനൊപ്പം , ക്രൌര്യം കൂടുന്ന വിശപ്പിനേയും അവള്‍ ഭയക്കുന്നുണ്ടാവാം. വിശന്നു കരയുന്ന അവളുടെ അനിയനെയോ, അനിയത്തിയെയോ നൊമ്പരത്തോടെ ഓര്‍ക്കുന്നുണ്ടാവാം.!
മുഷിഞ്ഞ വര്‍ണ്ണക്കുടയുടെ നെറുകയിലൂടെ പെയ്തിറങ്ങി, തണുത്ത വിരലുകളാല്‍ മനസ്സിനെ തൊട്ട്, പതിയെ മടങ്ങിക്കൊള്ളാമെന്ന മഴയുടെ ചിലമ്പിച്ച അപേക്ഷ, ആ പാവം പെണ്‍കുട്ടിക്ക് ക്രൌര്യം കലര്‍ന്ന ഒരു ഒരു അധിനിവേശത്തിന്റെ മുരള്‍ച്ചയായി തോന്നുന്നുണ്ടാകാം. കാരണം മരണത്തിനേക്കാള്‍ വലിയ ഉണ്മയാണ് വിശപ്പ്‌. മുഷിഞ്ഞുകീറിയ വര്‍ണ്ണക്കുടകൊണ്ട് അവള്‍ വിശപ്പിന്‍റെ യുദ്ധഭൂമിയില്‍ മഴയുടെ മുന്നില്‍ പ്രതിരോധം തീര്‍ക്കുന്നത് എന്‍റെ കാഴ്ചയുടെ ലോകത്ത് നൊമ്പരക്കടല്‍ തീര്‍ത്തു.
തമിഴ്നാട്ടിൽ നിന്നും നാടുകളോടി വരുന്ന ഇവളുടെ അച്ഛനും അമ്മയും പഴയ സാധനങ്ങൾ രൂപപ്പെടുത്തിയേക്കാവുന്ന പുതിയ ജീവിതത്തിന്‍റെ ശിഥിലമായ ലോഹപ്പൊട്ടുകള്‍ പെറുക്കാനായി ഉള്‍ഗ്രാമത്തില്‍ പോയതാണ്. എരിയുന്ന വിശപ്പിന്‍റെ തീവ്രതയിലാണ് അരിയിട്ട് അന്നമുണ്ടാക്കാന്‍ വഴിയോരത്തെ അടുപ്പില്‍ ഒരു ശ്രമം നടത്തിയത്. എല്ലാത്തിനും മൂകസാക്ഷിയായ അവളുടെ കീറക്കുട വിഷാദ വ്യഥയാല്‍ പതിഞ്ഞു പെയ്യുന്ന മഴയത്ത് വീണ്ടും നിറം മങ്ങുന്നതായി എനിക്ക് തോന്നി. മഴയോടുള്ള ദ്വന്തയുദ്ധത്തില്‍ തോറ്റുപോയ അടുപ്പിലെ അഗ്നിച്ചിറകുകള്‍ കരിഞ്ഞു പുകയായി മഴത്തുള്ളികളുടെ സാന്ദ്രതകളിലൂടെ ആകാശത്തേക്കുയര്‍ന്നു. വാഹനം അരികു ചേര്‍ത്ത്, അടുത്തു ചെന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ നിര്‍വികാരമായ കണ്ണുകളോടെ അവള്‍ നൊമ്പരക്കെട്ടഴിച്ചു.
ആഹാരം നിറഞ്ഞ വയറെങ്കിലും, വിശപ്പിന്‍റെ ബോധ്യവൈകാരികതയില്‍ അടുത്തുള്ള കടയില്‍ നിന്ന് അവള്‍ക്കു രണ്ടു പഴം വാങ്ങിക്കൊടുത്തു, മഴക്കൊപ്പം എന്‍റെ വാഹനവും ഇരമ്പിപ്പായുന്ന മിന്നല്‍പ്പിണറായി. അര മണിക്കൂറില്‍ മഴ കനത്തു ; വിശപ്പിനെക്കുറിചുള്ള എന്‍റെ ചിന്തകളും ! വീടെത്തിയിട്ടും, ആ വര്‍ണ്ണക്കുടയും , മുഷിഞ്ഞ ബാലികയും, പാതി പോലും വേവാത്ത അവളുടെ ചോറും എന്‍റെ ചിന്തകളെ മഥിച്ചു. വന്ന വഴികളിലൂടെ എന്‍റെ വാഹനത്തിന് തിരിച്ചു പോകാതിരിക്കാനായില്ല.

വിശപ്പും, വെയില്‍പ്പൊട്ടുകളും, ആസുര മഴത്തുള്ളികളും സംഗമിച്ച മണ്ണില്‍ എല്ലാം ശൂന്യമായിരുന്നു. വിടര്‍ന്ന കണ്ണുകളുള്ള അവളെയും , മുഷിഞ്ഞ വര്‍ണ്ണക്കുടയെയും, പാതിവെന്ത അരിമണികള്‍ നിറച്ച പാത്രത്തെയും കാണുവാനുണ്ടായിരുന്നില്ല. ചുറ്റും നോക്കിയപ്പോള്‍ ചോര്‍ന്നൊലിക്കുന്ന ഒരു ആലയില്‍ അവളുടെ അരിക്കലവും, നനഞ്ഞ മുഖത്ത് വിഷാദം കത്തുന്ന കണ്ണുകളും, വിഷാദവ്യഥയാല്‍ നിറം മങ്ങിയ വര്‍ണ്ണക്കുടയും കണ്ടു. മൊബൈലില്‍ ചിത്രത്തിന് ശ്രമിച്ചപ്പോള്‍ അവള്‍ പന്തികേടില്‍ മുഖം മറച്ചു. വ്യഥിത നൊമ്പരങ്ങളുടെ ജീവിതക്കഴ്ചകളിലേക്ക് ക്യാമറാ ഫ്ലാഷുകള്‍ ഒന്നും നല്‍കുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍, ചാഞ്ഞു തുടങ്ങിയ മഴയിലൂടെ ഞാന്‍ വിശപ്പില്ലാത്ത എന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷിത ലോകത്തിലേക്ക് ഊളിയിട്ടു.

പുറകിലെ സുരക്ഷിതമല്ലാത്ത പാതയോരത്ത് ഒരു പത്തുവയസ്സുകാരി പെണ്‍കുട്ടിയും, അവളുടെ വിശപ്പും, തെരുവില്‍ തീരുന്ന അവളുടെയും, സമാന മനുഷ്യജീവികളുടെയും ജന്മങ്ങളും, എന്‍റെ ചിന്തകളിലേക്ക് പേമാരിയായി പെയ്തു. കോണ്ക്രീറ്റ് കൊട്ടാരങ്ങളില്‍, ആഡംബര ഉന്മാദങ്ങളുടെ ജീവിത പാര്‍ശ്വങ്ങളില്‍, ബാക്കിയാകുന്ന ഭക്ഷണം വലിച്ചെറിയുന്ന ജനവാസ അരികുകളില്‍, മധ്യവര്‍ഗ്ഗ അഹങ്കാര കേരളത്തിന്റെ ദീപുകളാക്കപ്പെട്ട ജീവിതങ്ങളിലൂടെ , എന്‍റെ സുരക്ഷിത പാതകളിലൂടെ, ഞാന്‍ ആ ദിവസത്തെ ബാക്കിയായ ജീവിതത്തിലേക്ക് നിശബ്ദമായി ഒലിച്ചുപോയി...!
ചിന്തകളില്‍ ഓളങ്ങള്‍ ബാക്കിയായി ...!!