നാണംകെട്ട വ്യഭിചാരകഥകളിലും , പൊതുഖജനാവ് പച്ചയ്ക്ക് കൊള്ളയടിച്ച ക്രിമിനല്‍ കേസുകളിലും, ബട്ജറ്റ് വിറ്റു കോടികള്‍ കോഴ വാങ്ങിയ അപമാനങ്ങളിലും ഒരു മന്ത്രിസഭയിലെ മിക്കവാറും ആളുകളും, ഉള്‍പ്പെടുകയും, ഒരു നക്ഷത്ര അഭിസാരികയുമായി ചേര്‍ത്ത് തന്റെയും , തന്റെ ഓഫീസിന്റെയും, സഹായികളുടെയും പേരുകള്‍ പോലും നാടാകെ പരക്കുകയും ചെയ്ത ഇന്ത്യന്‍ ജനാധിപത്യത്തിലെ അതിദയനീയമായ ഒരു സാഹചര്യം നേരിടുന്ന ഏക മനുഷ്യന്‍ ഉമ്മന്‍ചാണ്ടി മാത്രമായിരിക്കും ഈ മഹാരാജ്യത്ത്. കേരളത്തിലെ പ്രമുഖനായ ഒരു ദ്രിശ്യ മാധ്യമ പ്രവര്‍ത്തകനോട് ഒരു ഉന്നത കോണ്ഗ്രസ് നേതാവ് പറഞ്ഞത് "സെപ്റ്റിക് ടാങ്കില്‍ വീണാല്‍ നാറ്റമേ ഉണ്ടാകൂ , മരിച്ചു പോകുകയോന്നുമില്ല എന്നാണ് ". മരണം ആസന്നമായ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ രാഷ്ട്രീയ അശ്ലീലങ്ങളുടെ ദുര്‍ഗന്ധം അസഹനീയമായിരിക്കുന്നു. ആ ബോധ്യം ഏറ്റവും കൂടുതല്‍ ഉള്ളത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി എന്ന കപട രാഷ്ട്രീയക്കാരന് തന്നെയാണ് . അതുകൊണ്ടാണ് രാഷ്ട്രീയ പ്രതിസന്ധികളുടെ പെരുമഴക്കാലത്ത് "ജനസമ്പര്‍ക്ക പരിപാടി"എന്ന ജനാധിപത്യ വിരുദ്ധമായ ഫ്യൂഡല്‍ കാലത്തെയും , രാജഭരണ കാലത്തെയും അതിദയനീയമാം വിധം ഓര്‍മ്മിപ്പിക്കുന്ന അവസാനത്തെ ആയുധവുമായി മുഖ്യമന്ത്രി ഈ ''തന്നെ പൊക്കല്‍'' പരിപാടിക്ക് മുതിര്‍ന്നിരിക്കുന്നത്.
സര്‍ക്കാര്‍ സേവനം അര്‍ഹതപ്പെട്ടവര്‍ക്ക് യഥാസമയം ലഭിക്കുന്നില്ലെങ്കില്‍, അതുറപ്പുവരുത്തുവാന്‍ ജനകീയ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. അതുറപ്പുവരുത്താന്‍ പല സര്‍ക്കാരുകളും വ്യത്യസ്തങ്ങളായ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്. അതിനെ കുറ്റപ്പെടുത്താനാകില്ല. 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെങ്കിലും 1957 മുതലാണ് കേരളത്തിലെ സിവില്‍ സര്‍വീസ് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒന്നായി മാറാന്‍ തുടങ്ങിയത്. മനുഷ്യ സ്‌നേഹവും ജനക്ഷേമവും മുഖ്യ അജണ്ടയാക്കിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് ഇതിന് അടിത്തറപാകിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ധാരാളം വിമര്‍ശനങ്ങള്‍ ഉന്നയിക്കാനാകുമെങ്കിലും, 93 ശതമാനം കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി ഉറപ്പുവരുത്തുന്നതിലടക്കം കേരളം കൈവരിച്ച നേട്ടങ്ങളില്‍ സിവില്‍ സര്‍വീസ് വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. കാരണം ആ സിവില്‍ സര്‍വീസിനെ നയിക്കാന്‍ ഇചാശക്തിയുള്ള രാഷ്ട്രീയ നെതൃത്വം അന്ന് കേരളത്തില്‍ ഉണ്ടായിരുന്നു . മഹാരഥന്‍മാരായ കരുത്തുറ്റ നേതാക്കളാണ് അന്ന് കേരളത്തെ നയിച്ചിരുന്നത് .
