Friday, March 20, 2015

കേരള ഗവര്‍ണ്ണറുടെ അസംബന്ധങ്ങള്‍


കേരള നിയമസഭയില്‍ നിര്‍ഭാഗ്യകരവും , അപമാനകരവുമായ ഒരു സാഹചര്യത്തില്‍ സ്പീക്കറുടെ അഭാവത്തില്‍ ഒരു ബജറ്റ് “അവതരിപ്പിക്കപ്പെട്ടതോട്” കൂടി മൂനാം കിട രാഷ്ട്രീയക്കാരനും , ഗതികേട് കൊണ്ട് നിലനിര്‍ത്തി പോരുന്ന ചീഫ് വിപ്പുമായ ശ്രീ . പീ സീ ജോര്‍ജ്ജ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും കേരള ഗവര്ന്നരുമായ ജസ്റ്റിസ് സദാശിവതെക്കാള്‍ വലിയ നിയമ പന്ടിതനായിരിക്കുന്നു എന്നത് അല്‍പ്പം ജുഗുപ്സാവഹവും , പരിഹാസ്യവുമാണ് . ഇതിനു കാരണക്കാരന്‍ ഗവര്‍ണ്ണര്‍ സദാശിവം തന്നെയാണ് . സ്പീക്കറുടെ “അഭാവത്തില്‍” അവതരിക്കപ്പെട്ട ബജറ്റിന്റെ സാധുതയെ പരിശോധിക്കണം എന്ന് അഭ്യര്തിച്ചു കൊണ്ട് പ്രതിപക്ഷവും , ബീ ജെ പ്പിയും പരാതിയുമായി സമീപിച്ചപ്പോള്‍ പരിശോധിക്കാമെന്നു ഉറപ്പു നല്‍കുകയും , പിന്നീട് അശക്തനായ സ്പീക്കര്‍ ശക്തന്‍ നല്‍കിയ റിപ്പോര്‍ട്ട് തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്തിരിക്കുന്നു . നിയമസഭയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട അവസാനവാക്ക് സ്പീക്കര്‍ ആണെന്നും , ചട്ട പ്രകാരം ബജറ്റ് “സാങ്കെതികമായെങ്കിലും” അവതരിപ്പിച്ചിരിക്കുന്നു എന്ന സ്പീക്കറുടെ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ അംഗീകരിച്ചത് വരെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കാം . പക്ഷേ നമ്മുടെ ഗവര്‍ണ്ണര്‍, അനാവശ്യമായ അധികാര ദുരുപയോഗത്തിന്റെ ഭാഗമായി കേരളത്തില്‍ ഭരണഘടനാ പ്രതിസന്ധിയുന്ടെന്നു ധ്വനിപ്പിക്കുന്ന രൂപത്തില്‍ 356 ആം വകുപ്പ് പ്രയോഗിക്കാവുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടെന്ന ദുരുധേഷപരമായ ഒരു റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് അയച്ചിരിക്കുന്നു . ഈ സാഹചര്യത്തിലാണ് ഗവര്‍ണ്ണര്‍ കേവലമൊരു സംഘപരിവാര്‍ നോമിനിയും , പീ സീ ജോര്‍ജ്ജ് സദാശിവതെക്കാള്‍ ഭരണഘടനയറിയുന്ന നിയമവിദഗ്ദ്ധനുമായി പരിണമിക്കുന്നത് .
ജസ്റ്റിസ് സദാശിവം നിയമം അറിയാത്ത ആളാണെന്നു നിഷ്ക്കളങ്കനായ ഒരു കുട്ടിക്കുപോലും ഒരു നിമിഷം ചിന്തിക്കാനാവില്ല . സങ്കീര്‍ണ്ണമായ ഭരണസ്തംഭനം എന്ന വിലയിരുത്തല്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് 356 ആം വകുപ്പ് പ്രകാരം രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാനാവുക. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലോ മറ്റു കാരണങ്ങളാലോ മാത്രമാണ് രാഷ്ട്രപതിക്ക് ഒരു സമസ്താനതിന്റെ ഭരണം ഏറ്റെടുക്കാന്‍ ആവുകയുള്ളൂ .
ഫെദരല്‍ ഘടനയുള്ള നമ്മുടെ രാജ്യത്ത് വാസ്തവത്തില്‍ ഗവര്‍ണ്ണര്‍ എന്ന പദവി പോലും ആലങ്കാരികമായ ഒന്നാണ് . ആ നിലക്ക് കേരളത്തില്‍ 356 ആം വകുപ്പ് പ്രയോഗിക്കണമെന്ന സാധ്യത ആരായുന്ന റിപ്പോര്‍ട്ട് അയക്കുമെന്ന ബഹു . ഗവര്‍ണ്ണര്‍ ജസ്റ്റിസ് സദാശിവത്തിന്റെ പ്രഖ്യാപനം അസംബന്ധമാണ് . കേരളത്തില്‍ എന്ത് ഭരണഘടനാപ്രതിസന്ധിയാണ് ഉള്ളത് ? ഇവിടുത്തെ നാണം കേട്ട രാഷ്ട്രീയക്കാര്‍ അഴിമതി മറച്ചുവക്കാനും , സമരാഭാസം നടത്താനും ഒരു ദിവസം കേരള നിയമസഭയെ ചന്തയെ പ്പോലും തോല്‍പ്പിക്കുന്ന രൂപത്തിലുള്ള അപമാനകരമായ സംഭവങ്ങള്‍ സൃഷ്ട്ടിച്ചു എന്നതിനെ ഭരഘടനാ പ്രതിസന്ധി എന്ന് ഇതു യുക്തി വച്ചിട്ടാണ് ഗവര്‍ണ്ണര്‍ സദാശിവം വായിചെടുക്കുന്നത് ? അതെ വ്യക്തി തന്നെ സ്പീക്കറുടെ ബജറ്റുമായി ബന്ധപ്പെട്ട തീര്‍പ്പിനെ അംഗീകരിക്കുകയും , ബജറ്റ് സാധുവാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു . അതിന്റെ ലളിതമായ വ്യാഖ്യാനം നിയമസഭയില്‍ പൊന്നുരുക്കുന്നിടത്ത് ഭരണഘടനാ പുസ്തകങ്ങളില്‍ എന്തൊക്കെ പറഞ്ഞാലും യഥാര്‍ത്ഥത്തില്‍ ഗവര്ന്നര്‍ക്ക് യാതൊരുവിധ റോളും ഇല്ല എന്ന് തന്നെയാണ് . അതുതന്നെയാണ് ഇന്നലെ പീ സീ ജോര്‍ജ്ജ് പറഞ്ഞതും . ഈ വിഷയത്തില്‍ സ്പീക്കര്‍ തന്നെ തെറ്റ് ചെയ്ത അംഗങ്ങളെ സസ്പന്ഡ് ചെയ്യുകയും , ക്രിമിനല്‍ കേസ് കൊടുക്കുകയും ചെയ്യട്ടെ . അതല്ലാതെ ഗവര്ന്നരുടെ അതിശയോക്തിയും, അതിവായനയും ഈ വിഷയത്തില്‍ അനാവശ്യമായിപ്പോയി. അത് ജനാധിപത്യ വിരുദ്ധവും , ഭരണഘടനാ വിരുദ്ധവുമാണ് . നിയമസഭാ നടപടികളില്‍ അനാവശ്യമായി ഇടപെടാന്‍ ഗവര്ന്നര്‍ക്ക് അധികാരമേയില്ല . ഈ വിഷയത്തില്‍ ഗവര്ന്നരുടെ പങ്ക് ആലന്കാരികവും , കീഴ്വഴക്കങ്ങളുടെതും മാത്രമാണ് . ബജറ്റില്‍ ഇടപെടാതിരിക്കുകകൂടി ചെയ്ത സ്ഥിതിക്ക് , ഇതിന്റെയെല്ലാം അവസാന തീര്‍പ്പ് സ്പീക്കരുടെതാകട്ടെ . ക്രിമിനല്‍ കേസുകള്‍ ഉണ്ടെങ്കില്‍ കോടതിയും തീരുമാനിക്കട്ടെ .അല്ലാതെ ജാനാധിപത്യ രീതിയില്‍ വോട്ടെടുപ്പ് നടത്തി തിരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ ഗവണ്മെന്റിനെ പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്ന് റിപ്പോര്‍ട്ട് നല്കാന്‍ ഇദ്ദേഹത്തിനു എന്തവകാശം? അത്തരം സവിശേഷമായ എന്ത് സാഹചര്യമാണ് കേരളത്തില്‍ ഉള്ളത് ? തല്‍ക്കാലം ഗവര്‍ണ്ണര്‍ നല്ല കുപ്പായവും കോട്ടുമിട്ട് രാജ്ഭവനില്‍ തന്നെ സസുഖം വാഴട്ടെ ; ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കട്ടെ . അതിനു വേണ്ടി തന്നെയാണല്ലോ ജുദീഷ്യരിക്ക് വലിയ കളങ്കം ഏല്‍പ്പിച്ചു സംഘപരിവാര്‍ നോമിനിയായി , മാന്യമായ വിശ്രമ ജീവിതം നയിക്കെന്ദത്തിനു പകരം അദ്ധേഹം കേരളത്തിലേക്ക് വച്ചുപിടിച്ചത് .