ഭരണകൂടത്തിന്റെ നയവും ശൈലിയും അനുസരിച്ചാണ് ഒരു പരിധി വരെ സിവില്‍ സര്‍വീസ് ചലിക്കുന്നത്. നിലവിലുളള സംവിധാനങ്ങളെയും ജീവനക്കാരെയും ഉപയോഗിച്ചുതന്നെയാണ് ഇ ചന്ദ്രശേഖരന്‍നായര്‍ എന്ന ഭക്ഷ്യവകുപ്പുമന്ത്രി, ഇന്ത്യക്കാകെ മാതൃകയായ പൊതു വിതരണ രംഗം കേരളത്തില്‍ കെട്ടിപ്പടുത്തത്. വളരെ ശാന്തമായിട്ടായിരുന്നു അതു നടന്നത്. ഈ മന്ത്രിക്ക് വേണമെങ്കില്‍ റേഷന്‍കാര്‍ഡ് വിതരണത്തിനായി മാത്രം നൂറ് കണക്കിന് മേളകള്‍ നടത്തി കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളെയും മൈതാനങ്ങളില്‍ അണിനിരത്താമായിരുന്നു. അത്തരം കെട്ടുകാഴ്ചകളല്ല ഭരണം എന്ന് തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇ എം എസ്., സി അച്യുതമേനോന്‍, എ കെ ആന്റണി, പി കെ വി, ഇ കെ നായനാര്‍, എം എന്‍. ഗോവിന്ദന്‍നായര്‍, റ്റി വി തോമസ്, കെ ആര്‍ ഗൗരിയമ്മ, ബേബി ജോണ്‍, സി എച്ച് മുഹമ്മദ് കോയ, വി വി രാഘവന്‍, കെ പി പ്രഭാകരന്‍, പിണറായി വിജയന്‍, വി എം സുധീരന്‍ തുടങ്ങി കേരളം കണ്ട പ്രഗത്ഭരായ മന്ത്രിമാരൊന്നും ഭരണത്തില്‍ പൈങ്കിളി ശൈലി സ്വീകരിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ മൗലികമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അവര്‍ക്കൊക്കെ കഴിഞ്ഞിരുന്നു.
'ജനസമ്പര്‍ക്ക പരിപാടി' എന്ന് പേരിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തി വരുന്ന അര്‍ഹത ഇല്ലാത്തവര്‍ക്കു കൂടി ഖജനാവ് ചോര്‍ത്തികൊടുക്കുന്ന മാമാങ്കത്തിന് പിന്നില്‍ നടക്കുന്ന ജനാധിപത്യ വിരുദ്ധവും , ഫ്യൂടലിസ്റ്റ് കാലത്തെയും രാജഭരണത്തെയും ഓര്‍മ്മിപ്പിക്കുന്നതുമായ ഈ നാടകം വീണ്ടും പോടിതട്ടിയെടുക്കുന്നതിനു പിന്നില്‍ കുടിലമായ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയാണുള്ളത് . അതാകട്ടെ മുകളില്‍ സൂചിപ്പിച്ച മൂക്കറ്റം നാറിയ ഒരു ഭരണത്തിന്റെയും ,വ്യഭിചാര രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും അപമാനം മറയ്ക്കാനുള്ള ഒരു വൃഥാശ്രമം കൂടിയാകുന്നു .
നിര്‍ഭാഗ്യവശാല്‍ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നടത്തുന്നത് ഭരണത്തിന്റെ ഒരു പൈങ്കിളിവല്‍ക്കരണവും , മുഴുവന്‍ സിവില്‍ സര്‍വീസ് സംവിധാനത്തെയും നോക്കുകുത്തിയാക്കി ഒരു "തന്നെപ്പോക്കല്‍" അല്‍പ്പത്തരവുമാണ് . ഒരു വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലികള്‍ ഒരു സംസ്ഥാന മുഖ്യമന്ത്രി ചെയ്യുകയും , അതിന്റെ സംഘാടനതിനു ലക്ഷക്കണക്കിന് രൂപ ചിലവഴിക്കപ്പെടുകയും , IAS കാര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ മിനക്കെടുകയും ചെയ്യുന്നത് ജനാധിപത്യ രാഷ്ട്രീയത്തിലെ അശ്ലീലമാണ് . ഇതിനെ ഇന്നാട്ടിലെ സിവില്‍ സര്‍വീസ് രംഗം കുത്തഴിഞ്ഞതും , അരാജകത്വം നിറഞ്ഞതും , ചുവപ്പുനാടയുടെ ശാപം ഉള്ളതുമാണെന്ന് ഒരു ഭരണാധികാരിയും അദ്ധേഹത്തിന്റെ റാന്‍മൂളികളും ആരാധകരും കാരണമായി കണ്ടെത്തുന്നത് നമ്മുടെ സിവില്‍ സര്‍വീസ് മേഖലയിലെ പുഴുക്കുത്തുക്കളെ പരിഹരിക്കാന്‍ ശ്രമിക്കാതിരിക്കലും , അവരെ വിശ്വാസതിലെടുക്കാതിരിക്കലുമാണ് . ഇത് നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ യാതൊരുവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും കൊള്ളരുതാത്തവര്‍ ആക്കുകയും , എന്തിനോടും പ്രതിലോമകരമായ മനോഭാവം പുലര്‍ത്തുന്ന , കേവലം ശമ്പളം വാങ്ങാന്‍ മാത്രം നിയോഗിക്കപ്പെട്ട സര്‍വീസ് ജീവികളായി മാറ്റിത്തീര്‍ക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ തീര്‍ച്ചയായും ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ കരുണാകരനെപ്പോലെ, അച്യുതമേനോനെപ്പോലെ , സീ എച്ചിനേപ്പോലെയുള്ള നേതാക്കള്‍ മാതൃകയാണ് . സിവില്‍ സര്‍വീസ് രംഗത്തെ പുഴുക്കുത്തുകളെ പരിഹരിക്കുന്നതിന് പകരം അവരെ മാറ്റിനിര്‍ത്തി ഒരു സംസ്ഥാന മുഖ്യമന്ത്രി , ഭരണഘടനാപരമായി ഇന്നാട്ടിലെ പാവപ്പെട്ടവന് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ താങ്കളുടെ പുതുപ്പള്ളിയിലെ വീട്ടില്‍ നിന്നെടുത്തു കൊടുക്കുന്ന ഔദാര്യം പോലെ പന്തല് കെട്ടി ആര്‍പ്പുവിളികളും , ആരവവുമായി കൊടുക്കുന്നത് ഫ്യൂഡല്‍ കാല നടുവാഴികളെയും , പഴയകാല രാജാക്കന്മാരെയും അനുസ്മരിപ്പിക്കുന്ന രൂപത്തില്‍ , പരിഹാസത്തോടെ മാത്രം കാണുവാന്‍ കഴിയുന്ന വണ്മാന്‍ ഷോ മാത്രമാണ് .

ജനസമ്പര്‍ക്ക പരിപാടിയുടെ തുടക്കത്തില്‍ കേരള ഹൈക്കോടതി ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് പരാമര്‍ശിച്ചത് ഇന്നും പ്രസക്തമാണ് . ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കേണ്ടിവരുന്നത് ഉദ്യോഗസ്‌ഥരുടെ കെടുകാര്യസ്‌ഥതമൂലമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും , ഉദ്യോഗസ്‌ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്ക പരിപാടി നടത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാമെന്നും ജസ്‌റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണനും ജസ്‌റ്റിസ് ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തുകയും ചെയ്തിരുന്നു .
സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക് വാങ്ങുന്ന ശമ്പളത്തോട് കൂറ് ഉണ്ടാകണമെന്നും ഭരണഘടനാ തത്വങ്ങളും വ്യവസ്‌ഥകളും സമൂഹത്തില്‍ നടപ്പാകുന്നില്ലെന്നും കോടതി അന്ന് കൂട്ടിച്ചേര്‍ക്കുകയുണ്ടായി .
എ കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഏല്‍ക്കുകയും ചെയ്ത്, ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ജനസമ്പര്‍ക്ക പരിപാടി ആദ്യമായി തുടങ്ങുന്നത്. ജനസമ്പര്‍ക്ക പരിപാടിയില്‍ ധാരാളം അപേക്ഷകര്‍ മുഖ്യമന്ത്രിക്കു മുന്നില്‍ എത്തി. അവരില്‍ ഭൂരിപക്ഷവും പണം മോഹിച്ചുവന്നവരായിരുന്നില്ല. ശരിയായ ആവശ്യങ്ങളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. പട്ടയം, പോക്കുവരവ്, റീ-സര്‍വെ തര്‍ക്കങ്ങള്‍, വീട്, വൈദ്യുതി, ചികിത്സാ ധനസഹായം, സ്ഥലംമാറ്റം, ക്വാര്‍ട്ടേഴ്‌സ്, പൈപ്പ് കണക്ഷന്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ക്കുവേണ്ടിയാണ് പാവം മനുഷ്യന്‍ ഒഴുകിയെത്തിയത്. ഇതൊക്കെ സഹിഷ്ണുതയോടെ കേട്ട് അതിന് പരിഹാരം കണ്ടെത്തുക എന്നതായിരുന്നില്ല മുഖ്യമന്ത്രിയുടെ ലക്ഷ്യം. വന്നവര്‍ക്കെല്ലാം സാമ്പത്തിക സഹായം ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തത്. വന്നവര്‍ പറഞ്ഞതു കേട്ടില്ല, കൊടുത്ത അപേക്ഷകള്‍ വായിച്ചു നോക്കിയില്ല. ആരെയും അതിനു ചുമതലപ്പെടുത്തിയതുമില്ല. പട്ടയം, പോക്കുവരവ്, സ്ഥലംമാറ്റം, ക്വാര്‍ട്ടേഴ്‌സ്, ചികിത്സാ ധനസഹായം തുടങ്ങി എന്തെല്ലാം കാര്യങ്ങള്‍ക്ക് അപേക്ഷ കിട്ടിയോ, അതിലെല്ലാം 2000 രൂപ വീതം അനുവദിച്ച് മുഖ്യമന്ത്രി തന്നെ ഉത്തരവിട്ടു...!!!
അന്ന് വന്നെത്തിയവരില്‍ പത്തു ശതമാനത്തോളം പേരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായി എന്ന കാര്യം വിസ്മരിക്കാനാവില്ല. എന്നാല്‍ മറ്റുളളവര്‍ക്കെല്ലാം സമ്പത്ത് വിതരണം ചെയ്യുന്ന പ്രവര്‍ത്തനമാണ് അവിടെ അരങ്ങേറിയത്. അവരില്‍ 90% ല്‍ അധികം പേരും അനര്‍ഹരായിരുന്നു എന്നത് വസ്തുതയാണ്. തുടര്‍ന്ന് മറ്റ് ജില്ലകളില്‍ നടന്ന പരിപാടികളും ഇങ്ങനെതന്നെയായിരുന്നു. ഏറ്റവും മോശമായ വിധത്തില്‍ നടന്നത് കോട്ടയത്തായിരുന്നു. കോണ്‍ഗ്രസ് ഭാരവാഹികള്‍ നൂറ് കണക്കിന് അപേക്ഷകള്‍ ശേഖരിച്ചു. ഒരു ഡോക്ടറെ കൊണ്ടു തന്നെ നൂറ് കണക്കിന് സര്‍ട്ടിഫിക്കറ്റുകള്‍ എഴുതിച്ചു. എല്ലാവര്‍ക്കും പണം നല്‍കി. അതില്‍ കമ്മിഷന്‍ കൈപ്പറ്റിയവര്‍ ധാരാളം. ഇടവകകള്‍ മുഖാന്തിരവും ആയിരക്കണക്കിന് അപേക്ഷകള്‍ വാങ്ങി. അവര്‍ക്കും പണം നല്‍കി. എന്‍ എസ് എസ് ന്റെയും എസ് എന്‍ ഡി പി യുടെയും ചില പ്രാദേശിക നേതാക്കള്‍ മുഖാന്തിരവും അപേക്ഷ വാങ്ങി പണം നല്‍കി. സര്‍ക്കാര്‍ പണം വെറുതെ നല്‍കി എല്ലാവരേയും സുഖിപ്പിക്കുകയായിരുന്നു ലക്ഷ്യം. അക്കാലത്ത് പൊതുജനങ്ങള്‍ക്കിടയിലും , കൊണ്ഗ്രസ്സുകാര്‍ക്കിടയില്‍പ്പോലും ഇതു വലിയ ചര്‍ച്ചയായെങ്കിലും 'സര്‍ക്കാരിന്റെ പണമല്ലെ, എന്തിനു പ്രതികരിക്കണ' മെന്ന ചിന്തയില്‍ എല്ലാവരും ഒതുങ്ങി.
ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍, അര്‍ഹതയുളളവരെ കണ്ടെത്തി, അവര്‍ക്ക് അര്‍ഹമായ വിധത്തില്‍ സാമ്പത്തികമായും മറ്റുവിധത്തിലുമുളള സഹായമെത്തിക്കുക ഒരു സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ അര്‍ഹതയില്ലാത്തവര്‍ക്ക് വ്യാപകമായ രീതിയില്‍ ഖജനാവിലെ പണം എടുത്തു നല്‍കുക എന്നു പറഞ്ഞാല്‍ അത് അധികാര ദുരുപയോഗവും ക്രമക്കേടും അഴിമതിയുമാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍, അര്‍ഹതയുളളവര്‍ക്ക്, അര്‍ഹമായ വിധത്തില്‍ സഹായം ലഭിക്കാതെ വരും എന്നതും വസ്തുതയാണ്. 'സര്‍ക്കാരിന്റെ പണമല്ലെ, ആരെങ്കിലും കൊണ്ടുപോകട്ടെ' എന്ന പൊതുമനോഭാവം നാടിനുതന്നെ ആപത്താണ്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിലാണ് കാര്യങ്ങള്‍ എത്തുക.
ദാരിദ്ര്യം ഒരു പാപമാകുമ്പോള്‍
--------------------------------------
Poverty is not a crime , ദാരിദ്ര്യം ഒരു കുറ്റക്രിത്യമല്ല എന്ന് മഹത്തായ വിധിന്യായം എഴുതിയത് മഹാനായ ന്യായാധിപന്‍ വീ ആര്‍ കൃഷ്ണ അയ്യരാണ് . പക്ഷേ മാഹാരാജാവിന് തുല്യനായി പ്രജകളെ മുഖം കാണിക്കാനും , ആവലാതികള്‍ കേള്‍ക്കാനും ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയുമായി ഇറങ്ങുമ്പോള്‍ ദാരിദ്ര്യം ഒരു ശാപവും , വേദനയും , അപമാനവുമാകുന്നു . തന്റെ രാഷ്ട്രീയ പ്രതിസന്ധികളെ താല്‍ക്കാലികമായെങ്കിലും അതിജീവിക്കാന്‍ ഒരു ഭരണാധികാരി കിടക്കയില്‍ ഒന്ന് തിരിഞ്ഞുകിടക്കാന്‍ പോലും ആവാത്ത ഹതഭാഗ്യരായ മനുഷ്യരെ വീട്ടിലെ കിടക്കയില്‍ നിന്നും സ്ട്രെച്ചറില്‍ കിടത്തിക്കൊണ്ടുവന്നു ഇവിടുത്തെ മുത്തശ്ശി പത്രങ്ങളുടെ ക്യാമറാമാന്മാരുടെ ക്രൂരമായ ഇരയാക്കുന്നത് ഓരോ മനുഷ്യന്റെയും ആത്മാഭിമാനത്തെ പരിഹസിക്കുന്നതാണ് . അതിലൂടെ താങ്കള്‍ക്കു കിട്ടുന്ന രാഷ്ട്രീയ മൈലേജ് എത്ര വലുതായാലും .! 'ജനസമ്പര്‍ക്ക പരിപാടി അര്‍ദ്ധരാത്രി വരെ നീണ്ടു, ഭക്ഷണം ഉപേക്ഷിച്ച് മുഖ്യമന്ത്രി നിന്നു' എന്ന രീതിയില്‍ പത്രങ്ങളില്‍ തലക്കെട്ടുണ്ടാകാന്‍ മുഖ്യമന്ത്രി വേഷം കെട്ടുകയാണ് എന്ന് പോലീസുകാരടക്കമുളള ഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ക്കുപോലും തോന്നിത്തുടങ്ങിയിരുന്നു . പലരും അങ്ങനെ തന്നെ സ്വകാര്യം പറയുകയും ചെയ്തു. ഒരു മുഖ്യമന്ത്രി ഇത്ര അല്‍പത്വം കാണിക്കാമോ എന്ന് പലരും ചിന്തിച്ചുതുടങ്ങുന്നു വീണ്ടും.
ഭരണഘടനയില്‍ അനുശാസിക്കുന്നതും നിയമപരവും ആയ ആനുകൂല്യങ്ങള്‍ കിട്ടുവാന്‍ ആയി ജനങ്ങള്‍ അദേഹത്തിന് മുന്നില്‍ പോയി താണ് വണങ്ങി നില്‍ക്കണം എന്നത് രാജ ഭരണത്തിന്റെ തിരുശേഷിപ്പുകള്‍ അല്ലാതെ മറ്റെന്താണ് ?താഴെ തട്ടിലെ ഗ്രാമപഞ്ചായത്ത് മുതല്‍ മുകളിലോട്ടുള്ള ഭരണസംവിധാനവും ,വില്ലേജ് ഓഫീസ് മുതല്‍ മുകളിലോട്ടുള്ള സര്‍ക്കാര്‍ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുമ്പോള്‍ എന്തിനു ആണ് ഇവിടങ്ങളില്‍ തീര്‍പ്പാക്കേണ്ട,ഇവിടങ്ങളില്‍ നിന്നും വിതരണം ചെയ്യേണ്ട ധനസഹായവും മറ്റു ആനുകൂല്യങ്ങളും പരാതി പരിഹാരവും അതിനു മുകളില്‍ ഉള്ള മുഖ്യമന്ത്രി നേരിട്ട് ഇറങ്ങി പ്രഹസനം കാണിക്കുന്നത് ?
ജനസംബര്‍ക്കം തുടങ്ങുന്നതിനു രണ്ടു മാസം മുന്നേ തന്നെ പഞ്ചായത്ത്.വില്ലേജ് തുടങ്ങിയ ഇടങ്ങളില്‍ കൂടിയുള്ള "ധനസഹായം" കൊടുക്കല്‍ "അനൌദ്യോഗികമായി" നിര്‍ത്തി വയ്പ്പിക്കുന്നു. കൃഷി നാശത്തിനും.വൈദ്യ സഹായത്തിനും ഒക്കെ കിട്ടേണ്ട പണത്തിനു ആളുകള്‍ ജനസംബര്‍ക്കം വരെ കാത്തിരുന്നു ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ ചെന്ന് വാങ്ങണം എന്ന "ധാര്‍ഷ്ട്ട്യം നിറഞ്ഞ അനൌദ്യോഗിക അറിയിപ്പുകള്‍ ആണ് കൊടുക്കുന്നത്"
സര്‍ക്കാര്‍ ആശുപത്രിയില്‍ ഒന്‍പതാം വാര്‍ഡില്‍ ഇരു കാലുകളും പ്ലാസ്റ്റര്‍ ഇട്ടും കമ്പി ഇട്ടും കിടക്കുന്ന ആളുകളെ ഇല്ലാത്ത കാശു പിടിച്ചു വണ്ടിയില്‍ കയറ്റി ഉമ്മന്‍ ചാണ്ടി മഹാരാജാവിന്റെ മുന്നില്‍ ഹാജരാക്കി "കിടത്തി" എന്തിനു ആണ് ഈ പ്രഹസ്സനം.?നിയമപരമായി കിട്ടാന്‍ ഉള്ള ആനുകൂല്യങ്ങള്‍ കിട്ടുവാന്‍ എന്തിനു ആണ് രോഗിയെ ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ കൊണ്ടുവന്നു കിടത്തുന്നത്?
ഇതിന് മിതമായ ഭാഷയില്‍ സാഡിസം എന്നല്ലേ പറയുക ?
കൊടുക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെയോ കോണ്‍ഗ്രസ് ന്റെയോ തറവാട്ടിലെ പണം ഒന്നുമല്ലല്ലോ.സര്‍ക്കാര്‍ ഖജനാവിലെ പണം കൊണ്ടുള്ള ധനസഹായം അല്ലെ? വീടിനു അടുത്തുള്ള പഞ്ചായത്ത് ഓഫീസില്‍ നിന്നും കിട്ടേണ്ട ന്യായമായ ആനുകൂല്യം വാങ്ങുവാന്‍ രോഗികളെയും കൊണ്ട് ജില്ലാ കേന്ദ്രത്തിലെ പ്രഹസ്സന വേദിയില്‍ എത്തിക്കേണ്ട ജനതയുടെ ഗതികേട് പബ്ലിസിറ്റി ആക്കി മാറ്റുന്ന ശ്രീമാന്‍ ചാണ്ടി അല്പ്പതരങ്ങള്‍ കൊണ്ട് അദ്ദേഹം അകപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികളെ മറികടക്കാന്‍ ശ്രമിക്കുന്നത് സഹതാപാര്‍ഹ്ഹമാണ് .
ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തിലെ ഏറ്റവും ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ് . ചരിത്രത്തില്‍ എവിടെയും ഇദ്ദേഹത്തെ പോസിടീവ് ആയി അടയാളപ്പെടുത്താന്‍ സാധിക്കില്ല . സ്മാര്‍ട്ട് സിറ്റിയും , എയര്‍ കേരളയും , ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌ഴ്സ് മീറ്റുമെല്ലാം ജലരെഖയാകുമ്പോള്‍ , ആദര്‍ശ രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞു സാക്ഷാല്‍ കെ കരുണാകരനെ രാജി വപ്പിച്ച പഴയ ക്ഷുഭിത യൌവ്വനം ഇന്നൊരു അപമാനത്തിന്റെ പേരും പര്യായവുമാണ് . നിയമം നിയമത്തിന്റെ വഴിക്ക് എന്നത് ഉച്ചരിക്കുന്ന അവസാനത്തെ ഭരണാധികാരി ഉമ്മന്‍ചാണ്ടിയായിരിക്കും . കാരണം ഇദ്ദേഹം ഈ ഭാഷാപ്രയോഗത്തിന്റെ ആത്മാവ് നഷ്ട്ടപ്പെടുത്തിയ കപടനായ ഭരണാധികാരിയാണ് . ഒരു ഭരണാധികാരി എന്ന നിലയില്‍ കെ കരുണാകരന്റെ അടിയന്തിരാവസ്ഥക്കാലത്ത് "മരിച്ചിട്ടും നാം മഴയത്ത് നിര്‍ത്തിയ", കക്കയം പോലീസ് ക്യാമ്പില്‍ നിലവിളികള്‍ ഉയര്‍ന്ന രാജന്റെ കാലത്തേക്കാള്‍ കെട്ടുപോയ ഒരു ആസുരകാലതെയാണ്, വ്യഭിചാരക്കഥകളും, അഴിമതിയുടെ പെരുംപേമാരിയും കൊണ്ട് ഉമ്മന്‍ചാണ്ടി അടയാളപ്പെടുത്തുന്നത് .