2001 ല്‍ ജസ്റ്റിസ് ബീ പി ജീവന്‍ റെഡി നേതൃത്വം നല്‍കിയ കമ്മീഷന്‍ 356 ആം വകുപ്പിന്റെ പ്രയോഗത്തെ സംബന്ധിച്ച് പറയുന്നത് തന്നെയാണ് ഇത് സംബന്ധിച്ച ആധികാരിക വിലയിരുത്തല്‍ . സംസ്ഥാന നിയമസഭയില്‍ സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ട്ടപ്പെടുകയോ, പ്രസ്തുത സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം സന്കീര്ന്നമാംവിധം തകരാരിലാവുകയോ ചെയ്യുമ്പോള്‍ മാത്രമേ ഗവര്ന്നര്‍ക്ക് ഇപ്പോള്‍ ജസ്റ്റിസ് സദാശിവം നല്കിയതുപോലെയുള്ള ഒരു റിപ്പോര്‍ട്ട് നല്‍കുവാന്‍ , രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. കേരളം എന്ന ഈ പാവം സംസ്ഥാനത്ത് ഇത്തരം യാതൊരുവിധ സാധ്യതയും നിലനില്‍ക്കുന്നില്ല എന്ന് ആര്‍ക്കും സംശയലെശമന്ന്യേ പറയാവുന്നതാണ് .
ഭരണഘടനയുടെ 202, 203 അനുചേദങ്ങള്‍ അനുസരിച്ച് ബജറ്റ് അവതരിപ്പിക്കുന്നത് ഗവര്ന്നര്‍ക്ക് വേണ്ട്യാണ് എന്നുള്ളത് കേവലം സാങ്കേതികം മാത്രമാണ് . ഭാവനാശാലിയും, ദീര്‍ഘടര്‍ഷിയും, മനുഷ്യസ്നേഹിയുമായ ഒരു ധനമന്ത്രി (മാണിയാനെന്നു തെറ്റിദ്ധരിക്കരുത്) മാസങ്ങളുടെ അധ്വാനം കൊണ്ട് ഉണ്ടാക്കിയവതരിപ്പിക്കുന്ന ഒരു ബജറ്റ് ഗവര്‍ന്നരുടെതാണ് എന്നത് ഒരു ബ്രിടീഷ് അസംബന്ധ സങ്കല്പം പിന്തുടരുന്നത് കൊണ്ട് മാത്രം തോന്നുന്ന ഒന്നാണ് . മാത്രമല്ല 202 മറ്റൊന്നുകൂടി നിഷ്ക്കര്ഷിക്കുന്നു . ബജറ്റ് ചട്ടപ്പടി അവതരിപ്പിക്കപ്പെട്ടു എന്നുറപ്പ് വരുത്തേണ്ടത് ഗവര്ന്നരുടെ ചുമതലയാണ് എന്ന് . എങ്കില്‍ കഴിഞ്ഞ ദിവസം സ്പീക്കറുടെ അസാന്നിധ്യത്തില്‍ “അവതരിപ്പിക്കപ്പെട്ട” ബജറ്റ് സാങ്കേതികമായിത്തന്നെയാണ് അവതരിക്കപ്പെട്ടത് എന്ന് എങ്ങിനയാണ് ഗവര്‍ണ്ണര്‍ തീര്‍പ്പ് കല്‍പ്പിച്ചത്? കേരള നിയമസഭയുടെ ചട്ടങ്ങളും, നടപടികളും അറിയുന്ന ഒരു കൊച്ചുകുട്ടിക്കുപോലും കഴിഞ്ഞ ദിവസം ബജറ്റ് “അവതരിക്കപ്പെട്ടിട്ടില്ല” എന്നറിയാം . ചുരുക്കത്തില്‍ ഗവര്‍ണ്ണര്‍ സദാശിവന്‍ 202 ആം അനുച്ചേധം അനുസരിച്ചുള്ള ബാധ്യതകള്‍ വിസ്മരിക്കുകയും അദ്ദേഹത്തിന് രാഷ്ട്രീയ താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ മാത്രം അഹിതകരമായി ഇടപെടുകയുമാണ് ഉണ്ടായത് എന്ന് ലളിതമായി മനസ്സിലാക്കാനാവും .
ഭരണഘടനയുടെ 174 ആം അനുചെദം അനുസരിച്ച് നിയസഭ വിളിച്ചുകൂട്ടുന്ന ഉത്തരവാദിത്വം മാത്രമാണ് ഗവര്ന്നര്‍ക്കുള്ളത് . അതിനുശേഷം മുഴുവനായും സഭ നിയന്ത്രിക്കുന്ന സഭാനാഥന്‍ സ്പീക്കര്‍ തന്നെയാണ് . ആ നിലക്ക് സഭാക്കകത്ത് നടക്കുന്ന യാതൊരുവിധ സംഭവങ്ങള്‍ക്കും ഉത്തരവാദിത്വം സ്പീക്കര്‍ക്ക് തന്നെയാണ് . സഭാച്ചട്ടങ്ങള്‍ക്ക് പുറത്തേക്കു പോകുന്ന രൂപത്തിലുള്ള ക്രിമിനല്‍ നടപടികള്‍ ഉണ്ടായാല്‍ പോലീസ് കേസ് കൊടുക്കുവാനുമുള്ള ഉത്തരവാദിത്വവും സ്പീക്കര്‍ക്ക് തന്നെയാണ് . നമ്മുടെ നിയസഭയിലെ പ്രത്യേക സാഹചര്യത്തില്‍ ബജറ്റിന്റെ സാധുത പരിശോധിക്കണമെന്ന പ്രപക്ഷ – ബീ ജേ പ്പി ആവശ്യത്തെ ഒരു മുഴം മുന്നോട്ടു നീട്ടി 356 ആം വകുപ്പിന്റെ പ്രയോഗത്തെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത് ആ നിലയില്‍ അസംബന്ധവും , നിര്ഭാഗ്യകരവുമാണ് .
കേരളം എന്ന ഈ പാവം സംസ്ഥാനത്ത് എത്ര കലാപങ്ങളും, വംശഹത്യയും , ആഭ്യന്തര യുദ്ധവു നടന്നു; ഭരണഘടനയുടെ പ്രയോഗം താറുമാറായി എന്ന് അദ്ദേഹം വ്യക്തമാക്കട്ടെ . ഭരണഘടന നടപ്പിലാവാത്ത നിയമസഭയില്‍ നടന്ന ബജറ്റ് മാത്രം എങ്ങനെ സാധുവായി എന്നതും അദ്ദേഹം പറയേണ്ടതുണ്ട്. ഈ വിഷയത്തില്‍ സ്പീക്കറുടെ ലൌദ്‌ സ്പീക്കര്‍ മാത്രമാണ് ഗവര്‍ണ്ണര്‍ എങ്കില്‍ അദ്ദേഹം മൌനം പാലിക്കണമായിരുന്നു. പ്രായോഗിക രാഷ്ട്രീയം ജഡ്ജിമാരുടെ കര്‍ക്കശക്കണ്ണിലൂടെ , വെട്ടൊന്ന് മുറിരണ്ട് രൂപത്തില്‍ കാണുന്നത് അസംബന്ധമാണ് . ഈ ഗവര്‍ണ്ണര്‍ പദവി തന്നെ എടുത്തു കളയേണ്ട സമയം അതിക്ക്രമിചിരിക്കുന്നു ,രാഷ്ട്രീയത്തില്‍ എടുക്കാ ചരക്കുകള്‍ ആയ കടല്‍ക്കിഴവന്മാരെയും , ഉന്നത പദവിയില്‍ നിന്ന് വിരമിച്ച "ഉപകാരികളെയും" പൊതുഖജനാവില്‍ നിന്ന് തീറ്റിപ്പോറ്റുന്ന ബ്രിട്ടീഷ് അസംബന്ധം പാര്‍ലമെന്റ് ഇടപെട്ടു അവസാനിപ്പിക്കേണ്ടതുണ്ട് .
ജട്ജിമാരോക്കെ റിട്ടയര്‍ ആയാല്‍ മാന്യമായ വിശ്രമ ജീവിതം നയിക്കുകയാണ് വേണ്ടത് . വംശഹത്യക്കാര്‍ക്ക് സൗജന്യം ചെയ്യുന്ന വിധിന്യായങ്ങള്‍ ഒരു ജനതയെ അപമാനിക്കുന്ന നിലപാടുകള്‍ എടുക്കാന്‍ കാരണമാകുന്നത് നിര്‍ഭാഗ്യകരമാണ് .

1 comment: